ഐഫോണ്‍ വില്‍പ്പന കുത്തനെ കുറയുന്നു, കാരണം വിചിത്രം!

ഐഫോണ്‍ വില്‍പ്പന കുറയാന്‍ എന്താണ് കാരണമെന്ന് പല കണക്കു കൂട്ടലുകളും നടന്നിട്ടുണ്ട്. സ്മാര്‍ട് ഫോണ്‍ വിപണി മൊത്തത്തില്‍ കുതിപ്പ് അവസാനിച്ച മട്ടാണ് എന്നതായിരിക്കാം ഒരു കാരണം. പുതിയ മോഡലുകളുടെ വില കൂട്ടിയതായിരിക്കാം ഐഫോണുകള്‍ വാങ്ങാതിരുന്നതെന്നും നിരീക്ഷണമുണ്ട്. ആപ്പിളിന്റെ വിപണി മൂല്യത്തില്‍ 7500 കോടി ഡോളര്‍ ഇടിവു സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ഈ വര്‍ഷം പ്രതീക്ഷിച്ചത്ര ഐഫോണുകള്‍ വിറ്റുപോകില്ലെന്നും പറഞ്ഞ് ആപ്പിള്‍ നടത്തിയ പ്രസ്താവനയില്‍ ചൈനയിലെ പ്രശ്‌നങ്ങളാണ് ഈ ക്ഷീണത്തിന് പ്രധാന കാരണമെന്നാണ് പറയുന്നത്. (ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈന പ്രശ്‌നം കൂടുതല്‍ വഷളായി. ഒരു 'അനൗദ്യോഗിക ബഹിഷ്‌കരണം' തന്നെയാണ് ചൈനയില്‍ ആപ്പിള്‍ നേരിടുന്നത്.) എന്നാല്‍, ഇതൊന്നുമല്ലാത്ത കാരണങ്ങളും ഐഫോണ്‍ വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നു എന്നാണ് ചില ടെക് വിദഗ്ധര്‍ പറയുന്നത്.

പുത്തൻ മോഡലുകളോട് മുഖം തിരിക്കൽ

ചില ഉപയോക്താക്കള്‍ പുതിയ മോഡലുകളോട് മുഖം തിരിക്കുന്നതാണ് മുഖ്യ കാരണങ്ങളിലൊന്ന് എന്നാണ് അവര്‍ പറയുന്നത്. ഉദാഹരണമായി അമേരിക്കയില്‍ വസിക്കുന്ന മുതിര്‍ന്ന സ്ത്രീ ഇപ്പോഴും മൂന്നു തലമുറ പിന്നിലുളള തന്റെ ഐഫോണ്‍ 6s തന്നെയാണ് ഉപയോഗിക്കുന്നത്. അവര്‍ക്ക് ഐഫോണുകളില്‍ പിന്നീടിറങ്ങിയ ഫീച്ചറുകളായ ഇരട്ട ലെന്‍സ് ക്യാമറ, ഫെയ്‌സ്‌ഐഡി, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, കൂടുതല്‍ സംഭരണശേഷി തുടങ്ങിയവ ലഭിക്കുന്നില്ല. ഐഫോണ്‍ മാത്രമല്ല അവര്‍ അപ്‌ഗ്രേഡു ചെയ്യാന്‍ വിസമ്മതിക്കുന്നത്. തന്റെ ആദ്യ തലമുറയിലെ ആപ്പിള്‍ വാച്ചും അതിലും പഴക്കമുള്ള മാക്ബുക് എയറുമൊന്നും അടുത്തെങ്ങും അപ്‌ഗ്രേഡു ചെയ്യണമെന്ന ചിന്ത അവര്‍ക്കില്ല.

തനിക്കു വേണ്ടതെല്ലാം ഐഫോണ്‍ 6sലൂടെ നടക്കുന്നുണ്ട്. പിന്നെ എന്തിനാണ് പുതിയ ഫോണിന് 800 ഡോളര്‍ ഇപ്പോള്‍ കളയുന്നതെന്നതാണ് അവരുടെ നിലപാട്. മുന്‍ കാലങ്ങളില്‍ പുതിയ ഉൽപ്പന്നങ്ങൾ ഇറക്കുമ്പോഴേ വാങ്ങാന്‍ ചാടിവീണിരുന്ന ഒരു ചരിത്രവും അവര്‍ക്കുണ്ട്. ഇത്തരക്കാരായിരിക്കാം ആപ്പിളിന്റെ ഭാവി പ്ലാനുകളും തകര്‍ക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലുകള്‍ കൊണ്ടുവരുന്ന നേരിയ വ്യത്യാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്നു കരുതുന്നവരായിരിക്കാം ആപ്പിളടക്കമുള്ള മുന്‍നിര കമ്പനികള്‍ക്ക് ഭീഷണിയാകുക.

വിലകുറച്ച ആന്‍ഡ്രോയിഡ് vs വിലകൂടുന്ന ഐഫോൺ

ഒരു വര്‍ഷം പ്രഖ്യാപിച്ച ബാറ്ററി മാറ്റിവയ്ക്കലിന്റെ ഗുണമാസ്വദിക്കുന്നവരും ഫോണുകള്‍ അപ്‌ഗ്രേഡു ചെയ്യാനെത്തുന്നില്ലെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് നിരീക്ഷിച്ചിരുന്നു. ആപ്പിളിന്റെ എതിരാളികളായ സാംസങും വാവെയും വിലകുറച്ച ആന്‍ഡ്രോയിഡ് മോഡലുകളുമായി എത്തുന്നതും പ്രായോഗികതയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപയോക്താക്കളെ ആപ്പിളില്‍ നിന്നകറ്റുന്നു. ലോകത്താകമാനം ധനസ്ഥിതി മോശമാകുന്നതിന്റെ സൂചനകളും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. 2015 വരെ, ശരാശരി ഐഫോണ്‍ അപ്‌ഗ്രേഡ് നടത്തുന്ന കാലയളവ് രണ്ടു വര്‍ഷത്തിലൊന്നായിരുന്നുവെങ്കില്‍ പിന്നീടത് മൂന്നു വര്‍ഷത്തിലൊന്നായതായി കണ്ടെത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ആ കലയളവ് വര്‍ധിക്കുമെന്നും പറയുന്നു. ഇതിന്റെ പ്രധാന കാരണം വില കൂടുന്നതാണ്. ഇത്തരം പല കാരണങ്ങളും ആപ്പിളിനെ മാത്രം ബാധിക്കുന്നവയല്ല.

പുതിയ ഫോണുകളില്‍ ഉപയോഗിക്കുന്ന പുതിയ സ്‌ക്രീന്‍ ടെക്‌നോളജിയും മെമ്മറി ചിപ്പുമൊക്കെ പഴയ ഫോണുകളിലേതിനേക്കാള്‍ ചിലവേറിയതാണ്. ഉപയോഗിച്ച ഫോണുകളും റീഫര്‍ബിഷു ചെയ്ത ഫോണുകളും വില്‍ക്കാന്‍ ചില മൊബൈല്‍ സേവനദാതാക്കള്‍ തയാറായതും ചെറിയ രീതിയിലെങ്കിലും പ്രശ്‌നം വഷളാക്കുന്നു. അടുത്ത കാലം വരെ പുതിയ ഫീച്ചറുകള്‍ക്ക് നല്‍കേണ്ടത് 650 ഡോളറായിരുന്നു. ഐഒഎസ് 12ല്‍ പഴയ ഫോണുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമം നടന്നിരിക്കുന്നുവെന്നതും പുതിയ ഫോണ്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കാതിരിക്കുന്ന ഒരു ഘടകമാണ്. കൂടിയേ കഴിയൂ എന്ന തോന്നലുളവാക്കുന്ന പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നില്ല എന്നതു മറ്റൊരു ഘടകമാണ്. ഫെയ്‌സ്‌ഐഡിയും അനിമോജിയുമടക്കം ഏതാനും ഫീച്ചറുകള്‍ മാത്രമാണ് പഴയ ഫോണുകളില്‍ ലഭ്യമല്ലാത്തതെന്നു കാണാം.

കൂടുതല്‍ ഈടു നില്‍ക്കുന്ന ഐഫോണുകള്‍ ഇറക്കുന്നത് വര്‍ഷാവര്‍ഷമുള്ള വില്‍പ്പന കുറയ്ക്കുമെങ്കിലും ഉപയോക്താവിനെ ഐഫോണുകളില്‍ തളച്ചിടുമെന്നത് ആപ്പിളിനു ഗുണകരമാകും. എന്നാല്‍, 2020ല്‍ എത്തുമെന്നു പറയുന്ന 5ജി പഴയ ഫോണുകള്‍ കളയാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമായിരിക്കാമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ഫോണുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഇറക്കുക എന്നതാണ് ഫോണ്‍ നിര്‍മാതാക്കള്‍ നടത്തിയേക്കാവുന്ന മറ്റൊരു നീക്കം.

തന്റെ ദൈനംദിന ജീവിതത്തിന് അര്‍ഥവത്തായ എന്തെങ്കിലും മാറ്റം വരുത്താത്ത ഫീച്ചറുകള്‍ എത്തുന്നില്ലെങ്കില്‍ താന്‍ ഫോണ്‍ മാറുന്ന പ്രശ്‌നമില്ലെന്നാണ് ആദ്യം കണ്ട ഉപയോക്താവ് പ്രതികരിച്ചത്. 'അല്ലെങ്കില്‍, താഴെയിട്ടു പൊട്ടി, ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയാത്ത തരത്തിലുള അവസ്ഥയിലെത്തിയാല്‍ മാത്രം മാറ്റുന്ന കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കൂ എന്നാണ് അവരുടെ തീരുമാനം.