ഓരോ ലോകകപ്പും ഒളിംപിക്‌സും മനുഷ്യരുടെ കായികക്ഷമതയുടെ വെളിപ്പെടുത്തലുകള്‍ മാത്രമല്ല, ബ്രോഡ്കാസ്റ്റ് ടെക്‌നോളജിയുടെ മികവിന്റെ വിളംബരവും കൂയിയാണ്. നാലുവര്‍ഷത്തിനു ശേഷം ഇത്തരം മാമാങ്കങ്ങള്‍ അരങ്ങേറുമ്പോള്‍ മാറ്റം എളുപ്പത്തില്‍ ദൃശ്യമാകുന്നു താനും.
റഷ്യയില്‍ നടക്കുന്ന ലോകകപ്പിനെ ഒരു ദൃശ്യ സദ്യയാക്കാന്‍ എന്തെല്ലാം മാറ്റങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു നോക്കാം. ഫിഫ ടിവിയാണ് എല്ലാ ടെക്നോളജിയും സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം ഹോസ്റ്റ് ബ്രോഡ്കാസ്റ്റ് (HBS) സര്‍വീസും sonoVTSഉം ഉണ്ട്. ഈ വര്‍ഷത്തെ 64-മത്സരങ്ങളും 34-ക്യാമറാ പ്ലാനിലൂടെ പ്രേക്ഷകനിലെത്തിക്കാനാണ് ഫിഫ ശ്രമിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ ഗ്രൗണ്ട് കവറേജ് ഇത്തവണയുണ്ട്.
കണ്ടന്റിനു കൂടുതല്‍ മികവു നല്‍കാനായി എച്ച്ഡി, 1080p, UHD, 4K HDR എന്നീ ഫോര്‍മാറ്റുകളില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്. ബ്രോഡ്കാസ്റ്റിങ്ങിന്റെ മികവു കൂടാതെ നിരവധി മള്‍ട്ടി-മീഡിയ സര്‍വീസുകളുമുണ്ട്. ഇവയും പ്രേക്ഷകന് ഇഷ്ടപ്പെടും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഫീച്ചറുകളും എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. വിഡിയോ അസിസ്റ്റന്റ് റഫറി ഈ വര്‍ഷത്തെ പ്രത്യേകതകളില്‍ ഒന്നാണ്. പന്തിൽ പോലും ചിപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു.
എച്ബിഎസിന്റെ അഞ്ചാം ലോക കപ്പാണിത്. ഒരു പ്രൊഡക്ഷനിലൂടെ ഒരേസമയം എച്ച്ഡി, യുഎച്ച്ഡി കണ്ടന്റ് സൃഷ്ടിക്കാനാകുന്നു എന്നതും മറ്റൊരു മികവാണ്. ഇതു സാധ്യമാക്കുന്നത് സോണിയുടെ എസ്ആര്‍ ലൈവ് (SR Live (Slog3)) പ്രൊഡക്ഷന്‍ ടെക്‌നിക് ഉപയോഗിച്ചാണ്. സോണിയുടെ 370 ലേറെ ക്യാമറകളാണ് കളിക്കളത്തിലേക്ക് മിഴി നട്ടിരിക്കുന്നത്. 29 XVS, സ്വിച്ചറുകളും 1000ലേറെ മോണിട്ടറുകളും യുഎച്ചിഡി, എച്ചിഡിആര്‍, എച്ച്ഡി, എസ്ഡി എന്നിങ്ങനെയുള്ള ബ്രോഡ്കാസ്റ്റിങ് ഓപ്ഷനുകള്‍ സാധ്യമാക്കുന്നു.
ടിവിക്കു മുന്നില്‍ ഇരുന്നു കളി കാണുമ്പോള്‍ മനസിലാകാത്ത ഒരു കാര്യം എച്ച്ബിഎസ് നടത്തിയ മുന്നൊരുക്കമാണ്. 2017 ഒക്ടോബറില്‍ അവര്‍ തങ്ങളുടെ പണി തുടങ്ങിയിരുന്നു. 2014ല്‍ ബ്രസീലില്‍ നടന്ന ലോക കപ്പിനേക്കാള്‍ എന്തുകൊണ്ടും മികച്ച ദൃശ്യാനുഭവമാക്കാനായിരുന്നു അവരുടെ ശ്രമം. റഷ്യന്‍ ലോകകപ്പിനായി തങ്ങളുടെ പല ഉപകരണങ്ങളും അവര്‍ അപ്‌ഗ്രേഡു ചെയ്തു.
റീപ്ലേകള്‍, സ്ലോ-മോഷന്‍ ആക്ഷന്‍ റീ-പ്ലേ, ഹൈലൈറ്റ്‌സ്, ഓപ്പണിങ്, ക്ലോസിങ് ചടങ്ങുകള്‍ ഇവയ്‌ക്കെല്ലാം 34 ക്യാമറകളില്‍ നിന്നുമുള്ള കണ്ടന്റ് EVS XT 4K സെര്‍വറുകളില്‍ റെക്കോഡു ചെയ്യുന്നു. ചാനല്‍ മാക്‌സ് കോണ്‍ഫിഗറേഷനിലാണ് ഇതു ചെയ്യുന്നത്. ഇവയെല്ലാം കൂടാതെ, ഏറ്റവും മികച്ച ഓഡിയോ മോണിട്ടറുകള്‍, സിസ്‌കോ ഐടി റൂട്ടര്‍ തുടങ്ങി നിരവധി അനുബനന്ധ ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ലൈവ് ടെലികാസ്റ്റിങ് മികവുറ്റ ഒരു അനുഭവമാക്കുന്നത്.
ഉപകരണങ്ങള്‍ ഇരിക്കുന്ന റൂം വലിയ OB വാനുകളോടാണ് താരതമ്യം ചെയ്യുന്നത്. ഒരോ മത്സരത്തിനും മുന്‍പ് എല്ലാം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. sonoVTSന് ആണ് 12 ടെക്‌നിക്കല്‍ ഓപ്പറേഷന്‍ സെന്ററുകളുടെയും ചുമതല. ഉപകരണങ്ങള്‍ എല്ലാ ഗ്രൗണ്ടുകളിലും എത്തിക്കാന്‍ 36 ട്രക്കുകള്‍ വേണ്ടിവന്നു! 650 കിലോമീറ്റർ നീളത്തിലുള്ള 53,000 കേബിളുകളാണ് ഉപയോഗിക്കുന്നത്. ആദ്യ മത്സരത്തിനു മൂന്നു ദിവസം മുൻപ് തന്നെ എല്ലാ ഉപകരണങ്ങളും ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നു.