2019 ഐഫോണ്‍ ക്യാമറ അടിമുടി മാറിയേക്കും; കാരണം ഇതാണ്

സ്മാര്‍ട് ഫോണുകളുടെ പിന്നിലെ ക്യാമറകളുടെ എണ്ണം വിളിച്ചുകൂവി ഹാന്‍ഡ്സെറ്റ് വില്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പൊതുവെ നടക്കുന്നത്. സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ഹാന്‍ഡ്‌സെറ്റുകളുടെ ഏറ്റവും സജീവമായ ഫങ്ഷനുകളില്‍ ഒന്നാണെന്നു സമ്മതിക്കാതെ തരമില്ല. അതിന്റെ മികവു വര്‍ധിപ്പിക്കാനായി ഏതു നിര്‍മാതാവും ഏതറ്റം വരെയും പോകും. അടുത്ത വര്‍ഷത്തെ ക്യാമറ ഫോണുകള്‍ ഒരു പുതിയ ഫീച്ചര്‍ കൊണ്ടുവരുമെന്നു പറയുന്നു, 3D ചിപ്പ്. സോണിയുടെ പുതിയ 3D ശക്തിയുള്ള സെന്‍സര്‍ ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ വാങ്ങുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ ക്യാമറ സെന്‍സര്‍ നിര്‍മാതാവാണ് സോണി. ഇപ്പോള്‍ത്തന്നെ ആപ്പിളും സാംസങും വാവെയുമടക്കമുള്ള മുന്‍നിര കമ്പനികള്‍ വരെ സോണിയുടെ സെന്‍സറാണ് പല മോഡലുകളിലും ഉപയോഗിക്കുന്നത്.

സോണിയുടെ പുതിയ 3D സെന്‍സറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയെ ഇളക്കിമറിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍-പിന്‍ ക്യാമറ സിസ്റ്റങ്ങള്‍ 3D കരുത്തുമായി എത്തുമ്പോള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ വെര്‍ച്വല്‍ ഒബ്ജക്ട്‌സ് വരെ പല കാര്യങ്ങളിലും വന്‍ കുതിപ്പു കിട്ടുമെന്നു പറയുന്നു. വേണ്ട രീതിയില്‍ പുരോഗമിക്കാത്ത ഒന്നാണ് 3D സാങ്കേതികവിദ്യ. ലോകം ത്രിമാനതയുള്ളതാണെങ്കിലും നമ്മള്‍ ഉപയോഗിക്കുന്ന സ്‌ക്രീനുകള്‍ അടക്കമുള്ളവയെല്ലാം ദ്വിമാനതയുള്ളവയാണ്. ത്രിമാനതയുള്ള സ്‌ക്രീനുകളും മറ്റും ഉണ്ടെങ്കിലും അവയ്ക്ക് പല വിധത്തിലുള്ള പരിമിതികളും കാണാം. അവ ഇന്നും മുഖ്യധാരയില്‍ എത്തിയിട്ടില്ല. സോണിയുടെ സെന്‍സറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അതൊരു പുതിയ തുടക്കമായിരിക്കാം.

'ഫോണുകള്‍ക്ക് വിപ്ലവകരമായ മാറ്റമാണ് ക്യാമറകള്‍ നല്‍കിയത്. അതുപോലെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ 3D സാങ്കേതിക വിദ്യയടങ്ങിയ സെന്‍സറും' എന്നാണ് സോണിയുടെ സെന്‍സര്‍ നിര്‍മാണ വിഭാഗത്തിന്റെ തലവന്‍ സറ്റൊഷി യോഷിഹാര (Satoshi Yoshihara) പറയുന്നത്. ത്രിമാനതയെ ഉള്‍ക്കൊള്ളിച്ചുള്ള പുരോഗതി സ്മാര്‍ട് ഫോണുകളില്‍ വരും വര്‍ഷങ്ങളില്‍ കാര്യമായ മാറ്റം വരുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആപ്പിള്‍, ഗൂഗിള്‍, സാംസങ്, വാവെയ് തുടങ്ങിയ കമ്പനികള്‍ പുതിയ സാങ്കേതികവിദ്യയില്‍ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞതായി വാര്‍ത്തകള്‍ പറയുന്നു. തങ്ങളുടെ അടുത്ത തലമുറ ഫോണുകളില്‍ സോണിയുടെ 3D സാങ്കേതിക വിദ്യയെ ഉള്‍ക്കൊള്ളിക്കാനുള്ള തയാറെടുപ്പിലാണ് ടെക് ഭീമന്മാരെന്നു പറയുന്നു. പക്ഷേ, സോണി മാത്രമല്ല 3D സെന്‍സറുകള്‍ നിര്‍മിക്കുന്നത്. ലുമെന്റം ഹോള്‍ഡിങ്‌സ് (Lumentum Holdings Inc), എസ്ടി മൈക്രോ ഇലക്ട്രോണിക്‌സ് (ST Microelectronics NV) തുടങ്ങിയ കമ്പനികള്‍ ത്രിമാനതയെ എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന കാര്യത്തില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഫേഷ്യല്‍ റെക്കഗ്നിഷനിലൂടെ ഫോണ്‍ അണ്‍ലോക് ചെയ്യുക, ഡെപ്ത് അളന്ന ശേഷം രാത്രിയില്‍ ഫോട്ടോ എടുക്കുക തുടങ്ങിയവയായിരിക്കും ആദ്യ കാല ഉപയോഗങ്ങള്‍. നിലവിലുള്ള മിക്ക ക്യാമറ സെന്‍സറുകളിലും ഉപയോഗിക്കുന്നത് 'സ്ട്രക്‌ചേഡ് ലൈറ്റ്' രീതിയാണ്. എന്നാല്‍ ക്യാമറയും സബ്ജക്ടും തമ്മിലുള്ള അകലം അളക്കുന്ന കാര്യത്തില്‍ ഇതിനു പരിമിതികളുണ്ട്. എന്നാല്‍ പുതിയ ടെക്‌നോളജിയില്‍ 'ടൈം ഓഫ് ഫ്‌ളൈറ്റ്, ടിഒഎഫ്' (time of flight, ToF) സാങ്കേതിക വിദ്യയായരിരിക്കും ഉപയോഗിക്കുക. അദൃശ്യമായ ലെയ്‌സര്‍ കിരണങ്ങള്‍ ഉതിര്‍ക്കുകയും അത് സബ്ജക്ടിലെത്തിയ ശേഷം തിരിച്ചെത്തുകയും (bounce) ചെയ്യുന്ന രീതിയാണ് ടിഒഎഫില്‍ ഉണ്ടാകുക. (വിവോ നെക്‌സ് ഡ്യൂവല്‍ ഡിസ്‌പ്ലെ എഡിഷന്‍ ( (Vivo NEX Dual Display Edition)) ഇപ്പോള്‍ത്തന്നെ ടിഒഎഫ് ടെക്‌നോളജി ഉപയോഗിക്കുന്ന ഫോണുകളിലൊന്നാണ്.) അഞ്ചു മീറ്റര്‍ വരെയാണ് ടിഒഎഫിന്റെ മികവ് കാണാനാകുക. മൊബൈല്‍ ഗെയ്മിങ്ങില്‍, വെര്‍ച്വല്‍ ക്യാരക്ടറുകളെ സൃഷ്ടിക്കുന്നതിനും ആംഗ്യഭാഷ മനസ്സിലാക്കാനും ടിഒഎഫ് സാങ്കേതികവിദ്യ ഉപകരിക്കും.

ധാരാളം പുതിയ സാധ്യതകള്‍ തുറന്നിടുമെന്നു കരുതപ്പെടുന്നുണ്ടെങ്കിലും സോണിയുടെ സെന്‍സര്‍ ഇനിയും ടെസ്റ്റു ചെയ്യപ്പെട്ടിട്ടില്ല എന്നതിനാല്‍ അതിനെക്കുറിച്ച് ഒരു പരിധിക്കപ്പുറം ആവേശം കൊള്ളേണ്ട കാര്യമുണ്ടോ എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു. 2017ലെതു പോലെ തന്നെ, 2018ലും സ്മാര്‍ട് ഫോണ്‍ വില്‍പ്പന കുറഞ്ഞു എന്നാണ് കരുതുന്നത്. പുതിയ സാങ്കേദികവിദ്യ മാജിക് ആയില്ലെങ്കിൽ പോലും ഉപയോക്താക്കളില്‍ ജിജ്ഞാസ വളര്‍ത്താന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം വില്‍പ്പന മെച്ചപ്പെടുത്താമെന്നാണ് കമ്പനികള്‍ കരുതുന്നത്.

യോഷിഹാര പറയുന്നത് ഫോണ്‍ മൊത്തം ക്യാമറ മൊഡ്യൂളുകള്‍ കൊണ്ടു മൂടുന്നതിനു പകരം, മുന്നിലും പിന്നിലും 3D ചിപ്പുകള്‍ മതിയായിരിക്കുമെന്നാണ്. (പിന്നില്‍ പ്രധാന ക്യാമറയും ഒരു ടെലി ലെന്‍സും നിലനിര്‍ത്തിയാല്‍ മതി. മൂന്നും അതിലധികവുമുള്ള ക്യാമറകള്‍ അധികപ്പറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ചിപ്പുകളെന്നു പറയുന്നു.) ഗെയിമിങ്ങിലേക്കു വന്നാല്‍, വെര്‍ച്വല്‍ കളികളില്‍ ആംഗ്യവിക്ഷേപങ്ങളിലൂടെ അവ നിയന്ത്രിക്കാമെന്ന് സോണി കാണിക്കുകയും ചെയ്തിരുന്നു. മറ്റൊരു ഡെമോയില്‍ ഒരു മുറിയുടെ വലുപ്പം കൃത്യതയോടെ കണക്കുകൂട്ടിക്കാണിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ സ്മാര്‍ട് ഫോണുകള്‍ക്ക് ചാര്‍ത്തിക്കിട്ടുന്ന മറ്റൊരു മികവായിരിക്കും ത്രിമാനത എന്നാണ് തന്റെ പ്രതീക്ഷയെന്ന് യോഷിഹാര പറഞ്ഞു.