മരുന്നിനെ പോലും വെല്ലുന്ന അണുക്കൾ കീബോർഡിൽ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ടോ‌യ്‌ലറ്റ് സീറ്റിനേക്കാൾ വൃത്തിഹീനമായ ഒരിടം നിങ്ങളുടെ കൈവിരൽത്തുമ്പിലുണ്ട്. മറ്റൊന്നുമല്ല, കംപ്യൂട്ടർ കീബോർഡ് തന്നെ ആ ഇടം. ദിവസവും കംപ്യൂട്ടർ ഉപയോഗിക്കുന്ന ഒരാൾക്ക് കീബോർഡിൽ നിന്നു ലഭിക്കുന്ന രോഗാണുബാധയുടെ കാര്യം പറയേണ്ടതുമില്ല. ഓസ്ട്രേലിയയിൽ നിന്നുള്ള പഠന പ്രകാരം കംപ്യൂട്ടർ ഡെസ്കിൽ മാത്രം ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 400 ഇരട്ടിയോളം ബാക്ടീരിയങ്ങളുണ്ട്. ഒരു ചതുരശ്ര ഇഞ്ച് ഭാഗത്ത് 50 എന്ന കണക്കിലാണ് ടോയ്‌ലറ്റ് സീറ്റിലെ ബാക്ടീരിയങ്ങളുടെ അളവ്. എന്നാൽ കംപ്യൂട്ടർ കീബോർഡിലെയും ഡെസ്കിലെയും കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും ഒന്നുമല്ലെന്നു പറയുന്നു ഗവേഷകർ. ഒട്ടേറെ പേർ ‘ഷെയർ’ ചെയ്തുപയോഗിക്കുന്ന കംപ്യൂട്ടറാണെങ്കിൽ രോഗാണുവിന്റെ അളവിന്റെ കാര്യം പറയുകയും വേണ്ട. 

ഷിക്കാഗോയിലെ ഒരു ആശുപത്രിയിൽ അടുത്തിടെ ഇതു സംബന്ധിച്ച ഒരു പഠനം നടത്തി. കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന വിവരവും ചർമരോഗമുണ്ടാക്കുന്ന സ്റ്റഫിലോകോക്കസ്എന്ന അണുവിന്റെ സാന്നിധ്യമാണു ഗവേഷകർ കണ്ടെത്തിയത്. അവയ്ക്കൊരു പ്രത്യേകതയുമുണ്ടായിരുന്നു. 24 മണിക്കൂർ വരെ യാതൊരു പ്രശ്നവുമില്ലാതെ മരുന്നുകളോടു ‘പടവെട്ടി’ നിൽക്കാൻ സാധിക്കും. നെതർലൻഡ്സിലെ ഒരു ആശുപത്രിയിൽ ഐസിയുവിലെ കംപ്യൂട്ടർ കീബോർഡുകളാണു പരിശോധിച്ചത്. നൂറെണ്ണം പരിശോധിച്ചവയിൽ 95 എണ്ണത്തിലും സ്ട്രെപ്റ്റോകോക്കസ്, സ്റ്റഫിലോകോക്കസ് തുടങ്ങിയ അണുക്കളെ കണ്ടെത്തി. ഐസിയുവിലെ ഏറ്റവും വൃത്തിഹീനമായ ഇടമായി കണ്ടെത്തിയതും കീബോർഡുകളായിരുന്നു. 

സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ അവയ്ക്കിടയിൽ അഴുക്കും അണുക്കളും കയറിപ്പറ്റാൻ സാധ്യതകൾ ഏറെയാണ്. ഭക്ഷണം കഴിഞ്ഞു വന്നിരിക്കുമ്പോഴും ബാത്ത്റൂമിൽ പോയതിനു ശേഷം ഉപയോഗിക്കുമ്പോഴുമെല്ലാം കയ്യിലെ അണുക്കൾ നേരെ കയറിപ്പറ്റുന്നത് കീബോർഡിലേക്കാണ്. സംസാരിച്ചു കൊണ്ടു ജോലി ചെയ്യുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം പുറത്തേക്കു വരുന്ന അണുക്കളെ ‘ഏറ്റുവാങ്ങേണ്ട’ ചുമതല കീബോർഡിനാണ്. പശിമയുള്ള വസ്തുക്കൾ ധാരാളമായി പറ്റിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ അണുക്കളെ ആകർഷിക്കുന്ന വസ്തുക്കളും കീബോർഡിന്മേൽ വന്നു നിറയും.  

മരുന്നിനെപ്പോലും ചെറുക്കുംവിധം അണുക്കൾ വളരാൻ ഇടമൊരുങ്ങുന്ന സാഹചര്യത്തിൽ കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്കായി ഗവേഷകർ പ്രത്യേക നിർദേശവും നൽകുന്നു. ആഴ്ചയിലൊരിക്കലെങ്കിലും കീബോർഡും ഡെസ്കും തുടച്ചു വൃത്തിയാക്കണമെന്നാണ് ആവശ്യം. ആശുപത്രികളിലെ കീബോർഡുകളാകട്ടെ ദിവസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കിയേ മതിയാകൂ. ‘പനി സീസണി’ൽ കംപ്യൂട്ടർ ഉപയോഗത്തിനു മുൻപും ശേഷവും തീർച്ചയായും കൈകൾ കഴുകണമെന്ന് വാഷിങ്ടൻ നാഷനൽ സെന്റർ ഫോർ ഹെൽത്ത് റിസർച്ചിലെ ഡോക്ടർമാർ പറയുന്നു. നിങ്ങൾ ഒരാൾ മാത്രമാണ് കംപ്യൂട്ടർ ഉപയോഗിക്കുന്നതെങ്കിൽ വലിയ കുഴപ്പമില്ല. എന്നാലും ഡെസ്ക് വൃത്തിയാക്കുന്നതിലും കൈകൾ കഴുകുന്നതിലും അമാന്തം കാണിക്കരുത്. 

എയർ ഡസ്റ്റർ ഉപയോഗിച്ച് കീബോർഡ് ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കണം.റബിങ് ആൽക്കഹോളും വെള്ളവും തുല്യഅനുപാതത്തിലെടുത്ത് ഒരു മൃദുവായ തുണിയിൽ പുരട്ടി കീബോർഡ് തുടച്ചു വൃത്തിയാക്കാനും സമയം കണ്ടെത്തണം. കീബോർഡിൽ നിന്നുള്ള അണുക്കൾ മുഖത്തെ ചർമത്തിലും അണുബാധയുണ്ടാക്കാൻ ‘സഹായിക്കുന്നത്’ സ്മാർട്ഫോണാണ്. അതിനാൽ ഫോൺ വൃത്തിയാക്കുന്നതിലും വേണം ശ്രദ്ധ. അപകടകാരികളായ ഇ–കൊളി, സ്ട്രെപെറ്റോകോക്കസ് ബാക്ടീരിയങ്ങൾ സ്മാർട് ഫോണിൽ പറ്റിയിരിക്കാൻ സാധ്യതയേറെയാണ്. പോകുന്നിടത്തെല്ലാം ഈ അണുക്കൾ ഒപ്പം വരുമെന്ന പ്രശ്നവുമുണ്ട്. കീബോർഡ് പോലെയല്ല, സ്മാർട് ഫോൺ ദിവസവും തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം.