സ്മാര്‍ട്ട്‌ഫോണ്‍ ഷൂട്ടര്‍മാര്‍ക്ക് ആഹ്ലാദിക്കാം: കംപ്യുട്ടേഷണല്‍ ഫൊട്ടോഗ്രഫി കുതിക്കുന്നു!

പരമ്പരാഗത ഫൊട്ടോഗ്രഫി ലെന്‍സുകളുടെ ശേഷിയേയും സെന്‍സറുകളുടെ വലിപ്പത്തെയും ആശ്രയിച്ച് ഫോട്ടോ എടുക്കുമ്പോള്‍, കംപ്യുട്ടേഷണല്‍ ഫൊട്ടോഗ്രഫി ചെയറിയ ലെന്‍സുകളെയും സെന്‍സറുകളെയും ഉപയോഗിച്ച് കംപ്യൂട്ടിങ് ശക്തിയുപയോഗിച്ച് ഫോട്ടോ സൃഷ്ടിക്കുന്നു.

ഉദാഹരണം പറഞ്ഞാല്‍, ഒരു ഫുള്‍ ഫ്രെയിം സെന്‍സര്‍ അല്ലെങ്കില്‍ മീഡിയം ഫോര്‍മാറ്റ് സെന്‍സറുള്ള ക്യാമറ പ്രോഫഷണല്‍ ലെന്‍സുകളുമായി ചേരുമ്പോള്‍ എടുക്കുന്ന അത്രയും വിശദാംശങ്ങളുള്ള ചിത്രങ്ങള്‍ ചെറിയ സെന്‍സറുള്ള ക്യാമറകള്‍ക്ക് എടുക്കാന്‍ സാധിക്കില്ല. എന്നാല്‍ നന്നേ ചെറിയ സെന്‍സറുകള്‍ പിടിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ പ്രോസസറുകളുടെ കംപ്യൂട്ടിങ് ശേഷി കൂടുതല്‍ ഉപയോഗപ്പെടുത്തി ഫോട്ടോയുടെ ക്വാളിറ്റി അനുദിനം എന്നവണ്ണം മെച്ചപ്പെടുത്തി വരികയാണ്.
ഒന്നിലേറെ ക്യാമറകളും സെന്‍സറുകളും ഉപയോഗിച്ചും ചിത്രങ്ങള്‍ എടുത്ത് പരീക്ഷണങ്ങള്‍ നടത്തുന്നു. സാങ്കേതികമായി പറഞ്ഞാല്‍ പരമ്പരാഗത ക്യാമറകള്‍ക്കും കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി തങ്ങളുടെ ക്യാമറകളില്‍ ഇണക്കാവുന്നതെയുള്ളു. എന്നാല്‍ അങ്ങനെയൊരു നീക്കം നടക്കുന്നതായി ഇതുവരെ തെളിവുകള്‍ ഇല്ല.

ലൈറ്റ്, നോക്കിയ, ആപ്പിള്‍, ഗൂഗിള്‍, വാവെയ്, എല്‍ജി, സാംസങ് തുടങ്ങിയ കമ്പനികള്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ വജയ സാധ്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവയാണ്. ഇവര്‍ക്ക് ചെറിയ സെന്‍സറും ലെന്‍സും ഉപയോഗിച്ച് ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുത്തേ മതിയാകൂ.

ആപ്പിള്‍, ഗൂഗിള്‍, വാവെയ് എല്‍ജി തുടങ്ങിയ കമ്പനികളുടെ പുതിയ തലമുറയിലെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ നല്ല വെളിച്ചമുള്ളിടത്ത് നല്ല പ്രകടനം നടത്താന്‍ കഴിവുള്ളവയാണ്. എന്നാല്‍ വെളിച്ചം കുറയും തോറും അവയുടെ പ്രകടനം കുറയുകയും കുഞ്ഞു സെന്‍സര്‍ ഉത്പാദിപ്പിക്കുന്ന നോയ്‌സ് അവയെ ഒറ്റിക്കൊടുക്കുകയും ചെയ്യും. എന്നാല്‍ തങ്ങളുടെ 'പിക്‌സല്‍' ഫോണിനായി ഗൂഗിള്‍ ഒന്നിച്ചു കൊണ്ടുവന്ന സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍മാരില്‍ ഒരാളായ ഫ്‌ളോറിയന്‍ കായിന്‍സ് (Florian Kainz) പുതിയ ഒരു ആപ്പ് സൃഷ്ടിച്ചു (ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇതുവരെ ലഭ്യമാക്കിട്ടില്ല) പിക്‌സല്‍ ഫോണും, നെക്‌സസ് 6Pയും (Nexus 6P) ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങള്‍ രാത്രിയിലും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് DSLR ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാനാകുമെന്നു തെളിയിച്ചിരിക്കുകയാണ്.

ISOയും ഷട്ടര്‍സ്പീഡും മാന്യുവലായി ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. രണ്ടു സെറ്റിങ്ങുകളിലായി രണ്ടു സെക്കന്‍ഡ് വീതമുള്ള 64 ഫ്രെയിം ഷൂട്ടു ചെയ്തുകിട്ടിയ റിസള്‍ട്ടുകള്‍ കംപ്യൂട്ടറില്‍ യോജിപ്പിച്ചാണ് അന്തിമ ചിത്രങ്ങള്‍ സൃഷ്ടിച്ചതെങ്കില്‍ പോലും ഗൂഗിൾ എൻജിനീയര്‍മാര്‍ക്ക് തങ്ങളുടെ ആഹ്ലാദം അടക്കാനായില്ല. പിക്‌സല്‍ ഫോണിന്റെ സെന്‍സറിന് രണ്ടു സെക്കന്‍ഡിലേറെയുള്ള എക്‌സ്‌പോഷര്‍ താങ്ങാന്‍ സാധ്യമല്ല എന്നതാണ് നിലവിലുള്ള ഒരു പരിമിതി. പ്രോസസറിന് 64 ഇമേജുകളെ യോജിപ്പിക്കാനും സാധ്യമല്ല. പക്ഷെ ഭാവി മോഡലുകളില്‍ ഇത്തരം ശേഷി ഫോണിനു നല്‍കിയാല്‍ ലോ ലൈറ്റ് ചിത്രങ്ങള്‍ മികവുറ്റതാക്കാം എന്നാതാണ് അവരുടെ ആഹ്ലാദത്തിനു കാരണം.

മേല്‍പ്പറഞ്ഞ രീതിയില്‍ നെക്‌സസ് 6P ഉുപയോഗിച്ചു സൃഷ്ടിച്ച ഈ ചിത്രത്തിന് (http://bit.ly/2oRhsbo) റെസലൂഷന്‍ കുറവുണ്ടെങ്കിലും രാത്രി ചിത്രമെന്ന നിലയില്‍ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചിത്രങ്ങളെ ബഹുദൂരം അതിശയിക്കാനാകുമെന്നു കാണാം.

ഈ രീതിയില്‍ സൃഷ്ടിച്ച ചിത്രങ്ങളുടെ ഗ്യാലറി ഇവിടെ കാണാം:

തന്റെ പരീക്ഷണത്തെ പറ്റിയുള്ള കായിന്‍സിന്റെ വിവരണം ഈ ലിങ്കില്‍ ലഭ്യമാണ്