ക്യാമറയില്‍ വാവെയ് ഒന്നാമത്, ഐഫോണും പിക്‌സലും പിന്നില്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറയെന്ന് പലരും വിധിയെഴുതിയ വാവെയ് മെയ്റ്റ് 20 പ്രോയുടേത് ഇതുവരെ ഇറങ്ങിയ ഏറ്റവും മികവാർന്ന ക്യാമറ സിസ്റ്റമാണെന്ന് സെന്‍സര്‍ പ്രകടനം വിലയിരുത്തുന്ന വെബ്‌സൈറ്റായ ഡിഎക്‌സ്ഒ. രാജ്യാന്തര തലത്തില്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ഈ വിശിഷ്ട ക്യാമറ സിസ്റ്റം ക്യാമറ നിര്‍മാണ രംഗത്തെ അതികായരായ ലൈക്കയുമായി ചേർന്നാണ് വാവെയ് സൃഷ്ടിച്ചത്. 

ഡിഎക്‌സ്ഒ റാങ്കിങ്ങില്‍ മൊത്തം 109 പോയിന്റ് നേടിയ മെയ്റ്റ് 20 പ്രോ, ഇത്രയും തന്നെ പോയിന്റുള്ള വാവെയ് P20 പ്രോയുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ്. എക്‌പോഷര്‍, ഓട്ടോഫോക്കസ് തുടങ്ങിയ കാര്യങ്ങളില്‍ മെയ്റ്റ് 20 പ്രോ നേരിയ മികവു പ്രദര്‍ശിപ്പിച്ചതിനാല്‍ ഒന്നാം സ്ഥാനം നേടി. ഐഫോണ്‍ XS മാക്‌സാണ് മൂന്നാം സ്ഥാനത്ത്, 105 പോയിന്റ്. 101 പോയിന്റുമായി ഗൂഗിള്‍ പിക്‌സല്‍ 3 ഒൻപതാം സ്ഥാനത്താണ്.

എന്നാല്‍, വാവെയ് മെയ്റ്റ് 20 പ്രോ, പ്രതീക്ഷിച്ചത്ര മികവു പുലര്‍ത്തിയില്ലെന്ന വാദവുമുണ്ട്. എന്തായിരിക്കാം അതിന്റെ കാരണം?

ഇരു ഫോണുകളിലും ഉപയോഗിച്ചിരിക്കുന്ന ക്യാമറ സിസ്റ്റങ്ങള്‍ ഇതാണ്:

പി20 പ്രോ: 40Mp (f/1.8) + 8Mp ടെലിഫോട്ടോ (3x, f/2.4) + 20Mp (f/1.6, മോണൊക്രോം)

മെയ്റ്റ് 20 പ്രോ: 40MP (f/1.8) + 8MP ടെലിഫോട്ടോ (3x f/2.4) + 20Mp അള്‍ട്രാ-വൈഡ്  (f/2.2)

പി20 പ്രോയിലെ മോണോക്രോം സെന്‍സര്‍, മെയ്റ്റ് 20 പ്രോയിലെ ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ്പില്‍, അള്‍ട്രാ വൈഡ് ആംഗിൾ ലെന്‍സിനു വഴിമാറിയിരിക്കുന്നതു കാണാം. എന്നാല്‍, മോണോക്രോം സെന്‍സര്‍ പി20 പ്രോയില്‍ എടുക്കുന്ന ചിത്രങ്ങളുടെ, വിശേഷിച്ചും വെളിച്ചക്കുറവില്‍ എടുക്കുന്ന ഫോട്ടോകളുടെ മികവു വര്‍ധിപ്പിക്കാന്‍ കൂട്ടുനിന്നിരിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഒരു പക്ഷേ, മെയ്റ്റ് 20 പ്രോയുടെ സെറ്റ്-അപ്പില്‍ ഇത്തരമൊരു മോണോ ക്രോം സെന്‍സറും കൂടെയുണ്ടായിരുന്നെങ്കില്‍ പ്രകടനം മെച്ചപ്പെടുത്തുമായിരുന്നു എന്നു കരുതണം. അതു തന്നെയായിരിക്കാം അധികം താമസിയാതെ ഇറങ്ങാന്‍ പോകുന്ന വാവെയ് P30 പ്രോയില്‍ കമ്പനി ചെയ്യാന്‍ പോകുന്നതുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ മോഡലില്‍ നാലു ക്യാമറ സിസ്റ്റമാണത്രെ കമ്പനി പരീക്ഷിക്കുന്നത്.

മോണോ ക്രോം സെന്‍സര്‍ ഇല്ലെങ്കിലും പകരമെത്തിയ ലൈക്ക നിര്‍മിച്ച, 16mm അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സാണ് മെയ്റ്റ് 20 ക്യാമറ സെറ്റ്-അപ്പിലെ ഒരു താരം. വിശാലമായ സീനുകള്‍ പകര്‍ത്താനുള്ള കഴിവു നല്‍കുന്നത് ഇതാണ്.

മറ്റൊന്ന് മാക്രോ ഷൂട്ടിങ്ങാണ്. ക്യാമറയില്‍ നിന്ന് കേവലം 2.5 സെന്റിമീറ്റര്‍ അകലെയുള്ള സബ്ജക്ടുകളെ വരെ ഫോക്കസു ചെയ്യാമെന്നത് തരക്കേടില്ലാത്ത മാക്രോ അനുഭവം നല്‍കുന്നു. ഇതെല്ലാമാണ് ശരിക്കൊരു ഓള്‍ റൗണ്ട് ക്യാമറ സിസ്റ്റമാണിതെന്നു പറയാന്‍ കാരണം. നല്ല പകല്‍ വെളിച്ചത്തില്‍ എതിരാളികളെക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാം.

എല്ലാ അര്‍ഥത്തിലും വാവെയ് മെയ്റ്റ് പ്രോ ഒരു സൂപ്പര്‍-ഫോണ്‍ ആണ്. ക്യാമറ പ്രകടനത്തില്‍ ഇത് എടുത്തു പറയേണ്ടതാണെന്നും ഡിഎക്‌സ്ഒ പറയുന്നു. എല്ലാ സാഹചര്യത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഈ ക്യാമറ സിസ്റ്റത്തിനു കഴിയും. ഐഫോണ്‍ XS മാക്‌സ്, സാംസങ് ഗ്യാലക്‌സി നോട്ട് 9, എച്ടിസി U12+ തുടങ്ങിയ എതിരാളികളെക്കാള്‍ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നതെന്ന് ഡിഎക്‌സ്ഒ കണ്ടെത്തി. പുതിയതായി ചേര്‍ത്ത അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിനെ തങ്ങളുടെ റേറ്റിങ്ങില്‍ പരിഗണിച്ചില്ലെന്നും അവര്‍ പറയുന്നു. ഈ വൈഡ് ആംഗിള്‍ ലെന്‍സ് പലര്‍ക്കും വളരെയധികം ഉപയോഗപ്രദമാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ നിരീക്ഷിക്കുന്നു.

സ്റ്റില്‍ ഫോട്ടോകളില്‍ കിട്ടുന്ന കളര്‍ നയനാനന്ദകരമാണ്. നല്ല എക്‌സ്‌പോഷറും ഡൈനമിക് റേഞ്ചുമുണ്ട്. നോയ്‌സ് റിഡക്‌ഷന് എടുത്തിരിക്കുന്ന മാര്‍ഗ്ഗവും സമചിത്തത പുലര്‍ത്തുന്ന ഒന്നാണെന്ന് അവര്‍ പറയുന്നു. ഫോണിനുള്ള 3X ഒപ്ടികകല്‍ സൂം ഇതിനെ ഏറ്റവും നല്ല സൂമുള്ള ക്യാമറ ഫോണുകളില്‍ ഒന്നാക്കുന്നു. വിഡിയോയ്ക്കും ഫോട്ടോയുടെ പല മികവുകളുമുണ്ട്. എന്നാല്‍, നടന്നു കൊണ്ട് വിഡിയോ പിടിക്കുമ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഇമേജ് സ്റ്റബിലൈസേഷന്‍ അത്ര മികച്ചതല്ല. വിഡിയോയില്‍ ചില പ്രോസസിങ് ദൂഷ്യങ്ങളും കാണം. പക്ഷേ, ഇവ നിസാരമായി തള്ളിക്കളയാവുന്നതുമാണ്. മൊത്തത്തില്‍, ഫോണുകള്‍ ഉപയോഗിച്ച് ഫോട്ടോയും വിഡിയോയും പകര്‍ത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ നിര്‍ദ്ദേശിക്കാവുന്ന ഒന്നാണെന്നും ഡിഎക്‌സ്ഒ റിപ്പോർട്ടിലുണ്ട്.