പാണ്ഡ്യയുടെ കൈവശം കോടികളുടെ വാച്ചുകൾ, താരത്തിന് ഇതൊരു ഹോബി
സിഎൻബിസിടിവി18
സിഎൻബിസിടിവി18
സിഎൻബിസിടിവി18
ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആഡംബര വാച്ചുകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ്. ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള വാച്ചിന് 2.7 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. സിഎൻബിസിടിവി18 റിപ്പോർട്ട് അനുസരിച്ച് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് പാണ്ഡ്യ. 91 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
ആഡംബര ജീവിതം നയിക്കുന്ന പാണ്ഡ്യയുടെ കൈവശം വാച്ചുകളുടെ ഒരു ശേഖരം തന്നെയുണ്ട്. ആഡംബര വാച്ചുകൾക്ക് പുറമെ പാണ്ഡ്യയ്ക്ക് ബറോഡയിലും മുംബൈയിലും ആഡംബര വീടുകളും വാഹനങ്ങളും ഉണ്ട്.
∙ പടെക് ഫിലിപ്പ് നോട്ടിലസ് 18 കെ വൈറ്റ് ഗോൾഡ്, വില 2.7 കോടി
സീ ന്യൂസ് പറയുന്നതനുസരിച്ച്, പാണ്ഡ്യയ്ക്ക് മൂന്ന് പടെക് ഫിലിപ്പ് നോട്ടിലസ് ടൈംപീസുകൾ ഉണ്ടെന്നാണ്. ഇതിൽ ഏറ്റവും വിലകൂടിയത് 2.7 കോടി രൂപ വിലയുള്ള 18കെ വൈറ്റ് ഗോൾഡ് മോഡലാണ്. വാച്ചിന്റെ 18കെ ഗോൾഡ് ഡയൽ പ്ലേറ്റിൽ 255 വജ്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
∙ പടെക് ഫിലിപ്പ് നോട്ടിലസ് 5712R – വില 1.65 കോടി രൂപ
പാണ്ഡ്യയുടെ ശേഖരത്തിലെ മറ്റൊരു മോഡൽ വാച്ച് പടെക്ക് ഫിലിപ്പ് നോട്ടിലസ്, 5712R ന്റെ വില 1.65 കോടി രൂപയാണെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒറിജിനൽ മോഡലിൽ വജ്രമില്ലെങ്കിലും അമൂല്യമായ കല്ല് പാണ്ഡ്യയുടെ വാച്ചിൽ ഉൾപ്പെടുത്തുകയായിരുന്നു.
∙ പടെക് ഫിലിപ്പ് പ്ലാറ്റിനം നോട്ടിലസ് 5711 – വില 1.5 കോടി രൂപ
പടെക് ഫിലിപ്പ് നോട്ടിലസ് പ്ലാറ്റിനം 5711 വാച്ചും ഹാർദിക് പാണ്ഡ്യയുടെ പക്കലുണ്ട്. ഇതിൽ മരതകം - പച്ച കല്ലുകളുള്ള ബെസൽ സെറ്റ് ഉണ്ട്. വാച്ച് പൂർണ്ണമായും പ്ലാറ്റിനം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 1.5 കോടി രൂപയാണ് വില.
∙ റോളക്സ് ഓസ്റ്റർ പെർപെച്വൽ കോസ്മോഗ്രാഫ് ഡേടോണ - വില 1 കോടി രൂപ
റോളക്സ് ഓസ്റ്റർ പെർപെച്വൽ ഡേടോണ കോസ്മോഗ്രാഫ് ആണ് മറ്റൊരു വാച്ച്. 1963 ൽ പുറത്തിറങ്ങിയതാണ് ഇത്. ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച് പാണ്ഡ്യ ഈ വാച്ചിനായി ഒരു കോടി രൂപ ചെലവഴിച്ചു. ഇത് ഡ്രൈവർമാർക്ക് ശരാശരി വേഗം കണ്ടെത്താനും നഷ്ടപ്പെട്ട സമയം കണക്കാക്കാനും സഹായിക്കുന്നു. 36 ട്രപ്പീസ് കട്ട് വജ്രങ്ങൾ ഉൾപ്പെടെ മൊത്തത്തിൽ 243 വജ്രങ്ങളുള്ള 18കെ ഗോൾഡ് ഡയലിൽ നിർമിച്ചതാണ് ഈ വാച്ച്.
∙ ഓഡെമർസ് പിഗ്വെറ്റ് ഓക്ക് സെൽഫ് വിൻഡിങ് ക്രോണോഗ്രാഫ് റോസ് ഗോൾഡ് – വില 38 ലക്ഷം
ഹാർദിക് പാണ്ഡ്യയുടെ വാച്ച് ശേഖരത്തിലെ മറ്റൊരു ക്ലാസിക് ആണ് ഓഡെമർസ് പിഗ്വെറ്റ് ഓക്ക് സെൽഫ് വിൻഡിങ് ക്രോണോഗ്രാഫ് റോസ് ഗോൾഡ്. ഇതിന്റെ വില 38 ലക്ഷം രൂപയാണെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വാച്ചിൽ 18കെ യെല്ലോ ഗോൾഡ് ഇന്റഗ്രേറ്റഡ് ബ്രേസ്‌ലെറ്റ്, ടാപ്പിസെറി ഡയൽ, അഷ്ടഭുജാകൃതിയിലുള്ള ബെസെൽ എന്നിവയുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും വിലകൂടിയ വാച്ചുകൾ ശേഖരിക്കുന്നത് വർഷങ്ങളായുള്ള ഹോബിയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നല്ലൊരു വാച്ചും ഗാഡ്ജറ്റും എവിടെ കണ്ടാലും സഹോദരങ്ങള്‍ വാങ്ങാറുണ്ട്. വിലകൂടിയ വാച്ചുകൾ വിദേശത്തുനിന്നു നികുതി അടയ്ക്കാതെ കൊണ്ടുവന്നതിന്റെ പേരില്‍ ക്രുനാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞതും വലിയ വാർത്തയായിരുന്നു. ഒരു കോടിയിലധികം വിലവരുന്ന വാച്ചുകൾ നികുതി അടയ്ക്കാതെ കൊണ്ടുവന്നതാണ് പ്രശ്നമായത്.
പാവപ്പെട്ട കുടുംബത്തിൽ വളർന്ന പാണ്ഡ്യ സഹോദരൻമാർ ക്രിക്കറ്റിൽ എത്തിയതോടെയാണ് വിലകൂടിയ വാച്ചുകളുടെയും വാഹനങ്ങളുടെയും കളക്ഷൻ തുടങ്ങിയത്. രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ് ഇരുവരും.
English Summary: Expensive Watch Collection Of Gujarat Titans Skipper Hardik Pandya