Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞിരിക്കണം അപ്പേർച്ചർ, വിസ്മയ കാഴ്ചകൾ അറിഞ്ഞു പകർത്താൻ

water-drops

ഷട്ടർസ്പീഡും അപ്പേർച്ചറുമാണ് ഒരു ചിത്രം പകർത്തുന്നതിൽ അടിസ്ഥാനപരമായ പങ്കുവഹിക്കുന്നത്. ഇതിൽ ഷട്ടർസ്പീഡ് നാം വായിച്ചു. ഇനി അപ്പേർച്ചറിന്റെ വിശേഷങ്ങളിലേക്ക്... 

∙ അപ്പേർച്ചർ നിങ്ങളിലുമുണ്ട്

ഷട്ടർ ക്യാമറ ബോഡിയിലുള്ള സംവിധാനമാണെങ്കിൽ അപ്പേർച്ചർ ലെൻസിന്റെ സ്വന്തം സ്വത്താണ്. ലെൻസിനുള്ളിൽ വെട്ടത്തെ കടത്തിവിടുന്ന സുഷിരമാണ് അപ്പേർച്ചർ എന്നു ലളിതമാക്കാം. ഡയഫ്രത്തിന്റെ ഓപ്പണിങ് എന്നു സാങ്കേതികമായി പറയാം.  ഇതിന്റെ വാവട്ടം വലുതാക്കുകയും ചെറുതാക്കുകയും ചെയ്യാം. സ്ക്രീനിൽ 2.8, 4, 5,6, 8 എന്നിങ്ങനെ കാണുന്നത് അപ്പേർച്ചറിനെ സൂചിപ്പിക്കുന്നു. എഫ് സ്റ്റോപ് എന്ന് ഈ സംഖ്യകളെ പറയാം. അപ്പേർച്ചറിന്റെ കണക്കിൽ ഒരു വിരോധാഭാസമുണ്ട്. ഇതിൽ ചെറിയ സംഖ്യ സൂചിപ്പിക്കുന്നത് ഡയഫ്രത്തിന്റെ വലിയ വട്ടത്തെയാണ്. അതായത് അപ്പേർച്ചർ 2.8 ആണെങ്കിൽ ഡയഫ്രം പരമാവധി തുറന്നിരിക്കും. അപ്പോൾ കൂടുതൽ പ്രകാശം കയറും. എഫ് എട്ട് ആണെങ്കിൽ ഡയഫ്രത്തിന്റെ സുഷിരം ചെറുതാകും. എഫ് പതിനൊന്നിൽ വീണ്ടും ചെറുതാകും. കുറച്ചു പ്രകാശമേ അപ്പോൾ കയറുകയുള്ളൂ.

Aperture-

∙ നമ്മുടെ കണ്ണിലെ അപ്പേർച്ചർ മനസ്സിലാക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും

നിങ്ങൾ വെളിച്ചത്തിൽ നിന്ന് ഇരുട്ടുമുറിയിലേക്കു കയറുകയാണെന്നു കരുതുക. കുറച്ചു നേരത്തേക്ക് ആ മുറിയിലെ കാഴ്ചകൾ കാണാൻ പറ്റുമോ ? ഇല്ല. ഇത് കണ്ണിന്റെ അപ്പേർച്ചറിന്റെ കളിയാണ്. റൂമിനു പുറത്ത് നല്ല വെട്ടമുണ്ടല്ലോ. അതുകൊണ്ട് കൃഷ്ണമണി ചെറുതാകും (എഫ് 8 എന്നു വയ്ക്കുക). നമുക്കാവശ്യമുള്ള വെളിച്ചം മാത്രം  ഉള്ളിലേക്കെടുക്കാനാണ് കൃഷ്ണമണി ചെറുതാകുന്നത്. അങ്ങനെ ചെറുതായ കൃഷ്ണമണിയുമായിട്ടാണ് നാം ഇരുട്ടുമുറിയിലേക്കു കയറുന്നത്. അപ്പോൾ കുറച്ചുനേരത്തേക്ക് കൃഷ്ണമണി അതേ അവസ്ഥയിലായിരിക്കും. പിന്നീട് ചുറ്റും ഇരുട്ടാണെന്നു മനസ്സിലാക്കുമ്പോൾ കണ്ണിലെ അപ്പേർച്ചർ വികസിക്കും (എഫ് 2.8 ലേക്കു മാറും). കൂടുതൽ പ്രകാശം കണ്ണിലേക്കു വരുകയും ക്രമേണ ഇരുട്ടു മുറിയിലെ കാഴ്ചകൾ കാണുകയും ചെയ്യും. ഇതേ തത്വമാണ് അപ്പേർച്ചറിനും. 

∙ അപ്പേർച്ചറിന്റെ ധർമങ്ങൾ

photo1 ചിത്രം ഒന്ന് – അപ്പേർച്ചർ f 4.0, പകർത്തിയത്: പ്രവീൻ ഇ

പ്രകാശത്തെ അരിച്ചെടുക്കുകയെന്നതിനൊപ്പം പടത്തിന്റെ ഡെപ്ത് ഓഫ് ഫീൽഡ് നിയന്ത്രിക്കുക എന്ന ധർമം കൂടിയുണ്ട് അപ്പേർച്ചറിന്. ആദ്യം പ്രകാശത്തെ നിയന്ത്രിക്കുന്നതെങ്ങനെയെന്നു നോക്കാം. നല്ല വെളിച്ചമുള്ള ലാൻഡ്സ്കേപ് ആണു പകർത്തുന്നതെന്നു കരുതുക. നിങ്ങളുടെ ലെൻസിൽ അപ്പേർച്ചർ 2.8 ആണെങ്കിൽ ചിത്രത്തിൽ ആകാശമൊക്കെ വെളുത്തുപോകും. (ഷട്ടർസ്പീഡും ഇതിൽ പങ്കുവഹിക്കുന്നുണ്ടെങ്കിലും അപ്പേർച്ചറിന്റെ കാര്യം എടുക്കാം). (ചിത്രം ഒന്ന് നോക്കുക). എഫ് 4.0 യിലാണ് അപ്പേർച്ചർ. ആകാശത്തിലെ ഡീറ്റയിൽസ് കിട്ടുന്നില്ല. (ചിത്രം രണ്ട് നോക്കുക ) ഈ ഫോട്ടോയിൽ അപ്പേർച്ചർ പതിനൊന്നാണ്. ആകാശത്തിന്റെ മാറ്റം നോക്കുക. 

photo2 ചിത്രം രണ്ട് – അപ്പേർച്ചർ f 11. പകർത്തിയത്: പ്രവീൻ ഇ

മൂന്നാം ചിത്രത്തിൽ അപ്പേർച്ചർ എഫ് പതിനാലാണ്. കൂടുതൽ ഡീറ്റയിൽസ് ആകാശത്തു കയറിവരുന്നതു കാണാം. ഇനി നാം രാത്രിയിലൊരു പടമെടുക്കുയാണെന്നു കരുതുക. ഡയഫ്രം പരമാവധി തുറക്കുക. അതായത് 2.8 ൽ സെറ്റ് ചെയ്യുക. (ഓരോ ലെൻസിന്റെയും ഓപ്പണിങ് വ്യത്യസ്തമാണ്).

Photo3 ചിത്രം മൂന്ന് – അപ്പേർച്ചർ f 14. പകർത്തിയത്: പ്രവീൻ ഇ

∙ അപ്പേർച്ചറും ഡെപ്ത് ഓഫ് ഫീൽഡും

അപ്പേർച്ചറിന്റെ മറ്റൊരു ധർമമാണ് ഡെപ്ത് ഓഫ് ഫീൽഡ് നിയന്ത്രിക്കുക എന്നത്. ചിത്രത്തിൽ ഫോക്കസ് ആയിരിക്കുന്ന വസ്തുവിന്റെ മുന്നിലെയും പിന്നിലെയും വസ്തുക്കൾ എത്ര കണ്ട് ഷാർപ് ആയിരിക്കുന്നു എന്നതിനെ ഡെപ്ത് ഓഫ് ഫീൽഡ് ആയി കണക്കാക്കാം. ചിത്രത്തിലുടനീളമുള്ള ഷാർപ്നെസ് എന്നു ലളിതം. ചെറിയ എഫ് സ്റ്റോപ് ഡെപ്ത് ഓഫ് ഫീൽഡ് കുറയ്ക്കും. ചിത്രത്തിലെ ഒബ്ജക്ട് ബാക്ക്ഗ്രൗണ്ടിൽ നിന്നും ഫോർ ഗ്രൗണ്ടിൽ നിന്നും വേറിട്ടുനിൽക്കും. ബാക്ക്ഗ്രൗണ്ട് ബ്ലർ ആയി ലഭിക്കും. (Shallow Depth of field ). ഒരുദാഹരണം- ഒരു കുഞ്ഞിന്റെ മുഖം എടുക്കുമ്പോൾ അപ്പേർച്ചർ സംഖ്യ കുറയ്ക്കുക. ബാക്ക് ഗ്രൗണ്ട് കലങ്ങിപ്പോകും. കുട്ടിയുടെ മുഖത്തിനു നല്ല ഫോക്കസ് കിട്ടും. 

Photo4 ചിത്രം നാല് – അപ്പേർച്ചർ f 4.0. പകർത്തിയത്: പ്രവീൻ ഇ

ചിത്രം നാലിൽ f 4.0 യിലാണ്. വാച്ചിലേക്കു മുഴുവൻ ശ്രദ്ധയും വരുന്നതു നോക്കുക. ബാക്ക്ഗ്രൗണ്ടിലൊരു കസേരയുണ്ട്. അതു കാണുന്നില്ലല്ലോ. ഇതിനെയാണ് ഷാലോ ഡെപ്ത് ഓഫ് ഫീൽഡ് എന്നു പറയുക. 

Photo5 ചിത്രം അഞ്ച് – അപ്പേർച്ചർ f 8. പകർത്തിയത്: പ്രവീൻ ഇ

ഇനി അപ്പേർച്ചർ കൂട്ടിയ ചിത്രം നോക്കാം.  ചിത്രം അഞ്ചിൽ അപ്പേർച്ചർ f 8.0 ആണ്. മുൻ ചിത്രത്തേക്കാളും ബാക്ക്ഗ്രൗണ്ട് വ്യക്തമാണ്. ചിത്രം ആറിൽ f 13 അപ്പേർച്ചറിലാണു പടമെടുത്തിട്ടുള്ളത്. കസേരയുടെ ഭാഗങ്ങളും തൊട്ടപ്പുറത്തെ കംപ്യൂട്ടറിലെ നീലലൈറ്റും കാണാം. 

Photo6 ചിത്രം ആറ് – അപ്പേർച്ചർ f 13. പകർത്തിയത്: പ്രവീൻ ഇ

ചിത്രം ഏഴിൽ അപ്പേർച്ചർ വാല്യു  f 18  ആണ്. കംപ്യൂട്ടറിലെ സിപിയു പോലും ഈ അപ്പേർച്ചറിലെ പടത്തിൽ വ്യക്തമായിക്കാണാം.

Photo7 ചിത്രം ഏഴ് – അപ്പേർച്ചർ f 18 പകർത്തിയത്: പ്രവീൻ ഇ

എഫ് സ്റ്റോപ് വലുതാണെങ്കിൽ അതായത് എഫ് എട്ട് പതിനൊന്ന് എന്നിങ്ങനെയാണെങ്കിൽ ഡെപ്ത് ഓഫ് ഫീൽഡ് കൂടും. ദൂരെയുള്ള ഒബ്ജക്ടും ശരാശരി ഷാർപ്പ് ആയി പടത്തിൽ പതിയും. ഉദാഹരണം- ഭംഗിയുള്ള ലാൻഡ്സ്കേപ് ആണു പകർത്തുന്നതെങ്കിൽ അപ്പേർച്ചർ സംഖ്യ കൂട്ടുക. എഫ് എട്ട് എടുക്കാം.  ചിത്രത്തിലെ ഏറെക്കുറേ ഏരിയകളും ഷാർപ് ആയിക്കിട്ടും. 

∙ എഫ് സ്റ്റോപ് കുറക്കേണ്ടതെപ്പോൾ 

രാത്രിയിൽ പടമെടുക്കുമ്പോൾ
പോർട്രയിറ്റുകൾ എടുക്കുമ്പോൾ
ഒരു പ്രത്യേകവസ്തു മാത്രം ഫോക്കസിൽ മതി എന്നുള്ള അവസ്ഥയിൽ

∙ എഫ് സ്റോപ് കൂട്ടേണ്ടതെപ്പോൾ

നല്ല പ്രകാശമുള്ളപ്പോൾ
പടത്തിൽ ഉടനീളം ഷാർപ്ന്നെസ് ആവശ്യമുള്ള ലാൻഡ്സ്കേപ് ഫൊട്ടോഗ്രഫിയിൽ.
ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ.
ഇവയെല്ലാം സിദ്ധാന്തങ്ങളാണ്. അപ്പേർച്ചർ മനസ്സിലാക്കി ക്രിയാത്മകമായി എങ്ങനെയും പടമെടുക്കാം.