sections
MORE

ഇന്ത്യയിൽ കാശുള്ളവർ വാങ്ങുന്ന ഫോൺ വൺപ്ലസ്, റെക്കോർഡ് നേട്ടം

oneplus-6-launch
SHARE

ഷവോമി കഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ മനസില്‍ ഇടംപിടിച്ച ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് വണ്‍പ്ലസ്. ഫോണ്‍ വാങ്ങാന്‍ 15,000 രൂപയില്‍ കൂടുതല്‍ ചിലവിടില്ല എന്നു തീരുമാനിച്ചുറച്ചവര്‍ ഷവോമിയില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ 30,000 രൂപയില്‍ അല്‍പ്പം കൂടുതല്‍ ചിലവിട്ട് അല്‍പ്പം കൊളളാവുന്ന മോഡലൊരെണ്ണം കൈയ്യിലിരിക്കട്ടെ എന്നു ചിന്തിക്കുന്ന ഇന്ത്യാക്കാര്‍ ആദ്യം പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് വണ്‍പ്ലസ്. ഇന്ത്യാക്കാര്‍ക്കു പ്രിയപ്പെട്ട മറ്റൊരു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയുടെ അടുത്ത ബന്ധുവുമാണ് വണ്‍പ്ലസ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റ ഹൈ-എന്‍ഡ് ഫോണുകളില്‍ 53 ശതമാനവും വണ്‍പ്ലസ് ആണ്. ഫോണ്‍ വില്‍പ്പനയിലെ 30,000-40,000 രൂപ വരെ വിലയുള്ള മോഡലുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ പരിഗണിക്കുന്നത്, വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളുടെ ഫോണുകളാണ്. കേവലം നാലു വര്‍ഷം മാത്രം പ്രായമുള്ള വണ്‍പ്ലസ് തങ്ങളെക്കാള്‍ വളരെ പരിചയസമ്പന്നരായവരെയാണ് മുട്ടുകുത്തിച്ചിരിക്കുന്നത്. ഇതോടെ ഷവോമി കഴിഞ്ഞാല്‍ വമ്പന്മാരെ തോല്‍പ്പിച്ചു എന്ന ഖ്യാതി വണ്‍പ്ലസിനു സ്വന്തമാകുന്നു. ചൈനയിലും, അമേരിക്കയിലും പിന്നെ ഇന്ത്യയിലും മാത്രമാണ് വണ്‍പ്ലസ് മോഡലുകള്‍ പ്രിയങ്കരമാകുന്നത് എന്നതും മറ്റൊരു സവിശേഷതയാണ്.

വില പിടിച്ചുനിറുത്താനും മറ്റുമായി വണ്‍പ്ലസ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിര്‍മാണവും തുടങ്ങി. ടാക്‌സിലും മറ്റും കിട്ടുന്ന ലാഭം പ്രതീക്ഷിച്ചായിരിക്കാം ഇത്. അതുകൂടാതെ, ഇവിടെ ഫോണ്‍ വില്‍ക്കാനായി സ്വന്തം സ്റ്റോറുകളും തുടങ്ങിയിട്ടുണ്ട്. മാളുകളിലും തങ്ങളുടെ മോഡല്‍ ലഭ്യമാണ് എന്നുറപ്പാക്കാന്‍ വണ്‍പ്ലസ് ശ്രമിക്കുന്നുണ്ട്. ഇതെല്ലാം, വണ്‍പ്ലസിന് ഗുണകരമായി തീര്‍ന്നിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ പുതിയ മോഡലായ വണ്‍പ്ലസ് 6ഉം ഇന്ത്യക്കാര്‍ സ്വീകരിക്കും എന്നാണ് കമ്പനി കരുതുന്നത്. ഫോണിനു വേണ്ടി ചടുലമായ നീക്കങ്ങളാണ് വണ്‍പ്ലസ് നടത്തുന്നത്.

30,000 രൂപയിലേറെ ചിലവഴിച്ചു ഫോണ്‍ വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുറവാണ്. എന്നാല്‍, ഈ സെഗ്മെന്റിലെ ഫോണുകള്‍ക്ക് നല്ല ലാഭം ലഭിക്കുന്നുണ്ട് എന്നതാണ് വണ്‍പ്ലസിനെ ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. വാങ്ങുന്ന കാശിനു മൂല്യമുള്ള ഉല്‍പ്പന്നം കൊടുക്കുക എന്നതാണ് ഷവോമിയെ പോലെ വണ്‍പ്ലസിന്റെയും ചിന്താഗതി. ആപ്പിളിന്റെയും സാംസങിന്റെയും ഫോണുകളിലെ മിക്ക ഫീച്ചറുകളും ലഭ്യമാക്കുമ്പോഴും അവരെ അപേക്ഷിച്ച് വില കുറച്ചിടാന്‍ വണ്‍പ്ലസ് ശ്രദ്ധിക്കാറുണ്ട്. (എന്നാല്‍, ഇപ്പോള്‍ കാണുന്ന ഒരു ട്രെന്‍ഡ് നോക്കിയാല്‍ വണ്‍പ്ലസ് തങ്ങളുടെ മോഡലുകള്‍ക്ക് ഓരോ വര്‍ഷവും വില വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും കാണാം.)

മറ്റു രാജ്യങ്ങളിലും വണ്‍പ്ലസ് തങ്ങളുടെ ഫോണുകള്‍ വില്‍ക്കാറുണ്ട് എങ്കിലും അത് ഓണ്‍ലൈനിലൂടെ മാത്രമാണ്. വിപണിയില്‍ പേരായിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി വണ്‍പ്ലസിന്റെ ലക്ഷ്യം പിടിച്ചു നില്‍ക്കാന്‍ തന്നെ ആയിരിക്കും. വണ്‍പ്ലസ് 6ന്റെ വില ഏകദേശം 35,000 രൂപയാണല്ലോ. ഐഫോണ്‍ Xനെ വച്ച് ഏകദേശം മൂന്നിലൊന്നു മാത്രം. സ്പീഡും നിര്‍മാണത്തികവും ഒക്കെ മിനിമം ഗ്യാരന്റി നല്‍കുന്നു എന്നതാണ് അവരുടെ വിജയ രഹസ്യങ്ങളില്‍ ഒന്ന്. 

വണ്‍പ്ലസും ഒപ്പോയും തമ്മിലെന്തു ബന്ധം?

ഒപ്പോയുടെ ഒരു മുന്‍ ജോലിക്കാരനാണ് വണ്‍പ്ലസ് തുടങ്ങിയത്. ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഒപ്പോ. കമ്പനി വണ്‍പ്ലസിലും പൈസ നിക്ഷേപിച്ചിട്ടുമുണ്ട്. ഇരു കമ്പനികളും സാങ്കേതികവിദ്യയും നിര്‍മാണ വസ്തുക്കളും കൈമാറുന്നുമുണ്ട്. ഒപ്പോയുടെ മികച്ച മോഡലും വണ്‍പ്ലസിനൊപ്പം പ്രകടനം പ്രതീക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA