ADVERTISEMENT

രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു യാത്ര നടത്തുന്ന കാലമാണിത്. പക്ഷേ ചാലിശ്ശേരിക്കാരൻ ജംഷി നടക്കുന്നത് നാലു വോട്ട് കിട്ടാനല്ല, നന്മയുള്ള മനസ്സുകൾ സൃഷ്ടിക്കാനാണ്. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവൽകരണം നടത്തുകയെന്ന ലക്ഷ്യവുമായാണു പാലക്കാട് ചാലിശേരി മാളിയേക്കൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ജംഷീദ് അറക്കൽ കേരള പദയാത്രയ്ക്കിറങ്ങിയത്. ബൈക്കിലും കാറിലും സൈക്കിളിലുമൊക്കെ യാത്ര പോവുമ്പോൾ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാം. എന്നാൽ കാൽനടയായി നടക്കുമ്പോൾ പല നാടുകളിലെ പലതരം ജനങ്ങളെ കണ്ടു സംസാരിക്കാനുള്ള അവസരമാണ് കിട്ടുന്നതെന്ന് ജംഷീദ് പറയുന്നു. 

13നാണ് ജംഷീദ് കാസർകോടു നിന്ന് നടക്കാൻ തുടങ്ങിയത്. ചില ദിവസം 50കിലോമീറ്റർ വരെ നടക്കും. ചില ദിവസം  30 കിലോമീറ്ററേ നടക്കൂ. എത്തുന്നിടത്ത് കിട്ടുന്ന സൗകര്യമുപയോഗിച്ചാണ് താമസം. വഴിയിൽ പരിചയപ്പെടുന്ന സാധാരണക്കാർ ചിലപ്പോൾ ഭക്ഷണവും താമസസൗകര്യവും നൽകും. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാന്റിലോ തങ്ങും. കാസർകോടും കണ്ണൂരും പിന്നിട്ട് വയനാട്ടിലെത്തിയപ്പോൾ ജംഷീദ് ഒരു രാത്രി കാട്ടിലകപ്പെട്ടു. ഇരുട്ടുന്നതിനുമുൻപ് കാടു നടന്നുകടക്കാൻ കഴിയാത്ത അവസ്ഥയായി. അതുവഴിവന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജംഷീദിന് അന്നു താമസമൊരുക്കി കൊടുത്തത്. 

ജംഷി
ജംഷി

പഠനത്തിനുശേഷം അൽപകാലം വിദേശത്തു ജോലി ചെയ്തു. തുടർന്ന് കൊച്ചിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് പഠിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു. എടപ്പാളിലും തിരൂരിലും ആശുപത്രികളിൽ ജോലി ചെയ്തിരുന്നു. ഉപ്പയും ഉമ്മയും രണ്ട് അനിയന്മാരുമാണ് ജംഷീദിന്റെ വീട്ടിലുള്ളത്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് താൻ യാത്ര പോയ്ക്കോട്ടെയെന്ന് ഉപ്പയുടെയും ഉമ്മയുടെയും മുന്നിൽ അവതരിപ്പിച്ചത്. കോവിഡ്കാലത്ത് യാത്ര സുരക്ഷിതമാണോ എന്ന ആശങ്കയാണ് ഉപ്പ ഉന്നയിച്ചത്. ‘മോനെന്തു ഭക്ഷണം കഴിക്കും, എവിടെ കിടന്നുറങ്ങും’ എന്നായിരുന്നു ഉമ്മയുടെ ആശങ്ക. എന്നാലും കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്ന ആശയം കേട്ടതോടെ വീട്ടുകാർ പിന്തുണച്ചു. അങ്ങനെയാണ് ജംഷീദ് യാത്ര തുടങ്ങിയത്. 

പൊലീസ് സ്റ്റേഷനുകളും ബാങ്കുകളും സന്നദ്ധ സംഘടനകളുമൊക്കെ ജംഷീദിന് പലയിടങ്ങളിലും സ്വീകരണപരിപാടികളും ഒരുക്കുന്നുണ്ട്. യാത്രയുടെ ഭാഗമായി ഒരു പുതിയ യുട്യൂബ് ചാനൽ തുടങ്ങി വ്ലോഗിങ്ങ് നടത്തിക്കൂടേയെന്ന് പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. എന്നാൽ വ്ലോഗിങ്ങ് വരുമാനമാർഗമായി മാറിയ ഇക്കാലത്ത് തന്റെ ആദർശശുദ്ധി ചോദ്യം ചെയ്യപ്പെടുമെന്ന് ജംഷീദ് ചിന്തിച്ചു. അതുകൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. യാത്ര തുടങ്ങിയ ദിവസം ജംഷീദ് ഇൻസ്റ്റാഗ്രാമിൽ mr_walk_view എന്ന പേരിൽ ഒരു അക്കൗണ്ട് തുടങ്ങി. പൂജ്യം ഫോളോവേഴ്സുമായാണ് യാത്ര തുടങ്ങിയത്. വഴിയിൽ പരിചയപ്പെട്ടവരും സുഹൃത്തുക്കളായവരും ഈ അക്കൗണ്ട് പിൻതുടരാൻ തുടങ്ങി. അറുനൂറിലേറെ ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്.

English Summary: Jamshi's travel from Kasaragod to Trivandrum with a message to society.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com