ഫൊട്ടോഗ്രഫി: ക്യാമറാ മോഡുകൾ അറിഞ്ഞു പടമെടുക്കാം

ചിത്രം പകർത്തിയത് പ്രവീൻ. ഇ

നാം ഇതുവരെ ഫൊട്ടോഗ്രഫിയുടെ മൂന്ന് അടിസ്ഥാനഘടകങ്ങൾ അറിഞ്ഞു. ഈ ഷട്ടർസ്പീഡും അപ്പേർച്ചറും ഐഎസ്ഒയും നിയന്ത്രിച്ചു മാന്വൽ മോഡിൽ പടമെടുക്കാൻ ഇപ്പോൾ നിങ്ങൾക്കറിയാം. എങ്കിലും എളുപ്പത്തിനായി ക്യാമറയുടെ മറ്റുമോഡുകൾ ഒന്നു നോക്കിവയ്ക്കാം. 

ഷട്ടർ സ്പീഡിനപ്പറ്റി ഒന്നു കൂടി വായിക്കണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്കുക. 

അപ്പേർച്ചറിനെപ്പറ്റി അറിയാൻ

ഐഎസ്ഒ

ഡയലിന്റെ അടുത്തുള്ള പോയിന്ററിനടുത്തേക്ക് ഓരോ അക്ഷരവും നീക്കിയാണ് മോഡുകൾ തിരഞ്ഞെടുക്കുന്നത്. 

മാന്വൽ മോഡ്  (M)

ഏതു ക്യാമറയാവട്ടെ കുറേ പ്രീസെറ്റ് മോഡുകളും മാന്വൽ മോഡുകളും അർധ മാന്വൽ മോഡുകളുമായിട്ടാണു നിങ്ങളുടെ കയ്യിലെത്തുന്നത്. ക്യാമറയുടെ ഫുൾ കൺട്രോൾ വേണമെങ്കിൽ മാന്വൽ മോഡിൽ ഷൂട്ട് ചെയ്യാം. ഷട്ടർസ്പീഡും അപ്പേർച്ചറും ഐഎസ്ഒയും കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും കിടിലൻ പടങ്ങളെടുക്കാം. ഒട്ടുമിക്ക മികച്ച ഫൊട്ടോഗ്രഫർമാരുടെയും ഇഷ്ടങ്ങളിലൊന്നാണ് മാന്വൽ മോഡ്. പഴയ ഫിലിം ക്യാമറകളിലെ സെറ്റിങ്സ് മനസ്സിലുള്ളവർക്ക് ഏതാണ്ട് അതേ സെറ്റിങ്ങ്സുമായി തൃപ്തി നൽകുന്ന മോഡാണ് മാന്വൽ അഥവാ എം. ക്യാമറ ബോഡിയിൽ മുകളിലായി കാണുന്ന ഡയലിൽ എം എന്നു തിരഞ്ഞെടുത്താൽ നിങ്ങളുടെ ക്രിയേറ്റിവിറ്റിയുടെ വാതിൽ തുറക്കുകയായി. ലൈറ്റുമായി നിങ്ങളുടെ ക്രിയാത്മകതയെ അടുപ്പിക്കുന്ന മാന്വൽ മോഡ് സാധാരണക്കാരനു തുടക്കത്തിൽ ബാലികേറാമലയാണെങ്കിലും ഇണങ്ങിയാൽ സംതൃപ്തിയോടെ ചിത്രങ്ങളെടുക്കാം.

അപ്പേർച്ചർ പ്രയോറിറ്റി മോഡ് (A)

പേരു പോലെത്തന്നെ അപ്പേർച്ചറിനു പ്രാധാന്യം നൽകുന്ന സെമി ഓട്ടമാറ്റിക് മോഡ് ആണ് അപ്പേർച്ചർ പ്രിയോറിറ്റി മോഡ്. ഡയലിൽ എ എന്നാണ് അടയാളം. ഇതിൽ നിങ്ങൾക്ക് അപ്പേർച്ചറിന്റെ ഓപ്പണിങ് മാത്രം നിയന്ത്രിക്കാം. ഷട്ടർ സ്പീഡ് ക്യാമറ ഓട്ടമാറ്റിക് ആയി സെറ്റ് ചെയ്യും. ബാക്കി ഐഎസ്ഒയും മറ്റുള്ള നിയന്ത്രണങ്ങളും മാറ്റാവുന്നതാണ്. നല്ല വെളിച്ചമുള്ള ദിവസങ്ങളിൽ ഡെപ്ത് ഓഫ് ഫീൽഡിനു പ്രാധാന്യമുള്ള രംഗത്ത് മാന്വൽ മോഡിനെക്കാളും സുഖകരമായി അപ്പേർച്ചർ പ്രിയോറിറ്റി മോഡ് ഉപയോഗിക്കാം. 

ഷട്ടർ പ്രയോറിറ്റി മോഡ് (S)

ഷട്ടർസ്പീഡ് മാറ്റാം. അപ്പേർച്ചർ ക്യമറ തനിയെ സെറ്റ് ചെയ്തോളും. ഡയലിൽ എസ് എന്നു സൂചിപ്പിച്ചിട്ടുണ്ട്. ഷട്ടർ നമ്മുടെ അഭിരുചികൾക്കനുസരിച്ച് ഒബ്ജക്ടിന്റെ ചലനമനുസരിച്ച് മാറ്റുമ്പോൾ നല്ല എക്സ്പോഷർ കിട്ടാൻ എസ് മോഡ് ഉപയോഗിക്കുന്നവർ ഏറെയാണ്.

പ്രോഗ്രാംഡ് ഓട്ടോ (P)

ഷട്ടർ സ്പീഡും അപ്പേർച്ചറും ക്യാമറ തന്നെ നിയന്ത്രിക്കും. ഫുൾ ഓട്ടോ മോഡിനേക്കാൾ മികച്ച റിസൾട്ട് ആണ് പി മോഡിൽ നിന്നു ലഭിക്കുക. സാങ്കേതികവശങ്ങളെപ്പറ്റി ധാരണയില്ലാത്തവർക്ക് പി മോഡിൽത്തന്നെ നല്ല ചിത്രങ്ങൾ ലഭിക്കും. ഐഎസ്ഒ തുടങ്ങിയവ മാറ്റാം.

ഓട്ടോ(AUTO)

തുടക്കക്കാരുടെ ഇഷ്ട മോഡാണ് ഓട്ടോ. എല്ലാം ക്യാമറ ചെയ്തോളുമെന്ന സൗകര്യമാണ് ഓട്ടോ മോഡിനെ പ്രിയങ്കരമാക്കുന്നത്. ഇവിടെ ഐഎസ്ഒ മുതൽ ഷട്ടർസ്പീഡ് അപ്പേർച്ചർ തുടങ്ങി ഫ്ലാഷ് അടിക്കണോ വേണ്ടയോ എന്നുവരെ ക്യാമറ തീരുമാനിക്കും. അതുകൊണ്ടുതന്നെ ക്യാമറയുമായി കുറച്ചുപരിചയമുള്ളവർ ഓട്ടോമോഡിനെ അത്ര ഇഷ്ടപ്പെടില്ല. 

ഫ്ലാഷ് ലെസ് മോഡ്

ഓട്ടോ മോഡിൽ ഫ്ലാഷ് ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുമ്പോൾ മറ്റുള്ള മോഡുകളിൽ നമുക്കു വേണമെങ്കിൽ ഫ്ലാഷ് ഓൺ ആക്കാം. എന്നാൽ ഈ മോഡിൽ ഫ്ലാഷ് ഒരു കാരണവശാലും ഫയർ ചെയ്യുകയില്ല. പകരം ഐഎസ്ഒ ഓട്ടമാറ്റിക് ആയി കൂട്ടിയും കുറച്ചും ക്യാമറ നല്ല എക്സ്പോഷർ നൽകും.