സ്പാമില്ലാത്ത ലോകം ഇന്ന് ഒരു സ്വപ്നമാണ്. പരസ്യങ്ങൾ മുതൽ നുണക്കഥകളും തട്ടിപ്പുകളും അടങ്ങുന്ന അതിബൃഹത്തായ പ്രസ്ഥാനമാണ് ഇന്ന് സ്പാം മെയിലുകൾ. ലോകത്തെ ആദ്യത്തെ സ്പാം ഇമെയിലിന് ഇതു നാൽപതാം പിറന്നാളാണ്. ഇന്റർനെറ്റിന്റെ ആദ്യരൂപമായ അർപാനെറ്റിലാണ് ആദ്യത്തെ സ്പാം മെയിൽ 40 വർഷം മുൻപ് അയച്ചത്. ഗാരി ത്വെർക്ക് എന്ന മാർക്കറ്ററാണ് സ്പാം മെയിലിന്റെ പിതാവ്.
ഇന്റർനെറ്റിന്റെയും ഇമെയിലിന്റെയും സൃഷ്ടാക്കന്മാർ ആഘോഷിക്കപ്പെട്ടതുപോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഗാരി ത്വെർക്ക് സൃഷ്ടിച്ച സ്പാം എന്ന ആശയം പിന്നീട് ലോകം കീഴടക്കി. ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളെല്ലാം സ്പാം തടയുന്നതിനു വേണ്ടി ഇന്നും കഠിനാധ്വാനം ചെയ്യുന്നു. 1978 മേയ് ഒന്നിനാണ് ഗാരി 400 ഇമെയിൽ വിലാസങ്ങളിലേക്ക് ആദ്യത്തെ സ്പാം അയയ്ക്കുന്നത്. അന്ന് സ്പാം എന്നൊരു ആശയം തന്നെയില്ല. ഡിജിറ്റൽ എക്വിപ്മെന്റ് കോർപറേഷൻ എന്ന കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന ഗാരി കമ്പനി ഡിസംബറിൽ പുറത്തിറക്കാനിരിക്കുന്ന പുതിയ കംപ്യൂട്ടറിന്റെ പരസ്യത്തിനാണ് ആദ്യ സ്പാം എഴുതിയത്.
കത്തുകൾ അയയ്ക്കുന്നതിനു പകരം ഇ-മാർക്കറ്റിങ് വിദ്യ എന്ന നിലയ്ക്കാണ് ഗാരി 400 പേർക്ക് മെയിലുകൾ അയച്ചത്. സ്പാമില്ലാത്ത കാലമായതുകൊണ്ടു തന്നെ സ്പാം ഫിൽറ്ററുമില്ല. 400 പേരുടെയും ഇൻബോക്സുകളിൽ ഗാരിയുടെ മെയിൽ എത്തി. ആദ്യ സ്പാം മെയിൽ വൻ വിജയമായിരുന്നു. ഇമെയിൽ പ്രചാരണത്തിലൂടെ മാത്രം അക്കാലത്ത് കമ്പനി ഒന്നേകാൽ കോടി ഡോളറിന്റെ (ഏകദേശം 84.06 കോടി രൂപ) കംപ്യൂട്ടറുകൾ വിറ്റഴിച്ചു. എന്നാൽ, തന്നെ സ്പാം ഇമെയിലിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്നതിനോട് ഗാരിക്കു യോജിപ്പില്ല. ഇ-മാർക്കറ്റിങ്ങിന്റെ പിതാവ് എന്നാണ് തന്നെ വിളിക്കേണ്ടത് എന്നാണ് ഗാരിയുടെ പക്ഷം.