ഇന്റർനെറ്റ് എന്നാൽ ഗൂഗിളാണെന്നു വിശ്വസിക്കുന്ന ഒട്ടേറെപ്പേരുണ്ട്. അതുതന്നെയാണു കഴിഞ്ഞ 20 വർഷം കൊണ്ടു ഗൂഗിൾ നേടിയെടുത്ത ഏറ്റവും വലിയ നേട്ടം. ഇനി ഗൂഗിൾ ലക്ഷ്യം വയ്ക്കുന്ന വലിയൊരു വിഭാഗമാണു തൊഴിൽ അന്വേഷകർ.
ഏജന്റുമാരെ ഒഴിവാക്കി തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും ബന്ധപ്പെടുത്താൻ ഗൂഗിൾ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നു സിഇഒ സുന്ദർ പിച്ചൈ പറഞ്ഞിരുന്നു. ഉദാഹരണത്തിന്, ഒരു കമ്പനിയിലെ മാനേജർമാരെയും അതേരംഗത്തു ക്ലാർക്ക് ജോലി അന്വേഷിക്കുന്ന ആളുകളെയും നേരിട്ടു ഗൂഗിൾ ബന്ധപ്പെടുത്തും. മെഷിൻ ലേണിങ് ഉപയോഗിച്ചാകും ഇത്. ഈ രംഗത്തെ തട്ടിപ്പുകാരെയും ഗൂഗിൾ പിടികൂടാൻ സാധ്യതയുണ്ട്.
എന്നാൽ ഇതുപോലെതന്നെ ഗൂഗിൾ കാരണം കയ്യിലുള്ള പണി പോകാനും സാധ്യതയുണ്ട്. നിങ്ങൾ ഇപ്പോൾ ഏതെങ്കിലും മേഖലയിൽ വലിയ സ്ഥാനത്തെത്തിയെന്നിരിക്കട്ടെ. നിങ്ങളെക്കുറിച്ചു ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന ചിത്രം പണ്ടു കൂട്ടുകാരോടൊപ്പം മദ്യപിക്കുന്ന, അലഞ്ഞുതിരിഞ്ഞുനടക്കുന്ന ചിത്രമാണെങ്കിലോ? കരിയറിനെത്തന്നെ അതു ബാധിച്ചേക്കാം.
ഇത്തരം പരാതികൾ യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഉയർന്നു വന്നതോടെ വ്യക്തികൾക്കനുകൂലമായി കോടതികൾ വിധി പുറപ്പെടുവിച്ചു. അനാവശ്യമായ പഴയ കാര്യങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു ഫ്രഞ്ച് കോടതിയുടെ വിധി. ‘Right to be forgotten’ എന്ന പേരിൽ അവ ആഘോഷിക്കപ്പെട്ടു.
എന്നാൽ, അതതു രാജ്യങ്ങളിലെ ഡൊമൈനുകളിൽനിന്നു മാത്രമാണു ഗൂഗിൾ അവ നീക്കം ചെയ്തത്. ഇതോടെ വീണ്ടും പരാതികളായി. പല രാജ്യങ്ങളിലും ഇതിന്റെ പേരിൽ ഇപ്പോഴും കേസുകൾ തുടരുന്നുണ്ട്. പക്ഷേ, വിവരങ്ങൾ മായ്ച്ചു കളയുന്നതുപോലെതന്നെ വിവരങ്ങളറിയാനും ആളുകൾക്ക് അവകാശമുണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു.