കൊല്ലപ്പെട്ടത് ഖലീൽ, ഹഖാനി നെറ്റ്‌വർക്കിന്റെ ഉന്നത നേതാവ്; തലയ്ക്കു യുഎസ് വിലയിട്ടത് 50 ലക്ഷം ഡോളർ!
Mail This Article
അഫ്ഗാൻ തലസ്ഥാനം കാബൂളിൽ കഴിഞ്ഞദിവസം നടന്ന ഐഎസ് ചാവേർ സ്ഫോടനത്തിൽ താലിബാന്റെ ഒരു 'ഹൈപ്രൊഫൈൽ' നേതാവാണു കൊല്ലപ്പെട്ടത്...ഖലീൽ ഹഖാനി. അഫ്ഗാനിസ്ഥാന്റെ അഭയാർഥിവകുപ്പ് വിഭാഗം മന്ത്രി, താലിബാന്റെ പ്രധാന ഫണ്ട് റെയിസർമാരിലൊരാൾ. എന്നാൽ ഇതിനെല്ലാമപ്പുറം ഹഖാനി നെറ്റ്‌വർക്കിന്റെ ഉന്നതനേതാവ്,. അഫ്ഗാനിസ്ഥാനിൽ താലിബാനൊപ്പം അധികാരത്തിലുള്ള ഭീകരസംഘടനയാണ് ഹഖാനി നെറ്റ്‌വർക്ക്.
ഈ ശൃംഖലയുടെ തലവനായ സിറാജുദീൻ ഹഖാനി അഫ്ഗാന്റെ ആഭ്യന്തരമന്ത്രിയാണ്. തലയ്ക്ക് മൂന്നരക്കോടി യുഎസ് ഡോളർ പ്രഖ്യാപിക്കപ്പെട്ട ഭീകരനായ സിറാജുദീന്റെ അമ്മാവനാണ് ഖലീൽ. ഖലീലിനും 50 ലക്ഷം ഡോളർ യുഎസ് തലയ്ക്കു വിലയിട്ടിട്ടുണ്ട്. ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും അഫ്ഗാനിസ്ഥാനിൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുള്ള ഭീകരരാണ് ഹഖാനി നെറ്റ്‌വർക്ക്.
ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണം
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റുകൾ എന്നിവയിൽ ഹഖാനി നെറ്റ്‌വർക്ക് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ഭീകരസംഘടനയുടെ സ്ഥാപകനായ ജലാലുദീൻ ഹഖാനിയുടെ നേതൃത്വത്തിൽ 2008ൽ കാബൂളിലെ ഇന്ത്യൻ എംബസിയിൽ ഭീകരാക്രമണം നടത്തുകയും 58 പേർ കൊല്ലപ്പെടുകയും ചെയ്തു. അന്തരിച്ചവരിൽ രണ്ട് പേർ ഇന്ത്യൻ ഓഫിസർമാരായിരുന്നു. ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണമായിരുന്ന ഇതിന്റെ പദ്ധതി തയാറാക്കിയത് ജലാലുദീൻ ഹഖാനിയാണെന്നു പറയുന്നു.
2017ലും കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കപ്പെട്ടു. ഇത്തവണ മരിച്ചത് 17 പേരാണ്. ഇതിനെല്ലാം മുൻപ് ജലാലാബാദിൽ 2007ൽ ഇന്ത്യൻ കോൺസുലേറ്റുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. താലിബാന്‌റെ ഭാഗമായ ഗ്രൂപ്പുകളിൽ ഏറ്റവും അപകടകാരികളെന്നറിയപ്പെടുന്ന ഹഖാനി, കാർബോംബ് ആക്രമണം, ചാവേർ സ്‌ഫോടനം തുടങ്ങിയ രീതികളാണു ഭീകരകൃത്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്.
ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഉൾപ്പെടെയുള്ളവരെ ഇന്ത്യൻ ജയിലിൽ നിന്നു മോചിപ്പിക്കാനായി ഭീകരർ 1999ൽ ആസൂത്രണം ചെയ്ത ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചൽ നടക്കുന്ന സമയത്തും ഹഖാനിയുടെ പേര് ഉയർന്നു കേട്ടിരുന്നു. ആ വിമാനം അഫ്ഗാനിലെ കാണ്ഡഹാർ വിമാനത്താവളത്തിലെത്തുകയും അവിടെ യാത്രക്കാർ ബന്ദികളാകുകയും ചെയ്തിരുന്നു.
ഈ സമയത്ത് അഫ്ഗാൻ ഭരിച്ചിരുന്ന താലിബാൻ മന്ത്രിസഭയിൽ അംഗമായിരുന്നു ജലാലുദീൻ ഹഖാനി. 2018ൽ ഇയാൾ മരിച്ചു. തുടർന്നാണു മകനായ സിറാജുദീൻ അധികാരമേറ്റത്. എന്നാൽ 2022ൽ അഫ്ഗാനിസ്ഥാനെ നിലവിലെ അവസ്ഥയിൽ നിന്നു കരകയറ്റുന്നതിനും വികസനപ്രവർത്തനങ്ങൾ സാധ്യമാക്കാനും ഇന്ത്യൻ സഹായം ആവശ്യമാണെന്ന് സിറാജുദ്ദീൻ ഹഖാനി പറഞ്ഞിരുന്നു.സിറാജുദീന്റെ അനുജൻ അനസും ഹഖാനി നെറ്റ്വർക്കിനെ നയിക്കാനായി കൂടെയുണ്ട്.
സോവിയറ്റ് വിരുദ്ധ ആക്രമണങ്ങളിലൂടെ വളർന്ന ഗ്രൂപ്പ്
പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം ഹഖാനി നെറ്റ്വർക്കിനുണ്ട്. തെക്കുകിഴക്കൻ അഫ്ഗാനിലെ സാദ്രാൻ പഷ്തൂൺ ഗോത്രത്തിൽ നിന്നുള്ളവരാണ് ഹഖാനി കുടുംബം. എൺപതുകളിൽ സോവിയറ്റ് വിരുദ്ധ ആക്രമണങ്ങളിലൂടെ വളർന്ന ഈ ഗ്രൂപ്പ് പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു. ഐഎസ്‌ഐയുമായുള്ള ബന്ധം കാരണമാകാം, ഈ ഗ്രൂപ്പിന്‌റെ ഒട്ടേറെ തട്ടകങ്ങളും പരിശീലനസ്ഥലങ്ങളും പാക്കിസ്ഥാനിലെ വസീറിസ്ഥാനിലാണു സ്ഥിതി ചെയ്യുന്നതെന്ന് രാജ്യാന്തര ഇന്‌റലിജൻസ് വൃത്തങ്ങൾ വിവരം നൽകുന്നു.
താലിബാനുള്ളിൽ അൽ ഖ്വയ്ദയുടെ സ്വാധീനം വളർത്തിയതിനു ചുക്കാൻ പിടിച്ചത് ഹഖാനി നെറ്റ്വർക്കാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.അഫ്ഗാനു വെളിയിൽ നിന്നുള്ള ഭീകരരെ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ താലിബാനുള്ളിൽ നടപ്പാക്കിയതും ഇവരാണ്. 2001ൽ യുഎസിന്‌റെ അഫ്ഗാൻ യുദ്ധത്തിനു ശേഷം ഒസാമ ബിൻ ലാദൻ അടക്കമുള്ള അൽ ഖ്വയ്ദ നേതാക്കൾക്കു പാ്കിസ്ഥാനിലേക്കു രക്ഷപ്പെടാനും അവിടെ സുരക്ഷിത താവളങ്ങളിൽ ഒളിക്കാനും അവസരമൊരുങ്ങിയതിൽ ഹഖാനി നെറ്റ്വർക്കിനു നിർണായക പങ്കുണ്ടായിരുന്നു.