sections
MORE

ഇതു കണ്ടാല്‍ ഐഫോണ്‍ എന്‍ജിനീയര്‍മാര്‍ക്ക് അസൂയ വരും, തീർച്ച!

screen
SHARE

മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിനും ഇപ്പോഴത്തെ സിഇഒ ടിം കുക്കിനുമൊപ്പം ജോലിയെടുത്തു പരിചയിച്ചയാളാണ് ബോബ് ബറോ. ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ അകവും പുറവും അറിയാവുന്ന അദ്ദേഹം ഫോണ്‍ സ്‌ക്രീനുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിമഗ്‌നമായ അനുഭവം നല്‍കുന്ന ഒന്നാക്കാന്‍ ഒരു പുതിയ ഇന്റര്‍ഫെയ്‌സ് നിര്‍മിച്ചു. പ്രൊജക്ട് എറാസ്മസ് എന്നു പേരിട്ടിരിക്കുന്ന പ്രൊജക്ടിലൂടെ, ഫോണ്‍ ഏതുതരം ലൈറ്റിങ് സെറ്റ്അപ്പിലിരിക്കുന്നോ അതു സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കുന്ന രീതിയാണ് കൊണ്ടുവന്നിരിക്കുന്നത്. ചുറ്റുപാടിന് അനുസരിച്ച് പ്രകാശവും നിഴല്‍ പ്രദേശവുമൊക്കെ പ്രതിഫലിപ്പിക്കാനുള്ള ഒരു ശ്രമമാണ് ബറോസ് നടത്തിയിരിക്കുന്നത്. ഇപ്പോള്‍ ഫോണുകളിലുള്ള ആംബിയന്റ് സെന്‍സറുകളേക്കാള്‍ പതിന്‍മടങ്ങ് വ്യത്യസ്ഥതയുള്ളതാണിത്. 

തുടങ്ങി അധികം കാലമാകാത്ത തന്റെ യുട്യൂബ് ചാനലിലാണ് അദ്ദേഹം ഇതിന്റെ വിഡിയോ അപ്‌ലോഡു ചെയ്തരിക്കുന്നത്. 'പ്രൊജക്ട് എറാസ്മസ് ഫോണിനെ കൂടുതല്‍ മാന്ത്രികമാക്കുന്നു. കൂടൂതല്‍ നേരം ഉപയോഗിക്കാന്‍ തോന്നുന്നു. ഒരിക്കലും താഴെ വയ്ക്കാന്‍ തോന്നില്ല', എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് വരുന്നത്. കയ്യില്‍ വച്ചിരിക്കുന്ന ഹാന്‍ഡ്‌സെറ്റ് മാറ്റുമ്പോള്‍ വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലിനനുസിരച്ച് അതിന്റെ സ്‌ക്രീനിനു സ്വാഭാവികമായ രീതിയില്‍ മാറ്റങ്ങള്‍ വരികയാണ്. വെളിച്ചവും നിഴല്‍ വീണിടവും പ്രതിഫലിച്ച വെളിച്ചവുമെല്ലാം വേര്‍തിരിച്ചറിയുകയാണ് ഫോണിന്റെ സ്‌ക്രീന്‍ ചെയ്യുന്നത്. 

ബറോ ഇതു പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് ഓളോക്ലിപ് (Olloclip) ഫിഷ്‌ഐ ലെന്‍സ് ഫോണിന്റെ മുന്‍ ക്യാമറയ്ക്കു മുകളില്‍ പിടിപ്പിച്ചാണ്. ഇത് ചുറ്റുപാടിന്റെ ഒരു വൈഡ് ആംഗിള്‍ ഫോട്ടോ എടുക്കുന്നു. ബറോസ് കൊണ്ടുവന്ന സോഫ്റ്റ്‌വെയറിലെ മാറ്റം, ലെന്‍സ് എടുത്ത ചിത്രത്തിനനുസരിച്ചുള്ള ചുറ്റുപാടിന്റെ ഒരു മാപ് സ്‌ക്രീനില്‍ പ്രൊജക്ടു ചെയ്യുന്നു. ഇതിലൂടെ വെളിച്ചവും പ്രതിഫലനവും നിഴലുമൊക്കെ സ്‌ക്രീനിന് അറിയാനാകുന്നു.

ഇരുളില്‍ നില്‍ക്കുമ്പോള്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ് അതു പ്രതിഫലിപ്പിക്കുന്നു. അവിടെ പ്രകാശമില്ലെന്ന് മനസ്സിലാക്കാം. യുഐയുടെ മുകളിലുള്ള ബട്ടണുകളും താഴെയുള്ള ഷെയ്ഡിങ് പ്രദേശവും പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതും കാണാം. എന്നാല്‍ ഇരുളില്‍ നില്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നുള്ളത് തന്റെ യുഐ ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ മെനയുന്ന പ്രോഗ്രാമര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് ബറോ പറയുന്നു. പലതരം പ്രതികരണങ്ങള്‍ക്ക് അനുവദിക്കുന്ന രീതിയിലാണ് താന്‍ പ്രൊജക്ട് എറാസ്മസ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് ആ സമയത്തു വേണമെങ്കില്‍ ബാക് ലൈറ്റ് കൊണ്ടുവരാം. ഇരുളില്‍ തിളങ്ങുന്ന പുതിയ മാക്ബുക് കീബോഡുകളെ പോലെ പ്രകാശമില്ലാത്തപ്പോള്‍ ഫോണിന്റെ സ്‌ക്രീനിനും ബാക്‌ലൈറ്റ് നല്‍കാം. 

ഇരുളില്‍ നിന്നു പുറത്തേക്കു മാറുമ്പോള്‍ ഇന്റര്‍ഫെയ്‌സ് പ്രകാശത്തോടു പ്രതികരിക്കുന്നതും കാണാം. കൂടുതല്‍ പ്രകാശമാനമായ പ്രദേശത്ത് പ്രൊജക്ട് എറാസ്മസ് അതിനനുസരിച്ചുള്ള മാറ്റം വരുത്തും. മാന്ത്രികമായ ഒരു 3D എഫക്ട് ആണ് ഇതു കൊണ്ടുവരുന്നതെന്നു പറയുന്നു. തന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് കൂടെ വിളക്കിച്ചേര്‍ത്താല്‍ ഫോണ്‍ സ്‌ക്രീനുകള്‍ക്ക് ഇപ്പോഴത്തേതിനേക്കാളേറെ നിമഗ്‌നമായ അനുഭവം നല്‍കാനാകുമെന്ന് ബറോ പറയുന്നു. ചുറ്റുപാടിനെ അതേപടി പ്രതിഫലിപ്പിക്കുന്ന ഒരു രീതി ഏത് ഉപയോക്താവും തന്റെ ഫോണില്‍ വരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. 

എന്നാല്‍, ചില വിമര്‍ശനങ്ങളും ഇല്ലാതില്ല. ബറോസ് ഇപ്പോള്‍ ഒരു ഫിഷ്‌ഐ ലെന്‍സ് പിടിപ്പിച്ചാണ് ഇതു ചെയ്യുന്നത്. പക്ഷേ, ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഒരു ഫിഷ്‌ഐലെന്‍സ് ഫോണ്‍ സ്‌ക്രീനിനു മുന്നില്‍ ഉള്‍ക്കൊള്ളിക്കുക തന്നെ വേണം. അതാകട്ടെ, സദാ സമയവും ഓണായി ഇരിക്കുകയും വേണം. ഇതിന് നല്ല രീതിയില്‍ ബാറ്ററി ശേഷിയും വേണ്ടിവരാം. അപ്പോള്‍ എത്രമാത്രം പ്രാവര്‍ത്തികമായിരിക്കും ഇതെന്ന സംശയം ചിലര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍, അതു ശരിയാകണമെന്നില്ല എന്നാണ് ബറോ പറയുന്നത്.

ഇതായിരിക്കും ഏറ്റവും രസകരം! 

ബറോ തന്റെ പ്രൊജക്ട് എറാസ്മസിന്റെ പേറ്റന്റൊക്കെ എടുത്തിട്ടുണ്ട്. ആപ്പിളിനു തന്നെയോ, ഏതെങ്കിലും ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാവിനോ വില്‍ക്കാനാണ് അദ്ദേഹത്തിന്റ ലക്ഷ്യം. ആപ്പിള്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നാല്‍ അദ്ദേഹത്തിനു പണം ലഭിക്കും. പക്ഷേ, ആപ്പിളിന്റെ ഒഎസ് ഇന്റര്‍ഫെയ്‌സ് അതേപടി കോപ്പിയടിച്ചുവച്ച് ഫോണ്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനികള്‍ ഇപ്പോഴുമുണ്ട്. അവര്‍ ബറോയ്ക്ക് കാശൊക്കെ നല്‍കി ഇതു വാങ്ങുമോ? ബാറ്ററി പ്രശ്‌നവും മറ്റും ഇല്ലാതെ ഇത് ഉള്‍ക്കൊള്ളിക്കാനായാല്‍ അവര്‍ ഇതു നേരിട്ടെടുത്ത് തങ്ങളുടെ അടുത്ത ഫോണില്‍ ഉള്‍പ്പെടുത്താനാണു വഴി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA