പ്രമുഖ സ്മാർട് ഫോൺ നിർമാണ കമ്പനിയായ ലെനോവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. ലെനോവോ Z5 എന്ന പേരിൽ പുറത്തിറങ്ങിയ ഹാൻഡ്സെറ്റിൽ നേരത്തെ ഊഹാപോഹങ്ങൾ പ്രചരിച്ച പോലെ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സ്റ്റോറേജ്, ഡിസ്പ്ലെ എല്ലാം സാധാരണ ഫോണുകളിലേത് പോലെ തന്നെ.
ലെനോവോ Z5 കൂടാതെ ലെനോവോ എ5, ലെനോവോ കെ5 നോട്ട് എന്നീ രണ്ടു മോഡലുകളും അവതരിപ്പിച്ചു. ബെസൽലെസ് ഫുള്‍ ഡിസ്പ്ലെ, 4 ടിബി സ്റ്റോറേജ് എന്നി ഫീച്ചറുകളൊന്നും ലെനോവോ Z5 ൽ ഇല്ല. എന്നാൽ ഏറ്റവും പുതിയ പ്രോസസർ ക്വാൽകം സ്നാപ്ഡ്രാഗൺ 636 എസ്ഒസി ആണ് ലെനോവോ Z5ൽ ഉപയോഗിച്ചിരിക്കുന്നത്.
6GB റാം/ 64GB സ്റ്റോറേജ് വേരിയന്റിന്റെ വില 1399 യുവാനാണ് (ഏകദേശം 14,700 രൂപ). 6GB റാം/ 128GB സ്റ്റോറേജ് ഹാൻഡ്സെറ്റ് വില 1799 യുവാനും (ഏകദേശം 18,900 രൂപ) ആണ്. ജൂൺ 12 മുതൽ ഹാൻഡ്സെറ്റിന്റെ ബുക്കിങ് തുടങ്ങും.
ഇരട്ട സിം (നാനോ), ആൻഡ്രോയ്ഡ് ഒറിയോ, 6.2 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലെ, 90 ശതമാനം സ്ക്രീൻ തന്നെയാണ്, 3300 എംഎഎച്ച് ബാറ്ററി, 15W അതിവേഗ ചാർജിങ്, 6 ജിബി റാം, 6ജിബി/128 ജിബി സ്റ്റോറേജ് (എസ്ഡി കാര്‍ഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയർത്താം) എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
ലെനോവോ Z5ൽ പിന്നില്‍ ഇരട്ട ക്യാമറയാണ്, ഒന്നാം ക്യാമറ 16 മെഗാപിക്സലിന്റെതും രണ്ടാം ക്യാമറ എട്ടു മെഗാപിക്സലിന്റേതുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ക്യാമറ പ്രവർത്തിക്കുന്നത്. എച്ച്ഡിആർ പ്ലസ്, 4കെ സപ്പോര്‍ട്ട്, എൽഇഡി ഫ്ലാഷ് എന്നീ ഫീച്ചറുകളും ക്യാമറയ്ക്കൊപ്പമുണ്ട്.