നരേന്ദ്ര മോദി സർക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ് മെയ്ക്ക് ഇൻ ഇന്ത്യ. ഡിജിറ്റൽ ഇന്ത്യയുടെ വേഗം കൂട്ടാൻ വൻകിട ടെക് കമ്പനികളെ ഇന്ത്യയിലേക്ക് പിടിച്ചുക്കൊണ്ടുവരാനാണ് മോദി സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ സജീവമാക്കിയത്. തുടക്കത്തിൽ മിക്ക കമ്പനികളും എതിർത്തെങ്കിലും ഇന്ത്യയിലെ വിപണി മറക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതോടെ ആപ്പിളും ചൈനീസ് കമ്പനികളും ഇന്ത്യയിൽ തന്നെ പ്ലാന്റ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ചൈനയിലെ മിക്ക കമ്പനികൾക്കും ഇന്ത്യയിൽ പ്ലാന്റുകളുണ്ട്.
പ്രതിമാസം 1.2 കോടി ഫോണുകൾ ഉൽപാദിപ്പിക്കാൻ സാംസങ് പ്ലാന്റ്
പ്രതിമാസം 1.2 കോടി ഫോണുകൾ ഉൽപാദിപ്പിക്കാനാകുന്ന ലോകത്തിലെ ഏറ്റവും വലിയ മൊബൈർ നിർമാണ യുണിറ്റ് ഉത്തർപ്രദേശിലെ നോയിഡയിൽ പ്രവർത്തനം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇനും സംയുക്തമായാണ് സാംസങ്ങിന്‍റെ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നിലവിലുള്ള നിർമാണ യൂണിറ്റ് പരിഷ്കരിച്ച് ഉൽപാദനം ഇരട്ടിയാക്കാൻ സാംസങ് തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യയിൽ സാംസങിന്‍റെ നിലവിലുള്ള ഉൽപാദനം 67 ദശലക്ഷം ഫോണുകളാണ്. പുതിയ പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇത് 120 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. നോയിഡയിലെ സാംസങ്ങിന്‍റെ പ്ലാന്‍റ് 1995 ലാണ് പ്രവർത്തനം ആരംഭിച്ചത്. 70,000 ജീവനക്കാരുള്ള പ്ലാന്‍റില്‍ നിന്നും നിലവിൽ പ്രതിമാസം 50 ലക്ഷം സ്മാർട് ഫോണുകളാണ് പുറത്തിറങ്ങുന്നത്. ഇത് 1.2 കോടിയായി വർധിക്കും.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണി എന്ന ഖ്യാതിയാണ് ഇന്ത്യ കേന്ദ്രീകരിച്ച് കൂടുതൽ മുതല്‍മുടക്കിന് സാംസങ്ങിനെ പ്രേരിപ്പിക്കുന്നത്. 2017ൽ 299 ദശലക്ഷം സ്മാർട് ഫോൺ ഉപയോക്താക്കളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഈ വർഷാവസനത്തോടെ ഇത് 340 ദശലക്ഷവും 2022ൽ 442 ദശലക്ഷവുമായി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. 2016–17ൽ വിൽപനയിലൂടെ സാംസങ്ങിന് ലഭിച്ച വരുമാനമായ 50,000 കോടിയിൽ 34,000 കോടി രൂപ എത്തിയത് മൊബൈല്‍ വില്‍പനയിലൂടെയായിരുന്നു.
4,915 കോടി രൂപ മുതൽമുടക്കിയാണ് സാംസങ് പ്ലാന്റ് വിപുലീകരിച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയെ കൂടാതെ യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക വിപണികളിലേക്ക് ഇവിടെ നിന്നും ഫോൺ കയറ്റുമതി ചെയ്യാനാണ് സാംസങ്ങിന്‍റെ പദ്ധതി.