Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കീഴടക്കിയ ആലപ്പുഴ ‘വാഗീശ്വരി’

Vageeswari1 Photo: Jaisonspala

‘റെഡി, സ്മൈൽ പ്ലീസ്’ എന്ന ഒറ്റ വാക്കിനു മുന്നിൽ ശ്വാസം പിടിച്ചു കാത്തു നിന്നു ഫോട്ടോയെടുത്തിട്ടുള്ള തലമുറയ്ക്ക് ഒരു അത്ഭുതപ്പെട്ടിയായിരുന്നു വാഗീശ്വരി. ഒരു ക്യാമറയ്ക്ക് ആരും പ്രതീക്ഷിക്കാത്തൊരു പേര്. ലോകത്തെ ഏറ്റവും വിൽക്കപ്പെടുന്ന ഉൽപന്നമായി വാഗീശ്വരി ഫീൽഡ് ക്യാമറ. അതിനു പിന്നിൽ ഒരു പതിനാറുകാരന്റെ ദീർഘവീക്ഷണവും കൃത്യതയും ഉണ്ടായിരുന്നു. ആലപ്പുഴക്കാരനായ കെ. കരുണാകരന്റെ പണിശാലയിൽ പിറന്നു വീണ വാഗീശ്വരി വിശ്വപ്രസിദ്ധയായപ്പോഴും അർഹിക്കുന്ന അംഗീകാരങ്ങളൊന്നും ആ മനുഷ്യനെത്തേടിയെത്തിയില്ല. പരിമിതമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചു ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ഫീൽഡ് ക്യാമറ പണിത കരുണാകരൻ ഇനി ചില്ലിട്ട ഫ്രെയിമിനുള്ളിൽ ചിരിക്കുന്ന ഒരു ഓർമച്ചിത്രം.

സംഗീതജ്ഞനായ കുഞ്ഞുകുഞ്ഞു ഭാഗവതർക്കു വീണ, ഹാർമോണിയം, വയലിൻ തുടങ്ങിയവയുടെ നിർമാണവും അറ്റകുറ്റപ്പണിയുമായിരുന്നു ജോലി. കുഞ്ഞുകുഞ്ഞിന്റെ മകൻ കരുണാകരൻ ചങ്ങനാശേരി എസ്ബി കോളജിൽ വിദ്യാർഥിയായിരിക്കവേ തന്നെ അച്ഛന്റെ പണിശാലയിൽ ചെറിയ പരീക്ഷണങ്ങളൊക്കെ ചെയ്തു സഹായിയായി കൂടുമായിരുന്നു. വർഷം 1942. കരുണാകരനു 16 വയസ്സ്. ഹാർമോണിയത്തിലെ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന ബെല്ലോസ് നന്നാക്കാൻ മിടുക്കനായിരുന്ന കുഞ്ഞുകുഞ്ഞിന്റെയടുത്ത് വിദേശനിർമിത ഫീൽഡ് ക്യാമറയുടെ ബെല്ലോസ് നന്നാക്ക‍ാമോ എന്നന്വേഷിച്ച് ആലപ്പുഴയിലെ സ്റ്റുഡിയോ ഉടമ പത്മനാഭൻ നായർ എത്തി. ദിവസങ്ങളെടുത്തെങ്കിലും കുഞ്ഞുകുഞ്ഞ് ബെല്ലോസ് ശരിയാക്കി നൽകി. അതു കണ്ടു തൃപ്തനായ പത്മനാഭൻ ഒരു ക്യാമറ ഉണ്ടാക്കി നോക്കിക്കൂടേയെന്നു ചോദിച്ചു.

camera-Vageeswari

അച്ഛനു വന്ന ആ വെല്ലുവിളി ഏറ്റെടുത്തതു മകൻ കരുണാകരനാണ്. ഇംഗ്ലണ്ടിൽ നിന്നും ജർമനിയിൽ നിന്നും പുസ്തകങ്ങൾ വരുത്തി, ക്യാമറകൾ അഴിച്ചു പഠിച്ച്, ആവശ്യമായ സാധനങ്ങൾ മദിരാശിയ‍ിലും ബോംബെയിലും ചെന്നു സ്വന്തമാക്കി കരുണാകരൻ പണി തുടങ്ങി. ഫീൽഡ് ക്യാമറയുടെ ഭാഗങ്ങൾ ഊരി അളവെടുത്ത് രൂപരേഖ തയാറാക്കി, ലെൻസ് ഒഴികെയുള്ള ഓരോ ഭാഗവും നിർമിച്ചു. തേക്ക് തടികൊണ്ട് ഫ്രെയിമിട്ട്, പിച്ചളയുടെ ക്ലിപ്പുകളും സ്ക്ര‍ൂവുമിട്ട് വാഗീശ്വരി എന്ന ക്യാമറ നിർമിച്ചു. ജർമനിയിൽ നിന്നു ലെൻസ് എത്തിച്ചു. ഫിനിഷിങ്ങിലും ഗുണമേന്മയിലും വിദേശനിർമിത ഫീൽഡ് ക്യാമറയെക്കാൾ മുന്നിലായ വാഗ‍ീശ്വരിക്ക് വിദേശത്തു നിന്നുൾപ്പെടെ ആവശ്യക്കാരെത്തി.

250 രൂപയായിരുന്നു ആദ്യ ക്യാമറയുടെ വില. മാസം ന‍ൂറിലേറെ ക്യാമറകൾ നിർമിച്ചിരുന്നു ഒരുകാലത്ത്. നാലു പാസ്പോർട്ട് സൈസ് ഫോട്ടോയെടുക്കുന്ന ചെറുതു മുതൽ വല‍ിയ ഫോട്ടോകളെടുക്കുന്ന ക്യ‍ാമറകൾ വരെ എട്ടിനം ഫീൽഡ് ക്യാമറകളാണ് ഇവിടെ നിർമിച്ചിരുന്നത്. നാൽപതു വർഷത്തോളം വാഗീശ്വരി ക്യാമറ ലോകത്തെ അടക്കി ഭരിച്ചു.

Vageeswari3

ഡിജിറ്റൽ സാങ്കേതിക വിദ്യ വരുന്നതിനു മുൻപ് കേരളത്തിലെ കുറ്റാന്വേഷണ വിഭാഗത്തിനായി വിരലടയാളം പരിശോധിക്കാൻ ക്യാമറ തയാറാക്കി നൽകിയിരുന്നതും ഇവിടെയായിരുന്നു. ജപ്പാന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച അൾട്രാ സൗണ്ട് സ്കാനർ ഇമേജറി കോപ്പിയറും കരുണാകരന്റെ നിർമിതികളിലൊന്ന‍‍ായിരുന്നു. കൈയിലൊതുങ്ങുന്ന ക്യാമറകളുടെ കാലമായതോടെ 1980 കളുടെ അവസാനത്തിൽ വാഗീശ്വരി പുരാവസ്തുവായി മാറി. പഴയ ഓർമച്ചിത്രങ്ങൾ കാണുന്ന കഴിഞ്ഞ തലമുറക്കാർ വാഗീശ്വരിയെ ഓർക്കാറുണ്ടെങ്കിലും എല്ലാവരും കരുണാകരനെ മറന്നു. അംഗീകാരങ്ങൾക്കായി തള്ളിക്കയറാൻ താൽപര്യപ്പെടാത്ത കരുണാകരൻ ആലപ്പുഴയിലെ വീട്ടിലെ ചെറിയ ഫ്രെയിമിനുള്ളിൽ ഒതുങ്ങിക്കഴിയുകയായിരുന്നു, ഇന്നലെ വരെ.

Your Rating: