പറപറക്കും കണക്ടിവിറ്റി, 20 മണിക്കൂര്‍ ബാറ്ററി, ചരിത്രം കുറിച്ച് പുതിയ ലാപ്‌ടോപ്പുകൾ

സമീപകാലത്തെല്ലാം ടെക് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ പിടിച്ചു പറ്റിയിരുന്നത് സ്മാര്‍ട്ട്‌ഫോണുകളായിരുന്നല്ലൊ. ലാപ്‌ടോപ്പുകള്‍ പഴയ കാലത്തിന്റെ ശേഷിപ്പുകളെ പോലെ കാണപ്പെട്ടു. എന്നാല്‍ പുതിയ യുഗത്തിന് ഇണങ്ങുന്ന വിധം സ്മാര്‍ട്ട് ലാപ്‌ടോപ്പുകളും എത്തുന്നു. 'ലോകത്തെ ആദ്യത്തെ' എപ്പോഴും കണക്ടട് ആയ വിന്‍ഡോസ് 10 ലാപ്‌ടോപ്പുകളാണ് അവതരിപ്പിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ടെറി മയെര്‍സണ്‍ പറഞ്ഞത്.

അസൂസും എച്പിയുമാണ് ഇത്തരം ലാപ്‌ടോപ്പുകള്‍ നിര്‍മിച്ചിട്ടുള്ളത്. എല്‍ടിഇ കണക്ടിവിറ്റിയും 20 മണിക്കൂര്‍ വരെ കിട്ടാവുന്ന ബാറ്ററിലൈഫുമാണ് ഇവയുടെ മുഖ്യ ആകര്‍ഷണം. മറ്റൊരു പ്രത്യേകത ഇവ ഇന്റല്‍ പ്രൊസസറുകളല്ല ഉപയോഗിക്കുന്നത് എന്നതാണ്. ഈ വര്‍ഷത്തെ പ്രമുഖ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കെല്ലാം ശക്തിപകരുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രൊസസറാണ്. ബാറ്ററി ലൈഫിന്റെ രഹസ്യം ഇതാണ്. (മൊബൈല്‍ ഫോണ്‍ പ്രൊസസറുകളെ വിലകുറച്ചു കാണേണ്ട. പുതിയ ഐഫോണ്‍ X/8/8പ്ലസ് എന്നീ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ആപ്പിളിന്റെ A11 ബയോണിക് ചിപ്പിന് ചില മാക്ബുക് പ്രൊസസറുകളെക്കാള്‍ ശക്തിയുള്ളതാണ്.

കൂടാതെ, ഈ മൊബൈല്‍ ചിപ്പുകളുള്ള ലാപ്‌ടോപ്പുകളാണ് ടെക് വ്യവസായത്തിലെ അടുത്ത വിപ്ലവമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ക്വാല്‍കവുമായുള്ള മൈക്രോസോഫ്റ്റിന്റെ ചങ്ങാത്തത്തെയും താത്പര്യത്തടെയാണ് ടെക് ലോകം നോക്കുന്നത്. മൈക്രോസോഫ്റ്റ് മുൻപ് ഇന്റലും എഎംഡിയുമായി ആയിരുന്നു x86 ചിപ്പു നിര്‍മാണത്തില്‍ സഹകരിച്ചിരുന്നത്. ലാപ്‌ടോപ്പുകളെ അടുത്തറിയാം:

അസൂസ് നോവഗോ (NovaGo)

ലോകത്തെ ആദ്യത്തെ ജിഗാബൈറ്റ് എല്‍ടിഇ കണ്‍വേര്‍ട്ടിബിൾ ലാപ്‌ടോപ്പ് ആണിത്. (ജിഗാബൈറ്റ് എല്‍ടിഇ ഇല്ലാത്തത് ഐഫോണ്‍ Xന്റെ കുറവുകളില്‍ ഒന്നായാണ് കാണുന്നത്.) ഈ മോഡലില്‍ പിടിപ്പിച്ചിരിക്കുന്ന 52Wh ബാറ്ററിക്ക് 30 മണിക്കൂര്‍ വരെ റെസ്റ്റിങ് ബാറ്ററി ലൈഫും (resting battery life) 22 മണിക്കൂര്‍ പ്രവര്‍ത്തന സമയവും ലഭിക്കും. മിക്ക ഉപയോക്താക്കള്‍ക്കും ഒരാഴ്ച വരെ ബാറ്ററി ചാര്‍ജ് ലഭിച്ചേക്കും. 4GB അല്ലെങ്കില്‍ 8GB റാമും 64GB/128GB/256GB ഫ്ലാഷ് മെമ്മറി സ്റ്റോറേജുമുള്ളവയാണ് മോഡലുകള്‍. ഇവയ്ക്ക് രണ്ട് യുഎസ്ബി 3.1 ടൈപ് എ പോര്‍ട്ടുകളും ഒരു എച്ഡിഎംഐ പോര്‍ട്ടും ഉണ്ട്. വിന്‍ഡോസ് 10 S ശക്തി പകരുന്ന ഇവയ്ക്ക് വിന്‍ഡോസ് ഇങ്ക്, ഹലോ, വെര്‍ച്വല്‍ അസിസ്റ്റന്റ് കോര്‍ട്ടെയ്‌ന എന്നീ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. (ഓര്‍ക്കുക, വിന്‍ഡോസ് 10 Sല്‍ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്നുള്ള ആപ്പുകള്‍ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ. ഇതിനൊരു ഗുണമുണ്ട്-വൈറസ് ആക്രമണത്തിനുള്ള സാധ്യത കുറവായിരിക്കും.) 13.3 ഇഞ്ച് ഫുള്‍ എച്ഡി സ്‌ക്രീന്‍ സൈസുള്ള ഈ ലാപ്‌ടോപ്പിന്റെ ഭാരം കേവലം 1.39 കിലോ ആണ്. ഈ സിം, നാനോ സിം എന്നീ ഓപ്ഷനുകളാണ് ഇതിനുള്ളത്. ഏറ്റവും കുറഞ്ഞ മോഡലായ 4GB റാമും 64GB സ്‌റ്റോറേജുമുള്ള നോവഗോയുടെ വില 499 ഡോളറാണെങ്കില്‍ 8GB റാമും 256GB സ്‌റ്റോറേജുമുള്ള ഏറ്റവും കൂടിയ മോഡലിന് 799 ഡോളര്‍ നല്‍കണം. മറ്റുള്ളവയ്ക്ക് ഇവയ്ക്കിടയിലായിരിക്കും വില. 

എച്പി എന്‍വി x2

എച്പി ഇറക്കിയ പിസിയുടെ പേര് എന്‍വി X2 (Envy x2) എന്നാണ്. സ്‌നാപ്ഡ്രാഗണ്‍ 835 SoC ചിപ് പ്രൊസസര്‍ തന്നെയാണ് ഇതിനും ശക്തി പകരുന്നത്. ഒപ്പം 8GB of LPDDR4X PoP റാമും ഉണ്ട്. പരമാവധി സംഭരണശേഷി 256GBയാണ്. 20 മണിക്കൂര്‍ പ്രവര്‍ത്തന സമയം കിട്ടുന്ന ബാറ്ററിയും 4G LTE കണക്ടിവിറ്റിയും ഉണ്ട്. വിന്‍ഡോസ് 10 S തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഫാനില്ലാത്ത ഈ ലാപ്‌ടോപ്പ് കനം കുറഞ്ഞ CNC മെഷീന്‍ഡ് അലൂമിനിയം കൊണ്ടു നിര്‍മിച്ചതാണ്. ടാബ്‌ലറ്റായി അടര്‍ത്തിയെടുക്കുമ്പോള്‍ ഏകദേശം 700 ഗ്രാം ആണു ഭാരം. ബാക്‌ലിറ്റ് കീബോഡിനോടു ചേര്‍ത്ത് ലാപ്‌ടോപ്പ് മോഡിലും ഉപയോഗിക്കാം. ഇതിന്റെ 12.3-ഇഞ്ച് WUXGA+ സ്‌ക്രീനിന് പെന്‍ സപ്പോര്‍ട്ടും ഉണ്ട്. 

നോട്ടും സ്‌കെച്ചുമൊക്കെ ഒരു കടലാസിലെന്ന പോലെ കുറിക്കാം. ഫാസ്റ്റ് ചാര്‍ജിങ് സാധ്യമായ ലാപ്‌ടോപ്പിന് 0-90ല്‍ ചാര്‍ജു ചെയ്യാന്‍ കേവലം ഒന്നര മണിക്കൂര്‍ മതിയെന്നതും മറ്റൊരു താത്പര്യജനകമായ കാര്യമാണ്. 13 മെഗാപിക്സൽ പിന്‍ ക്യാമറയും, 5 മെഗാപിക്സൽ മുന്‍ ക്യാമറയും ഫോട്ടോയൊ വിഡിയോയൊ പിടിക്കാന്‍ ആഗ്രഹമുള്ളവരെ സഹായിക്കും. മൈക്രോഎസ്ഡി കാര്‍ഡും യുഎസ്ബി-സി പോര്‍ട്ടും സിം സ്ലോട്ടും ഉണ്ട്. അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തുമെന്നു കരുതുന്ന ഈ മോഡലിന്റെ വില പുറത്തു വിട്ടിട്ടില്ല. പ്രമുഖ പിസി നിര്‍മാതാക്കളായ ലെനോവയും ഇത്തരം ലാപ്‌ടോപ്പ് താമസിയാതെ പുറത്തിറക്കുമെന്നു പറയുന്നു.