കൈയ്യില്‍ ഒതുക്കാവുന്ന ചെറിയ ഉപകരണത്തില്‍ കുത്തിനിറയ്ക്കാവുന്ന സാങ്കേതികവിദ്യയുടെ ഇന്ദ്രജാലം കാണിച്ച് സ്മാർട് ഫോണ്‍ നിർമാതാക്കള്‍ ഉപയോക്താക്കളെ മയക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വണ്‍പ്ലസ് 6, ഈ ചൈനീസ് നിര്‍മാതാവിന്റെ ആദ്യ പൂര്‍ണ്ണ ഗ്ലാസ് നിര്‍മിത ഫോണാണ്. ഇന്ത്യയിലടക്കം ധാരാളം ആരാധകരുള്ള വണ്‍പ്ലസ് ആകര്‍ഷകമായ രീതിയില്‍ തന്നെയാണ് അവരുടെ പുതിയ ഫോണും അനാവരണം ചെയ്തിരിക്കുന്നത്. ഇതുവരെ കമ്പനി ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഫോണാണ് വണ്‍പ്ലസ് 6 എന്നുറപ്പിച്ചു പറയാം. വണ്‍പ്ലസിന്റെ ഫോണുകള്‍ പലപ്പോഴും മാര്‍ക്കറ്റിലുള്ള അവരുടെ മുന്തിയ മോഡലുകളെ കാലഹരണപ്പെട്ടതാക്കുമെന്ന് മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ ഭയക്കുന്നു. വണ്‍പ്ലസ് 6 സാംസങ് ഗ്യാലക്‌സി S9നെയും മറ്റും അപ്രസക്തമാക്കുമോ?
ഒരിക്കലും ഒത്തുതീര്‍പ്പിനില്ല. അതാണ് വണ്‍പ്ലസിന്റെ മുദ്രാവാക്യം. സ്മാർട് ഫോൺ നിര്‍മാണത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന കമ്പനിയാണ് വണ്‍പ്ലസ്. ഒരു പ്രീമിയം സ്മാർട് ഫോൺ ഇത്ര വിലകുറച്ചു നിര്‍മിച്ചു വില്‍ക്കാമെന്ന് ലോകത്തിന് ആദ്യം കാണിച്ചുകൊടുത്ത കമ്പനി വണ്‍പ്ലസാണ്. ആപ്പിളും സാംസങും അരങ്ങുവാണിരുന്നിടത്തേക്ക് ഒരു സങ്കോചവുമില്ലാതെ കടന്നുവന്ന് കന്നി ഫോണായിരുന്ന വണ്‍പ്ലസ് വണ്‍ 2013ല്‍ അവതരിപ്പിച്ച് ടെക് നിരൂപകരെ ഞെട്ടിച്ചത്. നല്ല ഹാര്‍ഡ്‌വെയര്‍ വിലകുറച്ചു വിറ്റാല്‍ വാങ്ങാന്‍ ആളുണ്ടാകുമെന്ന് ആദ്യമായി കാണിച്ചുതന്നത് വണ്‍പ്ലസാണ്. ഷവോമി അടക്കമുള്ള പല കമ്പനികളും ഏറ്റുപിടിച്ചതും ഈ കണ്ടെത്തലാണ്. എന്നാല്‍, വണ്‍പ്ലസ് വണ്‍ മോഡലിനു ശേഷം അത്തരം അദ്ഭുതം കമ്പനിക്ക് ആവര്‍ത്തിക്കാനായില്ല. കമ്പനി ഈ വര്‍ഷം വണ്‍പ്ലസ് 6 ഇറക്കുമ്പോള്‍ പഴയ പ്രതാപം തിരിച്ചു പിടിക്കാനാകുമോ എന്നാണ് ടെക് ആരാധകര്‍ ഉറ്റു നോക്കുന്നത്.
വണ്‍പ്ലസ് 6
സാങ്കേതികമായി പറഞ്ഞാല്‍ നിലവിലുള്ള ഏറ്റവും മികച്ച പ്രൊസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845 ന്റെ പരമാവധി ക്ലോക് സ്പീഡായ 2.8 GHz-മായി ഇന്ത്യയില്‍ എത്തുന്ന ആദ്യ സ്മാർട് ഫോണാണ് വണ്‍പ്ലസ് 6. 6GB/8GB റാം ഉള്ള രണ്ടു വേരിയന്റുകളാണ് ഇറക്കുന്നത്. അവയില്‍ തന്നെ 64GB/128GB/256GB മൂന്നു മോഡലുകളും വിപണിയിലെത്തും. നിലവിലുള്ള സ്മാർട് ഫോണ്‍ പ്രൊസസിങ് പരിഗണിക്കുമ്പോള്‍ മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് 128GB/8GB പതിപ്പ്‍.
ആന്‍ഡ്രോയിഡ് ഒറിയോ 8.1 കേന്ദ്രമാക്കി നിര്‍മിച്ച ഓക്‌സിജൻ ഒഎസാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഐഫോണ്‍ Xനു സമാനമായ നോച് ഫോണിനുണ്ട്. എന്നാല്‍ വേണ്ടെന്നുണ്ടെങ്കില്‍ അത് ഓഫു ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍ അനുവദിക്കും. സ്‌ക്രീനിന്റെ താഴെ നിന്ന് മുകളിലേക്കു സൈപ്പു ചെയ്താല്‍ ഹോം സ്‌ക്രീനില്‍ എത്താം. ഇടത്തു നിന്നു വലത്തേക്കു സ്വൈപ്പ് ചെയ്താല്‍ പഴയ സ്‌ക്രീനിലേക്കു മടങ്ങി പോകാം. അതുപോലെ, ഗെയ്മിങ് മോഡിലേക്കു കടക്കുമ്പോള്‍ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ഉണര്‍ന്നിരിക്കുന്ന മറ്റ് ആപ്പുകള്‍ക്ക് നല്‍കുന്ന ഡേറ്റയ്ക്കു കുറവു വരുത്തും. ഗെയ്മിങ്ങിലെ ഡുനോട്ട് ഡിസ്‌റ്റേര്‍ബ് ആക്ടിവേറ്റു ചെയ്താല്‍ കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍സ് വേണ്ടെന്നു വയ്ക്കാം. ഗെയിം സ്‌ക്രീന്‍ വിടാതെ തന്നെ ഫോണ്‍ കോള്‍ സ്പീക്കറിലൂടെ കേള്‍ക്കാം. ഇരട്ട സിം ഇടാവുന്ന, ബ്ലൂടൂത്ത് 5.0 പിന്തുണയുള്ള ഈ ഫോണിന് ഒരു പ്രീമിയം ഫോണിനു വേണ്ട ഫീച്ചറുകള്‍ മിക്കതും ഉണ്ട്.
ഫെയ്‌സ് അണ്‍ലോക് തുടങ്ങിയ ഫീച്ചറുകള്‍ ഈ ഫോണിലും ഉണ്ട്. വണ്‍പ്ലസ് 5Tയിലെതു പോലെ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 3300 mAh ബാറ്ററിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡാഷ് (DASH) ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ഫോണിന് സാധാരണ ഉപയോഗത്തില്‍ ചാര്‍ജ് നഷ്ടമാകുന്ന സാഹചര്യങ്ങള്‍ നേരിട്ടേക്കില്ല.
ഗൊറില ഗ്ലാസ് 5 ഉപയോഗിച്ചു നര്‍മിച്ച സമ്പൂര്‍ണ്ണ ഗ്ലാസ് നിര്‍മിതമായ മോഡലാണ് വണ്‍പ്ലസ് 6. എന്നാല്‍ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത് തോന്നുകയേ ഇല്ല. ഫോണിന്റെ വലുപ്പം 6.28-ഇഞ്ചാണ്. 84 ശതമാനം സ്‌ക്രീനാണ്. തീരെ ബെസല്‍ ഇല്ലെന്ന തോന്നലാണ് കിട്ടുന്നത്. ഡിസ്‌പ്ലെ 19:9 അനുപാതത്തിലുള്ള ഫുള്‍ ഒപ്ടിക് അമോലെഡ് (Full Optic AMOLED) സ്‌ക്രീനാണ്. ഫുള്‍ എച്ഡി പ്ലസ് റെസലൂഷനാണ് ഫോണിനുള്ളത്. സ്‌ക്രീന്‍ വിരല്‍പ്പാടുകളെ ആകര്‍ഷിക്കും. എപ്പോഴും തൂത്തു വൃത്തിയാക്കാനുള്ള മാര്‍ദ്ദവമുള്ള തുണി കരുതണം. അല്ലെങ്കില്‍ വണ്‍പ്ലസിന്റെ തന്നെ മനോഹരമായ കെയ്‌സുകളോ, മറ്റാരുടെയെങ്കിലുമോ കവര്‍ ഇടേണ്ടത് ആവശ്യമാണ്. ഗ്ലാസ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നു തോന്നില്ല എന്നത് ആത്മവിശ്വാസം വർധിപ്പിക്കും. എന്നാല്‍ അതൊരു തോന്നല്‍ മാത്രമാണല്ലോ. താഴെ വീണാല്‍ തകരാം. അതുകൊണ്ട് ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കെയ്‌സും ഒപ്പം വാങ്ങണം. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക് സില്‍ക്ക് വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ഫോണ്‍ ലഭ്യമായിരിക്കും. വാട്ടര്‍ റെസിസ്റ്റന്‍സ് റെയ്റ്റിങ് ഈ ഫോണിനു കിട്ടിയതായിട്ട് അറിയില്ല. എന്നാല്‍ കമ്പനിയുടെ അവകാശവാദം ശരിയാണെങ്കില്‍ ചെറിയ മഴയും മറ്റും നനഞ്ഞാല്‍ കുഴപ്പം വരേണ്ടതല്ല. 177-ഗ്രാം ആണ് ഭാരം.
ക്യാമറ
ക്യാമറ ഇല്ലെങ്കില്‍ എന്തു സ്മാര്‍ട് ഫോണ്‍? ലംബമായി പിടിപ്പിച്ച ഇരട്ട പിന്‍ക്യാമറകളാണ് നിങ്ങളിലെ ഫോട്ടോഗ്രാഫറെ പ്രചോദിപ്പിക്കാനായി വണ്‍പ്ലസ് നല്‍കിയിരിക്കുന്നത്. f/1.7 അപേര്‍ചര്‍ ഉള്ള 16MP സെന്‍സറാണ് പ്രധാന ക്യാമറ. ഇതിന് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഇലട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. കൂട്ടു ക്യാമറയ്ക്ക് 20MP സെന്‍സറാണ് ഉള്ളത്. ക്യാമറ 4K വിഡിയോ സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ ഷൂട്ടു ചെയ്യും. സ്റ്റില്‍ ഷൂട്ടിങില്‍ അഡ്വാന്‍സ്ഡ് HDR ഫീച്ചറും ഒരുക്കിയിട്ടുണ്ട്. സെല്‍ഫി ക്യാമറയ്ക്കും ധാരാളം മെഗാപിക്‌സല്‍സ് നല്‍കിയിട്ടുണ്ട്. 16MP. f/2.0 അപേര്‍ചറും ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. വണ്‍പ്ലസ് 6ന്റെ ക്യാമറയുടെ ഉഗ്ര ശേഷികളിലൊന്ന് സെക്കന്‍ഡില്‍ 480 ഫ്രെയിം വരെ സ്ലോമോഷന്‍ വിഡിയോ ഷൂട്ടു ചെയ്യാമെന്നതാണ്. ഫോണിനുള്ളില്‍ തന്നെ വിഡിയോയുടെ പ്രാഥമിക എഡിറ്റിങ്ങിനുള്ള സജീകരണങ്ങളും വണ്‍പ്ലസ് നല്‍കുന്നുണ്ട്. വിഡിയോ ഫയലുകള്‍ മുറിക്കാനും ചില ഫില്‍റ്റര്‍ ഇഫക്ടുകള്‍ കൊണ്ടുവരാനും സംഗീതത്തിന്റെ അകമ്പടി നല്‍കാനും ഫോണിനു സാധിക്കും.
വളരെ ഷാര്‍പ്പായ ഫോട്ടോകളാണ് വണ്‍പ്ലസ് 6 ന്റെ പിന്‍ ക്യാമറാ സിസ്റ്റം എടുക്കുന്നത്. നിറത്തിന്റെ കാര്യത്തിലും സ്വാഭാവികത നിലനിര്‍ത്തുന്നതായി തോന്നുന്നു. ചില മുന്‍നിര ഫോണ്‍ നിര്‍മാതാക്കള്‍ ഇപ്പോഴും ചെയ്യുന്നതു പോലെ അസ്വാഭാവികമായ രീതിയില്‍ സാച്ചുറേഷന്‍ കൊണ്ടുവന്നിട്ടില്ല എന്നത് നല്ല കാര്യമാണ്. കമ്പനിയുടെ മുന്‍ മോഡലിനേക്കാള്‍ 19 ശതമാനം വലിയ സെന്‍സറാണ് പുതിയ ഫോണിന് നല്‍കിയിരിക്കുന്നതെങ്കിലും വെളിച്ചക്കുറവിലെ ഷൂട്ടിങ്ങില്‍ ക്യാമറയുടെ പ്രഭാവം മങ്ങുന്നതു കാണാം. ഗ്രെയ്‌നുകളും നോയ്‌സും കടന്നു വരും. ബൊ-കെ എഫെക്ടോടു കൂടിയ പോട്രെയ്റ്റ് മോഡും ഉണ്ട്. വണ്‍പ്ലസ് 5Tയില്‍ കണ്ടതിനേക്കാള്‍ ഭേദമാണ് ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇടപെടല്‍, സബ്ജക്ടിനെ അതിന്റെ പശ്ചാത്തലത്തില്‍ നിന്ന് വേര്‍തിരിച്ചു കാണുന്നതില്‍ കൂടുതല്‍ ബുദ്ധി കാണിക്കുന്നു എന്നതാണ് ഈ മോഡിന്റെ പുതിയ കരുത്ത്.
വണ്‍പ്ലസ് 6 (6GB/64GB)- 529 ഡോളര്‍
വണ്‍പ്ലസ് 6 (8GB/128GB)- 579 ഡോളര്‍
വണ്‍പ്ലസ് 6 അവഞ്ചേഴ്‌സ് എഡിഷന്‍- (8GB/265GB): 629 ഡോളര്‍
ഇന്ത്യയിലെ കൃത്യമായ വില ഉടൻ പ്രഖ്യാപിക്കും
എന്താണ് കുറവുകള്‍?
ഒറ്റ നോട്ടത്തില്‍ തോന്നുന്നത് വയര്‍ലെസ് ചാര്‍ജിങ്ങിന്റെ അഭാവമാണ് കുറവായി തോന്നുന്നത്. പ്രായോഗികമായി നോക്കിയാല്‍ അത്ര വലിയ പ്രശ്‌നമൊന്നുമല്ല. പക്ഷേ, എതിരാളികള്‍ നല്‍കുന്ന ഒരു ഫീച്ചര്‍ നല്‍കാനായില്ല എന്നത് വണ്‍പ്ലസിന് അല്‍പ്പം നാണക്കേടുണ്ടാക്കും.
ആര്‍ക്കാണ് ഈ ഫോണ്‍?
ലോകത്തെ ഇന്നത്തെ ഏറ്റവും മികച്ച ഫോണുകളുടെ പ്രകടനം വേണം, എന്നാല്‍ അവയ്ക്കു നല്‍കേണ്ട വില നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന തോന്നലുള്ളവര്‍ക്കു പരിഗണിക്കാവുന്നതാണ് വണ്‍പ്ലസ് മോഡലുകള്‍. അവരേക്കാളേറെ, ഇന്ത്യയില്‍ വണ്‍പ്ലസ് ഉപയോക്താക്കളുടെ ഒരു നിര തന്നെയുണ്ട്. അവരില്‍ തങ്ങളുടെ കൈയ്യിലുള്ള പഴയ മോഡല്‍ അപ്‌ഡേറ്റു ചെയ്യാറായി എന്നു തോന്നുന്നവര്‍ക്ക് ഉറപ്പായു പരിഗണിക്കാം. വണ്‍പ്ലസിന്റെ ശക്തി-ദൗര്‍ബല്യങ്ങളെക്കുറിച്ച് അവരേക്കാളേറെ ആര്‍ക്കും അറിയില്ലല്ലോ.
ഇന്ന് വണ്‍പ്ലസിന് പഴയ പ്രസക്തിയുണ്ടോ?
അതു ശിരിയാണ്. വണ്‍പ്ലസ് മോഡലുകള്‍ക്കും ഓരോ വര്‍ഷവും വില കൂടിക്കൊണ്ടിരിക്കുന്നു. ഷവോമിയെപ്പോലെയുള്ള എതിരാളികള്‍ കരുത്തുറ്റ ഫോണുകള്‍ ഇറക്കുന്നു. മിക്ക ഉപയോക്താക്കളും ഇന്ന് ഒരു 10,000 രൂപ വിലയ്ക്കു ലഭിക്കുന്ന ഫോണുകളിലെ ഫീച്ചറുകളുടെ ശേഷി പൂര്‍ണ്ണമായി ഉപയോഗിക്കാൻ പോലും കഴിവില്ലാത്തവരുമാണ്. കൂടുതല്‍ മെച്ചപ്പെട്ട ക്യാമറ, ക്ഷണം പ്രതികരിക്കുന്ന സ്‌ക്രീന്‍ തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്കു പ്രാധാന്യമുള്ളവയാണെങ്കില്‍ മുന്തിയ ഫോണുകള്‍ പരിഗണിക്കാം.