പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ ഇറക്കുന്ന അടുത്ത സ്മാര്‍ട് ഫോണിനെ പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതിലൊന്ന് കമ്പനിയുടെ വൈസ്പ്രസിഡന്റ് ചാങ് ചെങ് തന്നെ തുടക്കമിട്ടതാണ്. ഫോണ്‍ സ്‌ക്രീനിന്റെ ഒരു ഭാഗത്തിന്റെ ഫോട്ടോ പോസ്റ്റു ചെയ്തശേഷം അദ്ദേഹം ചോദിച്ചു- ഒരു ഫുള്‍സ്‌ക്രീന്‍ ഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ അതിന്റെ ബോഡി സ്‌ക്രീന്‍ അനുപാതം എത്രയായിരിക്കും? തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങളും അദ്ദേഹം കൊടുത്തിട്ടുണ്ട്. a) 80-84ശതമാനം, b) 85-89 ശതമാനം, c) 90-94 ശതമാനം, d) 95 ശതമാനം.
മറ്റു കമ്പനികള്‍ ഇതുവരെ ബെസല്‍ കുറച്ച് ഇറക്കിയ ഫോണുകള്‍ക്കെല്ലാം നേര്‍ത്ത ബോര്‍ഡറെങ്കിലും കാണാനുണ്ട്. അതു പോലും ഒഴിവാക്കിയായിരിക്കും അവരുടെ ഫോണ്‍ ഇറക്കുക എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. 95 ശതമാനം ബോഡി-സ്‌ക്രീന്‍ അനുപാതത്തോടെ ഒരു ഫോണ്‍ ഇറക്കാനായാല്‍ അതൊരു റെക്കോഡു തന്നെയായിരിക്കും. ഏറ്റവും ബെസല്‍ കുറച്ചിറക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇസെന്‍ഷ്യല്‍ ഫോണും (84.9 ശതമാനം) ഷവോമി Mi MIX 2S (81.9 ശതമാനം) ഫോണുമാണ്.
അങ്ങനെയൊരു ഡിസൈനാണെങ്കില്‍ മുന്‍ക്യാമറകള്‍ ഈ ഫോണില്‍ എവിടെ ഉറപ്പിക്കും എന്നതാണ് മറ്റൊരു ചോദ്യം. ഒന്നുകില്‍ ഇസെന്‍ഷ്യല്‍ ഫോണിനെ അനുസ്മരിപ്പിക്കുന്ന തരം നോച് കൊണ്ടുവരുമായിരിക്കും. അല്ലെങ്കില്‍ വിവോ അപെക്‌സ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നതു പോലെയുള്ള ഒരു പോപ് അപ് ക്യാമറ ഉപയോഗിച്ചേക്കാം. അതുമല്ലെങ്കില്‍ സ്‌ക്രീനിനുള്ളില്‍ ക്യാമറ പിടിപ്പിച്ചേക്കാം. അവസാനം പറഞ്ഞ രീതിയിലാണെങ്കില്‍ അത് സ്മാര്‍ട് ഫോണ്‍ ചരിത്രത്തിലെ ഒരു പുതിയ സംഭവമായിരിക്കും. ഫോണിന്റെ താഴെയായിരിക്കാം ക്യാമറ പിടിപ്പിക്കുക എന്നു പറയുന്നവരും ഉണ്ട്.
എന്തായാലും, ഫോണിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പക്ഷേ, ഇതായിരിക്കാം ലെനോവൊയുടെ ഈ വര്‍ഷത്തെ ഫ്‌ളാഗ്ഷിപ് ഫോണ്‍ എന്നാണ് ചിലര്‍ പറയുന്നത്. അല്ലെങ്കില്‍പ്പിന്നെ കമ്പനിയെന്തിന് ഇത്ര ആവേശം കാണിക്കണമെന്നാണ് അവര്‍ ചോദിക്കുന്നത്. അതിനൂതനമായ ഒരു പരീക്ഷണമാണ് ലെനോവോയുടെത് എങ്കില്‍ അത് അവരുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലായിരിക്കാം. എന്തായാലും ഈ ഫോണ്‍ അടുത്ത മാസം 14ന് അവതരിപ്പിക്കുമെന്നാണ് പറയുന്നത്. 95 ശതമാനമെങ്കിലും സ്‌ക്രീനുമായി ഇറങ്ങുന്ന ഒരു ഫോണ്‍ പല ഉപയോക്താക്കള്‍ക്കും ഒരു സ്വപ്‌നസാക്ഷാത്കാരം ആയിരിക്കും.