പൂക്കോട് വെറ്റിറനറി കോളജിന് മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി

കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള  മലയാള മനോരമ  ചീഫ് എഡിറ്റേഴ്സ് ട്രോഫി പുരസ്കാരം വയനാട് പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിന്റെ ‘കുളിപ്രത്യയം’ എന്ന മാഗസിന്.  കോളജിനു ശിൽപവും സ്റ്റുഡന്റ് എഡിറ്റർക്ക് 50,001 രൂപയും ശിൽപവുമാണ് പുരസ്കാരം. 

പത്തനംതിട്ട ഇലന്തൂർ  കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷന്റെ ‘മിണ്ടാപ്പൂച്ച’യ്ക്കാണു രണ്ടാം സമ്മാനം (ശിൽപവും എഡിറ്റർക്ക് 30,001 രൂപയും)മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്റെ ‘360 ഡിഗ്രി’ മൂന്നാം സ്ഥാനം നേടി ( ശിൽപം, 20,001 രൂപ). 

മികച്ച മാഗസിൻ കവർപേജിനുള്ള പുരസ്കാരം (10,001 രൂപയും ശിൽപവും) ‘കുളിപ്രത്യയ’ത്തിന്റെ കവർ ഡിസൈൻ ചെയ്ത പൂക്കോട് വെറ്റിറിനറി കോളജിലെ ഡെൻസിൻ റോൺസ് തമ്പിയ്ക്കാണ്. 

സംവിധായകൻ അമൽ നീരദ്, എഴുത്തുകാരി ദീപ നിശാന്ത്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 

യഥാർത്ഥ പ്രതിപക്ഷത്തിന്റെ സ്വരം 

‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫി മൽസരത്തിന്റെ അവസാന റൗണ്ടിലെത്തിയ മാഗസിനുകളിലൂടെ കടന്നുപോയ    ദീപ നിശാന്തും അമൽ നീരദും ഉറപ്പിച്ചു പറഞ്ഞു: ‘ഇന്ത്യയിൽ ഇന്ന് ക്യാംപസുകളാണ് യഥാർഥ പ്രതിപക്ഷം. ആ സ്വരമാണ് ഈ മാഗസിനുകളിലും ഉയർന്നു കേൾക്കുന്നത്’. 

ഇരുനൂറോളം കോളജുകളുടെ മാഗസിനുകളിൽനിന്ന് മനോരമ പത്രാധിപ സമിതി തിരഞ്ഞെടുത്ത 12 എണ്ണമാണ് അവസാന റൗണ്ടിൽ വിലയിരുത്തപ്പെട്ടത്. 

ദീപ നിശാന്ത്: 

‘മിക്ക മാഗസിനുകളും കാലത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. സാമൂഹ്യ പ്രശ്നങ്ങളിൽ ശക്തമായ സ്വരമുയർത്തിയവയ്ക്കൊപ്പം വിപ്ലവം, പ്രണയം എന്നിവയിൽ കറങ്ങിത്തിരിയുന്നവയും വാണിജ്യ സിനിമ പോലെയുള്ള തട്ടുപൊളിപ്പൻ   മാഗസിനുകളുമെല്ലാം കണ്ടു. കലാകാരന്മാരുടെ കുറവല്ല, സെമസ്റ്റർ രീതി കട്ടെടുത്ത സമയമാണു നമ്മുടെ പല ആർട്സ് കോളജുകളും നേരിടുന്ന പ്രശ്നമെന്നു തോന്നുന്നു. പ്രഫഷനൽ കോളജ് വിദ്യാർഥികൾ ആ രീതിയോടു പാകപ്പെട്ടവരാണല്ലോ. അതുകൊണ്ടാവണം, അവരുടെ മാഗസിനുകളിൽ കാലവും കലയും കൂടുതൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.’ 

അമൽ നീരദ്: 

‘ഒരു ഫുൾ സദ്യ പോലെ വൈവിധ്യങ്ങളാൽ ശ്രദ്ധേയമാണ് ഈ മാഗസിനുകൾ. ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും സാമൂഹ്യ പ്രശ്നങ്ങളും കലയുമെല്ലാം സർഗാത്മകതയോടെ കോർത്തിണക്കി അവതരിപ്പിച്ചിട്ടുമുണ്ട്. അതൊടൊപ്പം തന്നെ കോളജ് മാഗസിനുകളുടെ ട്രേഡ് മാർക്കായ ‘ദരിദ്ര നോസ്റ്റാൾജിയ’ ഒളിഞ്ഞും തെളിഞ്ഞും എത്തിനോക്കുന്നുമുണ്ട്.’  

മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി:

(50,001 രൂപ, ശിൽപം, പ്രശസ്തിപത്രം)

കുളി പ്രത്യയം

കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്, വയനാട്

കുളിയുടെ രാഷ്ട്രീയം 

എ. ടി. ഫസ്‌ലു റഹ്മാൻ 

(മാഗസിൻ എഡിറ്റർ)

'കുളി' എന്ന വേറിട്ട ഒരു അവതരണ പ്രമേയത്തിലൂടെ, കോളേജ് മാഗസിനുകളുടെ യാഥാസ്ഥിതിക പുറംചട്ടകൾക്കപ്പുറത്തേക്കു നീണ്ട ചുവടുവെയ്പായാണ് 'കുളി പ്രത്യയം' ആലോചിച്ചത്. ജെൻഡറിന്റെയും സെക്ഷ്വാലിറ്റിയുടെയും രാഷ്ട്രീയം സമഗ്രപഠനത്തിനു തന്നെ വിധേയമാക്കാൻ ശ്രമിച്ചു.  തീവ്രവലതുപക്ഷ രാഷ്ട്രീയം, സ്വകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം, സാമ്പത്തികപരിഷ്കരണങ്ങൾ, കപട ശാസ്ത്രം, സംവരണം, വർണ–വർണ– ജാതി വിവേചനങ്ങൾ എന്നിവയൊക്കെ  'കുളി' എന്ന തന്തുവിലേക്കു കോർത്തിണക്കിക്കൊണ്ടു തന്നെ മാഗസിൻ ചർച്ച ചെയ്യുന്നു. ക്യാംപസ് സ്ഥിതിചെയ്യുന്ന പൂക്കോടിന്റെയും വയനാടിന്റെയും പാരിസ്ഥിതിക പ്രധാന്യവും  പ്രദേശിക -സാമൂഹിക ചരിത്രവുമെല്ലാം  വിശകലനം ചെയ്യുന്നുമുണ്ട്. 

ഡോ. ഹംസ പാലേക്കോടൻ (സ്റ്റാഫ് എഡിറ്റർ)

മികച്ച രണ്ടാമത്തെ മാഗസിൻ

(30,001 രൂപ, ശിൽപം, പ്രശസ്തിപത്രം)

മിണ്ടാപ്പൂച്ച

കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, ഇലന്തൂർ, പത്തനംതിട്ടമിണ്ടാപൂച്ചയുമായി ഒരു മിണ്ടൽ ടിജിൻ ടി  തോമസ് (മാഗസിൻ എഡിറ്റർ)

അധ്യാപന പരിശീലന കലാലയം എന്ന നിലയിൽ വളരെ സ്വതന്ത്രമായൊരു കാഴ്ചക്കു വേണ്ടി ഞങ്ങൾ കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ‘മിണ്ടാപ്പൂച്ച’. ഇതിൽ  സമകാലിക കേരളീയ സ്വത്വം ഒരു വന്യമൃഗമായി ഉറങ്ങിക്കിടക്കുന്നതു കാണാം. അതിന്റെ നാലാം കാലിലെ നാലാം നഖം വെച്ചൊരു മാന്തൽ ഏറ്റതിന്റെ വിഹ്വലത മാത്രമാണ് ഈ മാഗസിനു പിന്നിലുള്ള ഞങ്ങളുടെ ഈ നിസ്സഹായാവസ്ഥ.

രാജീവ്‌ പുലിയൂർ (സ്റ്റാഫ് എഡിറ്റർ) 

മികച്ച മൂന്നാമത്തെ മാഗസിൻ

(20,001 രൂപ, ശിൽപം, പ്രശസ്തിപത്രം)

360 ഡിഗ്രി ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി 

വട്ടമെത്തുന്ന യാത്ര 

കെ. അബ്ദുൾ സുഫിയാൻ 

(മാഗസിൻ എഡിറ്റർ)

യാത്രയുടെ പശ്ചാത്തലത്തിലാണ് 360 ഡിഗ്രി നിർമിച്ചത്. ലഹോറിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന സംഝോത എക്സ്പ്രസിൽ ആ യാത്ര തുടങ്ങുന്നു. റെയിൽവേ സ്റ്റേഷനിൽ ആ വണ്ടി കാത്തിരിക്കുന്ന അജ്ഞാതനെ മാഗസിന്റെ കേന്ദ്രകഥാപാത്രമെന്നു വിളിക്കാം. അവിടെനിന്ന്, വ്യക്തിയുടെ മനോവ്യാപാരങ്ങളിലേക്കും മരണത്തിലേക്കുമുള്ള യാത്രയായി അതു തുടരുന്നു. 

ഡോ. കെ. പുഷ്പ (സ്റ്റാഫ് എഡിറ്റർ)

മികച്ച കവർ

കുളി പ്രത്യയം 

(10,001 രൂപ, ശിൽപം, പ്രശസ്തിപത്രം)

ആത്മാവിന്റെ കുളി 

ഡെൻസിൻ റോൺസ് തമ്പി

ഡിസൈനർ 

‘കുളിപ്രത്യയത്തിന്റെ മുഖചിത്രം പ്രഥമ ദൃഷ്ടിയിൽ ഒരു 'കുളിസീൻ' ആണ്.  അത് പക്ഷെ കേവലം ശരീരത്തിന്റെ കുളിയല്ല. 'ശരീരശുദ്ധി' എന്ന ആഢ്യബോധത്തെ,ശരീരത്തിൽ അധിഷ്‌ഠിതമായ കപട ബോധങ്ങളെ ചോദ്യം ചെയ്യുന്നിടത്തു ശാരീരികമായ ശുദ്ധിയെ പ്രകീർത്തിക്കുക വയ്യല്ലോ! മുഖചിത്രത്തിലെ കുളി ആത്മാവിന്റെ ശുദ്ധീകരണമാണ്; ചിന്തകളുടെയും ആശയങ്ങളുടെയും നവീകരണം. 

കവർ ചിത്രത്തെക്കുറിച്ച് അമൽനീരദ്: 

ഉള്ളടക്കത്തോടു നീതി പുലർത്തുന്ന കവർ.  കവർ പേജും ഉള്ളിലെ മറ്റു ചിത്രങ്ങളും വരച്ച ഡെൻസിൻ മികച്ച പ്രതിഭയാണ്. 

അവസാന റൗണ്ടിലെത്തിയ  മറ്റു മാഗസിനുകൾ

∙ തുഴയാനറിയാഞ്ഞാൽ തോണി ഒതളങ്ങ

എംഇഎസ് പൊന്നാനി കോളജ്

∙റോഡ് ടു പാക്

മഹാരാജാസ് കോളജ്, എറണാകുളം

∙ഒലക്കേടെ മൂടും ഹലാക്കിന്റെ അവിലും കഞ്ഞീം

ഗവ. കോളജ്, ചിറ്റൂർ

∙ഭൂതത്താൻകെട്ടിലെ ട്രോളുകൾ

കെ.ജി. കോളജ്, പാമ്പാടി, കോട്ടയം

∙ആന്ത്രോപ്പ്

കണ്ണൂർ യൂണിവേഴ്സിറ്റി ഡോ. പി.കെ. രാജൻ മെമോറിയൽ ക്യാംപസ്, നീലേശ്വരം

∙ ഒറ്റച്ചിറകുള്ള പൂമ്പാറ്റകൾ തീമഴയത്തു പറക്കുന്നതു കണ്ടിട്ടുണ്ടോ

പയ്യന്നൂർ കോളജ്, പയ്യന്നൂർ

∙കുട്ട്യോനേ അലാഴിക്ക് പോണ്ടാ ട്ടാ!!!

മലയാളം സർവകലാശാല,തിരൂർ

∙കാട്ടിലൊരു തുള്ളി ചോര

ഫാറൂഖ് കോളജ്, ഫാറൂഖ്

 ∙ഭ

പികെസിഐസിഎസ് ആർട്സ് ആൻഡ് സയൻസ് കോളജ്, മാതറ, കോഴിക്കോട്