ഇന്ത്യയുടെ പ്രതിരോധത്തിനു വേണ്ട ആയുധങ്ങളെല്ലാം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ നിര്‍മിക്കാൻ തുടങ്ങിയിരിക്കുന്നു. പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈലുകളും അത്യാധുനിക ടെക്നോളജികൾ വരെ ഇന്ത്യയിലെ ഗവേഷകരും സാങ്കേതിക വിദഗ്ധരും വികസിപ്പിച്ചെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ച മിസൈലിൽ ഉപയോഗിച്ച എസ്ഡിഎഫ്ആർ ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ നേട്ടമാണ്.
തദ്ദേശീയമായി നിര്‍മിച്ച കരയില്‍ നിന്നും ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന അതിവേഗ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയും ലോകശക്തി രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. നോസില്‍ ലെസ് ബൂസ്റ്റര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ വന്‍ശക്തി രാഷ്ട്രമെന്ന ഇന്ത്യയുടെ പദവി അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുന്നതാണ്.
രാജ്യത്തിന്റെ അഭിമാന പ്രതിരോധസ്ഥാപനമായ ഡിആര്‍ഡിഒയാണ് ഈ മിസൈല്‍ രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും. ലോകശക്തി രാജ്യങ്ങൾ മാത്രം പരീക്ഷിച്ച് വിജയിപ്പിച്ച ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചത്.
ഈ വിഭാഗത്തില്‍ പെടുന്ന മിസൈലുകളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നതെന്ന ബഹുമതിയുടെ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ സ്വന്തമാക്കിയിരിക്കുന്നു. ഒഡീഷ തീരത്തെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഇതുവരെ പേരിട്ടിട്ടില്ലാത്ത ആ മിസൈലിന്റെ പരീക്ഷണം. മുന്‍ നിശ്ചയിച്ച പാതയിലൂടെ മാക് 3 (ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗം) വേഗത്തില്‍ സഞ്ചരിക്കാന്‍ മിസൈലിനായി.
പ്രതിരോധ രംഗത്തെ തന്ത്രപ്രധാനമായ ഈ മിസൈലിന്റെ നിര്‍ണ്ണായക പരീക്ഷണ വിജയമാണിത്. മിസൈലിന്റെ നോസില്‍ ലെസ് ബൂസ്റ്ററും എസ്ഡിഎഫ്ആറും (Solid Fuel Ducted Ramjte) വിജയകരമായി പരീക്ഷിക്കാനായി. അടുത്ത തലമുറ ആയുധമെന്ന വിശേഷണമുള്ള ഇത്തരം മിസൈലുകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനി നമുക്കാകുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ.
മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി മേഖലയിലെ എല്ലാ റഡാറുകളും ഇലക്ട്രോ ഒപ്ടിക്കല്‍ സിസ്റ്റങ്ങളും തയ്യാറാക്കി വെച്ചിരുന്നു. മിസൈലിന്റെ തീരത്തുനിന്നുള്ള സഞ്ചാരത്തിന്റെ പരമാവധി വിശദാംശങ്ങള്‍ ഇതുവഴി ശേഖരിക്കാനായി. ഇത് വഴി ശേഖരിച്ച വിവരങ്ങള്‍ ഭാവിയിലെ മിസൈല്‍ പരീക്ഷണങ്ങളില്‍ ഉപകാരപ്രദമാകും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വലിയ വിജയം കൂടിയാണ് ഈ മിസൈല്‍. മിസൈലില്‍ ഉപയോഗിച്ചിട്ടുള്ള ഭാഗങ്ങളെല്ലാം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ നിയന്ത്രിത സംവിധാനമായ സീക്കറുകള്‍ ഉള്‍പ്പടെയുള്ളവ അടുത്തുതന്നെ പരീക്ഷിക്കും.
കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശ്, QRSAM, അസ്ത്ര തുടങ്ങിയ നിരവധി മിസൈലുകള്‍ ഇന്ത്യയുടെ ആവനാഴിയിലുണ്ട്. എങ്കിലും പുതിയ മിസൈലില്‍ ഉപയോഗിച്ചിരിക്കുന്ന എസ്ഡിഎഫ്ആർ (Solid Fuel Ducted Ramjte) സാങ്കേതിക വിദ്യയുടെ വിജയം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ എസ്ഡിഎഫ്ആര്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇന്ത്യയുടെ പക്കലുള്ള മിസൈലുകളുടെ തന്നെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ സാങ്കേതികവിദ്യകൊണ്ട് സാധിക്കും.