Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈബർ സുരക്ഷാ മേഖലയിൽ ജോലി വേണോ? വളഞ്ഞ വഴി പോകണം

russian-hacker

എന്തുകണ്ടാലും 'ചൊറിഞ്ഞുനോക്കാൻ' ഒരു കുസൃതി മനസ്സ് നിങ്ങൾക്കുണ്ടെങ്കിൽ സൈബർ സുരക്ഷ നിങ്ങളുടെ മേഖലയാക്കാം.  കളിക്കോപ്പുകൾ അഴിച്ചുനോക്കാനുള്ള കുട്ടികളുടെ മനസ്സാണ് ഇതിൽ പ്രധാനം. നേർരേഖയിലുള്ള ചിന്തകൾക്ക് ഇവിടെ സ്ഥാനമില്ല. എത്ര വളഞ്ഞ വഴിയിൽ ആലോചിക്കാമോ അത്രയും കൊള്ളാം. കള്ളനെപ്പിടിക്കാൻ പൊലീസ് പോകുമ്പോൾ കള്ളന്റെ മനസും അറിഞ്ഞിരിക്കണമല്ലോ. അതുകൊണ്ടാണ് ഡിഫൻസീവ് സെക്യൂരിറ്റിക്കു പുറമേ ഒഫൻസീവ് സെക്യൂരിറ്റി എന്ന വിഭാഗം കൂടി ഉടലെടുത്തത്. 

ഒരു വൈറസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടുപിടിച്ചാൽ മാത്രമേ അതിനെ തടയാൻ കഴിയൂ. അതുകൊണ്ട് കള്ളന്മാരെപ്പോലെ ചിന്തിക്കുന്നവരും ഒപ്പം വേണമെന്നു ചുരുക്കം. സാമാന്യബുദ്ധിയും വിശ്വസ്തതയുമാണു ജോലിയിൽ പ്രധാനം. പണിയറിയാമെങ്കിലും വിശ്വാസ്യതയില്ല എന്ന ഒറ്റക്കാരണംമൂലം ജോലി ലഭിക്കാത്ത ഒട്ടേറെപ്പേരുണ്ട്. 

കംപ്യൂട്ടറിനോട് എത്ര ഭംഗിയായി നിങ്ങൾക്ക് സംസാരിക്കാമെന്നതും പ്രധാനമാണ്. കംപ്യൂട്ടർ സ്വയം റീസ്റ്റാർട്ട് ചെയ്യുന്നത് കണ്ടാൽ അതിനു പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ചു പോകാനുള്ള മനസ് വേണം.

നെറ്റ്‍വർക്, ഓപ്പറേറ്റിങ് സിസ്റ്റം, കോഡിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും ഒരു കംപ്യൂട്ടർ പ്രോഗ്രാം നന്നായി പഠിച്ചാൽ മതി. എൻജിനീയറിങ് നിർബന്ധമൊന്നുമല്ല. ഇന്ത്യയിലെ പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധരിൽ ഹോട്ടൽ മാനേജ്മെന്റ്, ചാർട്ടഡ് അക്കൗണ്ടൻസി പശ്ചാത്തലം വരെയുള്ളവരുണ്ട്.

പ്രധാന തൊഴിലവസരങ്ങൾ

ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ

സെക്യൂരിറ്റി ഓഡിറ്റർ

പ്രൈവസി ഓഫിസർ

ഡേറ്റ പ്രൊട്ടക്‌ഷൻ ഓഫിസർ

ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്

പെനിട്രേഷൻ ടെസ്റ്റർ

സർട്ടിഫിക്കേഷൻ പലവിധം

ഊണും ഉറക്കവുമില്ലാത്ത 48 മണിക്കൂർ, ആദ്യ 24 മണിക്കൂറിൽ നുഴഞ്ഞുകയറേണ്ടത് അതീവസുരക്ഷയുള്ള 5 സെർവറുകളിൽ. അടുത്ത 24 മണിക്കൂറിൽ വിശദമായ റിപ്പോർട്ട് തയാറാക്കണം. സൈബർ സുരക്ഷാ മേഖലയിൽ ഏറ്റവും ഡിമാൻഡുള്ള സർട്ടിഫിക്കേഷനുകളിൽ ഒന്നാണ് ഒഫൻസീവ് സെക്യൂരിറ്റി സർട്ടിഫൈഡ് പ്രൊഫഷനൽ അഥവാ ഒഎസ്‍സിപി(OSCP). മറ്റ് സർട്ടിഫിക്കേഷനുകൾ പോലെ ഇവയ്ക്ക് പരിശീലന കേന്ദ്രങ്ങളൊന്നുമില്ല. പരീക്ഷ ഓൺലൈനാണ്. തിയറി ഒട്ടുമില്ല, എല്ലാം സ്വന്തം കൈകൊണ്ട് ചെയ്യേണ്ടതാണ്. പരീക്ഷയ്ക്ക് മാസങ്ങൾക്ക് മുൻപ് ഏതാനം ട്രയൽ സെർവറുകൾ പഠിക്കാൻ തരും. ഇവ ഭേദിച്ച് ആത്മവിശ്വാസം ലഭിച്ചാൽ പരീക്ഷാ തീയതി നിശ്ചയിക്കാം. ആദ്യ 24 മണിക്കൂറിൽ വിദൂരത്തുള്ള അഞ്ച് സെർവറുകൾ ഭേദിക്കാൻ ശ്രമിക്കാം. ഇതിൽ 75 മാർക്ക് ലഭിച്ചാൽ പാസായി. എല്ലാം ഭേദിച്ചാൽ നൂറിൽ നൂറും കിട്ടും. അടുത്ത 24 മണിക്കൂർ കൊണ്ട് റിപ്പോർട്ടും അയയ്ക്കണം. 

മറ്റു പ്രധാന സർട്ടിഫിക്കേഷനുകൾ

ECH (സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ) – രംഗത്തെ തുടക്കക്കാർക്കുള്ളത്. ഇന്റർനാഷനൽ കൗൺസിൽ ഓഫ് ഇലക്ട്രോണിക് കൊമേഴ്സ് (ഇസി കൗൺസിൽ) നൽകുന്നതാണ്. തിയറി പരീക്ഷ മാത്രമാണുള്ളത്. അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ ചേരാം.

ECSA (ഇസി കൗൺസിൽ സർട്ടിഫൈഡ് സെക്യൂരിറ്റി അനലിസ്റ്റ്)– രണ്ടാം ഘട്ടത്തിലുള്ളവർക്ക്. പരീക്ഷയിൽ തിയറിയും പ്രാക്റ്റിക്കലുമുണ്ടാകും. 

LPT (ലൈസൻസ് പെനട്രേഷൻ ടെസ്റ്റർ)– ഒരു സെർവറിൽ നുഴഞ്ഞുകയറി പിഴവുകൾ കണ്ടെത്തുന്ന രീതി. ഇസിഎസ്എ ഉള്ളവർക്കേ എൽപിടിക്ക് അപേക്ഷിക്കാൻ കഴിയൂ.