പലതുള്ളി പെരുവെള്ളം, ഐക്യമത്യം മഹാബലം, ഒത്തു പിടിച്ചാൽ മലയും പോരും... കൂട്ടായ്മയുടെ കരുത്തു വിളിച്ചോതുന്ന പഴഞ്ചൊല്ലുകൾക്കു മലയാളത്തിൽ പഞ്ഞമില്ല. പഴഞ്ചൊല്ലിൽ പതിരില്ലെന്ന പഴമക്കാരുടെ വിശ്വാസം തെറ്റില്ലെന്നു തെളിയിച്ചിരിക്കുകയാണ് എടക്കുന്നിലെ യുവജന കൂട്ടായ്മ. എടക്കുന്ന് സെന്റ് ആന്റണീസ് ഇടവകയിലെ യുവാക്കളെല്ലാം ഒത്തു പിടിച്ചപ്പോൾ തല ഉയർത്തി എഴുന്നേറ്റത് അതിമനോഹരമായ ഒരു വീടാണ്.
ഇടവകയിലെ തിരുനാൾ, യുവാക്കളുടെ നേതൃത്വത്തിൽ നടത്താമെന്ന തീരുമാനമായിരുന്നു ഇതിനു തുടക്കം. 2018 യുവജന വർഷമായി ആചരിച്ചതിനാലാണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായത്. പ്രസുദേന്തിമാരായി യുവാക്കളെ തിരഞ്ഞെടുക്കാമെന്ന ആശയം പറഞ്ഞതു വികാരിയച്ചനാണ്. യുവജന വർഷമൊക്കെ കൊള്ളാം, പ്രസുദേന്തിയായി കാശുമുടക്കി തിരുനാൾ നടത്താൻ യുവാക്കൾ തയാറാകുമോയെന്നു ചിന്തിച്ച മുതിർന്നവർക്കുള്ള മറുപടിയായിരുന്നു യുവജന പങ്കാളിത്തം.
100 പേരെങ്കിലും പ്രസുദേന്തിമാരായി ഉണ്ടെങ്കിൽ മാത്രമേ, തിരുനാൾ നടക്കൂ. 100 പേർ 10,000 രൂപ വച്ചു പിരിക്കണം. പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തി പ്രസുദേന്തിമാരുടെ എണ്ണം 400 കടന്നു. അവസാനം അത് 438 ൽ എത്തി. നാട്ടിലുള്ളതും വിദേശത്തുള്ളതുമായ ചെറുപ്പക്കാരെല്ലാം പ്രസുദേന്തിമാരാകാൻ തയാറായി. 36 പേർ ഇടവകയ്ക്കു പുറത്തുനിന്നുള്ളവരാണ്. അതിൽ 20 പേർ അന്യമതസ്ഥരുമായിരുന്നു. 438 പേർ പ്രസുദേന്തിമാരാകാൻ തയാറായതോടെ പിരിവ് 10,000 എന്നത് 5,000 ആയി ചുരുങ്ങി. 22 ലക്ഷം രൂപ പിരിഞ്ഞു കിട്ടി.
അത്രയും തുകയ്ക്കു തിരുനാൾ നടത്തേണ്ടെന്നും നാടിന് ഉപകാരമുള്ള വേറെന്തെങ്കിലും കൂടി ചെയ്യണമെന്നും യുവാക്കൾ ചിന്തിച്ചു. അങ്ങനെയാണു വീടു നിർമിക്കുക എന്ന ആശയത്തിലേക്ക് എത്തിയത്. സ്ഥലം വാങ്ങി 400 സ്ക്വയർഫീറ്റിൽ ഒരു വീടു നിർധനരായ ആർക്കെങ്കിലും എന്നാണ് ആദ്യം ചിന്തിച്ചത്. പിന്നീടു തീരുമാനം മാറ്റി. ആർക്കും സ്വന്തമായി നൽകേണ്ട, പള്ളിയുടെ പേരിൽ നിർമിക്കാമെന്നു തീരുമാനിച്ചു. ആവശ്യക്കാരെ കണ്ടെത്തി വാടകയ്ക്കു വീടു നൽകിയാൽ മതി എന്നു തീരുമാനിച്ചതും യുവാക്കൾ തന്നെ. പ്രതിമാസം 50 രൂപയാണു വാടക. വീടിനു പണം മുടക്കുക മാത്രമല്ല, വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും യുവാക്കൾ തന്നെയായിരുന്നു മുൻപന്തിയിൽ.
വീടു നിർമാണത്തിനു പല സ്ഥലങ്ങളും നോക്കിയെങ്കിലും ശരിയായില്ല. അവസാനം പള്ളി വക സ്ഥലം തന്നെ കണ്ടെത്തി. ആ സ്ഥലം പള്ളിക്കു ലഭിച്ചതിനു പിന്നിലും ഒരു സംഭവമുണ്ട്. ഇടവകയിലെ തന്നെ ഒരു കുടുംബം പള്ളിക്കു നൽകിയ സ്ഥലമാണത്. പിതാവു പെൺമക്കൾക്ക് ഇഷ്ടദാനം നൽകിയ 4 സെന്റ് സ്ഥലം. സ്ഥലം പെൺമക്കൾ പള്ളിക്ക് എഴുതി നൽകി. 4 സെന്റ് സ്ഥലം ലഭിച്ചെങ്കിലും അവിടേക്കു ചെന്നെത്താൻ വഴിയില്ലായിരുന്നു. വീടു പണി തുടങ്ങിയതോടെ ചുറ്റുപാടുമുള്ളവർ മതിലുകൾ പൊളിച്ചു പോലും പുതിയ വീട്ടിലേക്കു വഴി നിർമിക്കാൻ സ്ഥലം വിട്ടുനൽകി.
2018 ഒക്ടോബറിൽ ആരംഭിച്ച വീട് നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയായി. ഇടവകപ്പെരുന്നാളിന് 438 പ്രസുദേന്തിമാരും നാട്ടിലെത്തി. അങ്ങനെ പെരുന്നാളിനൊപ്പം പുതിയ വീട് വികാരി ഫാ. തോമസ് പെരുമായൻ വെഞ്ചരിച്ചു. എല്ലാ പ്രവർത്തനത്തിനും സഹ വികാരി ഫാ. ജയിംസ് വട്ടക്കരയും യുവാക്കൾക്കൊപ്പമുണ്ടായിരുന്നു. യുവജനക്കൂട്ടായ്മയുടെ നന്മനിറഞ്ഞ സംരംഭത്തിൽ സന്തുഷ്ടരാണു നാട്ടുകാർ. ഇടവകയിലെ വീടില്ലാത്ത കുടുംബത്തിന് ഇനി ഈ യുവാക്കളൊരുക്കിയ തണലിൽ അന്തിയുറങ്ങാം.