തകർക്കാൻ കഴിയാത്ത ഡിസ്പ്ലേയുള്ള ഫോൺ എന്ന വിശേഷണവുമായി മോട്ടോറോള വിപണിയിലെത്തിച്ച 'മോട്ടോ എക്സ് ഫോഴ്സ്' വില കുത്തനെ കുറച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച മോട്ടോ എക്സ് ഫോഴ്സ് വില 49,999 രൂപയായിരുന്നു. പിന്നീട് ഹാൻഡ്സെറ്റിന്റെ (32ജിബി വേരിയന്റ്) വില 34,999 രൂപ വരെ എത്തിയിരുന്നു. എന്നാൽ ഇതേ ഹാൻഡ്സെറ്റ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 12,999 രൂപയ്ക്കാണ് വിൽക്കുന്നത്.
കേടുപാട് സംഭവിക്കാത്ത 5.4 ഇഞ്ച് ക്യൂഎച്ച്ഡി സ്ക്രീനോടെയാണ് ഈ ഫോൺ വിപണിയിലെത്തിയത്. വേരിസോണിനായി മോട്ടോറോള പുറത്തിറക്കിയ മോട്ടോ ഡ്രോയ്ഡ്-2 വിന്റെ ഗ്ലോബല്‍ വേരിയന്റായാണ് മോട്ടോ എക്സ് ഫോഴ്സ് അറിയപ്പെടുന്നത്. സവിശേഷതകൾ ഏറെയുണ്ടെങ്കിലും ഉയർന്ന വില ഈ ഫോണിനെ തുടക്കത്തിൽ സാധാരണക്കാർക്ക് അപ്ര്യാപ്യമാക്കുകയായിരുന്നു.
3 ജിബി എൽപിഡിഡിആർ 4 ജിബി റാമും 32 ജിബി ആന്തരിക സ്റ്റോറേജുമുള്ള ഫോണിന് ഇന്ത്യൻ 4 ജി ബാൻഡുകളെ പിന്തുണയ്ക്കാൻ ശേഷിയുണ്ട്. 32 ജിബി ആന്തരിക സ്റ്റോറേജ് വേരിയന്റിനൊപ്പം 64 ജിബിയുടെ മറ്റൊരു വേരിയന്റും മോട്ടോ എക്സ് ഫോഴ്സ് പുറത്തിറക്കിരുന്നു. 64 ജിബി വേരിന്റിന്റെ ഓഫർ വില 15,599 രൂപയാണ്. 32 ജിബി വേരിയന്റ് 49,999 രൂപയ്ക്കും 64 ജി ബി വേരിയന്റ് 53,999 രൂപയ്ക്കുമാണ് 2016 ഫെബ്രുവരിയിൽ മോട്ടോറോള വിപണിയിൽ എത്തിച്ചത്. ഇപ്പോൾ ഈ രണ്ടു മോഡലുകളും പരിമിതകാല ഓഫർ എന്ന നിലയിൽ വൻ വിലക്കുറവോടെ ഫ്ലിപ്കാർട്ടിലൂടെ വിൽക്കുകയാണ്.
പരിമിതകാല ഓഫർ എന്ന നിലയ്ക്കാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ 21 വരെയാണ് ഓഫർ വിൽപന. വിലക്കൂടുതൽ കാരണം ഈ സവിശേഷ ഫോൺ വാങ്ങാൻ മടിച്ച പലരും അവസരം മുതലാക്കുമെന്നു കരുതാം. നാലു വർഷം വരെയും പോറലുകളോ കേടുപാടുകളോ സംഭവിക്കാനിടയില്ലാത്ത സ്ക്രീൻ എന്ന് അവകാശപ്പെടുന്ന ഡിസ്‌പ്ലേ പിടിപ്പിച്ചെത്തിയ മോട്ടോ എക്സ് ഫോഴ്സിന്റെ ഡിസ്‌പ്ലേ 2560 x 1440 പിക്സൽ റെസല്യൂഷന്‍ നൽകുന്ന അമോലെഡ് നിർമ്മിതിയാണ്. 2 ജിഗാ ഹെട്സ് വേഗത നൽകുന്ന ഒക്ടാകോർ ക്വാൾകോം സ്നാപ്പ് ഡ്രാഗൺ 810 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. നാല് വഷത്തിനിടയ്ക്ക് സ്ക്രീൻ പൊട്ടിയാൽ മോട്ടോറോള സൗജന്യമായി മാറ്റിത്തരുമെന്നാണ് ഓഫർ.
32 ജിബി, 64 ജിബി എന്നീ രണ്ട് ആന്തരിക സ്റ്റോറേജ് വേരിയന്റുകളുടെയും സംഭരണശേഷി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2 ടിബി വരെയുയർത്താൻ സാധിക്കും. 2 ദിവസം വരെ ചാർജ് നിൽക്കുന്ന 3760 എംഎഎച്ച് ബാറ്ററിയുള്ള ഈ ഫോണിന് f/2.0 അപേർച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്, ഫേസ് ഡിറ്റക്ഷൻ ആട്ടോഫോക്കസ് (പിഡിഎഎഫ്), ഇരട്ട എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതകളോട് കൂടിയ 21 മെഗാപിക്സൽ പ്രധാനക്യാമറയും, f/2.0 അപേർച്ചർ നല്‍കുന്ന 5 മെഗാ പിക്സൽ സെൽഫി ഷൂട്ടറുമുണ്ട്.
സിൽവർ, ഗ്രേ, വൈറ്റ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന മോട്ടോ എക്സ് ഫോഴ്സ് ആൻഡ്രോയ്ഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ഫോൺ ഒരൊറ്റ സിം മാത്രമേ സപ്പോർട്ട് ചെയ്യുന്നുള്ളൂവെന്നതും ഫിംഗർപ്രിന്റ് സ്കാനർ ഇല്ലെന്നതും പോരായ്മകളാണ്. നാനോ സിം ഉപയോഗിക്കാവുന്ന ഈ ഫോണിൽ 3ജി, വൈ-ഫൈ, എൻ .എഫ്.സി. ഇൻഫ്രാറെഡ്, ബ്ലൂടൂത്ത് 4.1, ജി.പി.എസ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.