കംപ്യൂട്ടറിലേക്കു പാലമിട്ട് മൈക്രോസോഫ്റ്റ് ലോഞ്ചർ

ആൻഡ്രോയ്ഡ് ലോഞ്ചറുകൾ ആയിരക്കണക്കിനുണ്ട് പ്ലേ സ്റ്റോറിൽ. ആക്ഷൻ ലോഞ്ചർ, നോവ ലോഞ്ചർ, യാഹൂ എവിയേറ്റ് ലോഞ്ചർ, മൈക്രോസോഫ്റ്റ് ആരോ ലോഞ്ചർ തുടങ്ങിയവയാണ് മുൻനിരയിൽ. ആരോ ലോഞ്ചറിനെ അഴിച്ചു പണിത് കൂടുതൽ മികവുകളുമായി പുനരവതരിപ്പിച്ചപ്പോൾ മൈക്രോസോഫ്റ്റ് അതിനെ സ്വന്തം പേരിലാക്കി - മൈക്രോസോഫ്റ്റ് ലോഞ്ചർ. 

വിൻഡോസ് കംപ്യൂട്ടറുകൾക്കും വിൻഡോസ് മൊബൈൽ ഫോണുകൾക്കുമായി മൈക്രോസോഫ്റ്റ് നേരത്തെ അവതരിപ്പിച്ച കണ്ടിന്വം സംവിധാനത്തിനും ആപ്പിൾ ഐഫോണിലെ ഹാൻഡ്ഓഫിനും തുല്യമായി ഫോണിൽ ചെയ്തതിൻറെ ബാക്കി കംപ്യൂട്ടറിൽ ചെയ്യാൻ വഴിയൊരുക്കുന്ന ‘കണ്ടിന്യു ഓൺ പിസി’ സംവിധാനം കൂട്ടിച്ചേർത്താണ്  മൈക്രോസോഫ്റ്റ് ലോഞ്ചറിൻറെ തിളക്കം കൂട്ടിയിരിക്കുന്നത്.

ഇതുവഴി ഫോണിൽ ചെയ്ത ജോലി ബാക്കി കംപ്യൂട്ടറിൽ ചെയ്യാൻ ഫോണിൽ നിന്ന് എല്ലാം കംപ്യൂട്ടറിലേക്കു കോപി ചെയ്യുകയോ ഫോണിലെ അക്കൗണ്ട് സിംക് ചെയ്ത ശേഷം കംപ്യൂട്ടറിൽ അതേ അക്കൗണ്ട് തുറക്കുകയോ ഒന്നും വേണ്ട. ലോഞ്ചറിലെ കണ്ടിന്യു ഓൺ പിസി സംവിധാനം തിരഞ്ഞെടുത്താൽ മാത്രം മതി. 

ഇതിനു പുറമേ കോൺടാക്ടുകൾ ഹോം പേജിൽ ചേർക്കുന്നതിനും ഹോം പേജിൽ തന്നെ കസ്റ്റമൈസ് ചെയ്ത ന്യൂസ് ഫീഡും മറ്റു വിവരങ്ങളും സൃഷ്ടിക്കുന്നതിനും സാധിക്കും. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള മൈക്രോസോഫ്റ്റ് ലോഞ്ചർ ബീറ്റ ടെസ്റ്റർമാർക്കാണ് ലഭിക്കുക. പുതിയ അപ്ഡേറ്റിലാണ് ആരോ ലോഞ്ചർ എന്ന പേരുമാറി മൈക്രോസോഫ്റ്റ് ലോഞ്ചറാവുന്നത്.