കേരളത്തിന്റെ 'ക്യാമറാ ഡോക്ടര്‍' സുബ്രമണ്യന്റെ ജീവിതം ഒരദ്ഭുതമായിരുന്നു
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അന്തരിച്ച സുബ്രഹ്മണ്യന്‍ സി.കെ (70) എന്ന ക്യാമറാ മെക്കാനിക്ക് കേരളത്തിലെ പല പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിചിതനായിരുന്നു, പ്രിയപ്പെട്ടവനായിരുന്നു. വാച്ച് റിപ്പയറിങ്ങുമായി തുടങ്ങി ക്യാമറാ റിപ്പയറിങ്ങിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം അറിയേണ്ട ഒരു കൊച്ചദ്ഭുതം തന്നെയാണ്. കാരണം
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അന്തരിച്ച സുബ്രഹ്മണ്യന്‍ സി.കെ (70) എന്ന ക്യാമറാ മെക്കാനിക്ക് കേരളത്തിലെ പല പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിചിതനായിരുന്നു, പ്രിയപ്പെട്ടവനായിരുന്നു. വാച്ച് റിപ്പയറിങ്ങുമായി തുടങ്ങി ക്യാമറാ റിപ്പയറിങ്ങിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം അറിയേണ്ട ഒരു കൊച്ചദ്ഭുതം തന്നെയാണ്. കാരണം
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അന്തരിച്ച സുബ്രഹ്മണ്യന്‍ സി.കെ (70) എന്ന ക്യാമറാ മെക്കാനിക്ക് കേരളത്തിലെ പല പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിചിതനായിരുന്നു, പ്രിയപ്പെട്ടവനായിരുന്നു. വാച്ച് റിപ്പയറിങ്ങുമായി തുടങ്ങി ക്യാമറാ റിപ്പയറിങ്ങിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം അറിയേണ്ട ഒരു കൊച്ചദ്ഭുതം തന്നെയാണ്. കാരണം
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അന്തരിച്ച സുബ്രഹ്മണ്യന്‍ സി.കെ (70) എന്ന ക്യാമറാ മെക്കാനിക്ക് കേരളത്തിലെ പല പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിചിതനായിരുന്നു, പ്രിയപ്പെട്ടവനായിരുന്നു. വാച്ച് റിപ്പയറിങ്ങുമായി തുടങ്ങി ക്യാമറാ റിപ്പയറിങ്ങിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം അറിയേണ്ട ഒരു കൊച്ചദ്ഭുതം തന്നെയാണ്. കാരണം അദ്ദേഹം എല്ലാം തനിയെ പഠിക്കുകയായിരുന്നു. ഇന്നുവരെയുള്ള മിക്കവാറും ഏത് ആധുനിക ക്യാമറയേയും തന്റെ 'ഓപ്പറേറ്റിങ് ടേബിളിലില്‍' കിടത്തി, ഉടമയുടെ മുന്നില്‍ വച്ചു തന്നെ 'ശസ്ത്രക്രിയ' നടത്തി തിരിച്ചേല്‍പ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് ഉടനീളമുള്ള ഫോട്ടോഗ്രാഫര്‍മാരെ അദ്ദേഹത്തിന്റെ നാടായ തൊടുപുഴയിലേക്ക് എത്തിച്ചത്.
ഫിലിം ക്യാമറകള്‍ മുതല്‍ ഡിജിറ്റല്‍ ക്യാമറകള്‍ വരെ, പരിശീലനമൊന്നും നേടാതെ തനിയെ അഴിച്ചു പഠിച്ച് ശരിയാക്കി നല്‍കിയിരുന്ന അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ലെന്‍സ് ക്ലീനിങ്ങില്‍ അദ്ദേഹം സ്വന്തമായി കണ്ടെത്തിയ രീതിയാണ് ഉപയോഗിച്ചിരുന്നത്. പഴയ വാച്ച് മെക്കാനിക്കുകള്‍ ഉപയോഗിച്ചിരുന്ന മാഗ്നിഫൈയിങ് ഗ്ലാസും കണ്ണിനോട് ഒട്ടിച്ചുപിടിച്ചിരുന്ന്, ക്യാമറയ്ക്കുള്ളിലേക്കും ലെന്‍സിനുള്ളിലേക്കും ശ്രദ്ധാപൂര്‍വ്വം നോക്കുന്ന സുബ്രഹ്മണ്യന്‍ ഇനി ചില ഫോട്ടോഗ്രാഫര്‍മാരുടെ ഓര്‍മയില്‍ ജീവിക്കും. ക്യാമറാ മെക്കാനിക്കുകകളില്‍ പലരും ക്യാമറാ പ്രേമികളാകണമെന്നില്ല. എന്നാല്‍, ക്യാമറകളെ സ്‌നേഹിച്ചിരുന്ന വ്യക്തി കൂടിയായിരുന്ന സുബ്രഹ്മണ്യനെ ഒന്നോര്‍ക്കാം:
വലുപ്പച്ചെറുപ്പമില്ല
തൊണ്ണൂറുകളില്‍ അദ്ദേഹത്തിന്റെ വീടിന്റെ മുന്നില്‍ തന്റെ ക്യാമറയുമായി ക്യൂ നിന്നവരുടെ കൂട്ടത്തില്‍ മലയാള മനോരമയുടെ അന്തരിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് പോലുമുണ്ടായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. പ്രശസ്തനായ ഫോട്ടോഗ്രാഫറാണോ വന്നു നില്‍ക്കുന്നത് എന്നതൊന്നും സുബ്രഹ്മണ്യന് പ്രശ്നമല്ല. ആദ്യം വന്നയാളുടെ ക്യാമറ ആദ്യം പരിശോധിക്കും. അയാളുടെ മുന്നില്‍വച്ചു തന്നെ തുറന്ന്, വേണ്ടതെല്ലാം ചെയ്ത് തിരിച്ചു കൊടുക്കും. മിതമായ പൈസ മാത്രം വാങ്ങിയിരുന്നു. തികഞ്ഞ ഉത്തരവാദിത്വത്തോടെ ശരിയാക്കി നല്‍കിയിരുന്നു. ചുരുക്കം മാത്രമേ അടുത്ത ദിവസം തരാമെന്നു പറഞ്ഞ് ക്യാമറ വാങ്ങിവയ്ക്കൂ എന്നത് അദ്ദേഹത്തെ ആദ്യകാലത്ത് പ്രശസ്തനാക്കി. ഏതു കമ്പനിയെന്നില്ല, ഏതു മോഡലെന്നില്ല എത്ര സങ്കീര്‍ണ്ണമെന്നില്ല ഒരു ദിവസം തന്നെ പല ക്യാമറകള്‍ അദ്ദേഹത്തിന്റെ കൈകളലൂടെ കടന്നുപോയി അതിന്റെ ആരോഗ്യം വീണ്ടെടുത്തു വന്നു.
എല്ലാം യാദൃശ്ചികം
വാച്ച് റിപ്പയിറിങ്ങുമായി ഇരുന്ന സമയത്താണ് ആരോ അദ്ദേഹത്തോട് തന്റെ ഫിലിം ക്യാമറ പരിശോധിക്കാന്‍ ആവശ്യപ്പെട്ട് എത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന് ക്യാമറകള്‍ അഴിക്കാനും അവയുടെ കുറവുകള്‍ പരിഹരിക്കാനുമുള്ള ആത്മവിശ്വാസം ലഭിക്കുകയായിരുന്നു. ആദ്യ കാലത്തെ, സമ്പൂര്‍ണ മെക്കാനിക്കല്‍ ക്യാമറകള്‍ നന്നാക്കുന്ന കാര്യത്തില്‍ സുബ്രഹ്മണ്യന്‍ ഉസ്താദുതന്നെ ആയിരുന്നു. ഒരു പക്ഷേ ഇക്കാര്യത്തില്‍ ലോകത്തു തന്നെ അദ്ദേഹത്തെക്കാള്‍ മികച്ച അധികം പേര്‍ ഉണ്ടായിരുന്നോ എന്നു പഠിക്കേണ്ടിയിരിക്കുന്നു. ക്യാമറയില്‍ ഇലക്ട്രോണിക്‌സ് കൂടിക്കൂടിവന്നുവെങ്കിലും അവയ്‌ക്കൊപ്പം അദ്ദേഹവും വളര്‍ന്നു. സാങ്കേതികവിദ്യാപരമായ സങ്കീര്‍ണതകളെ തന്റെ വരുതിക്കു നിർത്തി വളര്‍ന്ന ആളുകൂടെ ആയിരുന്നു സുബ്രഹ്മണ്യന്‍.
അവസാന കാലത്ത് ക്യാമറ റിപ്പയറിങ് നിർത്തി
ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം ക്യാമറ റിപ്പയറിങ് നിർത്തി, ലെന്‍സ്, ഫ്‌ളാഷ് തുടങ്ങിയവ മാത്രം റിപ്പയര്‍ ചെയ്തുവന്നു. റിപ്പയറിങ് നിർത്താനൊരു കാരണമുണ്ടായി. പുതിയ ക്യാമറകളില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. ആകെ ചെയ്യാവുന്നത് അവയുടെ ബോര്‍ഡ് വാങ്ങി മാറ്റിവയ്ക്കുക എന്നതു മാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ആറുമാസവും മറ്റും കഴിഞ്ഞ് മാറ്റിവച്ച ബോര്‍ഡിനു കേടുവന്ന് അതുമായി ഫോട്ടോഗ്രാഫര്‍മാര്‍ തന്റെ അടുത്തേക്കു വന്നു തുടങ്ങിയപ്പോള്‍ പിന്നെ ക്യാമറ ബോഡികള്‍ നോക്കാതെ ആയി. അവരുടെ കാശു മുതലായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തനിക്കു വിഷമം വന്നിരുന്നുവെന്നും ഇതിനാല്‍ ക്യാമറാ റിപ്പയറിങ് നിർത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പൊട്ടിയ ഷട്ടര്‍ മാറ്റിവച്ചു നല്‍കുക തുടങ്ങിയ അറ്റകുറ്റപണികള്‍ നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
ലെന്‍സ് ക്ലീനിങ്ങില്‍ സ്വന്തം രീതി
ലെന്‍സ് ക്ലീനിങ്ങിന് അദ്ദേഹം ആദ്യകാലം മുതല്‍ സ്വന്തം വഴിയാണ് പിന്തുടര്‍ന്നിരുന്നത്. വലിയൊരു കുപ്പിയില്‍ നിന്നു ലിക്വിഡ് പഴയ ഫിലിം ഡപ്പിയില്‍ പകര്‍ന്നു വച്ചിട്ടുണ്ടാകും. പിന്നെ കൈവിരലിന്റെ അറ്റത്ത് തുണി ചുറ്റും. എന്നിട്ട് ലെന്‍സിനു മുകളിലൂടെ, അതിസൂക്ഷ്മമായി ലിക്വിഡില്‍ മുക്കിയ തുണിയില്‍ പൊതിഞ്ഞ കൈവിരലോടിക്കും. തികഞ്ഞ ഏകാഗ്രതയോടെ, ആത്മാർഥതയോടെ വാച്ച് മെക്കാനിക്കിന്റെ മാഗ്നിഫയറിലൂടെ ഒരു കണ്ണടച്ച് നോക്കിയിരിക്കുന്ന അദ്ദേഹത്തെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് മറക്കാനാവില്ല. യാതൊരു മടുപ്പോ, ആവര്‍ത്തന വിരസതയോ പ്രകടിപ്പിക്കാതെയാണ് അദ്ദേഹം ഇത് രാവിലെ മുതല്‍ ചെയ്തുവന്നത് എന്നതാണ് മറ്റൊരു അദ്ഭുതം. ലെന്‍സില്‍, കേരളത്തിലെ ഹ്യുമിഡിറ്റിയില്‍ തിമിര്‍ത്തു വളരുന്ന ഫംഗസും പൊടിയുമെല്ലാം അദ്ദേഹം തൂത്തെടുത്തു വൃത്തിയാക്കും.
എന്തുകൊണ്ടാണ് ആളുകള്‍ ലെന്‍സ് വൃത്തിയാക്കാന്‍ അദ്ദേഹത്തിന്റെ അടുത്തേക്കു തന്നെ വന്നിരുന്നത്? ലെന്‍സുകള്‍ക്കുള്ളില്‍ പല ഗ്ലാസ് എലമെന്റുകളും ഉണ്ട്. ഒരിക്കല്‍ പുറത്തെടുത്ത ശേഷം തിരിച്ചു വയ്ക്കുമ്പോള്‍ അവയുടെ അലൈന്‍മെന്റ് ശരിയാകണമെന്നില്ല. മിക്കവാറും അംഗീകൃത സര്‍വീസ് സെന്ററുകളെക്കാള്‍ മികച്ച രീതിയില്‍ തന്നെ അദ്ദേഹം തന്റെ പണി ചെയ്തിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ തഴക്കം വന്ന കയ്യിലൂടെ തങ്ങളുടെ ലെന്‍സും കടന്നുപോകട്ടെയെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ കരുതാനുള്ള കാരണം.
ക്യാമറയോടുള്ള സ്‌നേഹം, പ്രായോഗികത
ക്യാമറാ സര്‍വീസ് സെന്ററുകളില്‍ ക്യാമറാ മെക്കാനിക്കുകളേ കാണൂ. സുബ്രഹ്മണ്യനെ പോലെ ക്യാമറയെ സ്‌നേഹിക്കുന്നവര്‍ ഉണ്ടാകണമെന്നില്ല. കൈയ്യിലെടുക്കുന്ന ഓരോ ക്യാമറയെയും ലെന്‍സിനെയും ഫ്ലാഷിനെയും പരിചരിച്ച സുബ്രമണ്യന്‍, മെക്കാനിക്കുകളുടെ യാന്ത്രികതയ്ക്ക് അപവാദമായി. പ്രവര്‍ത്തിക്കാത്ത രണ്ട് നിക്കോണ്‍ എസ്ബി 800 ഫ്ലാഷുമായി അദ്ദേഹത്തെ കാണാന്‍ പോയ ഈ ലേഖകന്റെ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞത് 'രണ്ടിനും രണ്ടു പ്രശ്‌നങ്ങളാണ്. നന്നാക്കാന്‍ വേണ്ട ഘടകഭാഗങ്ങള്‍ ഇല്ല. എന്നാല്‍ രണ്ടിലെയും ഭാഗങ്ങള്‍ യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഫ്‌ളാഷ് ഉണ്ടാക്കാമെന്നാണ്. ഇത്തരം പ്രായോഗികതയിലൂന്നിയ സമീപനമാണ് അദ്ദേഹത്തെ ഫോട്ടോഗ്രാഫര്‍മാരുടെ പ്രീയപ്പെട്ട ക്യാമറാ ഡോക്ടറാക്കിയത്.
ഇന്റര്‍വ്യൂ
ഏതാനും വര്‍ഷം മുൻപ് സുബ്രമണ്യനെ നേരിട്ടു കണ്ടപ്പോള്‍ ഒരു അഭിമുഖം നടത്തിയാലോ എന്നാരാഞ്ഞിരുന്നു. എന്നാല്‍, 'പലരും നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍, അതൊന്നും ഇനി വേണ്ട,' എന്ന് സനേഹപൂര്‍വ്വം വിലക്കുകയായിരുന്നു. പക്ഷേ, ക്യാമറയെയും അനുബന്ധ ഉപകരണങ്ങളെയും കുറിച്ച് അദ്ദേഹം വാചാലനാകുകയും ചെയ്തു. ഏതു ക്യാമറാ ബ്രാന്‍ഡ് ആണ് ഇഷ്ടം എന്നു ചോദിച്ചപ്പോള്‍, വിവിധ കമ്പനികളുടെ ക്യാമറകളെ അനാവരണം ചെയ്ത് പരിശോധിച്ചുവന്ന സുബ്രമണ്യന്‍ ചേട്ടന്‍ പറഞ്ഞത് തനിക്ക് ക്യാനന്‍ കമ്പനിയോളം ഇഷ്ടമുള്ള മറ്റു ബ്രാന്‍ഡുകള്‍ ഇല്ല എന്നാണ്. വിലപിടിപ്പുള്ളതും അല്ലാത്തതുമായ ഫ്‌ളാഷുകള്‍ അടക്കമുള്ള ചൈനീസ് ഫൊട്ടോഗ്രഫി ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിറയുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു.
ദൗര്‍ഭാഗ്യം
കോളജില്‍ പഠിക്കുകയായിരുന്ന ഏക മകന്റെ അപകടമരണമായിരിക്കണം അദ്ദേഹത്തെ ഏറ്റവുമധികം ബാധിച്ച ആഘാതങ്ങളിലൊന്ന്. മകളുമൊത്തായിരുന്നു അവസാനകാലത്ത് താമസം.
വരുമാനം
ക്യാമറ വാങ്ങാന്‍ ഇക്കാലത്തേതിനെക്കാള്‍ കാശുവേണ്ട കാലമാണ് കഴിഞ്ഞത്. ഇതിനാല്‍ തന്നെ അതു നന്നാക്കുന്നതിനും നല്ല പൈസ നല്‍കണമായിരുന്നു. എന്നാല്‍, പല അംഗീകൃത സര്‍വീസ് സെന്ററുകളും വാങ്ങുന്നതിനേക്കാള്‍ കുറച്ചു പൈസയാണ് സുബ്രഹ്മണ്യന്‍ വാങ്ങിയിരുന്നത് എന്നതാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ അദ്ദേഹത്തിന്റെ അടുത്തെത്തിച്ചത്. ശരിയാണ്, അദ്ദേഹത്തിന് നല്ല വരുമാനം ഉണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ആദ്യ കാലത്ത് സ്വന്തം കൊച്ചുവീട്ടിലെ ഉമ്മറപ്പടിയിലിരുന്നാണ് അദ്ദേഹം ക്യാമറ നന്നാക്കി വന്നത്. ഈ വീട്ടിലെമുറ്റത്താണ് വിക്ടര്‍ ജോര്‍ജിനെ പോലെയുള്ളവര്‍ വന്നു നിന്നത്. പിന്നീട് തൊടുപഴ ടൗണില്‍ രണ്ടിടത്ത് ഇരുന്നിട്ടുണ്ട്. അവസാനം മങ്ങാട്ടു കവലയിലെ എസി റിപ്പയര്‍ സെന്ററും പൂട്ടി അദ്ദേഹം പുതിയ വീട്ടിലേക്ക് മാറുകയായിരുന്നു.
ക്യാമറയും കേരളവും സുബ്രഹ്മണ്യനും
മൊബൈല്‍ ക്യാമറകള്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിനു മുൻപ് ക്യമറകള്‍ക്ക് ഒരു നിഗൂഢാത്മകതയുണ്ടായിരുന്നു. അത് വിലപിടിപ്പുള്ളതുമായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരു സെന്റ് ഭൂമിക്ക് 1,000 രൂപയോ അതില്‍ കുറവോ വിലയുള്ള കാലത്ത് വിറ്റിരുന്ന നിക്കോണ്‍ എഫ്5 ക്യാമറയ്ക്ക് 1 ലക്ഷം രൂപയായിരുന്നു ഗ്രേ വിപണിയിലെ വില! ഒരുപക്ഷേ, ജീവിതത്തില്‍ ഒരിക്കലും ഒരു ക്യാമറ കൈയ്യില്‍ വയ്ക്കാത്തവര്‍ക്ക് ഇക്കാലത്തു പോലും അതിനെപ്പറ്റി ഒരു നിഗൂഢത തോന്നിയേക്കാം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കവി കെജിഎസ് കുറിച്ചതു നോക്കുക:
ക്യാമറയിലേക്കു നോക്കുമ്പോള്‍
എന്റെ കണ്ണ്
എന്റെ കണ്ണിലേക്കു വരാതെ മാറുന്നു.
........
ഒന്നിനെത്തന്നെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍
അനേകരായി പൊട്ടിപ്പിരിയുന്നു
പുഴയുടെ ഒരുമ വേണ്ടപ്പോള്‍ ഞാന്‍
മഴയുടെ ചിതറലാവുന്നു.
-കെ.ജി. ശങ്കരപ്പിള്ള (പല പോസിലുള്ള ഫോട്ടോകള്‍)
ഈ ഉപകരണത്തിന് യാതൊരു നിഗൂഢതയുമില്ലെന്ന് കണ്ടെത്തിയ ആളായിരുന്നു സുബ്രഹ്മണ്യന്‍. മിക്കവാറും ഒരു വാച്ച് മെക്കാനിക്കിന്റെ കൈയ്യിലുള്ള ടൂളുകള്‍ മാത്രം ഉപയോഗിച്ച്, ഏതു ക്യമറയെും തന്റെ മരമേശയിലിട്ട് ഉടമയുടെ മുന്നില്‍വച്ചു തന്നെ സ്‌ക്രൂകള്‍ അഴിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ആവശ്യം വരുമ്പോള്‍ മാത്രം അടുത്തിരിക്കുന്ന ടേബിള്‍ ലാംപ് പ്രകാശിപ്പിച്ച് ഉള്ളിലേക്കു നോക്കും. ആദ്യകാലത്ത് കേരളത്തില്‍ ക്യാമറ നന്നാക്കാന്‍ അറിയാവുന്ന ചുരുക്കം ചിലരില്‍ ഒരാളായാണ് സുബ്രമണ്യന്‍ അറിയപ്പെട്ടിരുന്നത്. യാതൊരു പ്രൊഫഷണല്‍ പരിശീലനവും നേടാതെ ക്യാമറകളെയും ലെന്‍സുകളെയും അനുബന്ധ ഉപകരണങ്ങളെയും അഴിച്ചെടുത്ത് നന്നാക്കി നല്‍കിവന്ന അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വേണ്ടവിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നു പറയാതെ വയ്യ.
English Summary: Remembering one of the earliest camera repairmen in Kerala who passed away recently