ഒന്നിലേറെ പിന്‍ ക്യാമറകളുള്ള ഫോണുകള്‍ക്ക് ലോകവ്യാപകമായി ആവശ്യക്കാര്‍ ഏറുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെ, നോക്കിയയുടെ പണിപ്പുരയിലുള്ള ഒരു മോഡലിന് അഞ്ചു പിന്‍ ക്യാമറകള്‍ ഉണ്ടായിരിക്കുമെന്ന വര്‍ത്തയാണ് വന്നിരിക്കുന്നത്.
ആപ്പിളോ, വാവെയോ മുന്‍കൈ എടുത്ത ശേഷം പിന്തുടര്‍ന്നേക്കാമെന്ന ചിന്തയില്ലാതെ സ്വന്തമായി എച്എംഡി ഗ്ലോബലിന്റെ കീഴിലുള്ള നോക്കിയ, അഞ്ചു ക്യാമറ സിസ്റ്റം പരീക്ഷിക്കാന്‍ തിരുമാനിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരമൊരു വാര്‍ത്ത ആദ്യം പുറത്തുവിട്ടത് സ്ലാഷ്‌ലീക്‌സ് ആണ്. ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഐടിഹോമും (ITHome) ഫോണിന്റെ ചിത്രത്തോടൊപ്പം വാര്‍ത്ത കൊടുത്തിരിക്കുയാണ്. ഇത് നോക്കിയിയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലായ നോക്കിയ 9 ആണെന്നാണ് അഭ്യൂഹം. ഇതിന്റെ കോഡ് നെയിം TA-1094 എന്നാണ്. മധ്യഭാഗത്ത് ഒരു ക്യമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സിസ്റ്റം. സൈസ് (Zeiss) ബ്രാന്‍ഡിങും നല്‍കിയിട്ടുണ്ട്. നടുവിലത്തെ ക്യാമറയുടെ ലെന്‍സിനു മാത്രമാണോ സൈസിന്റെ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതെന്ന് തീര്‍ച്ച പറയാനാവില്ല.
അഞ്ചു ക്യാമറ സിസ്റ്റം അടങ്ങുന്ന പിന്‍ഭാഗം ഗ്ലാസ് നിര്‍മിതമാണെന്നതാണ് ഇത് നോക്കിയ 9 ആയേക്കാമെന്ന അഭ്യൂഹത്തിനു പിന്നില്‍. പുറത്തിറങ്ങുകയാണെങ്കില്‍ ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ സെറ്റ്-അപ് ആയിരിക്കുമിത്. ആദ്യം പുറത്തു വിട്ട ചിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിലര്‍ പറയുന്നത് നോക്കിയ ടെസ്റ്റു ചെയ്യുന്ന മോഡലായിരിക്കാമിതെന്നാണ്. ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെങ്കില്‍ പുറത്തിറക്കണമെന്നു നിര്‍ബന്ധമില്ല എന്നാണ് അവര്‍ വാദിക്കുന്നത്. ഇത് നോക്കിയ 9 ആണെങ്കില്‍ അതിന് സ്‌നാപ്ഡ്രാഗണ്‍ 845 ആയിരിക്കും പ്രൊസസര്‍. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുകയും ചെയ്യും. നോക്കിയ 9 ന് ഡിസ്‌പ്ലെയില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറും പ്രതീക്ഷിക്കുന്നു.
ഒന്നിലേറെ ക്യാമറകളുള്ള സ്മാര്‍ട് ഫോണുകളുടെ കാലം തന്നെയാണു വരുന്നത്. ഈ ട്രെന്‍ഡിന് ഒരു അപവാദം ഗൂഗിള്‍ പിക്‌സല്‍ സീരിസാണ്. ഈ വര്‍ഷത്തെ മോഡലിന് ഒരു ക്യാമറയെ കാണൂ എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. എന്നാല്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ മാജിക് കാണിക്കാന്‍ കഴിവുള്ള ഗൂഗിള്‍ ഒറ്റ ക്യാമറയിലൂടെ മള്‍ട്ടി ക്യാമറ സെറ്റ്-അപുകളെ വെല്ലുമോ? അങ്ങനെ സംഭവിക്കുന്നതും ഫൊട്ടോഗ്രഫിയുടെ ഭാവിക്കു നല്ലതാണ്.