നോക്കിയ 10 ഒരു സംഭവമായിരിക്കും, എല്ലാം കൊണ്ടും; വേറിട്ട അനുഭവമാകും ക്യാമറ

നോക്കിയ 10 പെന്റാ എന്നു പേരിട്ട അടുത്ത വര്‍ഷത്തെ (അല്ലെങ്കില്‍ ഈ വര്‍ഷം അവസാനം) പുറത്തിറക്കിയേക്കാവുന്ന ഫോണിന് നാളിതുവരെ ആപ്പിളോ മറ്റാരെങ്കിലുമോ വിഭാവനം ചെയ്യാത്ത രീതിയില്‍ സവിശേഷമായി ക്രമീകരിച്ച അഞ്ച് ക്യാമറകളുമായി ആയിരിക്കും നോക്കിയ ഇറക്കുകയെന്ന് പുറത്തു വന്ന ചിത്രങ്ങളും പേറ്റന്റും സൂചിപ്പിക്കുന്നു. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ നോക്കിയ ഇറക്കുന്ന ക്യാമറാ സെറ്റ്-അപ് പല രീതിയിലും ഇത് അനന്യമാമായിരിക്കും.

ലെന്‍സ് നിര്‍മാണത്തിലെ അഗ്രഗണ്യരായ സൈസുമായി (Zeiss) ചേര്‍ന്നാണ് നോക്കിയ ഈ ക്യാമറ പുറത്തിറക്കുന്നത്. ഒപ്പം കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ പുതിയ തലവും സവിശേഷമായ രീതിയില്‍ ക്യാമറാ മൊഡ്യൂളുകളുടെ ക്രമീകരണവും യാഥാര്‍ഥ്യമാണെങ്കില്‍ നിലവിലുള്ള എതിരാളികളെ 'പുകച്ചു കളയാനുള്ള' സാമര്‍ഥ്യം കണ്ടേക്കാവുന്ന ക്യാമറയായിരിക്കാം നോക്കിയ പുറത്തെത്തിക്കുക.

നടുക്കു പ്രധാന ക്യാമറയും ചുറ്റും വൃത്താകൃതിയിലുള്ള ഡയലില്‍ സജ്ജീകരിച്ച നാലു ക്യാമറകളുമാണ് നോക്കിയ പരീക്ഷിക്കുന്ന പുതിയ സെറ്റ്-അപ്. മറ്റു ക്യാമറകള്‍ ഉപയോക്താവിന്റെ ആവശ്യത്തിനു മാത്രം പുറത്തെത്തിക്കാവുന്നതും അല്ലാത്ത സമയത്ത് പുറത്തു കാണാനാവാത്ത രീതിയിലുമായിരിക്കാം ഇതു നിര്‍മിക്കുന്നതെന്നും അഭ്യൂഹം ഉണ്ട്.

നോക്കിയയുടെ ക്യാമറകള്‍ക്ക് പല ഫോക്കല്‍ ലെങ്തുകള്‍ ആയിരിക്കാം. കൂടാതെ ക്യാമറകള്‍ പിടിപ്പിച്ചിരിക്കുന്ന ഡയല്‍ കറക്കാം എന്നാണ് കേള്‍ക്കുന്നത്. നോക്കിയ കൊണ്ടുവരുന്ന ഏറ്റവും വലിയ പുതുമയും ഈ ക്രമീകരണം ആയിരിക്കും. മറ്റാരും ഈ വഴിക്ക് ചിന്തിച്ചിട്ടില്ലെന്നത് നോക്കിയയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായിരിക്കാം. തിരിക്കുമ്പോള്‍ ആവശ്യാനുസരണം ലെന്‍സുകളുടെ സേവനം ഉപയോക്താവിന് ലഭ്യമാക്കും. എല്ലാ ലെന്‍സുകളും ഒരേസമയം പ്രവര്‍ത്തിപ്പിക്കാനാകുമോ ഏതു നിര്‍മാതാവിന്റെ മൊഡ്യൂളുകളാണ് തങ്ങളുടെ ക്യാമറാ നിര്‍മാണത്തിന് കമ്പനി സ്വീകരിക്കുക തുടങ്ങിയവയെല്ലാം ക്യാമറയുടെ മികവു നിര്‍ണ്ണയിക്കുന്ന അന്തിമ ഘടകങ്ങളായിരിക്കും. 

ഈ ക്യാമറാ സെറ്റ്-അപ്പിനു താഴെയായി ഫിങ്ഗര്‍പ്രിന്റ് സ്‌കാനറും പിടിപ്പിച്ചിരിക്കുന്നതായാണ് പുറത്തെത്തിയ ഡയഗ്രം കാണിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ ഇപ്പോഴത്തെ കമ്പമായ ബെസൽ–ലെസ് 18:9 ഡിസ്‌പ്ലെ ആയിരിക്കും ഫോണിനുണ്ടാകുക. സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറായിരിക്കാം ഫോണിനെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷം തന്നെ ഫോണ്‍ വിപണിയിലെത്തുമെന്ന അഭ്യൂഹം ബലപ്പെടുന്നു. 

ജര്‍മ്മനിയില്‍ ഫയല്‍ ചെയ്ത പേറ്റന്റ് അപേക്ഷയിലും കൂടുതല്‍ ലെന്‍സുകളുമായുള്ള അവരുടെ വേറിട്ട ക്യാമറാ നിര്‍മിതി നോക്കിയ എടുത്തു പറയുന്നുണ്ട്. നടുക്കുള്ള ലെന്‍സിന് ഫിക്‌സ്ഡ് ഫോക്കല്‍ ലെങ്താണെന്നാണ് പേറ്റന്റ് പറയുന്നത്. ഇത്തരം ക്യാമറകളുടെ മാതാവ് ലൈറ്റ് L16 ആണെന്ന് അറിയാമല്ലൊ. ഈ വര്‍ഷം വാവെയും ആപ്പിളും മൂന്നു ക്യാമറാ സെറ്റ്-അപ് പരീക്ഷിച്ചേക്കാമെന്നും കേട്ടുകേള്‍വികളുണ്ട്.