ദുരൂഹതയുണർത്തുന്ന ദ്വീപാണ് ആൻഡമാനിലെ സെന്റിനൽ. ഇവിടെ ഒരുകൂട്ടം മനുഷ്യർ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. ആരെങ്കിലും തങ്ങളെ തേടിയെത്തുന്നത് അവർ ആഗ്രഹിക്കുന്നില്ല. അവിടേക്ക് മറ്റുള്ളവർ പോകുന്നത് സർക്കാർ വിലക്കിയിട്ടുമുണ്ട്. വിലക്കു ലംഘിച്ച വിദേശിയുവാവ് കൊല്ലപ്പെട്ടതാണ് ഈയിടെ സെന്റിനൽ വീണ്ടും വാർത്തകളിൽ നിറയാൻ കാരണം.
സെന്റിനൽ ദ്വീപ് സന്ദർശിച്ചവർ വിരലിൽ എണ്ണാവുന്നവർമാത്രം. അത്തരമൊരാളാണു മലയാളിയായ ഡോ.എം.ശശികുമാർ. ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടർ. രണ്ടുതവണ ദ്വീപിലേക്കു യാത്ര നടത്തിയ അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ നമുക്ക് ആ ദ്വീപിലേക്കൊന്നുപോകാം.
ഒറ്റപ്പെടലിന്റെ തുരുത്ത്
സെന്റിനൽ ദ്വീപിലേക്കു ഡോ.എം.ശശികുമാറിന്റെ ആദ്യയാത്ര 2014 ഏപ്രിലിൽ ആയിരുന്നു. ദ്വീപിൽ പുകയുയരുന്നു എന്ന നാസയുടെ റിപ്പോർട്ട് ആയിടയ്ക്കു പുറത്തുവന്നിരുന്നു. എംഎച്ച് 370 എന്ന മലേഷ്യൻ വിമാനം ദ്വീപിൽ തകർന്നു വീണു എന്ന അഭ്യൂഹവും ആയിടെ ശക്തമായിരുന്നു. ഈ രണ്ടു സംഭവങ്ങളും ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ദ്വീപിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാൻ കാരണമായി. എഎസ്‌ഐയിലെ ഉന്നത ഉദ്യോഗസ്ഥനായ ശശികുമാറിനായിരുന്നു ചുമതല.
കണ്ടത് രണ്ടാം യാത്രയിൽ
ആൻഡമാൻ – നിക്കോബാർ ദ്വീപസമൂഹങ്ങളിൽ വളരെ പ്രത്യേകതകൾ പുലർത്തുന്ന ദ്വീപാണു സെന്റിനൽ എന്നു ശശികുമാർ പറയുന്നു. കപ്പലുകൾക്കു തീരത്ത് അടുക്കാനാകാത്ത വിധം പ്രകൃതി തന്നെ ദ്വീപിനു ചുററും ഒരു സുരക്ഷാമേഖല ഒരുക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകൾ നിറഞ്ഞ ഒരു മേഖല.
ആദ്യയാത്രയ്ക്ക് ശശികുമാറും സംഘവും തിരഞ്ഞെടുത്തത് ഹെലിക്കോപ്റ്ററാണ്. എന്നാൽ ദ്വീപിനു കുറുകെ ഹെലികോപ്റ്റർ പറത്തരുതെന്ന് ഒരു ചട്ടമുണ്ട്. അതിനാൽ ദ്വീപിനെ ചുറ്റിപ്പറന്നാണു പുകയുയരുന്നതിന്റെ കാരണം ഇവർ പരിശോധിച്ചത്. അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നു പരിശോധനാസംഘത്തിനു ബോധ്യപ്പെട്ടു. എങ്കിലും ഉറപ്പിക്കാനായി ഒരു ബോട്ട് യാത്ര കൂടി നടത്തി.
ആ യാത്രയിലാണു ദ്വീപിലെ അന്തേവാസികളും ഒറ്റപ്പെട്ട ജീവിതശൈലികൊണ്ടു നരവംശശാസ്ത്രജ്ഞർക്കിടയിൽ പ്രശസ്തരുമായ സെന്റിനലീസ് ഗോത്രാംഗങ്ങളെ ശശികുമാർ നേരിട്ടു കണ്ടത്. അവർ നഗ്നരായിരുന്നു. 16 പേരുള്ള സംഘം. 7 പുരുഷൻമാരും 6 സ്ത്രീകളും 3 കുട്ടികളുമുണ്ടായിരുന്നു. ദ്വീപിനെ ചുറ്റിയോടുന്ന ചെറുബോട്ടിനെ സാകൂതം നിരീക്ഷിച്ചായിരുന്നു അവരുടെ നിൽപ്.
ഒറ്റപ്പെടലിന്റെ രഹസ്യം
സെന്റിനലീസ് എന്തുകൊണ്ടാണു പുറംലോകവുമായുള്ള സഹവാസം ഇപ്രകാരം തീവ്രമായി നിഷേധിക്കുന്നത്. എന്തുകൊണ്ടാണ് അവർ ഒറ്റപ്പെട്ടു കഴിയാൻ ആഗ്രഹിക്കുന്നത്..? ഇതിനു പ്രത്യേകമായ കാരണങ്ങളില്ലെന്നാണു ശശികുമാറിന്റെ അഭിപ്രായം. ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ പ്രമുഖ ഗോത്രങ്ങളായ ഗ്രേറ്റ് ആൻഡമാനീസ്, ഓംഗി, ജരാവ തുടങ്ങിയവരും പണ്ട് ഇപ്രകാരമായിരുന്നു. പുറമേയുള്ളവരുടെ ആഗമനം ഇവർ ഭീകരമായി എതിർത്തിരുന്നു.
ബ്രിട്ടീഷുകാർ ദ്വീപിനെ കോളനിയാക്കിയപ്പോഴും സ്ഥിതി നിലനിന്നു. ബ്രിട്ടീഷുകാർക്കെതിരെ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രം നടത്തിയ ആബർദീൻ യുദ്ധം പോലുള്ളവ ഇതിന്റെ സാക്ഷ്യം. എന്നാൽ പിൽക്കാലത്ത് ഈ മൂന്നു ഗോത്രങ്ങളും അടിയറവു പറയുകയും പുറത്തുനിന്നുള്ളവരോടു ചേർന്നു വസിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. എന്നാൽ വടക്കൻ സെന്റിനൽ ദ്വീപിൽ താമസിക്കുന്ന സെന്റിനലീസ് ഗോത്രക്കാർക്കു താരതമ്യേന ശല്യം കുറവായിരുന്നു.
ബ്രിട്ടീഷുകാർക്ക് ഈ ദ്വീപുകളിൽ വലിയ താൽപര്യമില്ലായിരുന്നെന്നു ശശികുമാർ പറയുന്നു പിൽക്കാലത്തും ദ്വീപിലേക്കു മറ്റുളളവർ അധികം എത്തിയില്ല. അതിനാൽ തന്നെ ദ്വീപുനിവാസികൾ തങ്ങളുടെ തനതുരീതികൾ നിലനിർത്തി.
പിടികിട്ടാത്ത സമൂഹം
എഴുപതുകളിൽ ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദ്വീപുകളിലേക്കു പര്യവേക്ഷണയാത്രകൾ തുടങ്ങി. സെന്റിനലീസ് ഗോത്രത്തെക്കുറിച്ച് കുറെ വിവരങ്ങൾ ലഭിച്ചു. എന്നാലും പൂർണമായി ഇവരെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നതാണു സത്യം. ആൻഡമാനിലെ മറ്റുഗോത്രക്കാരെക്കാൾ ഉയരം കൂടിയവരാണു സെന്റിനലുകൾ. ദ്വീപസമൂഹത്തിൽ സെന്റിനലുകൾ ഉൾപ്പെടുന്ന 'നെഗ്രിറ്റോ' വംശജർ ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റത്തിൽ (ഔട്ട് ഓഫ് ആഫ്രിക്ക തിയറി) ദ്വീപിലെത്തിയവർ ആകാമെന്നാണു നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം.
ഗ്രേറ്റ് ആൻഡമാനീസ്, ഓംഗി, ജരാവ എന്നീ മറ്റു നെഗ്രിറ്റോ ഗോത്രങ്ങളുടെ ജനിതകഘടനയുടെ പരിശോധന ഇതു സാധൂകരിക്കുന്നു. ഇതേ സാമ്യം സെന്റിനലുകളിലുമുണ്ടാകാം. എന്നാൽ ഇവരുടെ ജനിതകഘടന പരിശോധിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
വടക്കൻ സെന്റിനൽ ദ്വീപ്
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപസമൂഹത്തിൽ ഉൾപ്പെട്ട ദ്വീപ്. ഇതിനു തെക്കായി തെക്കൻ സെന്റിനൽ എന്ന ആൾപാർപ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നു. തെക്കൻ ആൻഡമാനിലെ വണ്ടൂർ പട്ടണത്തിൽ നിന്നു 36 കിലോമീറ്റർ പടിഞ്ഞാറായാണു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 60 ചതുരശ്ര കിലോമീറ്റർ വിസ്തീർണം, കൊച്ചി നഗരസഭയുടെ മൂന്നിൽ രണ്ട് വരുമിത്. ദ്വീപിനു ചുറ്റുമുള്ള കടൽപ്രദേശം പവിഴപ്പുറ്റുകൾ നിറഞ്ഞതാണ്. നിബിഡവനം നിലനിൽക്കുന്ന ദ്വീപിലെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജോൺ റിച്ചിയാണ്.60000 വർഷങ്ങൾക്കു മുൻപേ ഇവിടെ ആളുകൾ താമസിച്ചിരുന്നെന്ന് വിദഗ്ധർക്കിടയിൽ അഭ്യൂഹമുണ്ട്. 1880ൽ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മോറിസ് പോർട്മാൻ ഇവിടെ ആദ്യമായി കാലുകുത്തി.
വേട്ടക്കാർ
സെന്റിനലീസ് ഗോത്രത്തിന്റെ ഭാഷ, സാമൂഹികഘടന തുടങ്ങിയവ വ്യക്തമായി പഠിക്കാൻ സാധിച്ചിട്ടില്ലെന്നു ശശികുമാർ പറയുന്നു. എന്നാൽ നിരീക്ഷണങ്ങളിൽ നിന്നു വെളിവായ ചിലകാര്യങ്ങളുണ്ട്. ശിലായുഗം പിന്നിട്ടിട്ടില്ലാത്ത ഗോത്രമെന്നാണു സെന്റിനലുകൾ തരംതിരിക്കപ്പെടുന്നത്.എന്നാൽ ഇതു പൂർണമായും ശരിയല്ല. ഇവർ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഇരുമ്പുണ്ട്. ഇതു പക്ഷേ ഇവർ നിർമിച്ചതല്ല, മറിച്ച് തകർന്ന കപ്പലുകളിൽ നിന്നും മറ്റും ശേഖരിച്ചവയാണ്. അമ്പും ഒരു തരം മഴുവുമാണ് ഇവരുടെ പ്രധാന ആയുധങ്ങൾ. ചില്ലകൾ മുറിക്കാനും മറ്റുമാകാം മഴു ഉപയോഗിക്കുന്നത്.മരക്കമ്പുകളിൽ നാട്ടിയ കുടിലുകളിലാണ് ഇവരുടെ ജീവിതം.
വേട്ടയും വനോൽപന്നങ്ങളുമാണ് പ്രധാന ഭക്ഷണമാർഗം. കാട്ടുപന്നിയുടെ മാംസം വ്യാപകമായി ഭക്ഷിക്കപ്പെടുന്നു. ദ്വീപിൽ കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കൂനകൂട്ടിയിട്ടിരിക്കുന്നത് ഇതിനു തെളിവാണെന്നു ശശികുമാർ പറയുന്നു.
കടൽ അടുത്തുള്ളതിനാൽ കടൽ വിഭവങ്ങളോടും പ്രിയമേറെ. മൽസ്യം, കടലാമ എന്നിവ സെന്റിനലുകളുടെ ഡയറ്റിൽ സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ തേൻ, ആൻഡമാനിലുള്ള പാൻഡനസ് എന്ന പഴം, വിവിധവേരുകൾ എന്നിവയും ഇവർ കഴിക്കാറുണ്ട്. പച്ചയായല്ല, മറിച്ച് തീയുപയോഗിച്ച് വറുത്താണ് ഇവർ മാംസവും മൽസ്യവുമൊക്കെ കഴിക്കാറുള്ളത്.
സെന്റിനലീസ് ഉൾപ്പെടെ ആൻഡമാനിലെ ചില ഗോത്രങ്ങൾ നരഭോജികളാണെന്ന പ്രചാരണം പണ്ടുണ്ടായിരുന്നു. എന്നാൽ ഇതിനു സാധ്യതയില്ലെന്നു ശശികുമാർ പറയുന്നു. ഒരു തെളിവും കണ്ടെത്തിയിട്ടില്ല.
പുറംലോകത്തെ ഭയപ്പെടുന്നവർ
ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലുന്നവരായിട്ടാണു സെന്റിനലുകളെ കണക്കാക്കുന്നത്. എന്നാൽ ഇവരുടെ ആക്രമണം ഒരുപക്ഷേ സ്വയരക്ഷയിലുള്ള പേടിമൂലമാകാമെന്നു ശശികുമാർ പറയുന്നു. ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരിക്കൽ നടത്തിയ പര്യവേക്ഷണത്തിൽ സെന്റിനലുകളുടെ വാസസ്ഥലത്തിനടുത്ത് എത്തിയിരുന്നു. ആരും അവിടെയുണ്ടായിരുന്നില്ല. എണ്ണത്തിൽ കൂടുതലുള്ള പര്യവേക്ഷണസംഘത്തെ ഭയപ്പെട്ട് ഗോത്രവംശജർ കാട്ടിനുള്ളിൽ ഒളിച്ചിരിക്കാമെന്നാണു ശശികുമാറിന്റെ അഭിപ്രായം.
പുറംലോകവുമായി ബന്ധപ്പെട്ടാൽ സെന്റിനലീസ് ഗോത്രങ്ങൾക്കു രോഗങ്ങൾ പിടിപെട്ടേക്കാമെന്നാണു ശശികുമാർ പറയുന്നു. കുറഞ്ഞ രോഗപ്രതിരോധശേഷിയാണു കാരണം. ഇതിന് ഉദാഹരണമാണ് ഗ്രേറ്റ് ആൻഡമാനീസ് എന്ന ഗോത്രത്തിന്റെ അനുഭവം. ഒരുകാലത്ത് ഏറ്റവും ജനസംഖ്യയുള്ള ഗോത്രമായിരുന്നു അവർ. എന്നാൽ ബ്രിട്ടീഷുകാരുമായുള്ള സഹവാസം അഞ്ചാംപനിയുൾപ്പെടെയുള്ള രോഗങ്ങൾ ഇവർക്കു സമ്മാനിച്ചു. ഒടുവിൽ ഇവരുടെ എണ്ണം നൂറിൽത്താഴെയായി.
ആൻഡമാനിലെ ഗോത്രങ്ങൾ
ആൻഡമാൻ– നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളിലായി 6 പ്രധാന ഗോത്രങ്ങളാണുള്ളത്. ആൻഡമാനിൽ ഗ്രേറ്റ് ആൻഡമാനീസ്, ഓംഗി,ജരാവ, സെന്റിനലീസ് എന്നീ നാലു ഗോത്രങ്ങൾ. 'നെഗ്രിറ്റോ' വിഭാഗത്തിൽ വരുന്നവയാണ് ഇവ. നിക്കോബാറിൽ രണ്ടു പ്രധാന ഗോത്രങ്ങൾ– ഷോംപൻ, നിക്കോബാറീസ്. ഇവ മംഗളോയ്ഡ് വിഭാഗത്തിൽപെട്ടവയാണ്.
നെഗ്രിറ്റോ ഗോത്രങ്ങൾ ആഫ്രിക്കയിൽനിന്നും മംഗളോയ്ഡ് ഗോത്രങ്ങൾ മലയ്-ബർമ തീരത്തുനിന്നും വന്നു താമസമുറപ്പിച്ചെന്നു കരുതപ്പെടുന്നു. ഇവയിൽ നിക്കോബാറീസ് ഗോത്രക്കാരാണ് എണ്ണത്തിൽ കൂടുതൽ. 30,000 പേർ ഈ വിഭാഗത്തിലുണ്ട്. മറ്റുള്ളവരുടെ ജനസംഖ്യ അഞ്ഞൂറിൽ താഴെയാണ്.
നരവംശശാസ്ത്രം (Anthropology)
മനുഷ്യവംശത്തിന്റെ ചരിത്രവും തലമുറകളിലൂടെയുള്ള പരിണാമവും പഠനവിധേയമാക്കുന്ന മേഖലയാണു നരവംശശാസ്ത്രം (ആന്ത്രപ്പോളജി). ലോകമെമ്പാടുമുള്ള നരവംശശാസ്ത്രജ്ഞരുടെ ഇഷ്ടപ്പെട്ട പഠനവിഷയമാണ് ആൻഡമാൻ –നിക്കോബാർ ദ്വീപുകളിലെ ഗോത്രങ്ങളുടെ ചരിത്രം.
തയാറാക്കിയത്: അശ്വിൻ നായർ