ക്രൂരനായ ഏകാധിപതിയെ വധിക്കാനായി ഇറങ്ങി തിരിച്ച ഒരു സംഘം; പാളിപ്പോയ സാഹസിക ശ്രമങ്ങൾ!
Mail This Article
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ടെലിഫോൺ ശബ്‌ദിക്കുന്നത് കേട്ടുകൊണ്ടാണ് പാതിമയക്കത്തിലായിരുന്നു ല്യൂഡിഗ് ബെക്ക് രാവിലെ ഉണർന്നത്. ജർമൻ സൈന്യത്തിൽ നിന്ന് വിരമിച്ചിട്ടു കുറച്ചു വർഷങ്ങളായെങ്കിലും വലിയൊരു ചരിത്ര ദൗത്യത്തിൽ മുഴുകിയിരുന്ന ബെക്കിന് കഴിഞ്ഞ കുറച്ചു നാളുകളായിട്ട് ഉറക്കം തീരെയില്ല. റിസീവർ കൈയിലെടുത്തപ്പോൾ “താങ്കൾക്ക് ഇന്ന് സുഖമാണോ?” എന്ന ഒറ്റ കുശലാന്വേഷണത്തോടെ ഫോൺ കട്ടായി കഴിഞ്ഞിരുന്നു. എന്നാൽ തന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ജനറൽ ഓൾബ്രിച്ച്റ്റിന്റെ ശബ്ദം തിരിച്ചറിയാൻ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ബെക്ക് തന്റെ ഡയറിയിൽ അന്നത്തെ തിയതി കുറിച്ചു;1944 ജൂലൈ 20. പല കാരണങ്ങളാൽ പലതവണ മാറ്റിവയ്ക്കപ്പെട്ട ഒരു ചരിത്ര ദൗത്യം പൂർത്തീകരിക്കാനായി ഒരു ദൗത്യ സംഘം ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു എന്നുള്ള അറിയിപ്പാണ് കോഡ് ഭാഷയിൽ ടെലിഫോണിൽ വന്നത്. ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന, രണ്ടാം ലോക യുദ്ധത്തിന്റെ അമരക്കാരനായ ഹിറ്റ്ലർ എന്ന ജർമൻ സ്വേച്ഛാധിപതി സ്വന്തം സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ കൈകളാൽ കൊല്ലപ്പെടാൻ പോകുന്നു.
ബെക്ക് ചിന്തകളിൽ മുഴുകി: ഹിറ്റ്ലറെ ഉന്മൂലനം ചെയ്‌ത ശേഷം സൈന്യത്തിലെ സഹപ്രവർത്തകർ അധികാരം പിടിച്ചെടുക്കുന്നു, യുദ്ധം അവസാനിപ്പിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നു, ജൂത വേട്ടക്ക് അറുതി വരുത്തുന്നു - ഇവയെല്ലാം ഏതാനും മണിക്കൂറുകൾക്കുള്ളിൽ യാഥാർഥ്യമാകാൻ പോകുന്നു. എന്നാൽ തീർത്തും അപ്രതീക്ഷമായ ചില കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.
ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഹിറ്റ്ലറിന്റെ കിങ്കരന്മാർ മരണ ദൂതുമായി ബെക്കിനെ തേടിയെത്തി. ജർമൻ ചരിത്രത്തിലെ ഭീതിജനകമായ മറ്റൊരു നരനായാട്ടിന്റെ ആരംഭമായിരുന്നു അത്. രണ്ടാം ലോക യുദ്ധത്തിന്റെ അവസാന നാളുകളിൽ നാത്സികൾ നാത്സികളെത്തന്നെ കൊലകളത്തിലേക്കും തടങ്കൽ പാളയങ്ങളിലേക്കും അയച്ച അപൂർവ സംഭവ പരമ്പരകൾ അവിടെ തുടങ്ങുകയായിരുന്നു.
യുദ്ധ കാലത്ത് ജർമനയിലെ നാത്സി ഭരണകൂടം രാജ്യത്തിനകത്തും പുറത്തും കൊടും ക്രൂരതകൾ അഴിച്ചുവിട്ടു കൊണ്ടിരുന്ന 1940 - 44 കാലഘട്ടത്തിൽ അഡോൾഫ് ഹിറ്റ്ലർ എന്ന ക്രൂരനായ ഏകാധിപതിയെ വധിക്കാനായി ഇറങ്ങി തിരിച്ച ജർമൻ സൈന്യത്തിലെ തന്നെ ഒരു സംഘം വീര യോദ്ധാക്കളുടെ കഥയാണ് ഇവിടെ വിവരിക്കുന്നത്. ഹിറ്റ്ലറിനും കൂട്ടർക്കും യാതൊരു സൂചനയും നൽകാതെ നടത്തിയ ഈ നീക്കങ്ങൾ ഒടുവിൽ വെളിച്ചത്തായത് 1944 ജൂലൈ 20ന് നടത്തിയ വധശ്രമം പരാജയത്തിൽ കലാശിച്ചപ്പോൾ മാത്രമാണ്.
ലോക സൈനിക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആ അട്ടിമറി ദൗത്യത്തിന് നേതൃത്വം നൽകിയ ഒട്ടുമിക്ക എല്ലാവരും തന്നെ രാജ്യദ്രോഹം കുറ്റം ചുമത്തി വധിക്കപ്പെട്ടു. എന്നാൽ ഇവരുടെ അതിസാഹസിക ഉദ്യമങ്ങളും ധീര രക്തസാക്ഷിതത്വവും പിൽകാലത്ത് ഇവരെ രണ്ടാം ലോകയുദ്ധ കാലഘട്ടത്തെ വീര നായകന്മാരാക്കി മാറ്റി എന്നതാണ് 80 വർഷങ്ങൾക്ക് ശേഷവും ഈ സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
ഹിറ്റ്ലർ വിരുദ്ധ സംഘങ്ങൾ ഉദയം കൊള്ളുന്നു
നാത്സി പാർട്ടി തലവനായ ശേഷം അധികാരത്തിലേറാൻ ശ്രമം തുടങ്ങിയ നാൾ മുതൽ എതിർ ശബ്ദങ്ങൾ അടിച്ചൊതുക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്നു അഡോൾഫ് ഹിറ്റ്ലർ. അതിനാൽ തന്നെ പാർട്ടിക്കകത്തും പുറത്തും ഹിറ്റ്ലർക്ക് ശത്രുക്കളുടെ എണ്ണത്തിൽ യാതൊരു കുറവുമുണ്ടായിരുന്നില്ല. എന്നാൽ ഭയം മൂലം ആരും തലപൊക്കിയില്ല എന്ന് മാത്രം. അത്ര ഭീകരമായിട്ടായിരുന്നു നാത്സി അനുകൂലികളും ജർമൻ രഹസ്യ പൊലീസായ ഗെസ്റ്റപ്പോയും ചേർന്ന് വിമതശബ്ദങ്ങളേയും എതിരാളികളെയും കൈകാര്യം ചെയ്‌തിരുന്നത്. എന്നാൽ കാലം കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ധീരന്മാരായ പലരും സ്വജീവൻ പണയപ്പെടുത്തി കൊണ്ട് ഹിറ്റ്ലറെ അപായപ്പെടുത്താനായി ഇറങ്ങി തിരിച്ചു.
ആദ്യ കാലങ്ങളിൽ നാത്സികളുടെ ജൂത വിരുദ്ധ പ്രവർത്തനങ്ങളിൽ അതൃപ്തരായ ചിലർ ഇതിനായി മുന്നിട്ടിറങ്ങുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്‌തു. ഇക്കൂട്ടത്തിൽ നാത്സികളും ജൂതന്മാരും സോഷ്യലിസ്റ്റുകളും ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ഒരു ലോകയുദ്ധം ഉരുണ്ടു കൂടി തുടങ്ങിയ 1938-39 കാലഘട്ടത്തിൽ കഥ മാറിതുടങ്ങിയിരുന്നു. ജർമൻ സൈന്യത്തിലെ ഒരു പ്രബല വിഭാഗവും നാത്സി പാർട്ടിയിലെ തന്നെ അതൃപ്തരായ പല ഉന്നതരും ഹിറ്റ്ലറെ പുറത്താക്കേണ്ടത് ജർമനിയുടെ നിലനിൽപ്പിനു അനിവാര്യമാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു.
1940 കളുടെ ആരംഭത്തിൽ ജർമൻ രാഷ്ട്രീയത്തിലെ കുറച്ചു പ്രമുഖരും വിരമിച്ച ചില സൈനിക ഉദ്യോഗസ്ഥരും ഒത്തുചേർന്ന് ഹിറ്റ്ലറെ പുറത്താക്കി പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. വലിയ സൈനിക പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഹെൽമുത്ത് ജെയിംസ് വോൺ മോൾറ്റ്കി എന്ന നിയമ വിദഗ്ദ്ധന്റെ നേതൃത്വത്തിൽ രൂപം കൊണ്ട 'ക്രൈസാ സർക്കിൾ' എന്ന സംഘം സമാന ചിന്താഗതിക്കാരായ നിരവധി പേരെ ഒന്നിപ്പിക്കുന്നതിൽ വിജയിച്ചു. എന്നാൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തീരുമാനങ്ങളൊന്നും എടുക്കാനാകാതെ ആശയക്കുഴപ്പത്തിൽ പെട്ട് ഉഴലുകയായിരുന്നു ഈ സംഘം. ഇവരുമായി ബന്ധം പുലർത്തിയിരുന്ന ല്യൂഡിഗ് ബെക്ക് എന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അപ്പോഴേക്കും മറ്റ് ചില പദ്ധതികളുമായി മുന്നോട്ട് പോയ് തുടങ്ങിയിരുന്നു.
ജർമൻ സൈന്യത്തിലെ വളരെ ഉയർന്ന പദവിയിൽ പ്രവർത്തിച്ചിരുന്ന ബെക്ക് ഹിറ്റ്ലറിന്റെ യുദ്ധക്കൊതിയെ പരസ്യമായി എതിർത്ത ചുരുക്കം ചില ജനറലുമാരിൽ ഒരാളായിരുന്നു. 1939ൽ ജർമൻ പട ചെക്കോസ്ലോവാക്കിയയിലേക്ക് കടന്നു കയറിയപ്പോൾ അതിൽ പ്രതിഷേധിച്ച് അദ്ദേഹം സൈന്യത്തിൽ നിന്ന് രാജിവച്ചു. അതോടെ ഇയാൾ ഹിറ്റ്ലറിന്റെ നോട്ടപ്പുള്ളിയായി. എന്നാൽ കൗശലക്കാരനായ ബെക്ക് ഹിറ്റ്ലറിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ പലരീതികളിൽ രഹസ്യമായി തുടർന്നു.
സൈന്യത്തിനുള്ളിലെ അട്ടിമറി സംഘം
1942 ആയപ്പോഴേക്കും ല്യൂഡിഗ് ബെക്കിന്റെ കാർമികത്വത്തിൽ ജർമൻ സൈന്യത്തിലെ പ്രമുഖർ ഉൾപ്പെട്ട മറ്റൊരു വലിയ ഗൂഢാലോചനാ സംഘം രൂപം കൊണ്ടു. കാൾ ഫ്രഡറിച് ഗർഡെലെർ എന്ന പരിണിത പ്രജ്ഞനായ ഉന്നത രാഷ്ട്രീയ നേതാവും ഇവരോടൊപ്പം കൂടി. സൈന്യത്തിൽ വളരെ പ്രധാന തസ്തികകളിൽ പ്രവർത്തിച്ചിരുന്ന വിൽഹെം കനാറീസ്, ഹാൻസ് ഓസ്റ്റർ, ഇർവിൻ വോൺ വിറ്റ്സ്ലബെൻ, ഓൾബ്രിചറ്റ് വോൺ ക്വിർഹെം, എഡ്വേർഡ് വാഗ്നർ, ജോർജ് ഹാൻസെൻ, ഫ്രഡറിച്ച് ഓൾബ്രിച്റ്റ്, ഹെന്നിങ് വോൺ ട്രെസ്കോവ് എന്നിവർ കൂടി ഈ ഹിറ്റ്ലർ വിരുദ്ധ മുന്നണിയുടെ ഭാഗമായതോടെ സംഘം കൂടുതൽ കരുത്താർജ്ജിച്ചു. ഇതിൽ ഫ്രഡറിച്ച് ഓൾബ്രിച്റ്റ്, വോൺ ട്രെസ്കോവ് എന്നിവർ ചേർന്ന് ദൗത്യം നടപ്പിലാക്കുന്ന ചുമതല ഏറ്റെടുത്തതോടെ പദ്ധതിക്ക് പുതിയ രൂപവും ഭാവവും വന്നുചേർന്നു.
ഹിറ്റ്ലറെ അപായപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ പല കോണുകളിൽ മെനഞ്ഞു തുടങ്ങി. ചെറിയ ഒരു പാളിച്ച പോലും ജീവൻ അപകടത്തിലാക്കുമെന്ന തിരിച്ചറിവ് സംഘത്തിൽ എല്ലാവർക്കും ഉണ്ടായിരുന്നു. അതിനാൽ തന്നെ വിശ്വസ്തരും സാഹസികരുമായ സൈനിക ഉദ്യോഗസ്ഥരെ ഈ അട്ടിമറി ദൗത്യത്തിൽ ഉൾപ്പെടുത്താൻ ട്രെസ്‌കോവ് വളരെയധികം ശ്രദ്ധിച്ചിരുന്നു. പ്രത്യേക അധികാര പദവികൾ കൈയ്യാളുന്ന പലരെയും വളരെ കരുതലോടെ പദ്ധതിയുടെ ഭാഗമാക്കിയെടുക്കാൻ ചുരുങ്ങിയ സമയത്തിനുളിൽ ഈ സംഘത്തിനു കഴിഞ്ഞു.
ജർമൻ സൈന്യത്തിലെ വീരനായകനായിരുന്ന ജനറൽ ഇർവിൻ റോമ്മലിന്റെ രഹസ്യ പിന്തുണ കൂടി ലഭിച്ചതോടെ ഈ സംഘം കൂടുതൽ ആവേശത്തിലായി. എന്നാൽ ഹിറ്റ്ലറെ വധിക്കരുത് എന്നൊരു നിബന്ധന അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. ട്യൂണീഷ്യയിൽ യുദ്ധമുഖത്ത് തനിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ക്ലോസ് വോൺ സ്റ്റാഫെൻ ബെർഗ് എന്ന ധീരനായ ഉദ്യോഗസ്ഥനെ അദ്ദേഹം ബർലിനിലേക്ക് അയച്ചത് ഈ സംഘത്തിന്റെ പ്രവർത്തനങ്ങളെ എകോപിപ്പിക്കുവാൻ വേണ്ടിയിട്ട് കൂടിയായിരുന്നു. ആ നീക്കം വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ട് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഹിറ്റ്ലർ പോളണ്ട് അതിർത്തി പ്രദേശത്ത് പ്രത്യേകമായി പണികഴിപ്പിച്ച 'വൂൾഫ്സ് ലെയർ' (ചെന്നായയുടെ ഗുഹ) എന്ന രഹസ്യ കേന്ദ്രത്തിലേക്ക് താമസം മാറിയിരുന്നു. നിബിഡ വനപ്രദേശത്തിനുള്ളിൽ എൺപതോളം കെട്ടിടങ്ങളും നിരവധി ഭൂഗർഭ തുരങ്കങ്ങളും ഉൾപ്പെട്ട ഈ കിഴക്കൻ സൈനീക ആസ്ഥാനം അക്കാലത്ത് താത്കാലിക ഭരണസിരാകേന്ദ്രം പോലെയാണ് പ്രവർത്തിച്ചിരുന്നത്. അനുമതിയില്ലാതെ ആർക്കും അകത്തു കടക്കാനാകാത്ത പഴുതടച്ച സുരക്ഷാ സംവിധാനങ്ങളുള്ള ആ കോട്ടയിൽ നിന്ന് ഹിറ്റ്ലർ പുറത്തിറങ്ങുമ്പോൾ മാത്രം വധശ്രമം നടത്തുക എന്ന ഒരു തീരുമാനത്തിലേക്ക് സംഘം തുടക്കത്തിലേ എത്തിചേർന്നിരുന്നു.
സൈന്യത്തിലെ വലിയൊരു വിഭാഗത്തെ ഏകോപിപ്പിച്ചു കൊണ്ട് അട്ടിമറി ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത് അപ്രായോഗികമാണെന്ന തിരിച്ചറിവ് സംഘത്തിന് തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. അതിനെ മറികടക്കാൻ ട്രെസ്‌കോവ് ഒരു ഉപായം കണ്ടെത്തിയിരുന്നു. യുദ്ധ സമയമായതിനാൽ ശത്രുക്കളുടെ സഹായത്തോടെ ലക്ഷകണക്കിന് വരുന്ന ജൂത തടവുകാരോ മറ്റ് നിർബന്ധിത തൊഴിലാളികളോ ഒത്ത് ചേർന്ന് ഏതു നിമിഷവും അപ്രതീക്ഷിത നീക്കങ്ങളിലൂടെ ബെർലിൻ നഗരമോ മറ്റ് ഭരണ സിരാകേന്ദ്രങ്ങളോ പിടിച്ചെടുക്കുവാനുള്ള സാധ്യത നിലനിന്നിരുന്നു.
അത്തരം അടിയന്തര ഘട്ടങ്ങളിൽ റിസർവ് സൈന്യത്തെ പുനർവിന്യസിക്കാനും മറ്റ് യൂണിറ്റുകളെ വേഗത്തിൽ ഏകോപിപ്പിക്കാനുമായി പദ്ധതി മുൻപ് തയാറാക്കിയിരുന്നു. 'വാൽകിറി' എന്നു നാമകരണം ചെയ്‌തിരുന്ന ഈ പദ്ധതി പ്രകാരം ഹിറ്റ്ലറിന്റെയോ മറ്റു ഉയർന്ന ഉദ്യോഗസ്ഥരുടെയോ മുൻകൂർ അനുമതിയിലാതെ തന്നെ റിസർവ് സൈന്യത്തെ വളരെ വേഗം ബെർലിന്റെ സുരക്ഷക്കായി പുനർവിന്യസിക്കാൻ സാധിക്കുമായിരുന്നു.
റിസർവ് സൈന്യത്തിന്റെ തലവനും ഈ പദ്ധതിയുടെ സൃഷ്ടാവുമായ ജനറൽ ഫ്രഡറിച്ച് ഫ്രോമിന് ആയിരുന്നു ഇതിന്റെ പൂർണ ചുമതല. യുദ്ധത്തിൽ തിരിച്ചടി നേരിട്ടു തുടങ്ങിയപ്പോൾ 'വാൽകിറി' പദ്ധതിയിൽ ചില പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ടെന്ന് കാട്ടി ഹിറ്റ്ലറിന്റെ അനുമതിയോടു കൂടി ഇതിൽ ചില മിനുക്കു പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ മറവിൽ സ്റ്റാഫെൻ ബെർഗിനെ റിസർവ് ആർമിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിക്കുകയും ചെയ്‌തു.
ഇതോടെ ഹിറ്റ്ലർ വിളിച്ചു ചേർക്കുന്ന യുദ്ധ അവലോകന യോഗങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ബെർഗിന് സ്വാഭാവികമായി വന്നു ചേർന്നു. മാത്രമല്ല ഈ പദ്ധതിയുടെ മറവിൽ ഗൂഢാലോചനകൾ കൂടുതൽ സജീവമാകുകയും ചെയ്‌തു. ജനറൽ ഫ്രോമിന്റെ സഹകരണവും ഈ സംഘം ഉറപ്പു വരുത്തിയിരുന്നു. 1943 ഫെബ്രുവരിയിൽ സ്റാലിൻഗ്രാഡ് യുദ്ധത്തിൽ തിരിച്ചടി നേരിട്ടതോടെ ജർമനിയുടെ പതനം ആസന്നമായി എന്ന് സംഘം വിലയിരുത്തി. സ്വന്തം സൈനികരെ കൊലക്കളത്തിൽ തളച്ചിടുന്ന ഹിറ്റ്ലറുടെ പിടിവാശി നയങ്ങൾക്കെതിരെ സൈനിക തലത്തിലും അമർഷം നിറഞ്ഞു പുകഞ്ഞിരുന്നു.
വധശ്രമങ്ങളുടെ പരമ്പര
1943,44 കാലഘട്ടത്തിൽ വ്യത്യസ്തങ്ങളായ നിരവധി വധശ്രമങ്ങളാണ് വിവിധ ഇടങ്ങളിൽ വച്ച് ഹിറ്റ്ലർക്ക് നേരെ ഈ സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിച്ചത്. രസകരമായ ഒരു കാര്യം ഇവയിൽ ഒന്നു പോലും ഹിറ്റ്ലറോ അദ്ദേഹത്തിന്റെ സുരക്ഷ സംഘമോ രഹസ്യ പൊലീസായ ഗെസ്റ്റപ്പോയോ അറിഞ്ഞിരുന്നില്ല എന്നതാണ്. എല്ലായ്പ്പോഴും ഭാഗ്യം ഹിറ്റ്ലറെ തുണക്കുകയായിരുന്നു. 1943 മാർച്ച് 13 ന് ഹിറ്റ്ലർ സഞ്ചരിച്ചിരുന്ന വിമാനത്തിൽ ജനറൽ ട്രെസ്‌കോവ് ആക്ടിവേറ്റ് ചെയ്‌ത ഒരു ബ്രിട്ടീഷ് നിർമിത ബോംബ് ഒരു മദ്യ കുപ്പിയുടെ മറവിൽ കയറ്റി വിട്ടു.
ബെർലിനിലെ തന്റെ സുഹൃത്തിനുള്ള സമ്മാനം ആണെന്നും അയാൾ അവിടെ വന്നു അത് വാങ്ങി കൊള്ളുമെന്നും കള്ളം പറഞ്ഞുകൊണ്ടാണ് അയാൾ പണിയൊപ്പിച്ചത്. എന്നാൽ വളരെ താഴ്ന്ന വായു മർദ്ദവും ചെറിയ സാങ്കേതിക പിഴവും മൂലം അത് തനിയെ നിർവീര്യമാവുകയാണ് ഉണ്ടായത്. ഏറെ പണിപ്പെട്ടാണ് കൗശലകാരനായ മറ്റൊരു ഉദ്യോഗസ്ഥൻ ഈ ബോംബ് ആരുടേയും ശ്രദ്ധയിൽപെടാതെ സൈനികകേന്ദ്രത്തിലെ സമ്മാന പൊതികളുടെ കൂട്ടത്തിൽ നിന്ന് മാറ്റിക്കൊണ്ട് പോയത്.
ഒരാഴ്ചക്ക് ശേഷം മാർച്ച് 21 ന് ട്രെസ്‌കോവിന്റെ അടുത്ത സഹപ്രവർത്തകനായിരുന്ന റുഡോൾഫ് ക്രിസ്റ്റോഫ് വോൺ ജർസ്ഡോർഫ് എന്ന ഉദ്യോഗസ്ഥൻ ടൈമർ ഘടിപ്പിച്ച ബോംബുമായി സ്വയം ചാവേറാകാൻ തയാറായി കൊണ്ട് ഹിറ്റ്ലറെ ഒരു മിലിറ്ററി പ്രദർശനത്തിൽ അനുഗമിച്ചു. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഹിറ്റ്ലർ പാതിവഴിയിൽ അവിടെ നിന്ന് മടങ്ങിയതോടെ പദ്ധതി പാളി. പരിഭ്രാന്തി പുറത്തു കാട്ടാതെ അയാൾ ശുചിമുറിയിൽ കയറി സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബോംബ് നിർവീര്യമാക്കി അപകടം ഒഴിവാക്കി. ശ്രമം വിജയിച്ചിരുന്നെങ്കിൽ ഒരു രാഷ്ട്രതലവനെ കൊലപ്പെടുത്തിയ ചരിത്രത്തിലെ ആദ്യ സൂയിസൈഡ് ബോംബർ എന്ന പേരിൽ ജർസ്ഡോർഫ് അറിയപ്പെട്ടിരുന്നേനെ.
1943 നവംബറിൽ പുതിയ സൈനിക യൂണിഫോമുകൾ വിലയിരുത്താനായി ഹിറ്റ്ലർ നേരിട്ട് എത്തുന്ന ഒരു ചടങ്ങിൽ വച്ച് അദ്ദേഹത്തെ വധിക്കുവാനുള്ള പദ്ധതി രൂപംകൊണ്ടു. ആക്സൽ വോൺദേ ബുചേ എന്നൊരു സൈനികനാണ് ഇത്തവണ ചാവേറായി സ്വയം പൊട്ടിത്തെറിക്കാൻ തയാറായത്. മുൻ അനുഭവം കണക്കിലെടുത്തുകൊണ്ട് ബട്ടൺ അമർത്തിയാൽ ഉടൻ പൊട്ടിത്തെറിക്കുന്ന ലാൻഡ് മൈനുകൾ ചേർത്തുവച്ചു കൊണ്ടുള്ള ഉഗ്രശേഷിയുള്ള ഒരു ബോംബും തയാറാക്കിവച്ചിരുന്നു. എന്നാൽ യൂണിഫോമുകളുമായി വന്നിരുന്ന റെയിൽവേ വാഗൺ സഖ്യകക്ഷി സേനയുടെ ബോംബാക്രമണത്തിൽ തകർന്നതോടെ ആ ശ്രമവും പാളി. ഈ പദ്ധതിയുടെ ചില രേഖകൾ യുദ്ധാനന്തരം സോവിയറ്റ് സൈന്യം കണ്ടെടുക്കുകയുണ്ടായി. 1944 ഫെബ്രുവരിയിൽ ഈ പദ്ധതി വീണ്ടും നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല സാഹചര്യങ്ങൾ തടസമായി നിന്നു.
വീണ്ടും 1944 മാർച്ച് 9 ന് ഹിറ്റ്ലർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാനായി ചില സുപ്രധാന രേഖകളുമായി പോകുന്ന സ്റ്റാഫെൻ ബെർഗിന് ഒപ്പം വോൺ ബ്രൈറ്റിൻ ബുച്ച് എന്നൊരു ജൂനിയർ ഉദ്യോഗസ്ഥനെ ഹിറ്റ്ലറെ വെടിവെച്ചു കൊല്ലുവാനുള്ള ദൗത്യത്തിനായി നിയോഗിച്ചു. മീറ്റിങ് പുരോഗമിക്കുമ്പോൾ കോട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന തോക്കെടുത്ത് നിറയൊഴിക്കാനായിരുന്നു പ്ലാൻ. എന്നാൽ ആ ദിവസം മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് ബെർഗിന് മാത്രമേ പ്രവേശനാനുമതി ലഭിച്ചുള്ളൂ. അങ്ങനെ ആ ദൗത്യവും പാളി.
ഇതിനിടയിൽ അപ്രതീക്ഷിതമായി മറ്റൊന്ന് കൂടി സംഭവിച്ചു. 1944 ജൂണിൽ ഫ്രാൻസിന്റെ തീരപ്രദേശമായ നോർമാൻഡിയിലേക്ക് സഖ്യകക്ഷി സേന ഒരു വൻ മുന്നേറ്റം ആരംഭിച്ചു. ഇംഗ്ലണ്ടിൽ നിന്ന് ജല - വ്യോമ മാർഗങ്ങളിലൂടെ ഒരു ലക്ഷത്തിലധികം വരുന്ന ശത്രു സൈനികരുടെ ഈ അപ്രതീക്ഷിത കടന്നു കയറ്റം ജർമനിയെ ഞെട്ടിച്ചു. എന്നാൽ പിന്മാറുന്നതിനു പകരം ചെറുത്തു നിൽക്കാനാണ് ഫ്രാൻസിൽ തമ്പടിച്ചിരുന്ന സേന യൂണിറ്റുകളോട് ഹിറ്റ്ലർ ആവശ്യപ്പെട്ടത്.
ഫ്രഞ്ച് മണ്ണിൽ നേരിട്ട് കൊണ്ടിരിക്കുന്ന തിരിച്ചടികൾക്കു പുറമേ സേനയിൽ മുറുമുറുപ്പ് കൂടുതൽ ശക്തമാകുന്നു എന്ന് മനസിലാക്കിയ ഗൂഢാലോചന സംഘം അടുത്ത വധശ്രമത്തിനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടി മുൻപ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിൽ സ്റ്റാഫെൻ ബെർഗ് ഖിന്നനായിരുന്നു. അതിനാൽ അടുത്ത ദൗത്യം നേരിട്ട് നടത്താൻ സന്നദ്ധനായി അയാൾ മുന്നോട്ട് വന്നപ്പോൾ ബെക്കും ട്രെസ്ക്കോവും എതിർത്തില്ല. കാരണം ഈ പദ്ധതി കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്ന യാഥാർഥ്യം അവരും തിരിച്ചറിഞ്ഞിരുന്നു ജർമൻ രഹസ്യാന്വേഷണ വിഭാഗത്തിന് ചില സംശയങ്ങൾ ഉണ്ടെന്നും പലരും നീരീക്ഷണത്തിലാണെന്നും അവർ മറ്റു സഹപ്രവർത്തകരിൽ നിന്ന് ഇതിനോടകം മനസിലാക്കിയിരുന്നു.
ഒടുവിൽ ഹിറ്റ്ലറെ ബവേറിയയിലെ ‘വൂൾഫ്സ് ലെയർ’ എന്ന അയാളുടെ സുരക്ഷാ കോട്ടയ്ക്കുള്ളിൽ കയറി ചെന്ന് ആക്രമിക്കാനുള്ള ചില പദ്ധതികൾ രൂപപ്പെട്ടു.അവിടെ ജോലി ചെയ്‌തിരുന്ന ഹെൽമുത്ത് സ്‌റ്റെഫ് എന്നൊരു സൈനികനെ അവസരം ഒത്തുവരുമ്പോൾ ഹിറ്റ്ലറെ വധിക്കാനുള്ള ചുമതല സ്റ്റാഫെൻ ബെർഗ് നേരിട്ട് ഏൽപ്പിച്ചിരുന്നു. എന്നാൽ ആ നീക്കവും വിജയം കണ്ടില്ല. ഇതിനിടെ ഹിറ്റ്ലറുടെ മീറ്റിംഗ് റൂമിൽ രഹസ്യമായി ബോംബ് സ്ഥാപിക്കുന്ന മറ്റൊരു പ്ലാൻ തയ്യാറാവുകയും അത് നടപ്പിലാക്കുന്ന ചുമതല ബെർഗ് ഏറ്റെടുകുകയും ചെയ്‌തു.
ഇതിൽ ബെർഗിനെ സഹായിക്കാനായി വെർനെർ വോൺ ഹഫ്തെൻ എന്നൊരു ജൂനിയർ ഓഫീസർ മുന്നോട്ട് വരികയും പിന്നീടുള്ള ദിവസങ്ങളിൽ ബർഗിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഹഫ്തെൻ ഒരു നിഴൽ പോലെ അനുഗമിക്കുകയും ചെയ്‌തിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് ടുണീഷ്യയിൽ വെച്ചുണ്ടായ ഒരു സ്‌ഫോടനത്തിൽ ബർഗിന്റെ വലതു കൈപ്പത്തി അറ്റു പോവുകയും ഇടതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ട്ടപ്പെടുകയും ചെയ്‌തിരുന്നു. ഇടതു കൈയിലെ മൂന്നു വിരലുകളും നഷ്ടപ്പെട്ടിരുന്നു. അതിനാൽ തന്നെ ബോംബ് പ്ലേറ്റിൽ ഘടിപ്പിച്ചിരുന്ന കട്ടിയുള്ള നീളൻ ചെമ്പുപൈപ്പ് മുറിച്ചു മാറ്റിക്കൊണ്ട് ബോംബ് ആക്ടിവേറ്റ് ചെയ്യുന്ന പ്രക്രിയ ഏറെ ബുദ്ധിമുട്ടിയാണ് ബെർഗ് അഭ്യസിച്ചെടുത്തത്.
പാളിപ്പോയ വൂൾഫ്സ് ലെയറിലെ വധശ്രമം
ജൂലൈ 11 നും 14 നും 15 നും ചേർന്ന യോഗങ്ങളിൽ ബെർഗ് ബോംബുമായി എത്തിയെങ്കിലും ദൗത്യം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടതായി വന്നു. ഹിറ്റ്ലർ സംഘത്തിലെ പ്രധാനികളായ ഹെർമൻ ഗോറിങ്, ഹെൻറിച്ച് ഹിംല്ലർ എന്നിവർ കൂടി പങ്കെടുക്കുന്ന മീറ്റിങ്ങിൽ സ്ഫോടനം നടത്തിയാൽ മതിയെന്ന മുൻധാരണയാണ് ബെർഗിന് വിലങ്ങു തടിയായത്. എന്തൊക്കെ തടസങ്ങൾ ഉണ്ടായാലും അടുത്ത അവസരം ഉപയോഗപ്പെടുത്തിയിരിക്കണമെന്ന് ഓൾബ്രിച്ച്റ്റും ട്രെസ്ക്കോവും ബെക്കും കർശന നിലപാടെടുത്തു. അങ്ങനെ ഹിറ്റ്ലർ വിളിച്ചു ചേർത്ത യോഗത്തിൽ സംബന്ധിക്കാനായി ജൂലൈ 20 നു രാവിലെ 11 മണിയോടെ ബെർഗും ഹെഫ്തനും കനത്ത സുരക്ഷാ സന്നാഹമുള്ള ‘വൂൾഫ്‌സ് ലെയർ’ കോംപ്ലക്സിൽ എത്തിചേർന്നു. ആ യോഗത്തിൽ ഗോറിങ്ങും ഹിംലറും പങ്കെടുക്കുന്നില്ല എന്ന വിവരം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിലും ദൗത്യം നിറവേറ്റാൻ തന്നെയായിരുന്നു സംഘത്തിന്റെ തീരുമാനം. മുൻപത്തെ എല്ലാ യോഗങ്ങളും നടന്നത് ഒരു കോൺക്രീറ്റ് ബങ്കറിനുള്ളിൽ ആയിരുന്നുവെങ്കിൽ അന്നത്തെ മീറ്റിങ്ങിനായി ഹിറ്റ്ലറുടെ ഓഫീസ് തിരഞ്ഞെടുത്തത് ധാരാളം ജനാലകൾ ഉള്ള ഒരു സാധാരണ മുറി ആയിരുന്നു. വേനൽ കാലം ആയിരുന്നതിനാലാണ് അത്തരം ഒരു മുറിയിലേക്ക് യോഗം മാറ്റിയത്.
മീറ്റിങ് സ്ഥലത്ത് എത്തിയ ശേഷം വസ്ത്രം മാറാൻ എന്ന വ്യാജേന മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയിൽ പ്രവേശിച്ച ബെർഗിന് കൈയിലുണ്ടായിരുന്ന രണ്ടു ബോംബുകളിൽ ഒന്ന് മാത്രമേ പ്രവർത്തന ക്ഷമമാക്കാൻ സാവകാശം ലഭിച്ചുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നതിനാൽ ഹെഫ്‌തെനു ബെർഗിനെ വേണ്ടവിധം സഹായിക്കാനും സാധിച്ചില്ല. കൃത്യം 12.30 ന് തന്നെ ഹിറ്റ്ലറുടെ സാന്നിധ്യത്തിൽ യോഗം ആരംഭിച്ചു.
ബെർഗ് വേഗം ഹാളിലേക്ക് വരാൻ അറിയിപ്പ് വന്നു. 12.35 ന് പ്രവർത്തന ക്ഷമമാക്കിയ ബോംബുമായി ബെർഗ് മീറ്റിംഗ് ഹാളിലേക്ക് പ്രവേശിച്ചു. കിഴക്കൻ യുദ്ധ മുന്നണി സൈനിക വിന്യാസത്തെ കുറിച്ചുള്ള വിലയിരുത്തൽ നടക്കുകയായിരുന്നു അപ്പോൾ. ഹിറ്റ്ലറെ ഒന്ന് അഭിവാദ്യം ചെയ്തത് ശേഷം ബെർഗ് അദ്ദേഹത്തിന് സമീപം വന്നു നിന്നു. എന്നിട്ട് സാവധാനം ബോംബ് അടങ്ങിയ ബ്രീഫ് കെയ്‌സ് മുറിയിലെ വലിയ കോൺഫറൻസ് മേശയുടെ അടിയിൽ ഹിറ്റ്ലറിനു സമീപത്തായി വച്ചു.
ബെർഗ് മീറ്റിങ് ഹാളിൽ പ്രവേശിച്ചു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ മുൻകൂട്ടി പ്ലാൻ ചെയ്‌ത പ്രകാരമുള്ള ഒരു ടെലിഫോൺ കോൾ അയാളെ തേടിയെത്തി. സഹായി വിവരം അറിയിച്ചപ്പോൾ അത് അറ്റൻഡ് ചെയ്യാൻ എന്ന വ്യാജേന പുറത്തിറങ്ങിയ ബെർഗ് ആർക്കും സംശയം തോന്നാത്ത രീതിയിൽ വെളിയിലേക്ക് ഇറങ്ങി നടന്നു. പുറത്ത് കാറിനു സമീപം ഹെഫ്‌തെൻ കാത്തു നിൽപ്പുണ്ടായിരുന്നു.
ഏറെ ആകാംഷയോടെ ബെർഗും ഹെഫ്‌തെനും ആ കോൺഫറൻസ് ഹാളിലേക്ക് ഉറ്റു നോക്കികൊണ്ടിരുന്നു. സമയം 12.43 പ്രദേശത്തെയാകെ നടുക്കി കൊണ്ട് ഒരു വലിയ ശബ്ദത്തോടെ ഹാളിൽ ഉഗ്ര സ്ഫോടനമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്താൽ മേൽക്കൂര ഇളകുന്നതും ഹാളിനകത്ത് തീ ആളി കത്തുന്നതും ഇരുവരും കണ്ടുനിന്നു. ചില മൃതദേഹങ്ങൾ പുറത്തേക്ക് കൊണ്ടു വരുന്നത് കണ്ട അവർ ഹിറ്റ്ലർ കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ചു.
രണ്ടാം ഭാഗം വായിക്കാം: ഭയാനകമായ ചിലത് സംഭവിച്ചിരിക്കുന്നു..ഹിറ്റ്ലർ ജീവിച്ചിരിക്കുന്നു; ബോംബ് സ്ഫോടനം തടഞ്ഞ മേശ!