Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടമെടുത്താൽ പുഞ്ചിരി വിടരണമോ? മാന്വൽ മോഡിൽ ഷൂട്ട് ചെയ്യൂ...

manual-mode-dial

കുട്ടിക്കാലത്തു നാം സൂര്യനെ എങ്ങനെയാണു വരച്ചുപഠിച്ചിരുന്നത്... അങ്ങനെത്തന്നെ ഫോട്ടോയിലും കിട്ടാനെന്താ വഴി?  മാന്വൽ മോഡ് ആണ് ആ എളുപ്പവഴി. സൂര്യൻ ചിത്രങ്ങളിലെ നക്ഷത്രമായിത്തന്നെ കാലുകളുമായി ജ്വലിച്ചുനിൽക്കുന്നത് എങ്ങനെയാണു കിട്ടുക? അതറിയാനാണ് മാന്വൽ മോഡ് എന്ന മാജിക് മോഡിൽ പടമെടുക്കേണ്ടത്. 

ഒരു പടമെടുത്താൽ പുഞ്ചിരി വിടരണമെങ്കിൽ അതു മാന്വൽ മോഡിൽ ഷൂട്ട് ചെയ്തതായിരിക്കണം. ലൈറ്റും ഡെപ്ത് ഓഫ് ഫീൽഡും സെൻസിറ്റിവിറ്റിയും എല്ലാം നാം തന്നെ നിയന്ത്രിച്ച് കിട്ടുന്ന നല്ലൊരു പടത്തിന് വില ഏറെയാണ്. മറ്റു മോഡുകളിൽ സുന്ദരമായ പടങ്ങളെടുക്കുന്നവരെ കൊച്ചാക്കുകയല്ല. എങ്കിലും മാന്വൽ മോഡ് തരുന്ന സന്തോഷം ഒന്നുവേറെത്തന്നെ. മറ്റു മോഡുകളെല്ലാം ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും നമുക്കെന്താണോ വേണ്ടത് അതു തരാൻ പറ്റാറില്ല. ഓട്ടോമാറ്റിക് അല്ലെങ്കിൽ സെമി ഓട്ടമാറ്റിക് മോഡുകളിൽ പെർഫെക്ട് എക്സ്പോഷറിനാണു മുൻഗണന നിഴലിനും വെളിച്ചത്തിനും ക്രിയേറ്റിവിറ്റിയ്ക്കുമല്ല. മാന്വൽ മോഡിൽ നമ്മുടെ മനസ്സാണു എക്സ്പോഷർ തീരുമാനിക്കുന്നത്. 

മാന്വൽ മോഡിന്റെ മേൻമകളെന്തൊക്കെ

ലൈറ്റ് നിങ്ങളുടെ നിയന്ത്രണത്തിലൂടെയാണു സെൻസറിനെ തൊടുക. അതായത് നാം നമ്മുടെ സർഗാത്മകതയ്ക്കനുസരിച്ച് പ്രകാശത്തെ നിയന്ത്രിക്കുന്നു. ഒബ്ജക്ട് ഒഴിച്ച് മറ്റെല്ലാ ഭാഗങ്ങളും പടത്തിൽ കത്തിച്ചുകളയാം. ഒബ്ജക്ടിനെ മാത്രം ഹൈലൈറ്റ് ആക്കി ബാക്ക്ഗ്രൗണ്ട് മൊത്തം ഇരുട്ടിലാക്കാം ഇങ്ങനെ ലൈറ്റിനെ മെരുക്കാം. 

മനസ്സിൽ കാണുന്ന പടമെടുക്കാൻ മാന്വൽ മോഡ് ആണുത്തമം. ചില ഉദാഹരണങ്ങൾ നോക്കാം. 

∙ സൂര്യൻ ഒരു നക്ഷത്രമാണ്...

ചിത്രം ഒന്നിൽ തലക്കുമുകളിൽ സൂര്യൻ ജ്വലിച്ചു നിൽക്കുന്നുണ്ട്. ശരിക്കും ചിത്രത്തിലേതു പോലെ ആരക്കാലുകളുമായുള്ള സൂര്യൻ... ഫോട്ടോഷോപ്പ് ചെയ്തതതാണോ... അല്ല. മാന്വൽ മോഡിലെ കളിയാണിത്. അപ്പേർച്ചർ ആണിതിൽ നായകൻ. എഫ് 22 ആണ് അപ്പേർച്ചറിന്റെ അളവ്. അതായത് ഓപ്പണിങ് വളരെ ചെറുത്. പ്രകാശ സ്രോതസുകളെ ഇങ്ങനെ സ്റ്റാർ പോലെ ആക്കാൻ അപ്പേർച്ചറിലെ എഫ് നമ്പർ കൂട്ടിയാൽ മതി. (സെൻസറിനു കേടുവരാതിരിക്കാൻ നട്ടുച്ചയ്ക്കുള്ള പ്രയോഗം നല്ലതല്ല). 

Pic-1-manual-Mode ഫോട്ടോ: പ്രവീൺ എളായി

ക്യാമറ- നിക്കോൺ D 60.
Shutter Speed- 1/200
Apperture f 22.0
ISO- 100

∙ പ്രകാശത്തെ പിൻതുടരാം

ചിത്രം രണ്ട് മുൻപ് നിങ്ങൾ കണ്ടിട്ടുള്ളതാണെങ്കിലും മാന്വൽ മോഡിനെപ്പറ്റി പറയുമ്പോൾ ഈ പടം ഒഴിവാക്കാനാകില്ല. നേരത്തെ അപ്പേർച്ചർ ആയിരുന്നു താരമെങ്കിൽ ഇവിടെ ഷട്ടർ സ്പീഡിനാണു പ്രാധാന്യം. ഷട്ടർ ഇരുപതു സെക്കൻഡ് തുറന്നു വച്ചപ്പോൾ താമരശ്ശേരിച്ചുരത്തിലെ വാഹനങ്ങളുടെ പ്രകാശത്തെ വളച്ചെടുത്ത് സെൻസറിലാക്കാൻ പറ്റി. ക്യാമറ ട്രൈപോഡിൽ വച്ച് ടൈമർ വച്ചെടുത്തത്. മാന്വൽ മോഡിന്റെ വലിയൊരു ഗുണമാണ് ഇങ്ങനെ ഷട്ടർ തുറന്നുവയ്ക്കാൻ പറ്റുന്നത്. ഇവിടെ അപ്പേർച്ചർ പരമാവധി തുറന്നു വച്ചിട്ടുണ്ട്. 

Pic-2-manual-Mode ഫോട്ടോ: പ്രവീൺ എളായി

ക്യാമറ- നിക്കോൺ D 7000.
Shutter Speed- 20 Seconds
Apperture f 4.8
ISO- 100

∙ കുറഞ്ഞ പ്രകാശത്തിലെ പോർട്രെയ്റ്റുകൾ 

യാത്രകളിലെ ചില മൂഡുകൾ അതുപോലെ പകർത്താൻ മാന്വൽ മോഡിനേക്കാൾ നല്ലൊരു സഹായി ഇല്ല. ഇവിടെ ചിത്രം മൂന്നിൽ തീകാഞ്ഞിരിക്കുന്നയാളുടെ പടം അത്തരമൊന്നാണ്. മറ്റു മോഡുകളാണെങ്കിൽ ഒന്നുകിൽ തീ കത്തിപ്പോകുകയും ആൾ ചിത്രത്തിൽനിന്നില്ലാതാകുകയും ചെയ്യും. എന്നാൽ മാന്വൽ മോഡ് വഴി നമ്മുടെ മൂഡും ഫീലും പകർത്താം. ഐഎസ്ഒ കൂട്ടിയിട്ടിട്ടുണ്ട്. 

Pic-3-manual-Mode ഫോട്ടോ: പ്രവീൺ എളായി

ക്യാമറ- നിക്കോൺ D 7000.
Shutter Speed- 1/10 Seconds
Apperture f 3.5
ISO- 2000

ഈ പടങ്ങളെല്ലാം മറ്റു മോഡുകളിലുമെടുക്കാനാവില്ലേ എന്നാണെങ്കിൽ ഇതേ ഫീലിൽ പറ്റില്ല എന്നുതന്നെയാണുത്തരം. അല്ലെങ്കിൽ ഏറെക്കുറേ എന്നുവേണമെങ്കിൽ പറയാം. പൂർണത മാന്വൽ മോഡിൽത്തന്നെയാണ്.

More Camera Tips