ഇനി ഹാര്‍ഡ് ഡിസ്ക് മറന്നേക്കൂ, 1TB യുഎസ്ബി ‘കുഞ്ഞൻ’ ഫ്ലാഷ് ഡ്രൈവ്, വിലയോ?

കൂടുതല്‍ ഡേറ്റ കൊണ്ടു നടക്കാന്‍ എക്‌സ്ടേണല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ വേണ്ടിയിരുന്ന കാലവും അവസാനിക്കുകയാണ്. 1ടിബി വരെ ഡേറ്റ ഒരു കുഞ്ഞു ഫ്ലാഷ് ഡ്രൈവില്‍ ഒതുക്കിയാണ് സാന്‍ഡിസ്‌ക് ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയ്ക്ക് എത്തിയത്.

നിര്‍മാണത്തിലിരിക്കുന്ന 1ടിബി യുഎസ്ബി ടൈപ്-സി ഫ്ലാഷ് ഡ്രൈവാണ് സാന്‍ഡിസ്‌ക് പരിചയപ്പെടുത്തിയത്. ഇത്രയും സംഭരണശേഷിയുള്ള ലോകത്തെ ഏറ്റവും ചെറിയ ഫ്ലാഷ് ഡ്രൈവ് ഇതാണെന്നാണ് സാന്‍ഡിസ്‌ക് അവകാശപ്പെടുന്നത്. ഇതോടൊപ്പം ലോകത്തെ ഏറ്റവും ചെറിയ 256 ജിബി അള്‍ട്രാ ഫിറ്റ് യുഎസ്ബി 3.1 ഫ്ലാഷ് ഡ്രൈവ് (Ultra Fit USB 3.1 Flash Drive) അവതരിപ്പിക്കുകയും ചെയ്തു.

അതിവേഗം ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുന്ന യുഎസ്ബി ടൈപ്-സി കൂടുതല്‍ കംപ്യൂട്ടറുകളിലേക്ക് എത്തുകയാണല്ലൊ. ഇത്തരം പോര്‍ട്ടുകളില്‍ സാന്‍ഡിസ്‌കിന്റെ മേല്‍പ്പറഞ്ഞ ഫ്ലാഷ് ഡ്രൈവുകള്‍ കുത്തുമ്പോള്‍ ഡേറ്റ നീക്കം അതിവേഗമാകും. പുതിയ മാക്കുകളിലും ചില പിസികളിലുമെല്ലാം ഇത്തരം പോര്‍ട്ടുകളുണ്ട്.

സാന്‍ഡിസ്‌കിന്റെ 1ടിബി ഡ്രൈവ് നിര്‍മാണത്തിലിരിക്കുന്നതെയുള്ളൂ. അതിനെ പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ കമ്പനി പുറത്തു വിട്ടില്ല. എന്നാല്‍, അധികം താമസിയാതെ അവ വിപണിയിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ വിലയും ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ല.

അതേസമയം, സാന്‍ഡിസ്‌ക് അവതരിപ്പിച്ച 256 ജിബി ഫ്ലാഷ് ഡ്രൈവിന് സാധാരണ യുഎസ്ബി 2.0 ഡ്രൈവുകളെക്കാള്‍ 15 ഇരട്ടി വേഗം ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനാകും. ഇതിന്റെ റീഡ് സ്പീഡ് 130 MBps ആണ്. ഇതില്‍ 10 മണിക്കൂർ വരെ കാണാന്‍ വേണ്ട ഫുള്‍എച്ഡി വിഡിയോ സേവ് ചെയ്യാം.

യുഎസ്ബി 3.1 സപ്പോര്‍ട്ടുള്ള 16ജിബി, 32ജിബി, 64ജിബി, 128ജിബി ഡ്രൈവുകളും കമ്പനി അവതരിപ്പിച്ചു. ഇവയുടെ ഏകദേശ വില ഇനി പറയുന്നു: 16ജിബി- 1,400 രൂപ, 32ജിബി-2,200 രൂപ, 64ജിബി-3,800 രൂപ, 128ജിബി-7600 രൂപ, 256ജിബി-9550 രൂപയാണ്. അതിവേഗം ഡേറ്റ കോപ്പി ചെയ്യേണ്ട യുഎസ്ബി 3.1 സപ്പോര്‍ട്ടുള്ള കംപ്യൂട്ടറുകളുള്ളവര്‍ക്ക് ഇവ ഒരു അനുഗ്രഹമായേക്കാം.

ഇവയോടൊപ്പം മൈ പാസ്‌പോര്‍ട്ട് വയര്‍ലെസ് എസ്എസ്ഡി (My Passport Wireless SSD), സാന്‍ഡിസ്‌ക് എക്‌സ്ട്രീം പോര്‍ട്ടബ്ള്‍ എസ്എസ്ഡി (SanDisk Extreme Portable SSD) എന്നീ രണ്ടു എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളും പുറത്തിറക്കി. ഇവ രണ്ടും ഹൈ റെസലൂഷന്‍ ഫോട്ടോകളും വിഡിയോയും ഫീല്‍ഡില്‍ വച്ചൊ, യാത്രയ്ക്കിടയിലൊ എഡിറ്റു ചെയ്യേണ്ടവരെ ലക്ഷ്യമാക്കി ഇറക്കിയിരിക്കുന്നവയാണ്.