Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്ഒയ്ക്കെന്താ ഫൊട്ടോഗ്രഫിയിൽ കാര്യം? കാര്യമുണ്ട്, അറിഞ്ഞിരിക്കണം ഐഎസ്ഒ

iso-points

നമുക്കു പരിചയമുള്ള അക്ഷരങ്ങളാണ് ഐഎസ്ഒ. പല പരസ്യങ്ങളിലും ഐഎസ്ഒ സർട്ടിഫൈഡ് കമ്പനി എന്നു കേൾക്കാറില്ലേ... ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരു തന്നെയാണ് ഐഎസ്ഒ. അപ്പോഴൊരു ചോദ്യമുണ്ട്. ഐഎസ്ഒ യ്ക്കെന്താ ക്യാമറാവീട്ടിൽ കാര്യമെന്ന്. കാര്യമുണ്ട്. ഫൊട്ടോഗ്രഫിയുടെ മൂന്നുതൂണുകളിൽ ഒന്നാണ് ഐഎസ്ഒ. ഷട്ടർസ്പീഡും അപ്പേർച്ചറും കഴിഞ്ഞാൽ പ്രാധാന്യം ഈ മൂന്നക്ഷരത്തിനു തന്നെ. ക്യാമറ സെൻസറിന്റെ സെൻസിറ്റിവിറ്റിയെ ഐഎസ്ഒ എന്നു ലളിതമാക്കാം. ഐഎസ്ഒ കൂടൂംതോറും സെൻസറിന്റെ സെൻസിറ്റിവിറ്റി കൂടും. എന്നാൽ നേട്ടങ്ങളുടെയൊപ്പം ഇതിൽ ചില കോട്ടങ്ങളുമുണ്ട്. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള ക്യാമറ സെൻസറിന്റെ കഴിവിന്റെ മാനദണ്ഡമാണ് ഐഎസ്ഒ.

 ഐഎസ്ഒ–6400 ൽ പകർത്തിയത്, ഫോട്ടോ: പ്രവീൻ ഇ

ഫിലിമിനു സ്പീഡ് ഉണ്ടോ?

പഴയകാലത്ത് ഫിലിമിലായിരുന്നല്ലോ ചിത്രങ്ങൾ പകർത്തിയിരുന്നത്. അന്ന് പലതരം ഫിലിമുകൾ വിപണിയിലുണ്ടായിരുന്നു. സ്പീഡ് കൂടിയതും കുറഞ്ഞതുമായ ഫിലിമുകൾ വിവിധതരം ഫൊട്ടോഗ്രഫിക്കുപയോഗിച്ചുവന്നു. ഐഎസ്ഒ നൂറ് എന്നു രേഖപ്പെടുത്തിയവ സ്ലോ സ്പീഡ് ഫിലിമുകൾ എന്നറിയപ്പെട്ടിരുന്നു. മുകളിലേക്കു പോകുംതോറും സ്പീഡ് കൂടിയ ഫിലിം എന്നു പറയപ്പെട്ടു. സംഭവം ലളിതം. ഐഎസ്ഒ നൂറ് എന്നാൽ ഫിലിമിന്റെ അല്ലെങ്കിൽ സെൻസറിന്റെ സെൻസിറ്റിവിറ്റി ഏറ്റവും കുറഞ്ഞിരിക്കും. അപ്പോൾ കൂടുതൽ സമയം വേണ്ടിവരും പ്രകാശം സെൻസറിലെത്തി ചിത്രം പകർത്താൻ. ഇതുകൊണ്ടാണ് ഇവ സ്ലോസ്പീഡ് ഫിലിമുകൾ എന്നറിയപ്പെട്ടിരുന്നത്. (പകുതിമാത്രം ഉണങ്ങിയ വിറക് ഓർക്കുക. അതു കത്താൻ സമയമെടുക്കും)

ISO-4 ഐഎസ്ഒ–320 ൽ പകർത്തിയത്, ഫോട്ടോ: പ്രവീൻ ഇ

എന്നാൽ ഐഎസ്ഒ നാനൂറ് മുതൽ മുകളിലോട്ടുള്ള ഫിലിമുകളിൽ സെൻസിറ്റിവിറ്റി കൂടുതലായതിനാൽ താരതമ്യേന കുറഞ്ഞസമയം മതി ചിത്രം പിടിച്ചെടുക്കാൻ. അതുകൊണ്ട് ഫാസ്റ്റ് ഫിലിംസ് എന്നറിയപ്പെട്ടു. (നന്നായി ഉണങ്ങിയ വിറക് എന്നാലോചിച്ചാൽ കാര്യം പിടികിട്ടും).

ISO-1 ഐഎസ്ഒ–100 ൽ പകർത്തിയത്

ഐഎസ്ഒ എന്ന സംഘടന ഈ ഫിലിംസ്പീഡിനെ സ്റ്റാൻഡേഡൈസ് ചെയ്തു. അതായത് ഏതു ക്യാമറകളിൽ ഉപയോഗിച്ചാലും ഒരേ ഐഎസ്ഒ ഉള്ള ഫിലിമുകൾ ഒരേ റിസൾട്ട് തരും. നിക്കോണിൽ ആയാലും കാനോണിൽ ആയാലും ഐഎസ്ഒ നൂറ് എന്നു രേഖപ്പെടുത്തിയ ഫിലിം തരുന്ന സെൻസിറ്റിവിറ്റിയിൽ മാറ്റമുണ്ടാകില്ലെന്നർഥം.

ISO-6 ഐഎസ്ഒ–3200 ൽ പകർത്തിയത്, ഫോട്ടോ: പ്രവീൻ ഇ

ക്യാമറയിൽ എവിടെ കാണാനാകും ഐഎസ്ഒയെ

ഫിലിം ക്യാമറയിൽ വ്യത്യസ്ത ഐഎസ്ഒ ഉള്ള ഫിലിമുകൾ മാറ്റിയിടേണ്ടിവരാറുണ്ട്. ഉദാഹരണത്തിന് നല്ല പ്രകാശമുള്ളപ്പോൾ ഐഎസ്ഒ നൂറ് ഫിലിം ഉപയോഗിക്കുന്നയാൾ സന്ധ്യ മയങ്ങിയാൽ ഐഎസ്ഒ നാനൂറ് ഉള്ള ഫിലിം റോൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ ഡിജിറ്റൽ ക്യാമറയിൽ ചില ബട്ടണുകൾ മതി ഐഎസ്ഒ മാറ്റാൻ. മിക്ക എസ്എൽആറുകളിലും ഐഎസ്ഒ ക്കു വേണ്ടി പ്രത്യേകം ബട്ടണുകൾ ഉണ്ടായിരിക്കും. ഇല്ലെങ്കിൽ ഇൻഫോ സ്ക്രീനിൽ ഐഎസ്ഒ മാറ്റാനുള്ള സംവിധാനങ്ങളുണ്ടാകും. ഓട്ടോ ഐഎസ്ഒ സെറ്റ് ചെയ്യാനുള്ള സംവിധാനം മെനുവിലുണ്ട്. ഇതിൽ കൂടിയ ഐഎസ്ഒ നിങ്ങൾക്കു നിർണയിക്കാം. എക്സ്പോഷറിനനുസരിച്ച് ക്യാമറ ആ ഐഎസ്ഒ പരിധിക്കുള്ളിലെ മികച്ച സെൻസിറ്റിവിറ്റി പുറത്തെടുക്കും. 

ISO-3 ഐഎസ്ഒ–1600 ൽ പകർത്തിയത്, ഫോട്ടോ: പ്രവീൻ ഇ

സെൻസറിന്റെ ആഗിരണശേഷി കൂട്ടുകയെന്നതാണ് ഐഎസ്ഒ കൂട്ടുകയെന്നതുകൊണ്ടുദ്ദേശിക്കുന്നത്. പകൽ നല്ല വെളിച്ചമുള്ളപ്പോൾ ഐഎസ്ഒ നൂറിൽ പടമെടുക്കുക. ഏറ്റവും ഗുണമേൻമയുള്ള പടം കിട്ടുക ഐഎസ്ഒ നൂറിലാണ്. പ്രകാശം കുറഞ്ഞുവരുന്നതിനനുസരിച്ച് ഐഎസ്ഒ കൂട്ടാം. സായന്തനം പകർത്തുകയാണെങ്കിൽ ഐഎസ്ഒ നാനൂറിലോ എണ്ണൂറിലോ ഇടാം. സാധ്യമെങ്കിൽ നൂറിൽ തന്നെ പടമെടുക്കുക. 

ISO-100 ഐഎസ്ഒ–100 ൽ പകർത്തിയത്, ഫോട്ടോ: പ്രവീൻ ഇ

ഐഎസ്ഒയുടെ ദോഷമെന്ത് ?

പ്രത്യക്ഷത്തിൽ ഐഎസ്ഒ ഉപകാരിയാണെങ്കിലും ചിത്രങ്ങളുടെ ഗുണമേൻമയെ ദോഷകരമായി ബാധിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയിലൊന്നാണ് നോയ്സ്. ഐഎസ്ഒ കൂടുംതോറും ചിത്രത്തിൽ നോയ്സ് കൂടും. ഫൈൻ ട്യൂൺ ചെയ്യാത്ത ആന്റിനയുപയോഗിച്ചു സിനിമ കാണുന്നതുപോലെ ചിത്രത്തിൽ ഡോട്ടുകൾ തെളിഞ്ഞുകാണും. ചിത്രത്തിലെ ഒബ്ജക്ടുകളുടെ അരികുകൾ അവ്യക്തമാകും. നിറങ്ങളിൽ വ്യത്യാസമുണ്ടാകും. 

ISO-800 ഐഎസ്ഒ–100 ൽ പകർത്തിയത്, ഫോട്ടോ: പ്രവീൻ ഇ

ഷട്ടർസ്പീഡും അപ്പേർച്ചറും മാറ്റാതെത്തന്നെ ഐഎസ്ഒ മാറ്റിക്കൊണ്ട് എങ്ങനെ വ്യത്യാസമുണ്ടാകുന്നു എന്നു കാണാൻ ചിത്രങ്ങൾ നോക്കുക.