നോക്കൂ... ഇതൊരു അദ്ഭുതം, കാണേണ്ട ചിത്രം; ക്യാമറ സൂം ചെയ്തപ്പോൾ...

അള്‍ട്രാ ഹൈ റെസലൂഷന്‍ ഫോട്ടകള്‍ കാണുക എന്നത് ഇന്നും മികച്ച ഒരു അനുഭവം തരുന്ന കാര്യമാണ്. സാധാരണ ഫോട്ടോകള്‍ മെഗാപിക്‌സലുകളില്‍ പടുത്തുയര്‍ത്തിയവ ആണെങ്കില്‍ അള്‍ട്രാ ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ക്ക് ഗിഗാപിക്‌സലുകളുടെ പിന്തുണയാണുള്ളത്. ചൈനീസ് കമ്പനിയായ ജിന്‍കുന്‍ ടെക് ( Jinkun Tech) അല്ലെങ്കില്‍ ബിഗ്പിക്‌സല്‍ ടെക്‌നോളജി കോര്‍പറേഷന്‍ (Bigpixel Technology Corporation) പുറത്തിറക്കിയ 195 ഗിഗാപിക്‌സല്‍ ഫോട്ടോ, റെസലൂഷന്റെ കാര്യത്തില്‍ ലോകത്തെ മൂന്നാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ചിത്രമാണത്രെ.

'ചൈനയുടെ സിലിക്കന്‍ വാലി' എന്നറിയപ്പെടുന്ന ഷാന്‍ഹായ്‌യുടെ ഫോട്ടോയാണിത്. നഗരത്തിലെ 'ഓറിയെന്റല്‍ പേള്‍ ടവറി'ന്റെ മുകളില്‍ നിന്നാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത്. ചിലര്‍ ഭയപ്പെടുത്താന്‍ ശ്രമിച്ചതു പോലെ, ചൈനീസ് സാറ്റ്‌ലൈറ്റ് ക്വാണ്ടം ടെക്‌നോളജിയുടെ പൈശാകി കരങ്ങളൊന്നുമല്ല ഇതിനു പിന്നില്‍. ഇതൊരു വലിയ 360ഡിഗ്രി ഫോട്ടായോണ്. ഏറ്റവും കുറഞ്ഞ സൂമിലെത്തിയാല്‍ ഫോട്ടോയെ ഏതു വശത്തേക്കും തിരിക്കുകയും പിന്നീട് ഇഷ്ടമുള്ള ഭാഗത്തേക്ക് സൂം ചെയ്യുകയും ചെയ്യാം. സൂം ചെയ്തു, ചെയ്തു പോയാല്‍ റോഡില്‍ നടക്കുന്ന ആളുകളുടെ മുഖഭാവം വരെ അടുത്തു കാണുകയമാകാം!

ഈ ഫോട്ടോയുടെ റെസലൂഷന്‍ 195 ഗിഗാപിക്‌സല്‍ ആണെന്നാണ് അവകാശവാദം എന്നു പറഞ്ഞല്ലോ. എന്നു പറഞ്ഞാല്‍ എന്താണ്? ഒരു മെഗാ പിക്‌സല്‍ എന്നു പറഞ്ഞാല്‍ പത്തു ലക്ഷം പിക്‌സലുകളാണ് അതില്‍ അടങ്ങിയിരിക്കുന്നത്. സാധാരണ സ്മാര്‍ട് ഫോണുകളില്‍ കാണുന്ന 12 എംപി ക്യാമറയില്‍ ഒരു കോടി ഇരുപതു ലക്ഷം പിക്‌സലുകള്‍ അടങ്ങിയിരിക്കുന്നു. ഇവിടെ ഗിഗാപിക്‌സലുകളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഒരു ഗിഗാപിക്‌സല്‍ എന്നു പറഞ്ഞാല്‍ ഒരു ബില്ല്യന്‍ പിക്‌സലുകളാണ് അതിലുള്ളത് എന്നര്‍ഥം. ഒരു സാധാരണ ക്യാമറയില്‍ പിടിച്ചെടുക്കുന്നതിനെക്കാള്‍ 2,000 തവണ അധികം കൃത്യതയുള്ളതാണ് തങ്ങളുടെ ഫോട്ടോയെന്ന് ബിഗ് പിക്‌സല്‍ അവകാശപ്പെടുന്നു.

എടുത്തു കൂട്ടിയ നിരവധി ഫോട്ടോകളെ, മാസങ്ങളെടുത്ത് 'സ്റ്റിച്ചു' ചെയ്‌തെടുത്തതാണ് ഇതെന്ന് പറയുന്നു. സുഗമവും അവിശ്വസനീയമെന്നു ചിലര്‍ വിശേഷിപ്പിച്ചതുമായ ഈ ചിത്രം ഇതുവരെ ഒരു കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു.

ഇത്തരം ചിത്രങ്ങളെക്കുറിച്ചുള്ള പ്രധാന വിമര്‍ശനം, ഏതാനും തവണ കണ്ട് ഇവയുടെ പുതുമ നശിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തിനു കൊള്ളാമെന്നാണ്. എന്തായാലും നിരീക്ഷണ ആവശ്യങ്ങള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ ഉപകരിക്കുമെന്നും പറയുന്നു. ഫോട്ടോ കാണാൻ ക്ലിക്ക് ചെയ്യുക.