ഇന്ത്യക്കാർക്ക് ആഘോഷങ്ങൾ എന്നും പ്രധാനമാണ്. വിശേഷ ദിവസങ്ങൾ മാത്രമല്ല കുടുംബത്തിലെ വിവാഹങ്ങൾ പോലും ഉത്സവമാക്കുന്നത് ഇവിടെ പുതുമയല്ല. ഇന്ത്യയിലെ കാര്യമെടുത്താൽ പ്രശസ്തരായവരുടെ വിവാഹങ്ങൾ എക്കാലവും ഇന്ത്യക്കാർക്ക് മുഴുവൻ ആഘോഷമാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തുടക്കം മുതൽ തന്നെ ഏറെ

ഇന്ത്യക്കാർക്ക് ആഘോഷങ്ങൾ എന്നും പ്രധാനമാണ്. വിശേഷ ദിവസങ്ങൾ മാത്രമല്ല കുടുംബത്തിലെ വിവാഹങ്ങൾ പോലും ഉത്സവമാക്കുന്നത് ഇവിടെ പുതുമയല്ല. ഇന്ത്യയിലെ കാര്യമെടുത്താൽ പ്രശസ്തരായവരുടെ വിവാഹങ്ങൾ എക്കാലവും ഇന്ത്യക്കാർക്ക് മുഴുവൻ ആഘോഷമാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തുടക്കം മുതൽ തന്നെ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാർക്ക് ആഘോഷങ്ങൾ എന്നും പ്രധാനമാണ്. വിശേഷ ദിവസങ്ങൾ മാത്രമല്ല കുടുംബത്തിലെ വിവാഹങ്ങൾ പോലും ഉത്സവമാക്കുന്നത് ഇവിടെ പുതുമയല്ല. ഇന്ത്യയിലെ കാര്യമെടുത്താൽ പ്രശസ്തരായവരുടെ വിവാഹങ്ങൾ എക്കാലവും ഇന്ത്യക്കാർക്ക് മുഴുവൻ ആഘോഷമാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തുടക്കം മുതൽ തന്നെ ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാർക്ക് ആഘോഷങ്ങൾ എന്നും പ്രധാനമാണ്. വിശേഷ ദിവസങ്ങൾ മാത്രമല്ല കുടുംബത്തിലെ വിവാഹങ്ങൾ പോലും ഉത്സവമാക്കുന്നത് ഇവിടെ പുതുമയല്ല. ഇന്ത്യയിലെ കാര്യമെടുത്താൽ പ്രശസ്തരായവരുടെ വിവാഹങ്ങൾ എക്കാലവും ഇന്ത്യക്കാർക്ക് മുഴുവൻ ആഘോഷമാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തുടക്കം മുതൽ തന്നെ ഏറെ കൗതുകത്തോടെ ആളുകൾ കാത്തിരിക്കും. ഓരോ സെലിബ്രിറ്റി വിവാഹങ്ങളിലെയും ചടങ്ങുകളും വധൂവരന്മാർ അണിഞ്ഞ വസ്ത്രങ്ങളടക്കം മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇന്ത്യക്കാരുടെ ആകെ ശ്രദ്ധ നേടിയ കുറച്ച് വിവാഹങ്ങൾക്ക് 2024 ഉം സാക്ഷ്യം വഹിച്ചിരുന്നു. അവയിൽ ചിലതാകട്ടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്തു.

അനന്ത് - രാധിക വിവാഹം

അംബാനി കുടുംബത്തിലെ വിവാഹം തന്നെയാണ് ഒരുപക്ഷേ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹം. ഈ വർഷത്തിന്റെ തുടക്കം മുതൽ ആരംഭിച്ച ആഘോഷങ്ങളും മാസങ്ങൾക്കു ശേഷം നടന്ന വിവാഹവും പിന്നിട്ട് നാളുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അനന്തും രാധികയും അവരുടെ വിവാഹ ആഘോഷങ്ങളും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഗുജറാത്തിലെ ജാംനഗറിൽ വച്ച് മാർച്ചിലാണ് വിവാഹപൂർവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഓരോ ചടങ്ങുകളും അതിനായി നടത്തിയ ഒരുക്കങ്ങളും ഇന്ത്യയെ മുഴുവൻ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു.

ADVERTISEMENT

അത്യാഡംബരങ്ങൾ നിറഞ്ഞ വിവാഹപൂർവ ആഘോഷങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. വിവാഹത്തിനു മുന്നോടിയായി മേയ് മാസത്തിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ആഡംബര കപ്പൽ യാത്ര ഒരുക്കിയാണ് അംബാനി സന്തോഷം പങ്കുവച്ചത്. ഇറ്റലിയിൽ തുടങ്ങി ഫ്രാൻസിൽ അവസാനിക്കുന്ന 4830 കിലോമീറ്റർ പിന്നിടുന്ന കപ്പൽ യാത്രയായിരുന്നു അത്. യാത്രയിൽ ഓരോ ദിവസവും അതിഥികൾക്കായി ഓരോ തീമിലുള്ള ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. ഈ യാത്രയിൽ ഉടനീളം രാധികയും അനന്തും ധരിച്ച വസ്ത്രങ്ങളടക്കം വാർത്താപ്രാധാന്യം നേടി. അനന്ത് രാധികയ്ക്കായി എഴുതിയ പ്രണയലേഖനം തുന്നിച്ചേർത്ത ഗൗൺ ആയിരുന്നു അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം.

സമാനതകളില്ലാത്ത ഈ മുന്നൊരുക്കങ്ങൾ കൊണ്ടുതന്നെ അനന്തിന്റെ വിവാഹം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒന്നാകുമെന്ന പ്രതീക്ഷയിലായിരുന്നു മാധ്യമങ്ങളും ജനങ്ങളും. ഏഴു ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവിട്ടാണ് ഓരോ ക്ഷണക്കത്തും തയാറാക്കിയത്. ജൂലൈ 12 മുതൽ ആരംഭിച്ച വിവാഹ ആഘോഷങ്ങൾ പ്രതീക്ഷകൾക്കും ഒരുപടി മുകളിൽ നിന്നു. അംബാനി കുടുംബത്തിന്റെ വീടായ ആൻ്റീലിയയിലും ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും വച്ചായിരുന്നു രാജകീയ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. മുംബൈയിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ പോലും വിവാഹത്തിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ടിവന്നു. വിശിഷ്ടാതിഥികൾക്ക് കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് അംബാനി കരുതിയിരുന്നത്. ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലാണ് ചടങ്ങുകൾ നടത്തിയതെങ്കിലും അവ ഓരോന്നും സമാനതകളില്ലാത്ത വിധം ആഡംബരങ്ങൾ നിറഞ്ഞതും പ്രൗഢവുമായിരുന്നു. പുറത്തുവരുന്ന കണക്കുകൾ പ്രകാരം 5000 കോടി രൂപയാണ് അനന്ത്-രാധിക വിവാഹത്തിനായി അംബാനി ഒഴുക്കിയത്.

അനന്ത് അംബാനിയും രാധിക മെർച്ചെന്റും∙ ഫയൽ ചിത്രം

സമൂഹസദ്യ, നിരാലംബരായ ദമ്പതികൾക്കായി സമൂഹ വിവാഹം അടക്കമുള്ള പരിപാടികളും അംബാനി വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്നെങ്കിലും ഇത്രയും ആഡംബരങ്ങൾ നിറച്ചുകൊണ്ടുള്ള ആഘോഷങ്ങൾ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. വിവാഹത്തിനായി 5000 കോടി ചെലവഴിക്കുന്നതിനെതിരെയായിരുന്നു പലരുടെയും പ്രതികരണങ്ങൾ. എന്നാൽ മുകേഷ് അംബാനിയുടെ ആകെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ് അനന്തിന്റെ വിവാഹത്തിനായി ചെലവാക്കിയത് എന്ന തരത്തിൽ വിശദീകരണങ്ങളും എത്തി.

ഭാഗ്യ സുരേഷ് - ശ്രേയസ്

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം കൊണ്ടുതന്നെ ഏറ്റവും അധികം ശ്രദ്ധ നേടിയ വിവാഹങ്ങളിൽ ഒന്നാണ്. ഗുരുവായൂരിൽ 2024 ജനുവരി 17 നാണ് ഭാഗ്യ വിവാഹിതയായത്. തികച്ചും ലളിതമായ ചടങ്ങായിരിക്കണം വിവാഹത്തിന് ഉണ്ടാവേണ്ടതെന്ന് വധു മുൻപ് തന്നെ ആഗ്രഹിച്ചിരുന്നെങ്കിലും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് തിരക്കേറിയ കല്യാണ വേദിയിലാണ് ഭാഗ്യ സുമംഗലിയായത്. ഒരുപക്ഷേ, കഴിഞ്ഞവർഷം കേരളത്തിൽ നടന്ന ഏറ്റവും വലിയ താരകുടുംബ വിവാഹങ്ങളിലൊന്നും ഭാഗ്യയുടെതായിരുന്നു. ഗുരുവായൂരിലെ ചടങ്ങിനു ശേഷം ഗോകുലം കൺവെൻഷൻ സെന്ററിൽ റിസപ്ഷനും നടത്തി. കൊച്ചിയിൽ വച്ചാണ് ചലച്ചിത്രമേഖലയിലെ സുഹൃത്തുക്കൾക്കായി പ്രത്യേക സത്ക്കാരം സുരേഷ് ഗോപി ഒരുക്കിയത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി തിരുവനന്തപുരത്തും പ്രത്യേക റിസപ്ഷൻ ഒരുക്കിയിരുന്നു.

ഭാഗ്യ സുരേഷിന്റെ വിവാഹം (Photo: Facebook/ Suresh Gopi)
ADVERTISEMENT

സോനാക്ഷി - സഹീർ വിവാഹം

ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിന്റെയും വിവാഹമായിരുന്നു വാർത്താ പ്രധാന്യം നേടിയ മറ്റൊന്ന്. ജൂൺ 23നാണ് ഇരുവരും വിവാഹിതരായത്. എന്നാൽ താര പകിട്ടുകൾ പരമാവധി കുറച്ചുകൊണ്ട് ലളിതമായ വിവാഹമായിരുന്നു. വെറും 25 ദിവസങ്ങൾ കൊണ്ട് നടത്തിയ തയാറെടുപ്പുകൾ മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നതെന്ന് ഇരുവരും വെളിപ്പെടുത്തുകയും ചെയ്തു. സോനാക്ഷിയുടെ മുംബൈയിലെ വസതിയായിരുന്നു വേദി.

സോനാക്ഷി സിൻഹയും സഹീർ ഇക്ബാലും. ചിത്രം: aslisona/ Instagram

ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ഉൾപ്പെടുന്ന ഒരു റിസപ്ഷനും വിവാഹത്തിനുശേഷം ഒരുക്കി. മറ്റു താര വിവാഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി അതിഥികളെ വിഡിയോ കോളുകളിലൂടെയും വോയിസ് മെസേജുകളിലൂടെയും താരജോഡികൾ നേരിട്ട് ക്ഷണിക്കുകയായിരുന്നു. എന്നാൽ താരങ്ങൾ വിവാഹിതരാകുന്നു എന്ന വാർത്തക്കൊപ്പം തന്നെ സോനാക്ഷിയുടെ കുടുംബം ഈ ബന്ധത്തിൽ തൃപ്തരല്ല എന്ന തരത്തിലും വാർത്തകൾ പരന്നിരുന്നു. സോനാക്ഷിയുടെ പിതാവ് ശത്രുഘ്നൻ സിൻഹ ചടങ്ങിൽ പങ്കെടുത്തില്ല എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നു. എന്നാൽ കുടുംബത്തിന്റെ പൂർണ പിന്തുണയോടെയായിരുന്നു വിവാഹം എന്ന് താരകുടുംബം പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.

അദിതി റാവു ഹൈദരി -സിദ്ധാർഥ് വിവാഹം

2021ൽ ആരംഭിച്ച പ്രണയത്തിന് അദിതി റാവുവും സിദ്ധാർഥും വിവാഹത്തിലൂടെ പൂർണത നൽകിയത് ഈ കഴിഞ്ഞ സെപ്റ്റംബറിലാണ്. രണ്ട് ചടങ്ങുകളായിരുന്നു വിവാഹത്തിനായി ഒരുക്കിയത്. 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ വച്ച് പരമ്പരാഗത ദക്ഷിണേന്ത്യൻ ശൈലിയിൽ തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നു ആദ്യത്തേത്. ഇതിന് ചേരുന്ന വിധത്തിൽ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഇരുവരും തിരഞ്ഞെടുത്തു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഈ ചടങ്ങിന്റെ ഭാഗമായി.

രാജസ്ഥാനിലെ അലില ഫോർട്ടിൽ വച്ച് അതിഗംഭീരമായ രീതിയിലായിരുന്നു രണ്ടാമത്തെ ചടങ്ങ് സംഘടിപ്പിച്ചത്. സബ്യസാചിയിൽ നിന്നുള്ള ലഹങ്കയും ഷെർവാണിയുമാണ് ചടങ്ങിനായി അദിതിയും സിദ്ധാർഥും തിരഞ്ഞെടുത്തത്. താരങ്ങളുടെ വിവാഹവാർത്തയും ചിത്രങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.

അദിതി റാവു ഹൈദരിയും സിദ്ധാർഥും∙ ചിത്രം: aditiraohydari/ Instagram
ADVERTISEMENT

രാകുല്‍ പ്രീത്-ജാക്കി ഭഗ്നാനി

2024ലെ ആദ്യ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ബോളിവുഡ് നടി രാകുല്‍ പ്രീതിന്റെയും നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുടെയും വിവാഹം. ഫെബ്രുവരി 21നാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഗോവയിൽ വച്ചാണ് വിവാഹ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആദ്യം വിവാഹം വിദേശത്ത് നടത്താനായിരുന്നു പദ്ധതി. ഇതിനായി ആറുമാസം നീണ്ട തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ മാലിദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തെ തുടർന്ന് ഇരുവരും തീരുമാനം മാറ്റുകയായിരുന്നു.

വരലക്ഷ്മി - നിക്കോളൈ

നടൻ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാർ 14 വർഷത്തോളമായുള്ള അടുത്ത സുഹൃത്തായ നിക്കോളൈയെ വിവാഹം കഴിച്ചത് ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ്. മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റാണ് നിക്കോളൈ സച്ച്ദേവ്. വിവാഹം അങ്ങേയറ്റം മനോഹരമാക്കാൻ തായ്‌ലൻഡിൽ ഡെസ്റ്റിനേഷൻ വെഡിങ്ങാണ് ഒരുക്കിയിരുന്നത്. പ്രധാന ചടങ്ങിനു ശേഷം ചെന്നൈയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു. രജനികാന്ത്, ശോഭന, എ.ആർ. റഹ്മാൻ, രമ്യ കൃഷ്ണൻ, തൃഷ, ഖുശ്ബു തുടങ്ങിയ പ്രമുഖരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. മെഹന്തി, സംഗീത്, വിവാഹം, റിസപ്ഷൻ തുടങ്ങി ഓരോ അവസരത്തിലെയും വധുവരന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി.

വരലക്ഷ്മിയുടെ വിവാഹ വിഡിയോയിൽ നിന്നും

മാളവിക ജയറാം - നവനീത്

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായതും ഈ വർഷമാണ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിന്റെയും മാളവികയുടെയും വിവാഹം പരമ്പരാഗത ശൈലിയിൽ ഗുരുവായൂരിൽ വച്ചാണ് നടന്നത്. മേയ് മൂന്നിന് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. താലികെട്ടിന് തമിഴ് ശൈലിയിൽ ചുവന്ന പട്ടുസാരി അണിഞ്ഞെത്തിയ മാളവികയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിനുശേഷം തൃശൂരിൽ റിസപ്ഷനും സംഘടിപ്പിച്ചു. ആർഭാടങ്ങൾക്ക് തെല്ലും കുറവ് വരുത്താതെയാണ് ജയറാം മകളുടെ വിവാഹം ആഘോഷമാക്കിയത്.

നാഗ ചൈതന്യ - ശോഭിത

സമാന്തയുമായുള്ള വിവാഹം ബന്ധം വേർപ്പെടുത്തി ഒരു വർഷത്തിനിപ്പുറമാണ് നാഗചൈതന്യ പുതിയ ജീവിതപങ്കാളി ശോഭിത ധുലിപാലയെ കണ്ടെത്തിയത്. എന്നാൽ രണ്ടു വർഷത്തോളം ഇവരുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരുമിച്ച് ജീവിതമാരംഭിക്കാൻ പോകുന്നു എന്ന വിവരം ഇരുവരും വെളിപ്പെടുത്തിയത്. ഡിസംബർ നാലിനാണ് നാഗചൈതന്യ - ശോഭിത വിവാഹം നടന്നത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോ ആയിരുന്നു പ്രൗഢമായ വിവാഹത്തിന്റെ വേദി. തെലുങ്ക് ആചാരപ്രകാരം പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹം. ചടങ്ങുകളിൽ മാത്രമല്ല വസ്ത്രത്തിലും ആഭരണങ്ങളും ക്ഷണക്കത്തിലും എല്ലാം പാരമ്പര്യത്തനിമ ഇരുവരും നിലനിർത്തി. അക്കിനേനി-ദഗുബാട്ടി കുടുംബാംഗങ്ങളും തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖരുമെല്ലാം ചടങ്ങിന്റെ ഭാഗമായി. വിവാഹത്തിന്റെ ചിത്രങ്ങൾ ഓരോന്നും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നാഗചൈതന്യ–ശോഭിത വിവാഹത്തില്‍ നിന്നും

നാഗചൈതന്യയുടെ രണ്ടാം വിവാഹം നടന്നതോടെ സമാന്തയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇതിനിടെ ഹോളിവുഡ് ഐക്കൺ വിയോള ഡേവിസിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് സമാന്ത പങ്കുവച്ചിരുന്നു. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള റെസ്‌ലിങ് മത്സരവും ഒടുവിൽ പെൺകുട്ടി അതിൽ വിജയിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. ഒരു പെൺകുട്ടിയെ പോലെ പോരാടുക എന്ന ഹാഷ്ടാഗോടെ സമാന്ത പങ്കുവച്ച പോസ്റ്റ് നാഗചൈതന്യയുടെ വിവാഹത്തെ തുടർന്നുള്ള പ്രതികരണമാണെന്ന് ആളുകൾ വിലയിരുത്തുകയും ചെയ്തു. ഇതിനുപുറമേ നാഗചൈതന്യയുടെ വിവാഹത്തിൽ സമാന്ത പങ്കെടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും പരന്നിരുന്നു. ശോഭിതയുടെ സഹോദരിയുടെ പേരും സമാന്ത എന്നായതാണ് ഈ തെറ്റിദ്ധാരണകൾക്ക് വഴിവച്ചത്.

(2024 ജനുവരി മുതൽ ഡിസംബർ 4 വരെയുള്ള വിവാഹങ്ങളാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.)

English Summary:

India Celebrates in Style: A Look at 2024's Most Extravagant Weddings