മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ വാവെയ് പുതിയ രണ്ടു ഹാൻഡ്സെറ്റുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യാന്തര വിപണിയിൽ പി20, പി20 പ്രോ മോഡലുകളാണ് ഇറക്കിയതെങ്കിൽ ഇന്ത്യയുടെ മനസ്സറിഞ്ഞ് വിലകൂടി പി20 പ്രോയും വില കുറഞ്ഞ പി20 ലൈറ്റുമാണ് അവതരിപ്പിച്ചത്. ഡൽഹിൽ നടന്ന ചടങ്ങിലാണ് രണ്ടു ഹാൻഡ്സെറ്റുകളും പുറത്തിറക്കിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന പി20 സിരീസ് ഹാൻഡ്സെറ്റുകൾ ആമസോൺ ഇന്ത്യ വഴിയാണ് വിൽക്കുക. പി20 യ്ക്ക് മൂന്നു ക്യാമറയും പി20 ലൈറ്റിന് ഇരട്ട ക്യാമറകളുമാണ് ഉള്ളത്. ഫുൾവ്യൂ ഡിസ്പ്ലെ, ആൻഡ്രോയ്ഡ് ഒറിയോ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഐഫോൺ8, ഗ്യാലക്സി എസ്9 എന്നിവയോടു മൽസരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പി20 പ്രോ. എന്നാൽ ഒപ്പോ എഫ്5, വിവോ വി9 എന്നിവയോടു കിടപിടിക്കുന്നതാണ് പി20 ലൈറ്റ്.
പി20 പ്രോയുടെ ഇന്ത്യയിലെ വില 64,999 രൂപയും പി20 ലൈറ്റിന്റെ വില 19,999 രൂപയുമാണ്. രണ്ടു ഫോണുകളും മേയ് മൂന്നു മുതൽ ആമസോൺ ഇന്ത്യ വഴി വാങ്ങാം. ഇതോടൊപ്പം വൻ ഓഫറുകളും പ്രതീക്ഷിക്കാം. പി20 പ്രോ വേരിയന്റുകൾ ഗ്രാഫൈറ്റ് ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളിൽ ലഭിക്കും.
മികച്ച ഡിസൈനും ഞെട്ടിപ്പിക്കുന്ന ക്യാമറ പ്രകടനവും ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. സാംസങ് ഗ്യാലക്‌സി S9 പ്ലസ് ആയിരുന്നു ഇത്രയും കാലം ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റായി പറഞ്ഞിരുന്നതെങ്കില്‍ വാവെയ് P20 സിരീസ് ഫോണുകൾ ആ ബഹുമതി ഏറ്റെടുത്തേക്കുമെന്നാണ് ആദ്യ സൂചനകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവും മൂന്നു പിന്‍ ക്യാമറകളുടെയും മികച്ച സെല്‍ഫി ക്യാമറയുടെയും ധാരാളം സെന്‍സറുകളുടെയും സാന്നിധ്യത്തോടെ ഇറങ്ങിയിരിക്കുന്ന ഈ ഫോണ്‍ മികവിന്റെ പര്യായം തന്നെയാണ്. വാവെയ് സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണം ഏറ്റവും ഗൗരവത്തോടെ എടുക്കുന്ന കമ്പനിയായി തീര്‍ന്നിരിക്കുന്നുവെന്നും പറയണം.
ഐഫോണ്‍ Xല്‍ നിന്നു കടമെടുത്ത പല കാര്യങ്ങളും ഡിസൈനില്‍ കാണാമെങ്കിലും ക്യാമറ നിര്‍മാണത്തില്‍ ആപ്പിളിനെയും മറ്റു നിര്‍മാതാക്കളെയും വാവെയ് കടത്തിവെട്ടി മുന്നേറുന്നതു സുവ്യക്തമായി കാണാം.
P20 പ്രോ
6.1-ഇഞ്ച് വലുപ്പമുള്ള അത്യാധുനിക ഓലെഡ് സ്‌ക്രീനാണ് ഇതിന്റെ ഡിസ്‌പ്ലെ. ഐഫോണ്‍ Xന്റെ രീതിയില്‍ നോച് കാണാം. ഇതിലാണ് സെല്‍ഫി ക്യാമറയ്ക്ക് ഇടം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നോച് ഹൈഡ് ചെയ്യാനും ഓപ്ഷനുണ്ടെന്നതും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു. 4,000 mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. വാവെയ്‌യുടെ നിര്‍മാണ മികവ് എടുത്തു പറയേണ്ടതാണെങ്കിലും സ്വന്തം ശൈലി, ഒരു വാവെയ് സ്പര്‍ശം, കൊണ്ടുവരാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. സ്‌ക്രീന്‍ വലുപ്പമുണ്ടെങ്കിലും ചെറിയ കൈകളുള്ളവര്‍ക്കും ഉപയോഗിക്കാം. ബെസൽലെസ് നിര്‍മാണം ഫോണ്‍ ചെറുതായി നിലനിര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. 2,240 x 1,080 റെസലൂഷനുള്ള സ്‌ക്രീനിന് 18.7:9 അനുപാതമാണുള്ളത്.
P20 പ്രോയ്ക്ക് IP67 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ഉണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ മുന്‍വശത്താണ്. പി20 പ്രോ, പി20 ലൈറ്റ് മോഡലുകൾ വാവെയ്‌യുടെ സ്വന്തം കിരിന്‍ 970 പ്രൊസസറിലാണ് ഓടുന്നത്. ന്യൂറല്‍ പ്രൊസസിങ് ശക്തിയുമുണ്ട് ഈ ചിപ്പിന്. മുന്‍ ക്യാമറയ്ക്ക് ഫെയ്‌സ് അണ്‍ലോക് ഫീച്ചര്‍ ഉണ്ട്. അര സെക്കന്‍ഡ് മതി ഫോണ്‍ തുറക്കാന്‍.
എന്നാല്‍, ഫോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് പിന്നിലുള്ള മൂന്നു ക്യാമറകളിലാണെന്നു പറയേണ്ടിവരും. അത്രയ്ക്കു ശക്തമാണ് അവ. 24 എംപി സെല്‍ഫി ക്യാമറയും വിശദാംശങ്ങള്‍ ഒപ്പിയെടുക്കുന്നതില്‍ മികവു കാണിക്കുന്നു. ഫോക്കസിങ്ങിനായി ഒരു ലെയ്‌സര്‍ ട്രാന്‍സ്‌റിസീവര്‍, വൈറ്റ് ബാലന്‍സ് കൃത്യതയ്ക്കായി കളര്‍ ടെപെറചര്‍ സെന്‍സര്‍ തുടങ്ങിയവയും ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റ് ബലപ്പെടുത്തുന്നു.
നാലു തരം ഫോക്കസിങ് രീതികളാണ് ക്യാമറയ്ക്കുള്ളത്. ലെയ്‌സര്‍, ഫെയ്‌സ് ഡിറ്റക്ഷന്‍, ഡെപ്ത് ആന്‍ഡ് കോണ്‍ട്രാസ്റ്റ് ഡിറ്റക്ഷന്‍ എന്നിവയാണ് അവ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവിലുള്ള പ്രെഡിക്ടീവ് ഫോക്കസ് ആണ് അടുത്തത്. ഇത് ഫ്രെയ്മില്‍ ചലിക്കുന്ന വസ്തുക്കളുണ്ടോ എന്നു നോക്കും. ഉദാഹരണത്തിന് ഒരു കുട്ടി ഓടുന്നു. ഓട്ടത്തിന് അനുസരിച്ച് ഫോക്കസ് കൃത്യത ഉറപ്പാക്കും. പരമാവധി ISO 102,400 ആണ് മറ്റൊരു മികച്ച ക്യാമറ ഫീച്ചര്‍. സാധാരണ സ്മാര്‍ട് ഫോണുകളില്‍ പരമാവധി ISO 6400 ആണ് കിട്ടുക.
തങ്ങളുടേതാണ് ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറ എന്നാണ് വാവെയ് പറയുന്നത്. ഏറ്റവും ബുദ്ധിയുള്ളതും അവയ്ക്കാണെന്നും അവര്‍ പറയുന്നു. നിങ്ങള്‍ വലിയ ഫൊട്ടോഗ്രഫറാണെന്നു ഭാവിക്കുന്നയാളാണെങ്കില്‍ നിങ്ങള്‍ക്കായി എന്തും ക്രമീകരിക്കാവുന്ന പ്രോ മോഡ് ഉണ്ട്. അതല്ല, നല്ല പടം കിട്ടിയാല്‍ മതിയെന്നാണെങ്കില്‍ വാവെയ്‌യുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കാര്യങ്ങള്‍ വിട്ടു കൊടുത്തേക്കുക. നല്ല ഫോട്ടോ എടുത്തു തരും.
പ്രൊഫഷണല്‍ ഫൊട്ടോഗ്രഫര്‍മാരുടെ അഭിപ്രായം ഉള്‍ക്കൊളളിച്ചാണ് തങ്ങള്‍ ക്യാമറ നിര്‍മിച്ചതെന്ന് വാവെയ് പറയുന്നു.
വാവെയ് P20 പ്രോ ശരിക്കും ഇപ്പോഴുള്ള ഏതു ഫോണിനോടും കിടപിടിക്കാവുന്ന പ്രകടനക്കരുത്തുളള ഫോണ്‍ ആണ്. കഴിഞ്ഞ മാസം സാംസങ് ഗ്യാലക്‌സി S9 പ്ലസ് ഇറക്കിയപ്പോള്‍ സാംസങ്ങിന്റെ പരസ്യ വാചകം ക്യാമറ റീ ഇമാജിന്‍ഡ് എന്നായിരുന്നു. എന്നാല്‍, ശരിക്കും ക്യാമറ പുനഃവിഭാവനം ചെയ്തതിന് സാംസങ് ആ വാചകം വാവെയ്ക്കു നല്‍കി ആയുധം വച്ചു കീഴടങ്ങി ബഹുമാനം പ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടത്. വാവെയ് ലോകത്തെ രണ്ടാമത്തെ നല്ല ഫോണ്‍ നിര്‍മാതാവായി മാറുന്നുവെന്നു വേണം പറയാന്‍. ഡിസൈനില്‍ ധാരാളമായി ആപ്പിളിനെ അനുകരിച്ചിരിക്കുന്നതും കാണാം.
P20 പ്രോ: ചില പ്രധാന മികവുകള്‍
∙ ലോകത്ത് ആദ്യമായി മൂന്നു പിന്‍ ക്യാമറകളുമായി എത്തുന്ന ഫോണ്‍.
∙ 40MP+20MP പ്രധാന ക്യാമറ ഞെട്ടിപ്പിക്കുന്ന റിസള്‍ട്ട് തരുന്നു ഒപ്പം 8MP ടെലി ക്യാമറയും ഉണ്ട്.
∙ ഡ്യൂവല്‍ സിം സപ്പോര്‍ട്ടു ചെയ്യുന്ന ഫോണിന് ഡ്യൂവല്‍ 4ജി+ഡ്യൂവല്‍ വോള്‍ട്ടി സപ്പോര്‍ട്ട് ഉണ്ട്.
∙ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനൊപ്പം ഗൂഗിളിന്റെ AR കോര്‍ പ്ലാറ്റ്‌ഫോമും സപ്പോര്‍ട്ടു ചെയ്യുന്നു. (ഒരു പക്ഷേ, ലോകത്തെ, ഇപ്പോഴത്തെ ഏറ്റവും ബുദ്ധിയുള്ള ഫോണ്‍ ഇതായിരിക്കും.)
∙ 4D പ്രെഡിക്ടീവ് ഫോക്കസ്, ലേശം പോലും ഷട്ടര്‍ ലാഗ് ഇല്ല.
∙ ഡോള്‍ബി അറ്റ്‌മോസ് ശാക്തീകരിച്ച, സ്റ്റീരിയോ സ്പീക്കറുകള്‍
∙ 6ജിബി റാം, 128 ജിബി സ്റ്റോറേജ്.
P20 ലൈറ്റ് ഫോണിന് 5.84-ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി സ്‌ക്രീന്‍ ആണുള്ളത്. ബാറ്ററി 3,000 mAh ആണ്. പി20 ലൈറ്റിൽ മൂന്നു പിന്‍ ക്യാമറകള്‍ ഇല്ല. പ്രധാന ക്യാമറ 16 മെഗാപിക്സലാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചര്‍ മാറ്റങ്ങൾ.