സാംസങ്ങിന്റെ മധ്യനിര ഫോണുകള്‍ക്കും മുന്‍നിര മോഡലുകള്‍ക്കും നല്ല വെല്ലുവിളി ഉയര്‍ത്തുന്ന മോഡലാണ് വണ്‍പ്ലസ് 6. തരക്കേടില്ലാത്ത ഹാര്‍ഡ്‌വെയറും പ്രകടനവും നല്‍കുന്ന കാര്യത്തില്‍ എന്നും ശ്രദ്ധിച്ചിരുന്ന വണ്‍പ്ലസിനെ സാംസങ് ട്രോളാന്‍ തീരുമാനിച്ചതു തന്നെ വണ്‍പ്ലസ് 6ന് അഭിമാന നിമിഷമായിരിക്കണം. കാരണം ലോകത്തെ ഏറ്റവും മുന്‍നിര കമ്പനികളിലൊന്ന് തങ്ങളുടെ വളര്‍ച്ചയെ അംഗീകരിച്ചല്ലോ എന്ന് അവര്‍ക്ക് ചിന്തിക്കാം. ആപ്പിളിനെ ട്രോളാന്‍ കിട്ടുന്ന അവസരങ്ങളൊന്നും വിട്ട ചരിത്രവും സാംസങ്ങിനില്ല. ഏതാനും മാസം മുൻപ് ഏറ്റവും പുതിയ ഐഫോണുകളെയും സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 8നെയും താരതമ്യം ചെയ്ത് ഒരു വിഡിയോ പുറത്തു വിട്ടിരുന്നു. ഏറ്റവും പുതിയ പരസ്യങ്ങളില്‍ ഐഫോണിനു നേരെയും വണ്‍പ്ലസ് 6നു നേരെയും ആക്ഷേപങ്ങളുതിര്‍ത്താണ് സാംസങ്ങിന്റെ വിളയാട്ടം.
ബാറ്ററിയുടെ ശേഷി കുറഞ്ഞപ്പോള്‍, 2014ല്‍ ഇറക്കിയ ഐഫോണ്‍ 6ന്റെ പ്രോസസറിന്റെ കഴുത്തിനു ഞെക്കി ആപ്പിള്‍ ശക്തി കുറച്ചു എന്നതാണ്. ഐഫോണ്‍ 6 ഉപയോഗിക്കുമ്പോള്‍ വേണ്ടസമയത്ത് ആപ്പുകള്‍ ലോഡാകുന്നില്ല എന്നതിനെയാണ് സാംസങ് ഇപ്പോഴും കളിയാക്കുന്നത്. പല സന്ദര്‍ഭങ്ങളിലും ഐഫോണ്‍ 6 ഉപയോഗിക്കുന്ന യുവതിയ്ക്ക് തന്റെ ഫോണിലെ ആപ്പുകള്‍ ലോഡാകാന്‍ കാത്തരിക്കേണ്ടിവരുന്നു. ആ സന്ദര്‍ഭങ്ങളിലെല്ലാം തന്റെ അടുത്തുള്ളയാളുകള്‍ സാംസങ് ഗ്യാലക്‌സി S9ല്‍ സുഗമമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് നോക്കുന്നുമുണ്ട്.
ഒരു ഊബര്‍ ടാക്‌സി വിളിക്കാനുള്ള ശ്രമം പരാജയപ്പെടുമ്പോള്‍ അവര്‍ ആപ്പിള്‍ സ്റ്റോറിലെത്തുകയും തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. സ്റ്റോറിലെയാള്‍ പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ ഉപദേശിക്കുന്നു. ഇത്രയെല്ലാം സഹിക്കേണ്ടിവന്ന യുവതി പുതിയ ഐഫോണ്‍ മോഡലുകള്‍ക്കു പകരമായി ഗ്യാലക്‌സി S9 തിരഞ്ഞെടുക്കുന്നതായി കാണിച്ച് സാംസങ് സായൂജ്യമടഞ്ഞിരിക്കുന്നതു കാണാം.
ആപ്പിള്‍ പരിഹരിച്ച പഴയ പ്രശ്‌നം പൊക്കിപ്പിടിച്ച് ഇപ്പോള്‍ വിഡിയോ പുറത്തിറക്കിയിരിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 7ന്റെ പതനവും മറ്റും വച്ചു നോക്കുമ്പോള്‍ നാലു വര്‍ഷത്തോളം പഴക്കമുള്ള ഒരു മോഡലിനെ കളിയാക്കുന്നതു ശരിയായ കാര്യമാണോ എന്ന് ചിന്തിക്കേണ്ടതാണ്. എന്തായാലും പരസ്യത്തിനൊടുവില്‍ സാംസങ് നമ്മളെ ചിരിപ്പിക്കുന്ന ഒരു രംഗമുണ്ട്. ഐഫോണ്‍ Xന്റെ 'നോചി'ന്റെ മാതൃകയില്‍ തലമുടി വെട്ടിയ ഒരു അച്ഛനും മകനും കടന്നു പോകുന്നതു കാണിക്കുന്നുണ്ട്. ഐഫോണ്‍ Xനു പകരം ഗ്യാലക്‌സി S9 വാങ്ങിയെന്നു കാണിക്കാനാണ് സാംസങ് ഇതു ചെയ്തിരിക്കുന്നത്. നോച് രീതിയില്‍ തലമുടി വെട്ടിയ കഥാപാത്രത്തെ തങ്ങളുടെ മുന്‍ പരസ്യത്തില്‍ നിന്നു (Growing up) പറിച്ചു നട്ടതുമാണ്.
വണ്‍പ്ലസ് 6 അവതരിപ്പിച്ചപ്പോള്‍ സാംസങ് ഗ്യാലക്‌സി S9നെ സ്പീഡില്‍ പരാജയപ്പെടുത്തുന്ന വിഡിയോ വണ്‍പ്ലസ് കാണിച്ചിരുന്നു. അതായിരിക്കണം വണ്‍പ്ലസിനെ ട്രോളാനുള്ള പ്രകോപനം. സ്പീഡു മാത്രം മതിയോ എന്നാണ് സാംസങ്ങിന്റെ ചോദ്യം. ഇന്ത്യയിലെ പ്രീമിയം സെഗ്‌മെന്റായി കണക്കാക്കുന്ന, 50,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളുടെ വില്‍പ്പനയില്‍ സാംസങും ആപ്പിളും വണ്‍പ്ലസും തമ്മിലാണ് പ്രധാന മത്സരമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത്. ആപ്പിളിന്റെ അല്‍പ്പം പഴക്കമുള്ള മോഡലുകളും സാംസങ്ങിന്റെ ഗ്യാലക്‌സി A8+ 2018ഉം ആണ് ഇപ്പോള്‍ ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന മോഡലുകള്‍.