sections
MORE

ഐഫോണുകള്‍ക്ക് ഇതിലും വലിയ ദുരന്തം വരാനില്ല; പ്രശ്‌നം ഗുരുതരമെന്നു ആപ്പിള്‍

tim-cook-iphone7
SHARE

അടിയന്തര ശ്രദ്ധ വേണ്ട രണ്ടു കാര്യങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച ഫോണ്‍ നിര്‍മാതാവെന്ന ഖ്യാതിയുള്ള ആപ്പിളിനെ ഇപ്പോള്‍ ഉലയ്ക്കുന്നുണ്ട്. ഐഒഎസ് 12ന്റെ പണിപ്പുരയിലേക്ക് ശ്രദ്ധ തിരിച്ചു നില്‍ക്കുന്ന സമയത്താണ് പുതിയ പ്രശ്‌നങ്ങള്‍ ഐഫോണുകളെ ബാധിക്കുന്നത്. ആപ്പിളിന്റെ രണ്ട് ഐഫോണ്‍ മോഡലുകള്‍ക്ക് ഫോണുകളുടെ ഏറ്റവും പ്രാഥമികമായ കടമ നിര്‍വ്വഹിക്കാനാകുന്നില്ല എന്നതാണ് ആപ്പിളിനെ അലട്ടുന്ന വലിയ പ്രശ്‌നം. 

പ്രശ്‌നം 1: ഐഫോണ്‍ 7 ല്‍ കോള്‍ ലഭ്യമല്ലാതാകുന്നു

തുടരെ ഉയര്‍ന്ന പരാതികള്‍ക്കൊടുവില്‍ ആപ്പിള്‍ സമ്മതിച്ചു https://tinyurl.com/y9bqq87w തങ്ങളുടെ ഐഫോണ്‍ 7 മോഡലിന് പ്രശ്‌നം ഉണ്ടെന്ന്. ചെറിയ രീതിയിലെ ബാധിച്ചിട്ടുള്ളു എന്നാണ് കമ്പനി പറയുന്നതെങ്കിലും ഇത് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് ടെക് അവലോകര്‍ വിലയിരുത്തുന്നത്. ചില ഐഫോണ്‍ 7 മോഡലുകളില്‍ സിഗ്നല്‍ ലഭ്യമാണെങ്കിലും 'No Service' എന്ന് എഴുതിക്കാണിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് അവരുടെ ഫോറത്തില്‍ എഴുതിയ ഉപയോക്താക്കളുടെ പരാതി അവസാനം ആപ്പിള്‍ ശരിവയ്ക്കുകയായിരുന്നു. ഈ ഫോണുകളുടെ പ്രധാന ലോജിക് ബോര്‍ഡിലെ ഒരു കമ്പോണന്റ് പ്രശ്നം സൃഷ്ടിക്കുന്നുവെന്നാണ് ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാകട്ടെ ഗുരുതരമായ ഒരു പ്രശ്‌നമാണു താനും.

പ്രശ്‌നബാധിത ഫോണുകള്‍ ആറുമാസക്കാലം ആപ്പിള്‍ നിര്‍മിച്ചു വിതരണം ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവയാകട്ടെ, ചൈന, ഹോങ്കോങ്, ജപ്പാന്‍, മകാവോ, അമേരിക്ക എന്നിവടങ്ങളിലുള്ള നിര്‍മാണ കേന്ദ്രങ്ങളിലെല്ലാം നിര്‍മിച്ചവയാണ്. ഫോണുകളുടെ പിന്നില്‍ പ്രിന്റു ചെയ്തിരിക്കുന്ന പ്രൊഡക്‌ഷന്‍ നമ്പറുകളില്‍ നിന്ന് ഇവയെ തിരിച്ചറിയാം. കുഴപ്പത്തിലായ മോഡല്‍ നമ്പറുകള്‍ ഇവയാണ്- A1660, A1780, A1779.

iphone-7

ഇത്തരം ഫോണുകള്‍ക്ക് മാര്‍ച്ച് തീരുന്നതിനു മുൻപ് അപേക്ഷിച്ചാല്‍ ഫ്രീ സര്‍വീസ് നല്‍കുമെന്നണ് കമ്പനി പറയുന്നത്. 

പ്രശ്‌നം 2: ഐഫോണ്‍ Xല്‍ കോള്‍ അറ്റെന്‍ഡ് ചെയ്യാനാകുന്നില്ല

രണ്ടാമത്തെ പ്രശ്‌നം നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടതാണ്. നൂറുകണക്കിന് ഉപഭോക്താക്കളാണ് ആപ്പിളിന്റെ ഫോറങ്ങളില്‍ തങ്ങളുടെ, 'പോക്കറ്റ് സൂപ്പര്‍ കംപ്യൂട്ടര്‍' എന്നറിയപ്പെടുന്ന ഐഫോണ്‍ X ന് കോളുകള്‍ എടുക്കാനാകുന്നില്ലെന്നു വിലപിക്കുന്നത്. പത്തു ഡോളറിന്റെ ഫോണില്‍ പോലും (എന്തിന്, 349 രൂപയടെ ഡെറ്റല്‍ ഫോണില്‍ പോലും) വരുന്ന കോള്‍ എടുക്കാനാകുന്നുണ്ടല്ലൊ എന്നാണ് അവര്‍ ചോദിക്കുന്നത്. പ്രശ്‌നമുള്ള ഐഫോണ്‍ Xകളില്‍ ഫോണ്‍ റിങ് ചെയ്തു തുടങ്ങി 10 സെക്കന്‍ഡ് നേരത്തേക്കു വരെ ഫോണ്‍ അറ്റെന്‍ഡ് ചെയ്യാന്‍ സാധിക്കില്ല. ടച്‌സ്‌ക്രീന്‍ പ്രതികരിക്കാത്തതാണ് പ്രശ്‌നം. ഈ പ്രശ്‌നം ആപ്പിള്‍ ഇപ്പോഴും 'പഠിച്ചു കൊണ്ടിരിക്കുകയാണ്'. 

iPhone-X

ഇതിനിടെ ഐഫോണ്‍ Xന്റെ മുന്‍ക്യാമറയില്‍ വെളിച്ചം കുറഞ്ഞ സമയത്ത് എടുക്കുന്ന ചിത്രങ്ങള്‍ സാധാരണ ഫോണുകളുടേതിനെക്കാള്‍ അവ്യക്തമാണെന്ന് ചില ഉപയോക്താക്കാള്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള കുറച്ചു പ്രശ്‌നങ്ങള്‍ ഐഒഎസ് 11.2.6 ലൂടെ ആപ്പിള്‍ പരിഹരിച്ചേക്കുമെന്നാണ് അവലോകകര്‍ കരുതുന്നത്. 

അതെ, പുതിയ തമാശ ഇതാണ്- ഐഫോണുകള്‍ ഫോണുകളല്ലാതാകുന്നു! പുതിയ മൂന്നു ഐഫോണുകളുടെ പണിപ്പുരയിലാണ് ആപ്പിള്‍. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി നിര്‍മിച്ചില്ലെങ്കില്‍ അന്ധമായ ആപ്പിള്‍ ആരാധന കൊണ്ടു നടക്കുന്നവരല്ലാതെ ആരെങ്കിലും കൂടെ നില്‍ക്കുമോ എന്നു കണ്ടറിയണമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA