ഐഫോണ്‍ X ക്യാമറ സ്റ്റുഡിയോ നിലവാരമുള്ള ചിത്രങ്ങളെടുക്കും

ഐഫോണ്‍ Xന്റെ പോര്‍ട്രെയ്റ്റ് മികവിനെക്കുറിച്ചുള്ള പരസ്യങ്ങളുമായി ആപ്പിള്‍ എത്തിയപ്പോള്‍ ചിലരെങ്കിലും അതു മര്യാദ ലംഘനമാണെന്ന് പരാതിപ്പെട്ടു. 'പോര്‍ട്രെയ്റ്റ് ലൈറ്റിങ്ങുമായാണ് ഐഫോണ്‍ Xന്റെ ക്യാമറകള്‍ എത്തുന്നത്. സ്റ്റുഡിയോ ക്വാളിറ്റി ഫോട്ടോകള്‍ സ്റ്റുഡിയോയുടെ സഹായമില്ലാതെ റെക്കോഡു ചെയ്യാനും ഐഫോൺ X ക്യാമറയ്ക്ക് സാധിക്കും. പോര്‍ട്രെയ്റ്റ് ഫൊട്ടോഗ്രഫിയെ പുതിയ വെളിച്ചത്തില്‍ കാണാനാകും,' തുടങ്ങിയവയായിരുന്നു ആപ്പിളിന്റെ അവകാശവാദങ്ങള്‍. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ബ്രിട്ടനിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (ASA) ആണ് സ്വമേധയാ ഈ അവകാശവാദത്തില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിച്ചത്. അവരുടെ കണ്ടെത്തല്‍പ്രകാരം ആപ്പിളിന് ഈ തരം പരസ്യവാചകങ്ങള്‍ ഉപയോഗിക്കാം. അവര്‍ അതിനു കണ്ടെത്തിയ കാരണവും രസകരമാണ്.

ആപ്പിളിന്റെ അവകാശവാദത്തില്‍ പറയുന്നത്, അവരുടെ പോര്‍ട്രെയ്റ്റ് ഷൂട്ടറിന് ഏകദേശം 52mm ഉള്ള ലെന്‍സാണ് നല്‍കിയിരിക്കുന്നതെന്നും, ഈ ഫോക്കല്‍ ലെങ്താണ് ലോകത്ത് പോര്‍ട്രെയ്ചറിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും എന്നാണ്. ആപ്പിളിന്റെ സ്റ്റുഡിയോ ലൈറ്റിങ് ആകട്ടെ സോഫ്റ്റ്‌വെയറിന്റെ കഴിവില്‍ കൃത്രിമമായി സൃഷ്ടിക്കുന്നതുമാണ്. സ്റ്റുഡിയോയില്‍ നിരവധി ലൈറ്റുകളുടെയും റിഫ്‌ളെക്ടറുകളുടെയും അകമ്പടിയോടെ എടുക്കുന്ന പോട്രെയ്റ്റുകള്‍ക്കു ലഭിക്കുന്ന മേന്മ സോഫ്റ്റ്‌വെയറിലൂടെ സാധിക്കുമെന്നും ആപ്പിള്‍ വാദിച്ചിരുന്നു. ഇതെല്ലാമാണ് ആപ്പിളിന്റെ അവകാശവാദത്തിനെതിരെ സംസാരിച്ചവരെ ചൊടിപ്പിച്ചതും.

ബ്രിട്ടനിലെ എഎസ്എയുടെ കണ്ടെത്തല്‍ പ്രകാരം സ്റ്റുഡിയോ ക്വാളിറ്റി ഫോട്ടോ എന്നതിന് കൃത്യമായ നിര്‍വ്വചനമൊന്നും ഫൊട്ടോഗ്രഫി വ്യവസായത്തില്‍ ഇല്ല. അതുകൊണ്ട് ആപ്പിളിന് തുടര്‍ന്നും പരസ്യങ്ങളില്‍ അവരുടെ അവകാശവാദങ്ങള്‍ ഉപയോഗിക്കാം. കൂടാതെ സാധാരണക്കാരായ ആളുകള്‍ക്ക് ഐഫോണ്‍ Xന്റെ ക്യാമറയില്‍ എടുത്ത ചിത്രവും, സിഗ്മയുടെ ആര്‍ട്ട് സീരിസിലുള്ള 50mm f/1.4 ലെന്‍സില്‍ എടുത്ത ചിത്രങ്ങളും തമ്മില്‍ തിരിച്ചറിയാനും സാധിക്കുന്നില്ല.

കൂടാതെ, പോര്‍ട്രെയ്റ്റ് എടുക്കുന്ന കാര്യത്തില്‍ ഫൊട്ടോഗ്രാഫര്‍മാരുടെ കഴിവും ഒരു ഘടകമാണ്. ഇതെല്ലാം കൊണ്ട് ആപ്പിളിന്റെ പരസ്യങ്ങളില്‍ ഇത്തരം അവകാശവാദങ്ങള്‍ നടത്തിയാല്‍ എതിര്‍ക്കേണ്ടതില്ല എന്നാണ് എഎസ്എ പറയുന്നത്. എന്തായാലും ആപ്പിളിന് ആശ്വാസമാകുന്ന ഒരു വിധിയാണിത്. ഈ വര്‍ഷം ഇറങ്ങുന്ന പോര്‍ട്രെയ്റ്റ് മോഡ് സപ്പോര്‍ട്ടു ചെയ്യുന്ന ഐഫോണ്‍ മോഡലുകള്‍, പോര്‍ട്രെയ്റ്റ് ലൈറ്റിങ്ങില്‍ കൂടുതല്‍ മികവു കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നു.

മറ്റൊരുകാര്യം കൂടെ ഇവിടെ പറയട്ടെ. ആപ്പിളാണ് പോര്‍ട്രെയ്റ്റ് ലൈറ്റിങ് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ട്രിക്കുകള്‍ തുടങ്ങിയത്. പക്ഷേ, ഇന്നത് ചില ആന്‍ഡ്രോയിഡ് മോഡലുകളിലും ലഭ്യമാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മോഡലുകളിലേക്ക് എത്തുകയും ചെയ്യും.