sections
MORE

7 നാനോമീറ്റര്‍ ചിപ്, പിറന്നു 3 ഐഫോണുകൾ, ഇന്ത്യന്‍ വില കുത്തനെ ഉയര്‍ന്നു

-iphone-xs-max-and-iphone-xr
SHARE

കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ മൂന്നു പുതിയ ഐഫോണുകളും ആപ്പിള്‍ വാച്ചുകളും അനാവരണം ചെയ്തു. പുതിയ ഐഫോണ്‍ മോഡലുകള്‍ ഇവയാണ്- ഐഫോണ്‍ Xs, ഐഫോണ്‍ Xs മാക്‌സ്, ഐഫോണ്‍ XR ( iPhone Xs, iPhone Xs Max, iPhone XR).

അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലായരുന്നു ഫോണുകളുടെ ഫീച്ചറുകളും പ്രകടനവും എല്ലാം. വലുപ്പം കൂടിയ ഐഫോണുകളെ 'പ്ലസ്' ചേര്‍ത്തു വിളിക്കുന്ന രീതിയ്ക്കും ഈ വര്‍ഷം അറുതി വരുത്തിയിരിക്കുകയാണ്. ഇതുവരെ ഇറങ്ങിയിരിക്കുന്നതിലേക്കുംവച്ച് ഏറ്റവും വലുപ്പമുള്ള ഫോണാണ് ഐഫോണ്‍ Xs മാക്‌സ്. (അവരുടെ ഫോണുകള്‍ക്ക് ഇതിലേറെ വലുപ്പം നല്‍കാന്‍ ഉദ്ദേശമില്ല എന്ന സന്ദേശവും ഈ പേരിലുണ്ടാകാം.) 6.5-ഇഞ്ച് വലുപ്പമുള്ള ഈ മോഡലായിരിക്കും ഇനി ഏറ്റവും വില കൂടിയ ഐഫോണ്‍.

പ്രതീക്ഷിച്ച പോലെ, ഇപ്പോള്‍ നിലവിലുള്ള ഐഫോണുകളെക്കാള്‍ നല്ല സ്‌പെസിഫിക്കേഷന്‍സുമായാണ് ഫോണുകള്‍ എത്തിയിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തില്‍ ഐഫോണ്‍ 6 മുതല്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 8 പ്ലസ് മോഡലുകളുമായുള്ള സാമ്യവും ഇല്ലാതാക്കിയാണ് ഈ വര്‍ഷത്തെ മോഡലുകള്‍ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ Xല്‍ പരിചയപ്പെട്ട ഡിസൈന്‍ രീതി ഈ വര്‍ഷത്തെ വിലകൂടിയ രണ്ടു മോഡലുകളിലും തുടരുകയും ചെയ്യുന്നു.

എന്നാല്‍, പുതിയ ശ്രേണിയിൽ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐഫോണ്‍ XR, ഐഫോണ്‍ 8ന്റെ ശ്രേണിയില്‍ കാണാമെങ്കിലും വ്യത്യസ്തമാണ്. ഇതിനു ഒരു പിന്‍ ക്യാമറയെ ഉള്ളൂ. എല്ലാ ഫോണുകള്‍ക്ക് ഇന്ത്യയിലെ വില ശരിക്കും സൂപ്പര്‍ പ്രീമിയം സെഗ്‌മെന്റിലേക്കു കടന്നിരിക്കുന്നു. രൂപയുടെ വിലയിടിയലും ഇതിന് ഒരു കാരണമായിരിക്കാം. ഓലെഡ് സ്‌ക്രീനുള്ള ഐഫോണ്‍ Xs, Xs മാക്‌സ് മോഡലുകള്‍ ഈ മാസം 28നു തന്നെ ഇന്ത്യയില്‍ എത്തുമെന്നാണ് അറിവ്.

മറ്റൊരു പ്രധാന വാര്‍ത്ത ഏറ്റവും വില കുറഞ്ഞ മോഡലായ ഐഫോണ്‍ XRനും കമ്പനിയുടെ ഈ വര്‍ഷത്തെ പ്രൊസസറായ ആപ്പിള്‍ A12 ബയോണിക് പ്രൊസസര്‍ (Apple A12 Bionic processor) നല്‍കിയിരിക്കുന്നുവെന്നതാണ്. ഇതിന്റെ വില കൂടാനുള്ള ഒരു കാരണവും ഇതാണ്.

പുതിയ മോഡലുകളിലെല്ലാം അടക്കം ചെയ്തിരിക്കുന്ന ജിപിയു, ഐഎസ്പി, ന്യൂറല്‍ എൻജിന്‍ (GPU, ISP and Neural engine) എന്നിവയുമായി പുതിയ പ്രൊസസര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവം നല്‍കുകയും ചെയ്യും.

ആദ്യം ചില പ്രധാന സവിശേഷതകൾ പരിശോധിക്കാം

പുതിയ പ്രൊസസര്‍

ഐഫോണുകളിലെ പുതിയ പ്രൊസസറിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര് A12 ബയോണിക് എന്നാണ്. 7 നാനോമീറ്റര്‍ ചിപ്പാണിത്. ഇതിന് 6.9 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകളാണ് ഇതില്‍ അടുക്കിയിരിക്കുന്നത്. ആപ്പിള്‍ സ്വന്തമായി നിര്‍മിച്ച 6 കോറുള്ള സിപിയു ആണ് ഇതിനുള്ളത്. ഇതൊരു ഫ്യൂഷന്‍ സിസ്റ്റമാണ്. ഇതിനു രണ്ടു ഹൈ പെര്‍ഫോമന്‍സ് കോറുകളും, നാല് ഹൈ എഫിഷ്യന്‍സി കോറുകളുമാണുള്ളത്. തൊട്ടു മുൻപിലെ തലമുറയിലെ ഗ്രാഫിക്‌സ് പ്രൊസസറിനെക്കാള്‍ 50 ശതമാനം വേഗത കൂടുതലുണ്ട് പുതിയ ജിപിയുവിനെന്ന് ആപ്പിള്‍ പറയുന്നു. ഇതൊരു 8 കോറുള്ള മെഷീന്‍ ലേണിങ് എൻജിനാണ്. കഴിഞ്ഞ വര്‍ഷത്തെ ജിപിയുവിന് സെക്കന്‍ഡില്‍ 600 ബില്യന്‍ ഓപ്പറേഷനുകളാണ് നടത്താന്‍ കഴിയുമായിരുന്നതെങ്കില്‍ പുതിയ A12 ന്യൂറല്‍ എൻജിന് സെക്കന്‍ഡില്‍ 5 ട്രില്ല്യന്‍ ഓപ്പറേഷന്‍സ് നടത്താനുള്ള ശേഷിയുണ്ടെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

chip

എആര്‍ കിറ്റ് 2

ആപ്പുകള്‍ക്ക് പ്രതലത്തെയും വസ്തുക്കളെയും തിരിച്ചറിയാന്‍ അനുവദിക്കുന്ന രീതിയിലാണ് ഓഗ്മെന്റഡ് റിയാലിറ്റിയുടെ അപ്‌ഡേഷന്‍. ഹോം കോര്‍ട്ട് എന്ന ആപ്പിലൂടെ ചില കളികള്‍ (ഉദാഹരണം-ബാസ്‌കറ്റ് ബോള്‍) നടക്കുന്നിടത്തേക്ക് ഐഫോണ്‍ ക്യാമറ തിരിച്ചു പിടിച്ചാല്‍ കളിയുടെ അല്ലെങ്കില്‍ പ്രാക്ടിസിന്റെ വിശദാംശങ്ങള്‍ ഫോണിന് പിടിച്ചെടുക്കാനും അവ പിന്നീട് വിശകലനം നടത്താനും സാധിക്കും.

apple-steve-nash

ഇരട്ട പിന്‍ ക്യാമറ സിസ്റ്റം

12 മെഗാപിക്സൽ വീതമുള്ള ടെലിഫോട്ടോ, വൈഡ് ക്യാമറ മൊഡ്യൂളുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ മെച്ചപ്പെട്ട ട്രൂടോണ്‍ ഫ്‌ളാഷും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി ആപ്പിള്‍ പറഞ്ഞു. ഈ വര്‍ഷത്തെ ക്യാമറയുടെ ഏറ്റവും മികച്ച ഫീച്ചര്‍ സ്മാര്‍ട് എച്ഡിആര്‍ ആണ്. ഷട്ടര്‍ ലാഗ് (പൂജ്യം ഷട്ടര്‍ ലാഗ്) ഇല്ലാതെ ആപ്പിളിന്റെ പുതിയ പ്രൊസസറിന് 4 ഫ്രെയിം ബഫര്‍ പിടിച്ചെടുക്കുന്നു. ഇതിനിടയിലുള്ള (ഇന്റര്‍ഫ്രെയ്മുകളും) പിടിച്ചെടുക്കുന്നു. ഇവ മറ്റൊരു എക്‌സ്‌പോഷറിലായിരിക്കും പിടിച്ചെടുക്കുക. ഇവ ഹൈലൈറ്റ് വിശദാംശങ്ങള്‍ പിടിച്ചെടുക്കുന്നതിനായിരിക്കും ഉപയോഗിക്കുക. എന്നാല്‍, മറ്റൊരു ക്യാമറയും ചെയ്യാത്ത രീതിയില്‍ ഇതൊരു ലോങ് എക്‌സ്‌പോഷറും പിടിച്ചെടുക്കുന്നു. ഇതാകട്ടെ നിഴലിലുള്ള വിശദാംശങ്ങളും ഒപ്പിയെടുക്കുന്നു. ഇതെല്ലാം ഒരു സമയത്തു നടക്കുന്നു. എടുത്ത ചിത്രങ്ങളെ പരിശോധിച്ച് ഇവയിലെല്ലാമുള്ള നല്ല ഭാഗങ്ങള്‍ സംയോജിപ്പിച്ച് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കുകയാണ് ഫോണ്‍ ചെയ്യുന്നത്.

മറ്റൊരു സുപ്രധാന ക്യാമറ ഫീച്ചര്‍, ചിത്രം എടുത്ത ശേഷം അതിന്റെ ഡെപ്ത് ഓഫ് ഫീല്‍ഡ് അല്ലെങ്കില്‍ ബോ-കെ ക്രമീകരിക്കാം എന്നതാണ്. ആപ്പിള്‍ പറയുന്നത് f/1.4 മുതല്‍ f/16 വരെയുള്ള ശേഷിയില്‍ ഇതുനല്‍കാം. അങ്ങനെ ചെയ്യുമ്പോൾ ബാക്ഗ്രൗണ്ട് ഫോക്കസിലല്ലാതായി മാറുന്നതും കാണാം. ഈ രണ്ടു ഫീച്ചറുകളുമാണ് ഈ വര്‍ഷം ആപ്പിള്‍ ക്യാമറയ്ക്കു നല്‍കുന്ന പ്രധാന സംഭാവനകള്‍.

iPhone-xs-

4K വിഡിയോ റെക്കോഡിങ്ങിലും മികച്ച ക്ലിപ്പുകള്‍ ലഭിക്കാനായി, ഓട്ടോ ഫോക്കസും, ഓട്ടോ എക്‌സ്‌പോഷറും, കൂടുതല്‍ ഡൈനാമിക് റേഞ്ചും, നിറങ്ങളിലെ കൃത്യതയും, ടോണ്‍ മാപ്പിങ്ങുമെല്ലാം നല്‍കിയിരിക്കുന്നു.

മുന്‍ ക്യാമറ സിസ്റ്റം

ട്രൂഡെപ്ത് ക്യാമറ സിസ്റ്റവും മുന്‍ വര്‍ഷത്തെതിനെക്കാള്‍ മികവു പുലര്‍ത്തുമെന്നാണ് കമ്പനി പറയുന്നത്. ഈ ക്യാമറയ്ക്കും പുതിയ സെന്‍സറാണ്. പുതിയ 7MP സെന്‍സര്‍ ഐഫോണ്‍ Xല്‍ കണ്ട സെന്‍സറിന്റെ ഇരട്ടി വേഗമുള്ളതായിരിക്കും.

iPhone

ബാറ്ററി

ഐഫോണ്‍ Xsന് ഐഫോണ്‍ Xനെക്കാള്‍ 30 മിനിറ്റു കൂടുതല്‍ പ്രവര്‍ത്തന സമയം ലഭിക്കും. എന്നാല്‍, ഐഫോണ്‍ Xs മാക്‌സില്‍ അടക്കം ചെയ്തിരിക്കുന്നത് തങ്ങള്‍ ഇത്രകാലം ഐഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നതിലെ ഏറ്റവും വലിയ ബാറ്ററിയാണെന്നാണ് ആപ്പിള്‍ പറയുന്നത്. ഐഫോണ്‍ Xനെക്കാള്‍ ഒന്നര മണിക്കൂര്‍ കൂടുതല്‍ നേരം ഇതു പ്രവര്‍ത്തിക്കും.

ഇരട്ട സിം

ഈ വര്‍ഷത്തെ പ്രധാന മാറ്റങ്ങളിലൊന്ന് ഇരട്ട സിം സ്വീകരിക്കുന്ന മോഡലുകളുടെ വരവാണ്. എന്നാല്‍, ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇ-സിം ആയിരിക്കും കിട്ടുക. ഇന്ത്യയില്‍ തുടക്കത്തില്‍, എയര്‍ടെല്ലും, ജിയോയും മാത്രമായിരിക്കും ഈ സേവനം നല്‍കുക എന്നും അറിയുന്നു.

എന്തിനാണ് ഇരട്ട സിം?

ഒരു പുതിയ വെളിപാടു പോലെ ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍ പറഞ്ഞ ഒരു കാര്യമാണിത്- ചിലര്‍ക്ക് രണ്ടു ഫോണ്‍ നമ്പറുകള്‍ വേണം. ഒന്നു വീട്ടില്‍ ഉപയോഗിക്കാനും ഒന്നു ഓഫിസ് നമ്പറും. ചിലര്‍ക്ക് പലതരം ടെലികോം പ്ലാനുകള്‍ വേണം. വിദേശ യാത്ര നടത്തുമ്പോഴും ഇതാവശ്യമായി വരുമെന്നാണ് ആപ്പിളിന്റെ കണ്ടെത്തല്‍. അതി നിശിതമായി വിമര്‍ശിക്കേണ്ട ഒന്നാണിത്. സാമാന്യബുദ്ധിക്കു മനസിലാകുന്നതും, മറ്റെല്ലാ ഫോണ്‍ നിര്‍മാതാക്കളും ഇത്രകാലം നല്‍കിയിരുന്ന ഈ ഫീച്ചര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കാതിരുന്നത് എന്തു പിടിവാശിയിന്മേലാണ് എന്ന കാര്യം ഐഫോണ്‍ ആരാധകര്‍ കമ്പനിയോടു തന്നെ ചോദിക്കേണ്ടതാണ്.

ഐഫോണ്‍ XR

സെവന്‍ തൗസന്റ് സീരിസ് ഏറോസ്‌പെയ്‌സ് ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. ചുവന്ന നിറത്തിലുള്ള ഒരു വേരിയന്റും ഇതിനുണ്ട്. ബെസൽ കുറച്ച് നിര്‍മിച്ച ഈ ഫോണിന്റെ 6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിന് 'ലിക്വിഡ് റെറ്റിന' ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലെയ്ക്കു ലഭിക്കുന്ന കളര്‍ ഡെപ്തും മറ്റും ഈ മോഡലിന് തോന്നില്ല.

ഒറ്റ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. എന്നാല്‍, ഈ ക്യമറയ്ക്കും മികച്ച ചിത്രങ്ങള്‍ എടുക്കാനാകുമെന്നും തങ്ങള്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഒറ്റ ക്യാമറ സിസ്റ്റമാണിതെന്നും കമ്പനി പറയുന്നു. ഐഫോണ്‍ 8 പ്ലസിനെക്കാള്‍ ഒന്നര മണിക്കൂറിലെറെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ബാറ്ററിയും ഇതിനു നല്‍കിയിരിക്കുന്നു.

ഐഫോണ്‍ X സീരിസ് തുടങ്ങിയ പ്രീമിയം മോഡലുകളോട് താരതമ്യം ചെയ്യുന്നില്ലെങ്കില്‍ ഇതൊരു മികച്ച മോഡല്‍ തന്നെയാണ്. മികച്ച മോഡലുകളെക്കാൾ അല്‍പം കട്ടികൂടുതലുമുണ്ട് (thickness). എന്നാല്‍, ഇതിനെ ഒരു വില കുറഞ്ഞ ഐഫോണ്‍ X എന്നു വിളിക്കാമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈ ഫോണിനും പ്രകടനത്തില്‍ മറ്റു മോഡലുകളെക്കാള്‍ വ്യത്യാസമില്ല. ശരിക്കും ഫാസ്റ്റ് ആണ്. ഐഫോണ്‍ 6s അല്ലെങ്കില്‍ അതിനു മുൻപുള്ള ഏതെങ്കിലും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ താത്പര്യം കാണിക്കാവുന്ന രീതിയാണിതിന് എന്നാണ് വിലയിരുത്തല്‍.

ആറു വ്യത്യസ്ത നിറങ്ങളിലും മൂന്നു സംഭരണ ശേഷിയുമുടങ്ങുന്നതായിരിക്കും ഐഫോണ്‍ XR ശ്രേണി. 64GB, 128GB, 256GB പതിപ്പുകളുള്ള ഈ മോഡല്‍ ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ ഒക്ടോബര്‍ 19 വരെ കാത്തിരിക്കണം. തുടക്ക വില 76,900 രൂപയായിരിക്കും.

iPhone-xs

Xs / Xs മാക്‌സ്

ഇവയുടെ പരിചയപ്പെടല്‍ എളുപ്പമാണ്! കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ Xനോടുള്ള സമാനതയാണ് കാരണം. ഐഫോണ്‍ Xന്റെ പുതിയ പതിപ്പായി ഐഫോണ്‍ Xsനെയും (5.8-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍) അതിന്റെ വലുപ്പക്കൂടുതലുള്ള (6.5-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍) പതിപ്പായി ഐഫോണ്‍ Xs മാക്‌സിനെയും കാണാം. ഐഫോണ്‍ Xന് പൈസ മുടക്കിയവര്‍ ഈ മോഡല്‍ വാങ്ങേണ്ട കാര്യമില്ല എന്നാണ് ഒരു വാദം. വലിയ സ്‌ക്രീന്‍ വേണമെന്നുള്ളവര്‍ മാക്‌സ് മോഡല്‍ പരിഗണിക്കാം.

apple-xs-launch

മാക്‌സ് മോഡലിന് വലുപ്പക്കൂടുതലുണ്ടെങ്കിലും വളരെ ഭാരക്കുറവു തോന്നിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫാബ്‌ലറ്റ് പ്രേമികള്‍ ദീര്‍ഘനേരം ഫോണ്‍ ഉയര്‍ത്തി പിടിക്കുന്നതിലൂടെ കൈക്കുഴയ്ക്കു വരുന്ന വേദന ഈ ഫോണിനു താരതമ്യേന കുറയാമെന്നൊരു വാദവുമുണ്ട്. ഇവയ്ക്കു മാത്രമാണ് ഇരട്ട സിം കാര്‍ഡ് ഉള്ളത്.

IP68 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സും ഈ മോഡലുകള്‍ക്കുണ്ട്. ഇവ പലതരം ദ്രാവകങ്ങളില്‍ തങ്ങള്‍ ഇട്ടു നോക്കിയെന്ന് അവ അവതരിപ്പിക്കുമ്പോള്‍ ഫില്‍ ഷിലര്‍ പറഞ്ഞു. ബിയറിലടക്കം തങ്ങള്‍ അവ ഇട്ടതായി അദ്ദേഹം പറഞ്ഞു.

വില

Xs മാക്‌സിന് മൂന്നു വേരിയന്റുകളാണ് ഉള്ളത്- 64GB, 256GB, 512GB. തുടക്ക മോഡലിന്റെ വില 109,900 രൂപയായിരിക്കും.
Xs മോഡലിനും അതേ സംഭരണശേഷിയുള്ള മോഡലുകള്‍ തന്നെയാണുള്ളത്. തുടക്ക വില 99,900 രൂപയായിരിക്കും.

ഐഫോണ്‍ അവതരണം പ്രാധാന്യമുള്ളതാകുന്നത് എന്തുകൊണ്ട്?

എല്ലാവര്‍ക്കും അറിയാവുന്നതു പോലെ, കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ കലണ്ടറിലെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു സെപ്റ്റംബർ 12- പുതിയ മോഡല്‍ ഐഫോണുകള്‍ അവതരിപ്പിക്കപ്പെട്ടു എന്നതാണ് അതിന്റെ പ്രത്യേകത. മറ്റൊരു പ്രൊഡക്ടിനും കിട്ടാത്ത തരം ശ്രദ്ധയാണ് ഐഫോണുകള്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. വര്‍ഷാ വര്‍ഷം ഫോണ്‍ നിര്‍മാണത്തിന്റെ ദിശ മാറ്റുന്ന എന്തെങ്കിലും കൊണ്ടുവരുന്നതില്‍ ആപ്പിളിന്റെ എൻജിനിയര്‍മാര്‍ പരാജയപ്പെടാറില്ല എന്നതിനാല്‍ ലോകം മുഴുവനുമുള്ള ടെക്‌നോളജി പ്രേമികള്‍ കാത്തിരിക്കുന്നത്. ശ്രദ്ധപിടിച്ചുപറ്റുന്ന ഫീച്ചറുകള്‍ അതേപടി തങ്ങളുടെ ഫോണുകളില്‍ കൊണ്ടുവരാനായി ചൈനീസ് കമ്പനികളും കാത്തിരിക്കുന്നത് ഈ ഒരു ദിവസത്തിനായാണ്.

പുതിയ മോഡലുകളിലെ മാറ്റങ്ങള്‍ സ്വാഗതാര്‍ഹവും മികവുറ്റതുമാണ്. എന്നാല്‍, അവ നാടകീയമായ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA