ചരിത്രം വഴിമാറുമോ? നിക്കോണ്‍ സീ 6, സീ 7 മിറര്‍ലെസ് ക്യാമറകളെ പരിചയപ്പെടാം

ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ക്യാമറാ നിര്‍മാതാക്കളില്‍ ഒരാളായ നിക്കോണ്‍ അതിന്റെ ആദ്യ, ഗൗരവമുള്ള മിറര്‍ലെസ് ക്യാമറകള്‍ അവതരിപ്പിച്ചു. സീ 7, 45 എംപി റെസലൂഷനുള്ള സെന്‍സറുമായാണ് എത്തുന്നതെങ്കില്‍, സീ 6ന് 24 എംപിയാണ് സെന്‍സര്‍ റെസലൂഷന്‍.

പേര്

എഴുതുന്നത് Z7, Z6 എന്നാണെങ്കിലും ലോകവ്യാപകമായി തങ്ങളുടെ ക്യാമറകളുടെ പേര് ഉച്ചരിക്കേണ്ടത് 'സീ' എന്നാണ് എന്ന് കമ്പനി പറഞ്ഞു. (ഐഫോണ്‍ X തുടങ്ങി പല ഉപകരണങ്ങളെപ്പറ്റിയും ഇങ്ങനെ പറയാറുണ്ടെങ്കിലും അത് പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകണമെന്നില്ല എന്നു കാണാം.)

സീ 7 ക്യാമറയുടെ ചില വിശേഷങ്ങള്‍:

വലുപ്പം

DSLRകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍പ്പം വലുപ്പമുള്ള ക്യാമറകളാണ് ഇഷ്ടം. എന്നാല്‍ മിറര്‍ലെസ് ബോഡികളുടെ ഉദ്ദേശം തന്നെ ക്യാമറയുടെ ഭാരവും വലുപ്പവും കുറയ്ക്കുക എന്നതാണല്ലോ. എന്തായാലും തങ്ങളുടെ DSLR ഉപയോക്താക്കളെ പരിഗണിച്ചു തന്നെയാണ് നിക്കോണ്‍ സീ സീരിസ് ക്യാമറകളുടെ ബോഡി തയാര്‍ ചെയ്തിരിക്കുന്നത്. വേണ്ടത്ര വലുപ്പവും, ഉറപ്പു നല്‍കുന്ന തരം ആഴമുള്ള ഹാന്‍ഡ്ഗ്രിപ്പുമാണ് ഇതിന്റെ സവിശേഷതകള്‍. എന്നാല്‍, ഈ ഗ്രിപ്പിനിടയിലാണ് ഫങ്ഷന്‍ 1, ഫങ്ഷന്‍ 2 ബട്ടണുകള്‍. ചിലര്‍ക്ക് ഈ ബട്ടണുകളിലേക്കെത്തല്‍ അത്ര എളുപ്പമല്ല.

വ്യൂഫൈന്‍ഡര്‍

DSLRകളെ അപേക്ഷിച്ച് മിറര്‍ലെസ് ക്യാമറകള്‍ക്ക് ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍, പുതിയ ക്യാമറകളുടെ ഇലക്ട്രാണിക് വ്യൂഫൈന്‍ഡര്‍ (3690k-dot OLED) ഉജ്വലമാണ്. DSLR ഉപയോക്താക്കള്‍ക്ക് യാതൊരു അസ്വാഭാവികതയും തോന്നില്ല ഇതിന്റെ വ്യൂഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍. ക്യാമറയുടെ റിവ്യൂ സ്‌ക്രീന്‍ ടച്‌സ്‌ക്രീന്‍ ആണ്. 

മെനു സിസ്റ്റം

ക്ലാസിക് നിക്കോണ്‍ മെനു പരിചയമുള്ളവര്‍ക്ക് കൂടുതലായി അറിയാന്‍ അത്രയൊന്നുമില്ല. 

ഫ്‌ളാഷുകളും അക്‌സസറികളും

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ് നിക്കോണിന്റെ നിലവിലുള്ള ഫ്‌ളാഷ് ഗണ്ണുകള്‍ (സ്പീഡ്‌ലൈറ്റ്‌സ്) ഉപയോഗിക്കാമെന്നത്. മറ്റു പല DSLR അക്‌സസറികളുടെ കാര്യവും അങ്ങനെ തന്നെയാണ്. എന്നാല്‍, നിക്കോണ്‍ SB910 ഫ്‌ളാഷ് ഉപയോഗിച്ചതില്‍ നിന്നു മനസിലായ ഒരു കാര്യം വെളിച്ചക്കുറവുള്ളപ്പോള്‍ ഷൂട്ടു ചെയ്താല്‍ ഫ്‌ളാഷിന്റെ ഓട്ടോഫോക്കസ് ഇലൂമിനേഷന്‍ പ്രവര്‍ത്തിക്കുന്നതിനു പകരം ക്യാമറയുടെ എഎഫ് ഇലൂമിനേറ്റര്‍ പ്രവര്‍ത്തിക്കുമെന്നാണ്. ഇത് ആളുകളുടെ ഫോട്ടോ എടുക്കുമ്പോഴുള്ള മേൻമയെ ബാധിക്കും. മറ്റു ഫ്‌ളാഷുകളുടെ കാര്യം ഇപ്പോള്‍ പറയാനാവില്ല. 

സീ മൗണ്ട്

നിക്കോണിന്റെ വിശ്രുതമായ എഫ് മൗണ്ടിനു പകരം സീ മൗണ്ട് വരികയാണ്. DSLR ലെന്‍സുകള്‍ സീ മൗണ്ടില്‍ ഉപയോഗിക്കണമെങ്കില്‍ FTZ  അഡാപ്റ്റര്‍ വേണം. സീ സീരിസിന്റെ ഏറ്റവും വലിയ മികവുകളിലൊന്നും ഇതായിരിക്കും. നിക്കോണിന്റെ പുതിയ മൗണ്ടിന്റെ വലുപ്പം 55 മില്ലിമീറ്ററാണ്. പഴയത് 44 മില്ലിമീറ്ററും. കൂടുതല്‍ പ്രകാശം കടത്തിവിടാന്‍ ശേഷിയുള്ളതായിരിക്കും പുതിയ മൗണ്ട് എന്നത് നിക്കോണ്‍ ഉപയോക്താക്കള്‍ക്ക് ആവേശം പകരും.

ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍

നിക്കോണ്‍ ഉപയോക്താക്കള്‍ക്ക് ഒരിക്കലും ലഭ്യമല്ലാതിരുന്ന ഒരു ഫീച്ചറാണിത്. 5-സ്‌റ്റോപ്, 5-ആക്‌സിസ് സ്റ്റബിലൈസേഷനാണ് സീ മൗണ്ട് ലെന്‍സുകള്‍ ഉപയോഗിച്ചാല്‍ കിട്ടുക. നിലവിലെ DSLR ലെന്‍സുകള്‍ അഡാപ്റ്ററില്‍ പിടിപ്പിച്ച് ഉപയോഗിക്കുമ്പോള്‍ സ്റ്റബിലൈസേഷന്‍ 3-സ്‌റ്റോപ്പായി കുറയും. 

വിഡിയോ ഷൂട്ടിങ്

ഈ ക്യാമറ ആദ്യം വാങ്ങുന്നവരില്‍ ചിലരെങ്കിലും പരീക്ഷിക്കാനാഗ്രഹിക്കുന്ന കാര്യം. ഫുള്‍ ഫ്രെയ്ം 4K (4K UHD (3840 x 2160)/30p) മൂവി ഷൂട്ടിങ് സാധ്യമാണ്. എഡിറ്റിങ് സമയത്ത് കൂടുതല്‍ സാധ്യതകള്‍ നല്‍കാന്‍ നിക്കോണ്‍ ഒരു സൂപ്പര്‍ ഫ്‌ളാറ്റ് പ്രൊഫൈല്‍ കൊണ്ടുവന്നിരിക്കുന്നു. മറ്റൊന്ന് 10-ബിറ്റ് കളര്‍ സ്‌പെയ്‌സ് (10-bit N-Log ) വിഡിയോ ഷൂട്ടര്‍മാരെ തങ്ങളുടെ സിസ്റ്റത്തിലേക്ക് ആകര്‍ഷിക്കാന്‍ കമ്പനി കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങളാണ്. വിഡിയോ ഷൂട്ടിങ് സമയത്തെ ഓട്ടോഫോക്കസിങും മികച്ചതാണ്.

സീ 6

റെസലൂഷനൊഴികെ മിക്ക കാര്യങ്ങളിലും രണ്ടു ക്യാമറകള്‍ക്കും തമ്മില്‍ വൈരുധ്യങ്ങളെക്കാളേറെ സാമ്യമാണുള്ളത്.

ലെന്‍സുകള്‍

നിക്കോർ Z 24-70 f/4 ആണ് ഇപ്പോള്‍ ലഭ്യമായ ഏക സൂം ലെന്‍സ്. 50mm F1.8 S, 35mm F1.8 S എന്നിവയാണ് മറ്റു നേറ്റീവ് ലെന്‍സുകള്‍. നേരത്തെ പറഞ്ഞതു പോലെ, FTZ അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ ഇപ്പോളുള്ള ഏത് നക്കോണ്‍ ലെന്‍സും ഈ ക്യാമറയില്‍ ഉപയോഗിക്കാം. എന്നാല്‍, പല ഫങ്ഷനുകളും നേറ്റീവ് ലെന്‍സുകളിലൂടെ മാത്രമേ സാധ്യമാകൂ.

ക്യാമറകളുടെ ചരിത്രം വഴിമാറുമോ?

DSLRകള്‍ തുടര്‍ന്നും ഉണ്ടാക്കുമെന്ന നിക്കോണ്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മിറര്‍ലെസ് ക്യാമറകളിലേക്ക് കമ്പനി ശ്രദ്ധ പരിമിപ്പെടുത്തിയേക്കാം. നിക്കോണ്‍ കമ്പനിയടെ പ്രധാന എതിരാളിയായ ക്യാനനും ഈ വര്‍ഷം തന്നെ തങ്ങളുടെ മിറര്‍ലെസ് ക്യാമറകളുമായി എത്തുമെന്നാണറിവ്. അതോടെ, DSLRകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചരിത്രമായാല്‍ അദ്ഭുതപ്പെടേണ്ട.

Z7 ക്യാമറയുടെ ബോഡിക്കു മാത്രം 3399.95 ഡോളറാണ് വില. 24-70 കിറ്റ് ലെന്‍സിനൊപ്പം വാങ്ങിയാല്‍ വില 3999.95 ഡോളറായിരിക്കും. Z6ന്റെ ബോഡിക്കു മാത്രം വില 1995.95 ഡോളറായിരിക്കും. കിറ്റ് ലെന്‍സിനൊപ്പമാണെങ്കില്‍ അത് 2,599.95 ഡോളറായിരിക്കും.