ആപ്പിളിന് തലവേദനയായി ഐഒഎസ് 12.1.2, ആപ്പുകളിലേക്ക് ഡേറ്റ എത്തുന്നില്ല

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 12.1.2 ല്‍ നിരവധി പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ട്. നേരത്തെ തുര്‍ക്കിയിലെ ചില ഉപയോക്താക്കള്‍ക്ക് സെല്ലുലാര്‍ കണക്ടിവിറ്റിയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാനും പുതിയ വേര്‍ഷനിലൂടെ ആപ്പിള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ സമ്മാനിക്കുകയാണുണ്ടായത്. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്ത ചിലര്‍ക്ക് സെല്ലുലാര്‍ ഡേറ്റ, തേഡ് പാര്‍ട്ടി ആപ്പുകളിലേക്ക് (ആപ്പിളിന്റെതല്ലാത്ത ആപ്പുകള്‍) എത്തുന്നില്ല എന്നതാണ്  റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുളള പ്രശ്‌നങ്ങളിലൊന്ന്. കൂടാതെ, ചിലര്‍ക്ക് എസ്എംഎസ് അയയ്ക്കുന്നതിനും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

ഈ പ്രശ്‌നം ബാധിച്ചിട്ടുള്ള ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ പരിഹാരം ലഭിക്കണമെങ്കില്‍ ഐഒഎസ് 12.1.3 എത്തുന്നതു വരെ കാത്തിരിക്കണം. ആപ്പിള്‍ 12.1.3 വേര്‍ഷന്റെ ബീറ്റാ ടെസ്റ്റിങ് തുടങ്ങി. ആപ്പിള്‍ സപ്പോര്‍ട്ട് ട്വിറ്റര്‍ ഹാന്‍ഡ്ല്‍ ഉപയോക്താക്കളോട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടുള്ള മെസേജിലൂടെ വിശദമായി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ഒരു യുട്യൂബര്‍ താത്കാലിക പരിഹാരത്തിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇവ സ്വീകരിക്കണോ എന്ന് ഉപയോക്താക്കള്‍ക്കു തീരുമാനിക്കാവുന്നതാണ്. പ്രശ്‌നബാധിത ഫോണുകളില്‍ വൈ-ഫൈ കോളിങ് ടേണ്‍ ഓഫ് ചെയ്യുക. പിന്നീട് സെല്ലുലാര്‍ ഡേറ്റ ഓപ്ഷന്‍സിലെത്തി 'എനേബിൾ എല്‍ടിഇ' ടാബിലെത്തി അത് 'ഡേറ്റ ഒണ്‍ലി' എന്നാക്കി മാറ്റുക (ഡിഫോള്‍ട്ടായി കിടക്കുന്നത് ' വോയസ് ആന്‍ഡ് ഡേറ്റ' ആയിരിക്കാം) തുടങ്ങിയ ലളിതമായ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.