വളഞ്ഞ സ്ക്രീനുകൾ ഇപ്പോൾ പുതുമയല്ലാതായിരിക്കുന്നു. വമ്പൻ ടിവികൾ വരെ വളഞ്ഞ് കാഴ്ചയെ പോഷിപ്പിക്കുന്നു. എന്നാൽ കാഴ്ചകൾ പകർത്തുന്ന സെൻസറുകൾ പരന്നുതന്നെയാണ് ഇരിക്കുന്നത്. മൈക്രോസോഫ്റ്റ് ഗവേഷകർ സെൻസർ വളച്ചുനിർമിച്ച് അടുത്ത വിപ്ലവത്തിനു കോപ്പുകൂട്ടുകയാണ്. കർവ്ഡ് സെൻസറുമായി ഒരു പ്രോട്ടോടൈപ് ക്യാമറ മൈക്രോസോഫ്റ്റ് വികസിപ്പിച്ചിരിക്കുന്നു.
സാധാരണ ക്യാമറകളെക്കാൾ അഞ്ചുമടങ്ങ് ഷാർപ്നെസ് ആണ് വളഞ്ഞസെൻസറുള്ള ക്യാമറയിൽ നിന്നു കിട്ടുന്നതെന്ന് ഗവേഷകർ. ഹൈ എൻഡ് എസ് എൽ ആറുകളിൽനിന്നു കിട്ടുന്നതരം മിഴിവുറ്റചിത്രങ്ങൾ ചെറുക്യാമറകളിൽ നിന്നു ലഭിക്കുമെന്നത് ക്യാമറകളുടെ വലുപ്പക്കുറവിനു കാരണമാകും. ഫ്ലാറ്റ് സെൻസറുകൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള പല പോരായ്മകളും വളഞ്ഞ സെൻസറിനാൽ നികത്താനാകുമെന്ന് മൈക്രോസോഫ്റ്റ് റിസർച്ച് ടീം പറയുന്നു.
നല്ലൊരു ക്യാമറയുടെ ലക്ഷണങ്ങൾ മുൻനിർത്തിയാണ് വളവുള്ള സെൻസറിന്റെ ഗവേഷണം. ചെറുതായിരിക്കണം. ലോ ലൈറ്റിൽ നല്ല ചിത്രങ്ങൾ കിട്ടണം. എല്ലാ കോണിലും ഷാർപ് നെസ് ഉണ്ടാകണം എന്നീ സവിശേഷതകളുണ്ടെങ്കിൽ ഒരു മികച്ച ക്യാമറയായി. ഇതെല്ലാം ഒത്തിണക്കാനാണ് ഇത്തരം സെൻസറുകൾ സഹായിക്കുകയെന്ന് വിദഗ്ധർ.