വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റവുമായി ഐഫോണ്‍ ഇറങ്ങുമെന്നു പറഞ്ഞാല്‍ ആപ്പിള്‍ ബ്രാൻഡിന്റെ ആരാധകര്‍ ചിരിച്ചു മരിച്ചേക്കും. ഒന്നാമത് മൈക്രോസോഫ്റ്റ് തന്നെ വിന്‍ഡോസ് 10 ന്റെ കടപൂട്ടി താക്കോലുമായി പോയിട്ട് നാളു കുറെ ആയി. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് വല്ലപ്പോഴും അയയ്ക്കുന്ന സുരക്ഷാ പാച്ചുകള്‍ മാത്രമാണ് മൈക്രോസോഫ്റ്റ് പോലും ഇറക്കുന്നത്. രണ്ടാമത്, ഒരിക്കലും ഐഒഎസിനോ, ആന്‍ഡ്രോയിഡിനോ ഒരു വെല്ലുവിളിയും ഉയര്‍ത്താതെ ആയുധം വച്ചു കീഴടങ്ങിയതാണ് വിന്‍ഡോസ് 10 മൊബൈല്‍. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഐഒഎസിനു പകരമായി കൊണ്ടുവന്നേക്കാമെന്നു സങ്കല്‍പ്പിക്കുന്നതു തന്നെ ഉറച്ച ആപ്പിള്‍ വിശ്വാസികള്‍ക്ക് ദൈവനിന്ദയ്ക്കു സമമായിരിക്കും.
പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു കാര്യം പറയുന്നതു തന്നെ? പുറത്തു വന്നിരിക്കുന്ന വന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഒരു ഐഫോണ്‍ 6sന്റെ ചിത്രങ്ങളാണ് അങ്ങനെയൊരു സാധ്യതയുണ്ടോ എന്നതിനെ പറ്റി ചിന്തിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്.
ഈ ഫോണില്‍ കാണുന്നത് വിന്‍ഡോസ് 10ന്റെ അല്‍പ്പം പരിഷ്‌കരിച്ച പതിപ്പുമാണ്. അതാകട്ടെ പൂര്‍ണ്ണമായും മൈക്രോസോഫ്റ്റ് വിഭാവനം ചെയ്ത രീതിയിലുമല്ല. വിന്‍ഡോസ് 10 ആപ്പുകളെ കാണാനുള്ളു. ഐഒഎസ് ആപ്പുകളുടെ സൂചന പോലുമില്ല. ഈ ഫോണും മറ്റുമൊക്കെ പൂര്‍ണ്ണമായും വ്യാജമാകാനുള്ള സാധ്യതയാണുള്ളത്. ഏതോ ഹാക്കര്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം ഐഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു വിജയിച്ചതിന്റെ സൂചനയുമാകാം ഇത്.
എന്നാല്‍, 'അമ്മയെ തല്ലിയാലും രണ്ടു പക്ഷം' എന്നു പറയുന്നതു പോലെ ഒരു ചെറിയ കൂട്ടം ടെക് പ്രേമികള്‍ ഈ ഫോണിന്റെ വരവില്‍ ചില സാധ്യതകള്‍ കൂടെയുണ്ടെന്ന് ഊഹിക്കുന്നു. പ്രധാനമായും അടുത്ത കാലത്ത് ഐഒഎസിനെതിരെ നടത്തുന്ന ആക്രമണങ്ങളാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒരുകാലത്ത് ഒരിക്കലും ഹാക്ക് ചെയ്യപ്പെടില്ലാ എന്ന് അഭിമാനിച്ചിരുന്ന ഐഫോണില്‍ ഇപ്പോള്‍ നുഴഞ്ഞു കയറ്റം സാധ്യമാണെന്നു വന്നിരിക്കുന്നു. എന്നാല്‍, ജനസമ്മതി കുറവായിരുന്നുവെങ്കിലും വിന്‍ഡോസ് 10 ആരും തകര്‍ത്തിട്ടില്ല. ഒരു പക്ഷേ, ആപ്പിള്‍ മൈക്രോസോഫ്റ്റിന്റെ ഒഎസ് ഐഫോണിനായി പരിഗണിച്ചിട്ടുണ്ടാകാമെന്നാണ് ഇവര്‍ പറയുന്നത്.
പക്ഷേ, അതിനു സാധ്യത തീരെയില്ല. ഐഒഎസിനായി നിര്‍മിച്ച ആപ്പുകളില്‍ ഒന്നു പോലും വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഓടില്ല. മാത്രമല്ല, എല്ലാ ഓപ്പറേറ്റിങ് സിസ്റ്റവും ഹാക്കു ചെയ്യപ്പെടാം. അപ്പോള്‍ പിന്നെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഇട്ടോടി ചെല്ലുമ്പോള്‍ അതും ഹാക്കു ചെയ്താല്‍ പിന്നെ എന്തു ചെയ്യും? ആന്‍ഡ്രോയിഡിനെ ആശ്രയിക്കുമോ?