വൺപ്ലസ് 6. വൺപ്ലസിന്റെ ഏറ്റവും പുതിയ ഫോൺ. 6.28 ഇഞ്ച് സ്ക്രീൻ. വളരെ നേർത്ത വക്കുകൾ, ക്യാമറയും ഇയർപീസും നോട്ടിഫിക്കേഷൻ ലൈറ്റും ലൈറ്റ് സെൻസറുമൊക്കെ മുകളറ്റത്ത് സ്ക്രീനിലൊരു മുറിവ് (നോച്ച്) ഉണ്ടാക്കി ഒതുക്കിവച്ചിരിക്കുന്നതൊഴികെ ബോഡിയുടെ പൂർണ അളവിൽ ഓപ്ടിക് അമോലെഡ് ഡിസ്പ്ലേ. സ്ക്രീൻ–ബോഡി അനുപാതം 84% എത്തിക്കുന്ന ഈ രൂപകൽപന വൺപ്ലസ് 6നെ ന്യൂജെൻ ആക്കുന്ന ഘടകങ്ങളിൽ പ്രധാനം. പേൾവൈറ്റ്, ഗ്ലോസി ബ്ലാക്, മാറ്റ് ഫിനിഷ് ബ്ലാക്, റെഡ് നിറങ്ങളിൽ ലഭിക്കും. മൂന്നും മനോഹരം.
മുന്നിലെന്നപോലെ പിന്നിലെ ബോഡിയും കോണിങ് ഗോറില്ല ഗ്ലാസ്5 ഉപയോഗിച്ചുള്ളതാണ്. പിന്നിൽ അൽപം തള്ളിനിൽക്കുന്നു ക്യാമറപ്രദേശവും അതിന്റെ സ്വർണനിറത്തിലെ ബോർഡറും. ആൻഡ്രോയ്ഡ് 8.1 ഓറിയോ സോഫ്റ്റ്‌വെയറും അതിന്മേൽ വൺപ്ലസിന്റെ ഓക്സിജൻ യൂസർഇന്റർഫെയ്സും. പ്രീമിയം ഫോണിനു ചേരുന്ന മികച്ച സ്പീഡും മള്‍ട്ടിടാസ്കിങ്ങും ഉറപ്പാക്കാന്‍ സ്നാപ്ഡ്രാഗൺ 845– 2.8ജിഗാഹെട്സ് ഒക്ടാ–കോർ പ്രോസസർ, 6ജിബി/ 8ജിബി റാം എന്നിവ. ഈ ആധുനിക പ്രോസസർ ഉപയോഗിക്കുന്ന ആദ്യ ഫോൺ. ഗെയിമിങ്ങിലും വണ്‍പ്ലസ് 6 സ്കോര്‍ ചെയ്യുന്നുണ്ട്. സ്റ്റോറേജ് 64/128/256 ജിബി എന്നിങ്ങനെ. അധിക സ്റ്റോറേജിന് മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമില്ല. രണ്ടു സിം ഇടാം.
മുന്നിലും പിന്നിലും മുഖ്യ ക്യാമറ 16 മെഗാപിക്സല്‍. പിന്നില്‍ 20 എംപി സെക്കന്‍ഡറി ക്യാമറയും എല്‍ഇഡി ഫ്ലാഷുമുണ്ട്. നിറങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന ക്യാമറകള്‍ കുറഞ്ഞ വെളിച്ചത്തിലും മോശമല്ലാത്ത പടങ്ങളെടുക്കുന്നു. മുഖമോ വിരലടയാളമോ തിരിച്ചറിയുന്ന അണ്‍ലോക്ക് സംവിധാനം. ഫെയ്സ് റെക്കഗ്‌നിഷന്‍ അതിവേഗത്തിലാണെങ്കിലേയുള്ളൂ. 3300 എംഎഎച്ച് ബാറ്ററി ഒട്ടും മോശമല്ല. സ്ക്രീനില്‍ ബാറ്ററി ചാര്‍ജ് ലെവല്‍ എപ്പോഴും കാണില്ല. സെറ്റിങ്സില്‍ പോയാലേ അറിയൂ. ഫാസ്റ്റ് ചാര്‍ജിങ് ഉണ്ട്. വയര്‍ലെസ് ചാര്‍ജിങ് ഇല്ലെന്നതു വീഴ്ച.
വില 34,999 രൂപ മുതല്‍ 39,999 രൂപ വരെ.