ആക്രമണത്തിന് ഇറാൻ ഉപയോഗിച്ചത് ഖൈബർ ബസ്റ്റർ! അതീവ അപകടകാരിയായ ബാലിസ്റ്റിക് മിസൈൽ
പാക്കിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ഞെട്ടിക്കുന്ന ആക്രമണമാണ് ഇറാൻ കഴിഞ്ഞദിവസം നടത്തിയത്.
പാക്കിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ഞെട്ടിക്കുന്ന ആക്രമണമാണ് ഇറാൻ കഴിഞ്ഞദിവസം നടത്തിയത്.
പാക്കിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ഞെട്ടിക്കുന്ന ആക്രമണമാണ് ഇറാൻ കഴിഞ്ഞദിവസം നടത്തിയത്.
പാക്കിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ഞെട്ടിക്കുന്ന ആക്രമണമാണ് ഇറാൻ കഴിഞ്ഞദിവസം നടത്തിയത്. എന്നാൽ ആക്രമണത്തെക്കാളുപരി തങ്ങളുടെ മിസൈൽ ശേഷിയുടെ പ്രദർശനം കൂടിയാണ് ഇറാൻ നടത്തിയതെന്ന് രാജ്യാന്തര പ്രതിരോധവിദഗ്ധർ പറയുന്നു. ഇറാഖിലെ കുർദ് മേഖലയിലുള്ള ഇർബിലിലേക്കു മാത്രം 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്.സിറിയയിലെ ഇദ്‌ലിബിൽ തങ്ങളുടെ കൈവശമുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ഖൈബർ ബസ്റ്ററാണ് ഇറാൻ ഉപയോഗിച്ചത്. 2022 ൽ ആണ് ഈ മിസൈൽ പുറത്തിറക്കിയത്.
ഇസ്രയേലിൽ എവിടെയും ആക്രമണം നടത്താൻ ശേഷിയുള്ള പുതിയ മിസൈൽ എന്നായിരുന്നു വിശേഷണം. ഖൈബർ ബസ്റ്റർ എന്നു പേരിട്ടിരിക്കുന്ന മിസൈലിന് ഇറാനു സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു വാദം. 1400 കിലോമീറ്ററോളം റേഞ്ചുള്ള മിസൈൽ ഖര ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്. അപാരമായ കൃത്യതയുള്ള മിസൈലിന് ഏതു മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാനുള്ള ശേഷിയുണ്ടെന്നും ഇറാൻ പറയുന്നു. പൂർണമായും തദ്ദേശീയമായാണു മിസൈൽ നിർമിച്ചത്.
മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നെന്ന് ഇന്‌റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് വ്യക്തമാക്കുന്നു. 780 കിലോമീറ്റർ റേഞ്ചുള്ള ഖയാം, 1760 കിലോമീറ്റർ റേഞ്ചുള്ള ഗദർ 1 എന്നിവയൊക്കെ ഇറാന്റെ ദീർഘദൂര റേഞ്ച് മിസൈലുകളാണ്. എന്നാൽ ഇവയെ വെല്ലുന്ന കൃത്യതയാണ് ഖൈബർ ബസ്റ്ററിനുള്ളത്.
കടലിൽനിന്ന് ആകാശലക്ഷ്യങ്ങളിലേക്കു മിസൈലുകൾ തൊടുക്കാവുന്ന ചെറുബോട്ടും അടുത്തിടെ ഇറാന്റെ നാവികസേന വികസിപ്പിച്ചിരുന്നു. ഈ ബോട്ടിൽനിന്ന് നവാബ് ശ്രേണിയിലുള്ള ഒരു സർഫസ് ടു എയർ മിസൈൽ വിക്ഷേപിക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ അന്നു പ്രചരിച്ചു. സുൾഫിക്കർ ക്ലാസ് എന്ന ഗണത്തിലാണ് ഈ ബോട്ടിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. നവാബ് വിഭാഗത്തിലുള്ള മിസൈലുകളാണ് ഇതിലുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ബോട്ടിന്റെ വികസനത്തോടെ ഇറാന്റെ നാവികസേനയിലുള്ള രാജ്യാന്തര ശ്രദ്ധ കൂടിയിട്ടുണ്ട്.
1923 ലാണ് ഇറാനിയൻ നാവികസേന നിലവിൽ വന്നത്. 1960 മുതൽ ഇറാൻ നാവികസേനയെ പരിഷ്കരിക്കാൻ തുടങ്ങി. എഴുപതുകളിൽ യുഎസ് തന്നെ ഇറാനിയൻ നാവികസേനയ്ക്കായി പരിശീലനവും സാമഗ്രികളും നൽകിയിരുന്നു. കഴിഞ്ഞ വർഷം തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലും ഇറാൻ അവതരിപ്പിച്ചു. ഫത്താഹ് എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്.
ഇറാൻ ദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം 1400 കിലോമീറ്റർ വരെ ഈ മിസൈലിന് റേഞ്ചുണ്ട്. ശബ്ദവേഗത്തിന്റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്താഹിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു. ലോകത്തെ പല പ്രമുഖ വ്യോമപ്രതിരോധ സംവിധാനങ്ങളെയും ചെറുക്കാൻ ഫത്താഹിനു കഴിയും. ഇസ്രയേലിന്റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താഹ് നിഷ്പ്രഭമാക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു.
നിർമിതബുദ്ധി ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാർഡ്‌സ് അവകാശപ്പെടുന്നു. മധ്യപൂർവദേശ മേഖലയിൽ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിക്കുന്ന ആദ്യരാജ്യമായി ഇതോടെ ഇറാൻ മാറി. മിസൈലുകളിൽ മാത്രമല്ല, മിസൈൽ വേധ കവചങ്ങളിലും ഇറാൻ അടുത്തിടെ ശ്രദ്ധയൂന്നിയിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിനു പിന്നാലെ ലോകശ്രദ്ധ നേടിയ മിസൈൽ വേധ സംവിധാനം അയൺ ഡോമിന്റെ തദ്ദേശീയ പതിപ്പും ഇറാൻ ഒരുക്കിയിരുന്നു. ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്‌വർക്ക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫൻഡേഴ്‌സ് വെലായത് 1400 എന്നാണ്.
ക്രൂസ് മിസൈലുകളെ നേരിടാനാണ് പ്രധാനമായും പുതിയ സംവിധാനം സഹായകമാകുക. മറ്റു രാജ്യങ്ങളുടെ മിസൈൽ വേധ സംവിധാനങ്ങളിൽനിന്നു വ്യത്യസ്തമാണ് ഇതെന്നും അന്ന് ഇറാന് പറഞ്ഞിരുന്നു. നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈൽ വേധ റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കും. ദക്ഷിണാഫ്രിക്കയുടെ ഉംഖോണ്ടോ മിസൈൽ സംവിധാനവുമായി വളരെയേറെ സാമ്യം ഇതിനുണ്ട്.
360 ഡിഗ്രി റേഞ്ചുള്ള റഡാർ സംവിധാനം ഉപയോഗിച്ചാണ് വെലായത് 1400 പ്രവർത്തിക്കുന്നത്. റഷ്യൻ മിസൈൽ വേധ സംവിധാനമായ പാൻസിറിനെ അടിസ്ഥാനപ്പെടുത്തിയാണ് സംവിധാനം രൂപപ്പെടുത്തിയത്. സിറിയയിൽ വ്യാപകമായി പാൻസിർ സംവിധാനം റഷ്യ ഒരുക്കിയിട്ടുണ്ട്. റഷ്യൻ ആയുധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആയുധനിർമിതി ഇറാന്റെ പുതിയ ശൈലിയായിട്ടുണ്ട്. റഷ്യയുടെ എസ് 300 മിസൈൽ സംവിധാനവുമായി സാമ്യമുള്ള ബവാർ 373 ഇടയ്ക്ക് റഷ്യ വികസിപ്പിച്ചെടുത്തിരുന്നു.