‘മോദിയുടെ സ്വപ്ന പദ്ധതി വിട്ട് ചൈനയിലേക്കില്ല, ഇവിടെ നിർമിക്കും’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി ‘മെയ്ക്ക് ഇൻ ഇന്ത്യ’യെ കൈവിട്ട് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യില്ലെന്ന് റിലയൻസ് ജിയോ വക്താവ് അറിയിച്ചു. ഇറക്കുമതി തീരുവ മറികടക്കാൻ ജിയോഫോൺ ഇറക്കുമതി ചെയ്യാൻ മറ്റ് വഴികൾ തേടുകയാണെന്ന ആരോപണം ശരിയല്ലെന്നും ജിയോ അറിയിച്ചു. ജിയോ ഫോൺ ഹാന്‍ഡ് സെറ്റുകൾ ഇന്ത്യയിൽ മാത്രമാണ് നിർമിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 

ഇന്ത്യയിലെ ഹാൻഡ്സെറ്റ് നിർമാണ കമ്പനികളുടെ കൂട്ടായ്മയായ ദ മൊബൈൽ അസോസിയേഷനാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. ജിയോ ഫോണുകള്‍ ഇന്ത്യയിൽ നിർമിക്കുന്നതല്ലെന്നും തങ്ങളുടെ അറിവു പ്രകാരം പൂർണമായും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണെന്നും ടിഎംഎയുടെ മൊബൈൽ ഉപദേശക സമിതി ചെയർമാനായ ഭൂപേഷ് റസീന്‍ ആരോപിച്ചിരുന്നു. ഇറക്കുമതി തീരുവ ഒഴിവാക്കാനായി ഇന്തൊനീഷ്യ വഴി ഇറക്കുമതി ചെയ്യാനാണ് റിലയൻസിന്‍റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 

ഏതൊരു ഫീച്ചർ ഫോണും നൽകി കേവലം 501 രൂപ നിരക്കിൽ 4ജി ഫീച്ചർ ഫോണായ ജിയോഫോൺ സ്വന്തമാക്കാനാകുമെന്ന് മുകേഷ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 15 മുതൽ ജിയോഫോൺ രണ്ട് 2,999 രൂപക്ക് ലഭിക്കുമെന്നും റിലയൻസ് മേധാവി അറിയിച്ചിരുന്നു. രണ്ടു ഫോണുകളും ഇന്ത്യയിൽ തന്നെയാണ് നിർമിക്കുന്നതെന്ന് ജിയോ വ്യക്തമാക്കി.

ചുരുങ്ങിയ നിരക്കിൽ ഫീച്ചർ ഫോണുകൾ വിൽപ്പനക്കെത്തുന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഫോൺ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ നിർത്തലാക്കേണ്ട അവസ്ഥ വരുമെന്നുമാണ് ടിഎംഎയുടെ നിലപാട്.