ഇന്ത്യയിലെ സ്മാർട് ഫോൺ വിപണി ചൈനീസ് കമ്പനികൾ ഒന്നടങ്കം പിടിച്ചടക്കിയിരിക്കുകയാണ്. ഷവോമി, വാവെയ്, വീവോ, ഒപ്പോ, വൺ പ്ലസ് തുടങ്ങി കമ്പനികളാണ് ഇന്ത്യൻ വിപണിയെ നിയന്ത്രിക്കുന്നത്. ഇതിനൊരു മാറ്റം ലക്ഷ്യമിട്ട് ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് മൈക്രോമാക്സ് പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിച്ചു.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ മൈക്രോമാക്സ് അവതരിപ്പിച്ച ഭാരത് 5 പ്രോ ഹാൻഡ്സെറ്റ് ഉപഭോക്താക്കളുടെ പ്രിയ ഫോണാകുമെന്നാണ് കരുതുന്നത്. ഷവോമിയുടെ റെഡ്മി 5 അവതരിപ്പിച്ച ദിവസം തന്നെയാണ് മൈക്രോമാക്സ് ഫോണും പുറത്തിറങ്ങിയിരിക്കുന്നത്.
ഈ ഫോണിന്റെ ഏറ്റവും വലിയ ഫീച്ചർ 5,000 എംഎഎച്ച് ബാറ്ററിയാണ്. ശരിക്കുമൊരു ചെറിയ പവർ ബാങ്കായി തന്നെ ഉപയോഗിക്കാം. മൂന്നു ആഴ്ചയാണ് സ്റ്റാൻഡ്ബൈ സമയം. ഫെയ്സ് അൺലോക്ക്, സെൽഫി ക്യാമറ എൽഇഡി ഫ്ലാഷ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ. മൈക്രോമാക്സ് ഭാരത് 5 പ്രോയുടെ (3ജിബി റാം, 32 ജിബി സ്റ്റോറേജ്) വില 7,999 രൂപയാണ്. റെഡ്മി 5 നും ഇതേ വിലയാണ്. എന്നാൽ ഷവോമി റെഡ്മി 5 ന്റെ റാം 2ജിബിയും സ്റ്റോറേജ് 16 ജിബിയുമാണ്.
ഇരട്ട സിം ഉപയോഗിക്കാവുന്ന ഭാരത് 5 പ്രോയിൽ ആൻഡ്രോയ്ഡ് നൗഗട്ടാണ് ഓപ്പറേറ്റിങ് സിസ്റ്റം. 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 1.3GHz ക്വാഡ് കോർ പ്രോസസർ, 13 മെഗാപിക്സൽ റിയർ ക്യാമറ, അഞ്ചു മെഗാപിക്സൽ സെൽഫി ക്യാമറ, രണ്ടു ക്യാമറയ്ക്കും എൽഇഡി ഫ്ലാഷ് ഉപയോഗിക്കാം.